കേരളത്തെ പറ്റി കേരളത്തിലുള്ളവരുടെ മതിപ്പല്ല കേരളത്തിന് വെളിയിലും മറ്റു വിദേശ രാജ്യങ്ങളിലും

56

Dr Shanavas AR

കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അമേരിക്കയിലും ദുബൈയിലും ഖത്തറിലും ഉള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നത്. ഇതിൽ അമേരിക്കൻ സുഹൃത്ത് അവിടെ ഒരു വെൽ സെറ്റിൽഡ് ഡോക്ടർ ആണ്. ആശാൻ അവിടെ താമസിക്കുന്നത് 8000 സ്‌ക്വയർ ഫീറ്റ് ഉള്ള, ഹീറ്റഡ് സ്വിമ്മിംഗ് പൂളും ടെന്നീസ് കോർട്ടും ഉള്ള ഒരു പടുകൂറ്റൻ ബംഗ്ലാവിൽ ആണ്. അവൻ പറയുന്നത് വെറും 2 മില്യൺ ഡോളേഴ്‌സ് ആയുള്ളൂ എന്നാണ്. പിന്നീടാണ് ഞാൻ ആലോചിച്ചത് 2 മില്യൺ ഡോളേഴ്‌സ് എന്നത് 15 കോടി ഇന്ത്യൻ രൂപ ആണല്ലോ എന്ന്. അവരുമായി സംസാരിച്ചപ്പോൾ ആണ് കുറച്ചു കാര്യങ്ങൾ മനസ്സിലായത്. എന്തിനാണ് നാഷണൽ മീഡിയയും ബിബിസി, ദി ഗാർഡിയൻ, അൽ ജസീറ, വാഷിംഗ്ടൺ പോസ്റ്റ്‌ പോലുള്ള ഇന്റർനാഷണൽ മീഡിയയും നമ്മുടെ കൊച്ചു കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു ഇത്രക്കും വാർത്താ പ്രാധാന്യം നൽകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

കേരളത്തിലുള്ളവർക്ക് ഇപ്പോഴും കൊറോണയുടെ യാഥാർത്ഥ ഭീതിയെന്താണെന്ന് അറിയില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ കേരളത്തെ പറ്റി കേരളത്തിലുള്ളവരുടെ മതിപ്പല്ല കേരളത്തിന് വെളിയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്നുള്ളത്.ജനുവരി 30 ന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടു നാല് മാസം കഴിയുമ്പോഴും മരണനിരക്ക് 5 എന്ന ഒറ്റ സംഖ്യയിൽ പിടിച്ച് നിർത്താൻ കേരളത്തിന്‌ പറ്റിയിട്ടുണ്ടെങ്കിൽ അതൊരു അത്ഭുത സംഭവം തന്നെയാണ്. ഓരോ കോവിഡ് മരണവും ഇപ്പോഴും മാധ്യമങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് എന്ന് കൊടുക്കാൻ പറ്റുന്നത് നിലവിൽ കേരളത്തിൽ മാത്രമാണ്.

മൂന്നരക്കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്ത് നാല് മാസം കഴിയുമ്പോഴും ടോട്ടൽ കോവിഡ് കേസുകളുടെ എണ്ണം 1000 ലും ആക്റ്റീവ് കേസുകൾ 500 ൽ താഴെയുമായി നിർത്താൻ പറ്റുക എന്നത് ലോകത്തിന്ന് മറ്റാർക്കും സാധ്യമാവാത്തൊരു കാര്യമാണ്.(പ്രവാസികളുടെ തിരിച്ചു വരവോടു കൂടി ഉയർന്ന കഴിഞ്ഞ ദിവസങ്ങളിലെ കേസുകൾ കൂടി ഉൾപെടുമ്പോഴുള്ള കാര്യമാണെന്ന് ഓർക്കണം).ഇന്ത്യയുടെ തലസ്ഥാനമായ, ആരോഗ്യ മേഖലയിൽ വാരികോരി ചിലവാക്കുന്ന കേജരിവാളിന്റെ ദില്ലിയില്‍ പോലും രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ അഡ്മിറ്റാകുന്നവര്‍ക്കു മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ അപ്പോള്‍ തന്നെ ഡിസ്ചാര്‍ജു ചെയ്തു വീട്ടിലയക്കുന്നു.

അപ്പോഴാണ് കേരളത്തിൽ ഓരോ രോഗിക്കും ടോപ് ക്‌ളാസ് ചികിത്സയും ശ്രദ്ധയും കിട്ടുന്നത്. അതും തികച്ചും സൗജന്യമായി. കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുമ്പോൾ ആ രോഗിയെ എടുക്കാൻ പോകുന്ന ആംബുലൻസ് മുതൽ അസുഖം പൂർണ്ണമായും ഭേദമായി ഡിസ്ചാർജ് ചെയ്യും വരെ തികച്ചും സൗജന്യ ടോപ് ക്‌ളാസ് ചികിത്സ. മറ്റു പലയിടത്തും അങ്ങനെയല്ല ഇപ്പോൾ കാര്യങ്ങൾ. രോഗം മൂർച്ഛിച്ച്‌ വെന്റിലേറ്ററിന്റെ സഹായം വേണ്ടി വരുന്ന സമയത്തു മാത്രമാണ്‌ ആളുകളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത് തന്നെ.
ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ല, അത്രയേ പറ്റുന്നുള്ളൂ. പലയിടത്തും ബെഡ്ഡുകൾ ഫുൾ ആണ് , സ്റ്റാഫ് തികയുന്നില്ല — കാരണം ആ അളവിലാണ്‌ രോഗത്തിന്റെ സാമൂഹ്യ വ്യാപനം.

ഓർക്കുക ദില്ലിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും ഇപ്പോൾ ക്വാറന്റൈന്‍ ഇല്ല. കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാര്‍ക്കു ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ വീട്ടില്‍ പോകാം. അപ്പോഴാണ് കോവിഡ് പൊട്ടി പുറപ്പെട്ടിട്ടു അഞ്ചാം മാസത്തിലേക്ക് കടക്കുമ്പഴും വളരെ ഇഫക്റ്റീവായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈന്‍ നടപ്പിലാക്കാൻ കേരള സർക്കാരിന് പറ്റുന്നുണ്ട് എന്ന് ഓർക്കേണ്ടത്. നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് ഇപ്പോഴും പേർസണൽ പ്രൊട്ടക്ഷൻ കിറ്റുകൾക്ക് ഒരു കുറവും കേരള സർക്കാർ വരുത്തിയിട്ടില്ല. ലോകത്ത് മറ്റൊരിടത്തും ഈ സ്ഥിതിയല്ല. ഇന്ത്യയിൽ പലയിടത്തും വേസ്റ്റ് കവർ വെട്ടി ആണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും കിറ്റ് ആയി ഉപയോഗിക്കുന്നത്. എന്തിന് പറയുന്നു, പല വികസിത രാജ്യങ്ങളിൽ പോലും ഉപയോഗിച്ച കിറ്റുകൾ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു.

ഈ കോവിഡ് കാലത്ത് ഇന്നുവരെ ഒരാൾ പോലും പട്ടിണി കിടന്നിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്നതു കേരളത്തിൽ മാത്രം സാധ്യമായൊരു കാര്യമാണ്. ലോക രാജ്യങ്ങൾ പോലും നമ്മുടെ കമ്മ്യൂണിറ്റി കിച്ചനെ ഒട്ടൊരു അത്ഭുതത്തോടെ ആണ് വീക്ഷിച്ചത്. പാവപെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെ എല്ലാവർക്കും സൗജന്യ റേഷൻ, സൗജന്യ കിറ്റ് — നമ്മുടെ ഈ പടവലങ്ങ സംസ്ഥാനം ലോക രാജ്യങ്ങൾക്ക് മുന്നിൽ ഞെളിഞ്ഞു തന്നെയാണ് നിൽക്കുന്നത്.

ലോകത്തിലെ തന്നെ പരമ ദരിദ്ര രാജ്യങ്ങളിലൊന്നിൽ നിന്നുകൊണ്ട്, ഓഖിയും നിപ്പായും 2 മഹാ പ്രളയവും തകർത്ത് തരിപ്പണമാക്കിയ ഒരു സാമ്പത്തിക സ്ഥിതി വെച്ച് കൊണ്ടാണ് ഒരു സംസ്ഥാന ഗവണ്മെന്റ് ഇത്രയും ചെയ്യുന്നതെന്ന് ഓർക്കണം, അതും യാതൊരു പരാതിക്കും ഇട വരുത്താതെ.സോ കാൾഡ് ഇടത് പക്ഷ അനുഭാവികൾ ഉയർത്തിക്കാണിക്കുന്ന കേരള സർക്കാരിന്റെ ലെവൽ ഉണ്ടല്ലോ അതൊന്നുമല്ല സത്യത്തിൽ സർക്കാരിന്റെ ലെവൽ , അതിനും എത്രയോ മുകളിലാണ്.

മിക്കവാറും മലയാളികളുടെയും സ്വപ്ന ഭൂമിയായ അമേരിക്കയിലോ യൂറോപ്പിലോ മിഡിൽ ഈസ്റ്റിലോ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് ചോദിക്കുക അല്ലെങ്കിൽ അവിടെ ജോലി ചെയ്യുന്ന ആരോടെങ്കിലും അവിടത്തെ കാര്യങ്ങൾ ചോദിച്ചു നോക്കുക. അപ്പോൾ അവർ പറഞ്ഞു തരും കൺമുന്നിൽ കാണുന്ന കാഴ്ചകൾ എന്താണെന്ന്? അനുഭവിക്കുന്ന ഭയം, ദുരിതം എത്രത്തോളമുണ്ടെന്ന്? പനി വന്നാൽ, അല്ലെങ്കിൽ കൊറോണ തന്നെ വന്നാൽ പോലും തിരിഞ്ഞു നോക്കാൻ ആരുമില്ലാതെ, പറഞ്ഞു കേട്ടിട്ടുള്ള പാരസെറ്റമോൾ പോലുള്ള മരുന്നും കഴിച്ച്, പരിചയത്തിൽ ഏതെങ്കിലും ഡോക്ടറോ നഴ്‌സോ ഉണ്ടെങ്കിൽ അവരെയും ഫോണിൽ വിളിച്ച് സ്വയം ചികിൽസിച്ച് വീട്ടിലിരിക്കുന്ന അവസ്ഥയെപ്പറ്റി അവർ പറഞ്ഞു തരും.

ഒന്നാലോചിച്ചു നോക്കൂ — രോഗം വന്നാൽ തിരിഞ്ഞു നോക്കാൻ ആളില്ലാതെ, ചികിത്സ കിട്ടുമെന്ന് ഉറപ്പില്ലാതെ , ഏത് നിമിഷവും മരിച്ചു പോകാം എന്ന ചിന്തയും ഉള്ളിൽ ഒതുക്കി കഴിയേണ്ട അവസ്ഥ. നിങ്ങൾക്ക് അങ്ങനെ ഒരു അവസ്ഥ ഊഹിക്കാൻ എങ്കിലും പറ്റുമോ? കേരളത്തിൽ ജീരകം തൊലിക്കും പോലെ ഓരോരോ കാര്യങ്ങളെടുത്ത് സർക്കാരിനെ വിമർശിക്കാൻ നടക്കുന്നവരോടാണ്
ഇന്നത്തെ അവസ്ഥയിൽ, ഒരു മനുഷ്യൻ കേരളത്തിലായിരിക്കുക എന്നത് തന്നെ മഹാഭാഗ്യമാണ്, ബമ്പർ ലോട്ടറി അടിച്ചത് പോലെയാണ്. കോവിഡ് വന്നാൽ നിങ്ങൾ ആ വൈറസിനെ അതി ജീവിക്കാൻ ഏറ്റവും കൂടുതൽ ചാൻസ് ഇന്ന് ഈ കൊച്ചു കേരളത്തിൽ ആണ്, നിങ്ങൾക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അതാണ്‌ സത്യം.

Advertisements