കാര്യം പറഞ്ഞപ്പോൾ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന തരൂരിന് മനസ്സിലായി, പക്ഷേ മറ്റ് കോൺഗ്രസ്‌കാർക്ക് ഇനിയും നേരം വെളുത്തിട്ടില്ല

103

Dr Shanavas AR

കുറച്ചു കാലം മുൻപത്തെ കാര്യമാണ് — ഞാൻ അമേരിക്കയിലെ കാലിഫോർണിയയിലേക്ക് അമേരിക്കൻ ഡയബെറ്റിസ്‌ അസോസിയേഷൻ മീറ്റിംഗിന് പോയ സമയം. ഫ്ലൈറ്റ് ഇതിഹാദ് ആണ്. തിരുവനന്തപുരം – അബുദാബി – ലോസ് ഏഞ്ചൽസ് – കാലിഫോർണിയ. ത്രൂ ചെക്ക് ഇൻ ആണ്. അബുദാബിയിലും ലോസ് ഏഞ്ചൽസിലും ഫ്ലൈറ്റ് മാറി കയറണം. പക്ഷേ ലഗ്ഗേജ് കാലിഫോർണിയയിൽ കളക്റ്റ് ചെയ്‌താൽ മതി.

പക്ഷേ എന്നെ ലോസ് ഏഞ്ചൽസിൽ എമിഗ്രേഷനിൽ തടഞ്ഞു. എന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഒരു റൂമിൽ കൊണ്ടിരുത്തി. കുറച്ചു കഴിഞ്ഞ് ഒരു അമേരിക്കക്കാരൻ വന്നു. ഷേക്ക്‌ ഹാൻഡ് തന്നു. പേരും പദവിയും പറഞ്ഞു. എന്നിട്ട് കുറെ ചോദ്യങ്ങൾ ചോദിച്ചു.

( ഓർക്കുക, ഇത് മൂന്നാമത്തെ തവണയാണ് ഞാൻ അമേരിക്കയിൽ എത്തുന്നത്. കാലിഫോർണിയയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും തിരിച്ചുള്ള ഫ്ലൈറ്റ് ടിക്കറ്റും, അമേരിക്കൻ ഡയബെറ്റിസ്‌ അസോസിയേഷന്റെ ഇൻവിറ്റേഷനും രജിസ്ട്രേഷനും, ഞാൻ കാലിഫോർണിയയിൽ താമസിക്കുന്ന ഹോട്ടലിന്റെ ബുക്കിംഗ് ഡീറ്റെയിൽസ്, 10 വർഷത്തെ യുഎസ് മൾട്ടിപ്പിൾ എൻട്രി വിസ എല്ലാം എന്റെ കയ്യിൽ ഉണ്ട്. എന്നിട്ടാണ് ഇതൊക്കെ.)

ഞാൻ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതിന് ശേഷം അങ്ങോട്ട്‌ ചോദിച്ചു — മേ ഐ നോ, വാട്ട്‌ എക്സാറ്റ്ലി ഈസ്‌ ദി പ്രോബ്ലം. അപ്പോൾ അയാൾ പറഞ്ഞ മറുപടി ഇതായിരുന്നു — ദിസ്‌ ഈസ്‌ ഫോർ യുവർ ഓൺ സേഫ്റ്റി ആൻഡ് ഔർ ഓൺ സേഫ്റ്റി.
അത്രേയുള്ളൂ…

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയവരെ ടെസ്റ്റ്‌ നെഗറ്റീവ് ആയ ആളുകളുടെ കൂടെ നാട്ടിലേക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ കൊണ്ടുവരാൻ പാടില്ല എന്ന നിർദേശം ഇത് പോലെ തന്നെയാണ്. എന്തിനാണ് ഇതൊക്കെ എന്ന് ചോദിച്ചാൽ, സായിപ്പ് എന്നോട് പറഞ്ഞത് പോലെ — ദിസ്‌ ഈസ്‌ ഫോർ യുവർ ഓൺ സേഫ്റ്റി ആൻഡ് ഔർ ഓൺ സേഫ്റ്റി, അത്രേയുള്ളൂ.അമേരിക്കയും ബ്രസീലും ഒഴികെ കോവിഡ് താണ്ഡവമാടിയ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ആശ്വാസകരമായ ഒരവസ്ഥയിലേക്ക് എത്തുമ്പോൾ ഇതുവരെ അത്ര ഭീകരമല്ലാതിരുന്ന ഇന്ത്യയിൽ സ്ഥിതി കുടുതൽ മോശമാകുന്നു എന്നാണ് സൂചനകൾ.

ലോകത്തിന് മാതൃകയായി എന്ന് മലയാളികൾ അഭിമാനിക്കുന്ന കേരളവും പക്ഷേ ഇവിടത്തെ പ്രതിപക്ഷ കുത്തിത്തിരുപ്പിനെതിരേ പൊരുതിയില്ലെങ്കിൽ തോറ്റു പോകും. ഈ കോവിഡ് സമയത്ത് ലോകത്ത് ഒരു ഭരണകൂടവും ഇതുപോലൊരു നെഗറ്റീവ് ആറ്റിറ്റ്യൂഡ് ഉള്ള പ്രതിപക്ഷത്തെ നേരിടുന്നില്ല. കേരളം കോവിഡിനതിരേ മാത്രമല്ല കുത്തിതിരിപ്പ് പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരേയും പൊരുതേണ്ടതുണ്ട്.

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയവരെ ടെസ്റ്റ്‌ നെഗറ്റീവ് ആയ ആളുകളുടെ കൂടെ നാട്ടിലേക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ കൊണ്ടുവരാൻ പാടില്ല എന്ന നിർദേശം മാറ്റാൻ സമ്മർദ്ദം ചെലുത്തുന്ന പാഴുകൾക്ക് ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വല്ല ധാരണയും ഉണ്ടോ? തികച്ചും ആത്മഹത്യപരമാണ് ഇത്.

നേരത്തെ തന്നെ പല വിമാന കമ്പനികളും ഈ നിബന്ധന വെച്ചിരുന്നു — കോവിഡ് നെഗറ്റീവ് ആയ ആളുകളെ മാത്രമേ വിമാന യാത്ര ചെയ്യാൻ അനുവദിക്കൂ എന്ന്. അതിനു കാരണമായി അവർ ചൂണ്ടിക്കാട്ടിയത് വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ തന്നെ. ഒരാള് പോസിറ്റീവ് ആയാൽ പോലും വിമാനത്തിലെ മുഴുവൻ പേർക്കും രോഗം പകരാൻ സാധ്യത കൂടുതൽ ആണെന്നിരിക്കെ ഇൗ നിലപാടിൽ കാര്യമുണ്ട്. ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചാലും വേണ്ടില്ല സ്വന്തം കാര്യം നടക്കണമെന്ന മനുഷ്യപ്പറ്റില്ലാത്ത മനുഷ്യന്മാരുടെ വാശിക്ക് വഴങ്ങിക്കൊടുക്കണോ? നിലവിൽ സർവീസ് നടത്തുന്ന ഫ്‌ളൈറ്റുകളിലെല്ലാം പ്രായമുള്ളവരോ മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ ഗർഭിണിളോ ആണ് അധികവും, പോസിറ്റീവ് കേസുള്ള രണ്ടുമൂന്ന് പേര് മതിയാകും യാത്രക്കാർക്ക് മൊത്തമായി അസുഖം പകർത്താൻ.

ടെസ്റ്റിന് വേണ്ടി വരുന്ന ചിലവാണോ വലുത് താൻ കാരണം ജീവൻ വരെ അപകടത്തിലായേക്കാവുന്ന ആളുകളുടെ ജീവനാണോ വലുത് എന്നത് നല്ല പോലെ ആലോചിക്കുക. നൂറു ശതമാനം ക്ലോസ്ഡ് ചേംബര്‍ ആയ വിമാനത്തില്‍ കാബിന്‍ പ്രെഷര്‍ നിരന്തരം മെയിന്‍റയിന്‍ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ വ്യക്തിയും അവരുടെ നിശ്വാസ വായുവിനെ നിരന്തരം പങ്കിട്ടു കൊണ്ടിരിക്കുന്നുണ്ട്. ഇതു തന്നെയാണ് കൊറോണ വ്യാപനത്തിന്റെ 99% ശതമാനവും വിമാനയാത്ര വഴി ആകാനുള്ള കാരണവും.

ഇതൊന്നും പിണറായിയുടെ സുരക്ഷയെ കരുതി അല്ല. വരുന്ന യാത്രക്കാരുടെ സുരക്ഷയെ കരുതി ആണ് എന്ന കാര്യം എല്ലാവരും ഓർത്താൽ നല്ലത്.കാര്യം പറഞ്ഞപ്പോൾ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ശശി തരൂരിന് മനസ്സിലായി. പക്ഷേ മറ്റ് കോൺഗ്രസ്‌കാർക്ക് ഇനിയും നേരം വെളുത്തിട്ടില്ല. കോവിഡ് പോസിറ്റീവ് ആകുന്നവരെ കൊണ്ട് വരണ്ട എന്നോ അവർ അവിടെ കിടന്നു ചാകട്ടെ എന്നോ അല്ല ഇതിനർത്ഥം. അവർക്ക് വേണ്ടി ഒരു സ്പെഷ്യൽ ഫ്ലൈറ്റ് അല്ലെങ്കിൽ എയർ ആംബുലൻസ് പ്ലാൻ ചെയ്യുക. വികാരം വിചാരത്തെ കീഴ്പ്പെടുത്തരുത്.