മന്ത്രി കെ ടി ജലീൽ സഹായിച്ച പെൺകുട്ടിയുടെ വീഡിയോ കണ്ടു, ഹൃദയത്തിൽ നന്മയുള്ളവർക്ക് കണ്ണ് നിറഞ്ഞു പോകും

265

എഴുതിയത്  :  Dr Shanavas AR

യൂണിവേഴ്സിറ്റി നിയമങ്ങൾ സ്റ്റുഡന്റ്സിനെ സഹായിക്കാൻ വേണ്ടി ആയിരിക്കണ്ടേ? അല്ലെങ്കിൽ തന്നെ നിയമങ്ങൾ മനുഷ്യർക്ക് വേണ്ടി മനുഷ്യർ ഉണ്ടക്കിയതല്ലേ, അല്ലാതെ മുകളിൽ നിന്നും ദൈവം കെട്ടി ഇറക്കിയ ഇരുമ്പുലക്ക അല്ലല്ലോ. മന്ത്രി കെ ടി ജലീൽ കോളേജ് മാറ്റം നൽകി സഹായിച്ച പെൺകുട്ടി തന്റെ അവസ്ഥ വിശദീകരിച് ഇട്ട വീഡിയോ കണ്ടു. ഹൃദയത്തിൽ നന്മയുള്ളവർക്ക് തീർച്ചയായും കണ്ണ് നിറഞ്ഞു പോകും. ചെറു പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചു, കാൻസർ വന്ന് അമ്മ വർഷങ്ങൾക്ക്‌ മുൻപ് മരണപ്പെട്ടു . ആരോരുമില്ലാത്ത പാവപ്പെട്ട തൊലി വെളുപ്പില്ലാത്ത ആ കുട്ടി തന്റെ വിധിയോട് പട പൊരുതിയാണ് പഠിച്ചത്. ചേർത്തല എൻഎസ്‌എസ്‌ കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും അവിടെ നിന്ന് പഠിക്കാനുള്ള ഒരു സാമ്പത്തിക അവസ്ഥ ഇല്ലാത്ത പരമ ദരിദ്രയായ ആ പെൺകുട്ടി കോളേജ് മാറ്റത്തിനായി യൂണിവേഴ്സിറ്റിയിലെ തൂണിനോടും തുരുമ്പിനോടും വരെ കെഞ്ചി അപേക്ഷിച്ചു. ആരും ആ കുട്ടിയെ സഹായിച്ചില്ല.

അവസാന ആശ്രയം എന്ന നിലയിലാണ് ആ കുട്ടി മന്ത്രി കെ ടി ജലീലിനെ കാണുന്നത്. അടുത്തുള്ള ഏതെങ്കിലും കോളേജിൽ സീറ്റ്‌ ഒഴിവുണ്ടോ എന്നന്വേഷിക്കാനും അങ്ങനെ ഉണ്ടെങ്കിൽ മാനുഷിക പരിഗണന നൽകി ആ കോളേജിലേക്ക് ട്രാൻസ്ഫറിന് സാധ്യമായത് ചെയ്യാനും പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. ഇത് കെ ടി ജലീലിന്റെ മകളോ കുടുംബക്കാരിയോ നാട്ടുകാരിയോ ഒന്നുമല്ല, ഇതിൽ സ്വാർത്ഥ താത്പര്യമോ സ്വജന പക്ഷപാതമോ അഴിമതിയോ ഇല്ല. ആകെ കാണിച്ചത് കുറച്ചു മനുഷ്യത്വം മാത്രം.

അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഒരു അനാഥ പെൺകുട്ടിയോട് ഒരു ഭരണകൂടം കാണിക്കേണ്ട ഉത്തരവാദിത്തം കാണിച്ചതിനാണോ മന്ത്രിയെ തൂക്കിലേറ്റുന്നത്? എന്റെ അഭിപ്രായത്തിൽ ഇതിൽ മന്ത്രി ഇടപെട്ടില്ലെങ്കിലാണ് അദ്ദേഹം രാജി വയ്ക്കേണ്ടത്. വീണ്ടും വീണ്ടും തോൽപ്പിക്കാൻ ശ്രമിക്കുന്ന ജീവിതത്തോട് പട പൊരുതി വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പഠിക്കുന്ന ഇത് പോലുള്ള അഗതികളുടെ ജീവിതം രാഷ്ട്രീയ കളികൾക്ക് കരുവാക്കുന്നത് ആര് ചെയ്താലും അതിനെ ക്രൂരത എന്ന് വിശേഷിപ്പിക്കാനേ കഴിയൂ. അന്ധമായ രാഷ്ട്രീയ വിരോധം വിവേകത്തെ ഇല്ലാതാക്കരുത്.

 

Advertisements