എന്ത് കോപ്പിലെ വിദ്യാഭ്യാസ സമ്പ്രദായമാണിത്…

193

Dr. Shanavas AR

എന്ത് കോപ്പിലെ വിദ്യാഭ്യാസ സമ്പ്രദായമാണിത്…

 ആ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് കടിച്ച പാട് ഉണ്ടായിരുന്നു.
 പൊത്തിനുള്ളിൽ കാൽ ഇട്ടതിന് ശേഷമാണ് മുറിവ് വന്നത് എന്നറിയാമായിരുന്നു.
 ചെരുപ്പ് ഇല്ലാതെ ആണ് കുട്ടികളെ ക്ലാസ്സിൽ കയറ്റിയിരുന്നത്.
 എന്തിന് പറയുന്നു കൂടെയുള്ള അഞ്ചാം ക്ലാസ്സ്‌ കുട്ടികൾ പാമ്പ് കടിച്ചു എന്ന് പറഞ്ഞിട്ട് പോലും അത് മനസ്സിലാക്കാൻ കഴിയാത്ത അദ്ധ്യാപകൻ.
 കുട്ടി തളർന്നു വീണു, കാലിൽ നീലിച്ച നിറം പടർന്നു, എന്നിട്ടും ആ അധ്യാപകൻ എന്ന വിഡ്ഢിക്ക് കാര്യം മനസ്സിലായില്ലത്രേ.
 വെള്ളം കൊണ്ട് തടവി കൊടുത്തു, അച്ഛൻ വരുന്നത് വരെ കാത്തിരുന്നു വിലയേറിയ ഒരു മണിക്കൂർ കളഞ്ഞു കുളിച്ചു.

അയാൾ സയൻസ് അധ്യാപകൻ ആണത്രേ. ഇയാളൊക്കെ എന്ത് സയൻസ് ആണ് പഠിപ്പിക്കുന്നത്. എന്തൊരു ദുരന്തമാണിത്.

ഇതൊന്നും യാദൃശ്ചികമായ മരണമല്ല, ഇത് അശ്രദ്ധ കാരണമുള്ള നരഹത്യ ആണ്.

ഇംഗ്ലീഷിൽ സംസാരിക്കാൻ അറിഞ്ഞു കൂടാത്ത എംഎ ക്വാളിഫിക്കേഷൻ ഉള്ള ഇംഗ്ലീഷ് അധ്യാപകനും സയൻസിന്റെ ബേസിക് പാഠം പോലും അറിഞ്ഞു കൂടാതെ എം എസ് സി ക്വാളിഫിക്കേഷൻ ഉള്ള സയൻസ് അധ്യാപകനും — ഇതിൽപരം ഒരു ദുരന്തം ഉണ്ടാകാനുണ്ടോ? നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആ സയൻസ് പഠിപ്പിക്കുന്ന പടു വിഡ്ഢിയെ മാത്രം അറസ്റ്റ് ചെയ്‌താൽ പോരാ.
പാമ്പിന്റെ താവളങ്ങളായ ക്ലാസ്സിൽ ചെരുപ്പിടാതെ കയറണം എന്ന നിബന്ധന വെച്ച പ്രധാന അധ്യാപകൻ ,
വർഷം തോറും ചെയ്യേണ്ട സ്കൂളിന്റെ ഫിറ്റ്നസ് പരിശോധന നടത്താതെ ഫിറ്റ്നസ് കൊടുത്ത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ,
സർക്കാർ സ്കൂളിലെ കുട്ടികൾ അല്ലെ, ഇതൊക്കെ മതി എന്ന് കരുതുന്ന ഡിപിഐ ,
എല്ലാത്തിനെയും കൂട്ട് പ്രതികൾ ആക്കി അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണം.

Dr. Shanavas AR

Advertisements