സത്യത്തിൽ മനുഷ്യരെക്കാൾ ഭേദം മൃഗങ്ങളാണെന്നു തോന്നിപ്പോകുന്നു

30

Dr-Sheeja Srinivas

ഈ ഫോട്ടോസ് കണ്ടപ്പൊ സത്യത്തിൽ മനുഷ്യരെക്കാൾ ഭേദം മൃഗങ്ങളാണെന്നു തോന്നിപ്പോകുന്നു… എന്ത് ഒരുമയോടെയാണ് ഇവ ഒരു കൂട്ടിൽ കഴിയുന്നേ… എന്നാൽ മനുഷ്യരോ??? ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം പറഞ്ഞും അല്ലാതെയും പരസ്പരം തമ്മിലടിക്കാൻ ഇവിടെ മത്സരമാണ്… ചെക്പോസ്റ്റിൽ പാസ് ഇല്ലാതെ ആൾക്കാരെ കടത്തിവിട്ടെന്ന് മേനി പറയുന്നവർ… പ്രളയകാലത്തെ പോലെ ആളുകളെ കൊണ്ടുവന്ന് സ്കൂളുകളിൽ താമസിപ്പിച്ചാലെന്താ എന്ന് ഉറക്കെ ചിന്തിക്കുന്നവർ… ഇവർക്കൊക്കെ മനസ്സിലാവാത്ത ചിലതുണ്ട്… ലോക്ഡൗൺ കാലത്ത് പൊതു വാഹനങ്ങൾ ഇല്ലാതിരുന്നിട്ടും സ്വന്തം വാഹനത്തിലോ കൂട്ടുകാരുടേയോ ബന്ധുക്കളുടേയോ വാഹനത്തിലും ജോലിക്കെത്തി അല്ലെങ്കിൽ ജോലി സ്ഥലത്തിനടുത്ത് താമസിച്ച് ഊണും ഉറക്കവും കളഞ്ഞ് കുടുംബത്തേയും കുട്ടികളേയും മറന്ന് ജോലി ചെയ്യുന്ന ഒട്ടനവധി ആളുകളുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ… എയർപോർട്ടിലും സീപോർട്ടിലും റെയിൽവെ സ്റ്റേഷനിലും കൺട്രോൾ റൂമിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, വെയിലും മഴയും നോക്കാതെ രാത്രിയും പകലും റോഡിൽ കാവൽ നിൽക്കുന്ന പോലീസുകാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ അങ്ങനെ പലരും… ഇവരൊക്കെ സ്വന്തം നാടിനു വേണ്ടി അക്ഷീണയത്നം ചെയ്യുമ്പോളാണ് ചിലരുടെ അനാവശ്യപ്രകടനം… കഷ്ടം തന്നെ…

ഈ ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്… ഒരിക്കൽ എങ്കിലും നിങ്ങൾ ആ പി.പി.ഇ കിറ്റ് ഒക്കെ ഇട്ട് കുറച്ച് നേരമെങ്കിലും ഒന്ന് നിന്ന് നോക്കണം…. അപ്പോളെ അതിൻ്റെ സുഖമറിയൂ… മാസ്ക് കഴുത്തിലിട്ട് മൈക്കിലൂടെ സംസാരിക്കും പോലെ അത്ര എളുപ്പമല്ല അത്… എൻ്റെ പല കൂട്ടുകാരും എന്നോട് പറയാറുണ്ട് ഈ മാസ്ക് ഇട്ട് നടക്കുന്നത് എളുപ്പല്ലാന്ന്… സത്യാണ് മാസ്ക് ഇടുമ്പൊ പലപ്പോളും മൂക്കിൻ്റെ തുമ്പത്ത് ചൊറിയാൻ തോന്നും പിന്നെ വിയർത്ത് മാസ്കിനടിയിൽ പലേടത്തും ചൊറിയാൻ തോന്നും… വെള്ളം കുടിക്കാൻ പറ്റില്ല.. അപ്പൊ പി.പി.ഇ കിറ്റൊക്കെ ഇട്ട് ഇരിക്കുന്നവരോ??? അവർക്ക് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ എന്തിന് സ്വന്തം ശരീരത്തിൽ എവിടേലുമൊന്ന് ചൊറിയാൻ പോലും സാധിക്കില്ല….. അതു മാത്രമല്ല ഡ്യൂട്ടിയിലാവുമ്പോ പലർക്കും വീട്ടുകാരെ കാണാൻ കഴിയുന്നത് വീഡിയോ കോളിലൂടെ മാത്രം… ഡ്യൂട്ടി കാലാവധി കഴിഞ്ഞാൽ 14 ദിവസം ക്യാറൻ്റയിൻ… അവർക്കും കുടുംബത്തിനും രോഗം വരാനുള്ള സാധ്യതയും ഇത്രയൊക്കെ അവര് കഷ്ടപ്പെടുന്നത് അവരുടെ വീട്ടുകാർക്ക് വേണ്ടിയാണോ???

അത് പോലെ ക്വാറൻ്റയിൻ ചെയ്യുന്നവരെ നിത്യവും വിളിച്ച് അവരുടെ വിവരങ്ങളെല്ലാം കൃത്യമായി അന്വേഷിച്ച് അവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടോ മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ… ഇവരെല്ലാം ഇങ്ങനെ കഷ്ടപ്പെട്ടിട്ടാണ് കേരളം കോവിഡിൻ്റെ ഒന്നും രണ്ടും ഘട്ടം വല്ല്യ പരിക്കില്ലാതെ രക്ഷപ്പെട്ടത്… ഇതിപ്പൊ മൂന്നാം ഘട്ടം….. മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നു… പ്രതീക്ഷിച്ച പോലെ പോസിറ്റീവ് കേസുകൾ കൂടുന്നു… ഒരു ചെറിയ പാളിച്ച പോലും ഈ ഘട്ടത്തിൽ ആപത്കരമാവും.. അത് മനസ്സിലാക്കി വിവേകത്തോടെയും ജാഗ്രതയോടെയും ഏവരും പെരുമാറണം… അല്ലാതെ ആരൊക്കെയോ പറയും പോലെ ഹേർഡ് ഇമ്മ്യൂണിറ്റി വരുന്നതും കാത്തിരിക്കുന്നത് വേഴാമ്പൽ മഴ കാത്തിരിക്കും പോലാണ്… മഴ വരാം വരാതിരിക്കാം… അതിനാൽ കരുതലോടെ ഇരിക്കാം… ഞാൻ കാരണം എൻ്റെ കേരളം ഒരു കൊലക്കളമാവില്ലെന്ന് ദൃഢപ്രതിജ്ഞ എടുക്കാം….Let’s together break the chain n fight Covid.

NB: ഇതിൽ രാഷ്ട്രീയമില്ല… അതും പറഞ്ഞ് ദയവായി ചീത്ത വിളിക്കാൻ വരരുത്.. മറുപടി നൽകാൻ താത്പര്യമില്ല…OP കഴിഞ്ഞ് കോവിഡ് കെയർ സെൻ്ററിനും FLTC ക്കും ഉള്ള സ്ഥലങ്ങളും നോക്കി, മാറി മാറി വരുന്ന ഓഡറുകൾ വായിച്ചും, സൂം മീറ്റിങ്ങുകൾ അറ്റൻ്റ് ചെയ്തും വൈകീട്ട് വീട്ടിൽ വന്ന് അടുക്കള പണി ചെയ്യുന്നതിനിടയിൽ ടി.വിയിൽ കാണുന്ന ഈ വക പേക്കൂത്തുകൾ കണ്ട് മനം മടുത്ത് എഴുതീതാണ്….