പ്രണയം മരണകുരുക്കാവുന്നത് എന്ത് കൊണ്ട്? പ്രണയം എങ്ങനെ പകയായ് മാറും? അതറിയണമെങ്കിൽ ആദ്യം പ്രണയമെന്തെന്നറിയണം

0
496
ഡോ. ഷീന ജി. സോമൻ
കൺസൽറ്റന്റ് സൈക്ക്യാട്രിസ്റ്റ്
ഗവ. മാനസികാരോഗ്യ കേന്ദ്രം
തിരുവനന്തപുരം
പ്രണയം എത്ര ലോലമായ വികാരമാണ്.. അതിന്റെ ചൂട് ഏത് മനസിനെയാണ് തരളിതമാക്കാത്തത്. പ്രണയാലിംഗനത്തിൽ അലിയാത്ത അഴലെന്തുണ്ട്? എന്നും ജീവിതത്തിൽ പ്രണയം സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? പക്ഷേ.. നമ്മുടെ ചുറ്റും ഇന്ന് എത്രയോ പ്രണയപ്പകയുടെ ഹത്യകൾ.. ആസിഡെറിഞ്ഞും, പെട്രോൾ ഒഴിച്ചും, കത്തിക്കുത്തിലും, സോഡാക്കുപ്പിയിലുമൊക്കെ എത്ര ജീവിതങ്ങൾ ആണ് ഹോമിക്കപ്പെട്ടിരിക്കുന്നത്.
പ്രണയം മരണകുരുക്കാവുന്നത് എന്ത് കൊണ്ട്? പ്രണയം എങ്ങനെ പകയായ് മാറും? അതറിയണമെങ്കിൽ ആദ്യം പ്രണയമെന്തെന്നറിയണം.
പ്രണയം ഒരു വല്ലാത്ത മാജിക്കല്ലേ? റൊമാന്റിക് ഐഡിയോളജിയുടെ പൊതു ഭാഷ്യം തന്നെ പ്രണയം പരിപാവനമാണ്, പൂർണതയാണ്, നിരുപാധികമാണ്, യാതൊരു വിട്ടുവീഴ്ചയും അനുവദിച്ചു കൂടാത്തതാണ്.. എന്നൊക്കെയല്ലേ? എല്ലാ പ്രണയവും വിജയമാകും എന്ന് കരുതിയും ആഗ്രഹിച്ചുമാകാം പലരും ഇതിലേക്ക് കടക്കുന്നത്.. എന്നാൽ പല പ്രണയങ്ങളും നാശകോശമാവും. തുടക്കത്തിലെ ആവേശവും വികാര വേലിയേറ്റങ്ങളും കഴിഞ്ഞാൽ പ്രണയം പഴകുന്ന വീഞ്ഞ് പോലെ പാകമാകണം. എന്നാൽ ചിലത് പുളിച്ചു പോകും. ചില ചേരുവകൾ അന്യോന്യം രുചിക്കാതെ വരുമ്പോൾ ഇരുന്നു പതയാതെ ഒഴുക്കി കളയുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പതഞ്ഞ് പൊട്ടിത്തെറിച്ചു ആകെ നാശമാകും. എന്നാൽ നന്നായി പാകമാകുന്ന വീഞ്ഞ് പോലും പഴകുമ്പോഴുള്ള രുചി വ്യത്യാസം എല്ലാവർക്കും രുചിച്ചോളണം എന്നുമില്ല.
പ്രണയത്തിന്റെ വീൽ തിയറി അനുസരിച്ച് ആദ്യം ഉണ്ടാകുന്നത് താൽപര്യങ്ങളുടെയും ഇഷ്ടങ്ങളുടെയും ഐകമത്യമാണ്. പിന്നെ തുറന്നു പറച്ചിലും അടുത്തിടപഴകലിന്റെയും കാലം. ഒരൽപ്പം റിസ്കും വിശ്വാസവും ബന്ധത്തെ ഉറപ്പിക്കുന്നു. കൂടുതൽ അന്യോന്യം അറിഞ്ഞു തുടങ്ങുമ്പോൾ പരസ്പരം ആശ്രയിച്ചു തുടങ്ങുന്നു. ബന്ധത്തിൽ പൂർണത കൈവരിക്കാൻ ആയി അവർ തുടർന്നും ഐക്യം നിലനിർത്തുകയും, ആഗ്രഹങ്ങൾ പങ്ക് വയ്ക്കുകയും, ആശ്രയിക്കുകയും നല്ല ആശയവിനിമയം തുടരുകയും വേണം. പക്ഷേ പ്രണയത്തിന്റെ വീൽ എപ്പോഴാണോ പിന്നോട്ടു കറങ്ങുന്നത് അത് ബന്ധത്തെ അവസാനിപ്പിക്കുകയും ചെയ്യും.
ഡോ. സ്റ്റേർൺബർഗിന്റെ ഭാഷ്യത്തിൽ പ്രണയത്തിന് വിവിധ ഘടകങ്ങൾ ഉണ്ട് – (Intimacy)അടുപ്പം, (Passion)അഭിനിവേശം, (commitment)പ്രതിബദ്ധത. അവയുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചാണ് ഓരോ തരം ബന്ധവും അവയുടെ ഗുണവും.
പ്രണയത്തിന് മൂന്ന് ഘട്ടങ്ങളുണ്ട് എന്ന് പറഞ്ഞത് ആന്ത്രോപ്പോളജിസ്റ്റായ ഹെലൻ ഫിഷർ ആണ്.
1. ആകർഷണം(Attraction)
2. കാമം(lust)
3. സ്നേഹബന്ധം(Attachment)
സ്ത്രീകളിൽ ഈസ്ട്രജനും പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോണുമാണ് ശാരീരികമായ അഭിനിവേശമായ കാമം ജനിപ്പിക്കുന്നത്. ഡോപമീനും സെറൊട്ടോണിനും നോറെപിനെഫ്രീനുമാണ് അടുത്ത ഘട്ടമായ ആകർഷണത്തിന് കാരണം. പ്രണയിക്കുന്നവരെ പിൻതുടരാനും സ്നേഹിക്കാനും തോന്നിപ്പിക്കുന്നത് ഡോപമീൻ ആണെങ്കിൽ നോർ എപിനെഫ്രിൻ ശരീരത്തിനെ ഉത്തേജിപ്പിക്കുന്നു. സെറൊട്ടൊണിൻറെ അളവ് കുറയുകയും പ്രണയിക്കുന്ന വ്യക്തിയെ പറ്റി തന്നെ ചിന്തകൾ ആവർത്തിച്ചു തുടങ്ങുന്നു. പ്രണയം പഴകുന്നതനുസരിച്ച് ഡോപമീൻ കുറയുന്നു. ഈ സമയത്ത് ഓക്സിടോസിൻ, വാസോപ്രസിൻ എന്ന ഘടകങ്ങളാണ് അറ്റാച്ച്മെന്റ് നല്കുന്നത്. ഓക്സിട്ടോസിൻ ലൈംഗികതയിലൂടെ അടുപ്പം കൂട്ടുമെങ്കിലും ഒരളവിൽ കൂടുമ്പോൾ അത് പൊസസീവ്നസിന് കാരണമാകുന്നു.
പ്രണയികൾ പലവിധം എന്നാണ് ലീ(1973) യുടെ കണ്ടെത്തൽ.
[ ] പ്രാഗ്മാ-ജീവിതത്തിൽ ലക്ഷ്യങ്ങൾക്കായി നില കൊള്ളുന്നവർ. വളരെ പ്രാക്ടിക്കൽ എന്നർത്ഥം. നോക്കിയും, കണ്ടുമേ പ്രണയിക്കൂ.
[ ] മാനിയ- അസൽ ഉന്മാദി. പൊസസീവ്നസ്, അസ്ഥിരതയും ചാഞ്ചാട്ടവും മുഖമുദ്ര. പ്രണയത്തിൽ ഉറക്കം നഷ്ടപ്പെടുന്നവൻ, പ്രണയം തകർന്നാൽ അതിവൈകാരികത പ്രകടിപ്പിക്കും.
[ ] അഗേപ്പ്- നിസ്വാർത്ഥ സ്നേഹം എന്ന് പറയാം. പങ്കാളിയുടെ നല്ലത് മാത്രം ലക്ഷ്യം വയ്ക്കുകയും അവരുടെ സന്തോഷത്തിന് മുൻഗണന നല്കുന്നവർ
[ ] ഇറോസ്- പേര് പോലെ ശാരീരികവും മാനസികവുമായ ഇഴയടുപ്പം വളരെ പ്രധാനമാണിവർക്ക്.
[ ] ലുഡസ്- വളയ്ക്കലും രസവുമാണ് പ്രധാന ഉദ്ദേശ്യം. പക്കാ പ്ളേ ബോയ്. യാതൊരു കമ്മിറ്റ്മെന്റിനും തയ്യാറായിരിക്കില്ല. ബന്ധം അവസാനിപ്പിക്കാൻ ഒരു മടിയുമില്ലവർക്ക്.
[ ] സ്ട്ടോർജ്- മെല്ലെ ഒഴുകുന്ന പുഴ പോലെ. സൗഹൃദം പ്രണയത്തിനും ലൈംഗികതയിലേക്കും ഒഴുകും. ബന്ധം മുറിഞ്ഞാലും സൗഹൃദം തുടരുന്നവരാണിവർ.
ബന്ധങ്ങളിലെ പരസ്പര ആശ്രയീഭാവം വച്ച് A, H, M ഫ്രേമുകളിൽ ബന്ധങ്ങളെ വരച്ചു വച്ചത് ഡേവിഡ്സൺ(1991)
• A – അക്ഷരം വരച്ചത് പോലെ അന്യോന്യം ആശ്രയിച്ച് നില്ക്കും അവർ. ഒരാൾ പിൻവാങ്ങിയാൽ മറ്റേയാൾ താഴെ വീണ് തരിപ്പണമാകും
• H- രണ്ട് പേരും അവരവരുടെ ഇഷ്ടങ്ങളുമായി പാരലലായി ജീവിച്ചങ്ങ് പോകും. ബന്ധം അവസാനിച്ചാൽ വലിയ വൈകാരിക മുറിപ്പാടുകൾ ഒന്നും ഉണ്ടാകുന്നില്ല.
• M- അന്യോന്യം ആശ്രയിക്കുക മാത്രമല്ല ഒറ്റയ്ക്ക് പിടിച്ചു നില്ക്കാനും അറിയാം അവർക്ക്. അതിനാൽ ബന്ധം മുറിഞ്ഞാൽ വിഷമിക്കുമെങ്കിലും പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകാൻ കഴിയുമവർക്ക്.
പ്രണയം അവസാനിക്കുന്നതും പല ഘട്ടങ്ങളിൽ കൂടിയാണ്. കെർസ്റ്റൻ (1990) പറയുന്നത് രണ്ട് പേരുടെയും പോരായ്മകൾ കൂടുതൽ പ്രത്യക്ഷമാകും. അവയുമായി അഡ്ജസ്റ്റ് ചെയ്യാം എന്ന പ്രതീക്ഷ തുടരുന്നു. എന്നാൽ പോരായ്മകൾ കാട്ടുന്ന പങ്കാളി മാറ്റത്തിനോ സഹകരിക്കാനോ തയ്യാറായില്ലെങ്കിൽ ബന്ധത്തിന്റെ അവസാനവും ആകാം. മറ്റേ പങ്കാളി ഉപദേശവും, സഹകരണവുമായ് സപ്പോർട്ടുമായ് അന്യോന്യം അനുനയപ്പെട്ട് മുന്നോട്ടു പോകാൻ തയ്യാറായാൽ ബന്ധവും മുന്നോട്ട്. ഇത് സംഭവിച്ചില്ലെങ്കിൽ അടുത്ത ഘട്ടം നിരാശയും അകൽച്ചയുമാണ്. പിന്നെ പ്രതീക്ഷ നശിക്കുകയും വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിൽ ബന്ധത്തിനെ പുനർജീവിപ്പിക്കാൻ ബുദ്ധിമുട്ടാണ്.
പ്രണയത്തിൽ ആയിരിക്കുന്നവരിൽ ഒരു പാർട്ടി മാത്രം അതിൽ നിന്ന് പിൻമാറുമ്പോൾ കഥയും മാറും. ബന്ധത്തിൽ ഇൻഫാച്ചുവേഷനും പാഷനും ഒക്കെ കഴിയുമ്പോൾ ഇന്റിമസിയും കമ്മിറ്റ്മെന്റുമൊക്കെ പടി കടന്നിട്ടുണ്ടാവും അപ്പോഴേക്കും. പിന്നെയത് ഒരു പൊള്ളുന്ന ബന്ധമായ് തുടരാതെ ഒരാൾ ഒഴിഞ്ഞു പോകും, ചിലപ്പോൾ രണ്ട് പേരും ഒത്തുതീർപ്പിലെത്തും. പൊള്ളിയാലും പൊള്ളയായാലും പിന്നെയും തുടരാൻ വൈകാരിക ബ്ളാക്ക്‌മെയ്‌ലിംഗ് വഴിയും, ഭീഷണികളിലൂടെയും സഹനസമരങ്ങളിലൂടെയും ഒരു ബന്ധം എത്ര മുന്നോട്ടു കൊണ്ട് പോകാമോ അത്രയും കൊണ്ട് പോകും. എന്നാൽ ഏച്ചു വച്ചത് മുഴച്ചു തന്നെയിരിക്കും..
ഏത് പ്രണയവും കാലാന്തരത്തിൽ അവസാനിക്കാം എന്ന ഒരു തിരിച്ചറിവ് പ്രധാനമാണ്. അത്രമേൽ പ്രയത്നവും വളർച്ചയും അതിനു നല്കിയില്ലെങ്കിൽ ചിലപ്പോൾ വാങ്ങി മൂലയ്ക്ക് വെച്ച ചെടി പോലെ അത് പട്ടു പോകാം.
പ്രണയത്തിൽ പുരുഷന്റെ റോള് പെണ്ണിനെ യെസ് മൂളിപ്പിക്കലാണെന്ന് തോന്നും സിനിമയിലും സീരിയലുകളിലും പ്രണയത്തിനെ ചിത്രീകരിക്കുന്നത് കണ്ടാൽ. മൃഗങ്ങളാണെങ്കിൽ പീലി വിടർത്തിയും നെഞ്ച് പെരുക്കിയും എതിരാളിയെ വെല്ലുവിളിച്ചുമൊക്കെ പെണ്ണിന്റെ ശ്രദ്ധ പിടിച്ചു പറ്റും. പെണ്ണിന് വേണ്ട എങ്കിൽ വേണ്ട തന്നെ.. പെണ്ണ് സമ്മതിച്ചാൽ ജീവിതകാലം പങ്കാളികളായി തുടരുകയും ചെയ്യും. എന്നാൽ ചില ജന്തുക്കൾ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന പോലെയാണ്.. ചിലർക്ക് ജീവിതകാലത്തിൽ ഒന്നിലേറെ പങ്കാളികളാകാം. മനുഷ്യനും മൃഗവും തമ്മിൽ ഒരു പരിധി വരെ എന്ത് വ്യത്യാസം?!അപ്പോൾ പ്രണയം അവസാനിച്ചാൽ “തേച്ചെന്നും” പറഞ്ഞു പ്രകോപിതനാകാതെ, പക പോക്കാതെ മുന്നോട്ടു പോകാൻ പഠിപ്പിക്കേണ്ടിയിരിക്കുന്നു ചില ചെറുപ്പക്കാരെയെങ്കിലും. കാരണം കൊല്ലപ്പെടുന്ന സ്ത്രീകളിൽ 40% പേരും പങ്കാളികളാലാണെന്നാണ് കണക്കുകൾ.
പ്രണയമെനാൽ അന്യോന്യം വിഴുങ്ങലല്ലാ.. ആ ഫ്യൂഷൻ സിദ്ധാന്തമൊക്കെ അത്ര വെടിപ്പല്ല. മാത്രമല്ല മറ്റൊരാളെ പൂർണമായും ഉൾക്കൊള്ളുക എന്നത് നിർബന്ധമില്ല പ്രണയങ്ങളിൽ. പക്ഷെ പുരുഷൻ പലപ്പോഴും പ്രണയിനിയിൽ പൂർണമായി അലിയുന്നു എന്ന് സങ്കൽപിക്കുകയും അവളില്ലാതെ ഒരു ലോകം അവനില്ലാതാകുകയും ചെയ്യും. അവന്റെ ലോകം പ്രണയത്തിന്റെ പേരിൽ തീരെ ചുരുങ്ങുന്നു (തിരിച്ചും). തന്റെ പൗരുഷത്തിന് ഉള്ളാലെ അംഗീകരിക്കാൻ കഴിയാത്ത ഒരു ആശ്രിതത്വം ഉണ്ടാകും അവർക്ക്. അത്തരം വ്യക്തികൾ പങ്കാളിയെ തന്റെ സ്വത്തായി കരുതുകയും പ്രണയത്തിന്റ പേരിൽ പൊസസീവ് ആകുകയും ചെയ്യും. പക്ഷേ പൊസസീവ്നസ് രോഗമായി മോർബിഡ് ജലസി (Morbid Jealousy) ആകുമ്പോൾ, ജീവിതം ഒരു വഴിയാകും. തൊട്ടതിനും പിടിച്ചതിനും സംശയമായി. പങ്കാളി ചങ്ക് പറിച്ച് കാട്ടിയാലും ചെമ്പരത്തി പൂവെന്ന് പറയും അവർ. ബന്ധം ഒരു ബന്ധനമാകാൻ പിന്നെ അധികം സമയം ഒന്നും വേണ്ട.
പങ്കാളിയെ പ്രണയത്തിന്റെ ബന്ദിയാക്കുക എന്നത് ഒരു സ്വാഭാവിക പ്രക്രിയ ആയി രണ്ട് പേർക്കും തോന്നി തുടങ്ങുന്നു. ബന്ധനം പൊട്ടിച്ചു ഒഴിഞ്ഞു മാറുന്ന പെണ്ണിന് പിന്നെ പിഴച്ചവളെന്ന ലേബലും, ഇരയുമൊക്ക ആകും അത്തരം പുരുഷൻമാർക്ക്. എടുത്തു ചാട്ടവും അതി വൈകാരികതയും ലഹരിയും കൈമുതലായി ഉള്ളവരെ പ്രണയിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചു വേണം. “വെടക്കാക്കി തനിക്കാക്കുക, തനിക്കില്ലെങ്കിൽ ആർക്കും വേണ്ട” എന്ന സിദ്ധാന്തമൊക്കെ ഇത്തരം മനസുകളിൽ വളരെ വേഗം വേരോടും. തന്റെ ഈഗോയെ തകർത്തു പോയ പെണ്ണിന് പിന്നെ ജീവിക്കാനുള്ള അവകാശ നിഷേധം കൂടിയാണ് പ്രണയപകയും കൊലപാതകങ്ങളും. എത്ര ക്രൂരമായി കൊല്ലാമോ അത്രയും ക്രൂരതയിൽ.. അവളെ തീർത്തിട്ട് താനും തീരുക എന്നൊരു ഒളിച്ചോട്ടം.. ആ പകയ്ക്ക് കാല്പനികത കല്പിച്ച് നല്കുന്നത് സുഹൃത്തുക്കളും ലഹരിയും സിനിമസീരിയലുകളിലെ ചിത്രീകരണവുമൊക്കെയാകും. “തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ” പാടുന്നതിനേക്കാളും “പറ്റൂല്ലെങ്കിൽ പോടി” തന്നെ നല്ലത്.
പ്രണയം തകരുന്നത് തന്റെ ഈഗോയുടെ മുറിപ്പാടായോ വ്യക്തിത്വത്തിന്റെ തകർച്ചയായോ കരുതേണ്ടതില്ല. പ്രണയം നല്കുന്ന പാഠം നിങ്ങൾക്ക് സ്നേഹിക്കാനും കരുതാനുമുള്ള കഴിവുണ്ടെന്ന് മാത്രമാണ്. വീണ്ടും പ്രണയിക്കുന്നത് ഒരു തെറ്റോ ആത്മവഞ്ചനയോ ഒന്നുമല്ല.
പ്രണയതകർച്ച കാരണം വിഷാദം ഉണ്ടാകാൻ സാധ്യത ഉണ്ട്. കാരണം ഏതൊരു ബന്ധവും അവസാനിക്കുന്നത് ഒരു മരണം പോലെ തന്നെയാണ്. ഷോക്കും, ദേഷ്യവും, വിലപേശലും കഴിഞ്ഞാൽ പിന്നെ ഡിപ്രഷനും അവസാനം ആ നഷ്ടത്തിന്റെ സ്വീകാര്യതയുമാണെന്ന് പറഞ്ഞത് എലിസബത്ത് കൂബ്ളർ റോസ്. ആ മാനസികാവസ്ഥയിലേക്ക് വളരുവാൻ ചുറ്റുമുള്ള കുടുംബവും സുഹൃത്തുക്കളും വേണ്ട സപ്പോർട്ട് നല്കുക, ആവശ്യമെങ്കിൽ ഒരു വിദഗ്ധ സഹായം തേടുക.
പ്രണയിക്കുമ്പോൾ അറിയണം ചില പാഠങ്ങൾ
1. ആകർഷണത്തിനെ പ്രണയമായ് തെറ്റിദ്ധരിക്കരുത്. ആവശ്യത്തിന് സമയമെടുത്ത് മാത്രം ബന്ധത്തിന്റെ തീവ്രത കൂട്ടുക. ഭാവിയെക്കുറിച്ച് എടുത്തു ചാടി പ്ലാൻ ചെയ്യരുത്.
2. ബന്ധത്തിലെ പുതുമയും രസവും നിലനിർത്തുക. ഒരുമിച്ചു പുത്തൻ അനുഭവങ്ങൾ, യാത്രകൾ, ഹോബികൾ കണ്ടെത്തുക. ഒരുമിച്ചുള്ള സമയം ഉന്മേഷപ്രദമാക്കുക. Keep the flames alive എന്നർത്ഥം.
3. പ്രണയം തീരുന്നത് വിവാഹത്തിലല്ല. വൈവാഹിക ജീവിതം ഒരു തുടർച്ച മാത്രം. എല്ലാ തരം വിവാഹങ്ങളുടെയും ലക്ഷ്യം ഇണയുമായ് പ്രണയം കണ്ടെത്തുക എന്നതാണ്.
4. തൊട്ടും, ഉമ്മ വെച്ചും, കെട്ടിപ്പിടിച്ചും തന്നെ സ്നേഹിച്ചോളൂ. ലൈംഗികത ആവേശവും റിലാക്സേഷനുമൊക്കെയാകണം, വെട്ടിപ്പിടിക്കലായി കരുതരുത്.
5. പരസ്പരം ആശ്രയിക്കുന്ന പോലെ സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കുക. പങ്കാളിയെ വല്ലാതെ നിയന്ത്രിക്കാൻ തോന്നുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ സ്യയം മെച്ചപ്പടുത്തുന്ന പ്രവർത്തികൾ, വിനോദങ്ങൾ, സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക. ഓർക്കുക, നിങ്ങളുടെ ലോകമെന്നാൽ പങ്കാളി മാത്രമല്ല, അവരുടെയും.
നല്ല വ്യകതികൾക്ക് നല്ല പ്രണയവും വളർത്താൻ കഴിയും. സ്വന്തം ആഗ്രഹങ്ങൾ പ്രധാനമാണെങ്കിൽ മറ്റൊരാളുടേതിനും വില നല്കുക. പുതു തലമുറയ്ക്ക് പ്രണയമെന്നാൽ ഒരു കീഴടക്കലോ തന്റെ വ്യക്തിമുദ്ര പതിപ്പിക്കേണ്ട എളുപ്പ വഴിയോ ആകരുത്. നമ്മുടെ കുട്ടികളെ ‘No’ പറയാൻ മാത്രമല്ല അത് സ്വീകരിക്കാനും പഠിപ്പിക്കണം. ഇന്നത്തെ ‘Yes’ നാളത്തെ No യുമാകാം എന്ന തിരിച്ചറിവും പ്രധാനമാണ്. പ്രകൃതിയുടെ അവസ്ഥാന്തരങ്ങൾ പോലെ പ്രണയവും മാറാം.
പ്രണയമൊരു വരമെങ്കിലും
ഒന്നുമേ ശാശ്വതമല്ലീ ഭൂവിൽ.. പ്രണയവും നശ്വരമെങ്കിലും മർത്യന് പ്രണയിക്കാതിരിക്കാനാവുമോ?