Dr. Shimna Azeez

മാർക്ക്‌ കുറഞ്ഞ മകനെ പാരന്റ്‌സ്‌ മീറ്റിംഗിന്‌ അവന്റെ ടീച്ചറുടേയും മറ്റ്‌ രക്ഷിതാക്കളുടേയും സുഹൃത്തുക്കളുടേയും മുന്നിലിട്ട്‌ തല്ലി ”…… മോനേ” എന്ന്‌ വിളിക്കുന്ന ബീജദാതാവിനെ (ക്ഷമിക്കണം, ഇതിലപ്പുറം പ്രസക്‌തി ആ മനുഷ്യനുണ്ടെന്ന്‌ തോന്നുന്നില്ല) കുറിച്ച്‌ കാര്യമായൊന്നും പറയാനില്ല. കാരണം, ഈ ജാതി തന്തമാര്‌ ഇഷ്‌ടം പോലെ വീടുകളിലുണ്ട്‌. മക്കൾ പ്രതികരിക്കാത്തത്‌ കൊണ്ടോ, മുൻപ്‌ പ്രതികരിച്ച മക്കളുടെ ദുരനുഭവങ്ങളോർത്ത്‌ ചിലരെങ്കിലും മിണ്ടാതെ സഹിക്കുന്നത്‌ കൊണ്ടോ ഒക്കെയായി ആരുമറിയാത്തതാണ്‌.

മക്കളെ അയാളും ഭാര്യയും കൂടി ഉണ്ടാക്കിയത്‌ കൊണ്ടും ചെലവിന്‌ കൊടുത്തത്‌ കൊണ്ടും മാനസികമോ ശാരീരികമോ സാമൂഹികമോ ആയി അവരെ ഉപദ്രവിക്കാനുള്ള അവകാശം മാതാപിതാക്കളിൽ നിക്ഷിപ്‌തമല്ല. അങ്ങനെയായിരുന്നെങ്കിൽ തല്ലി കൊന്നാലും ആരും ചോദിക്കാൻ വരില്ലായിരുന്നല്ലോ.

കുട്ടികൾ നിങ്ങളിൽ നിന്നും വന്നെങ്കിലും സ്‌റ്റേറ്റിന്റെ സ്വത്താണ്‌. എത്ര ചെറിയ പ്രായമാണെങ്കിലും അവർക്കും മാനാഭിമാനവും നിലപാടുമൊക്കെയുണ്ട്‌. അവരെ മാർക്ക്‌ കിട്ടാനും സ്‌നേഹം ‘തിരിച്ച്‌ തരാനും’ വല്ലവരോടുമുള്ള കലിപ്പ്‌ തെറി പറഞ്ഞ്‌ തീർക്കാനുമായിട്ട്‌ കഞ്ഞീം കാടീം കൊടുത്ത്‌ വളർത്തുന്ന നാൽക്കാലികളായി കരുതരുത്‌. മുൻതലമുറ മോശമായി പെരുമാറിയത്‌ കൊണ്ട്‌ തനിക്കും സ്വന്തം മക്കളെ ചവിട്ടി മൂലക്കിടാം എന്ന്‌ കരുതിയെങ്കിൽ തെറ്റി. വല്ലവരോടും മക്കളെ പുകഴ്‌ത്തി പറഞ്ഞിട്ട്‌ കുടുംബത്തിനകത്ത്‌ വഷളനായാലും ഫലം ഇതൊക്കെ തന്നെയാണ്‌. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്‌, ശവക്കച്ചയിൽ പൊതിഞ്ഞ്‌ കുഴിയിൽ അടക്കാനുള്ളതല്ല. പോരാത്തതിന്‌, എന്തെങ്കിലും തിരിച്ച്‌ കിട്ടാനല്ല മക്കളെ വളർത്തുന്നത്‌.

മക്കളെ ശിക്ഷിക്കുന്ന കാര്യം- അവര്‌ പഠിക്കുന്നിടത്തും ജോലി ചെയ്യുന്നിടത്തും പൊതുജനമദ്ധ്യത്തിലുമല്ല അതിനുള്ള ഇടം. വീട്ടിലാണെങ്കിൽ പോലും കരണത്തടിച്ച്‌ തള്ളിയിടുന്നതല്ല ശിക്ഷ. കാര്യം സൗമ്യമായി കൃത്യമായി അടുത്തിരുത്തി പറഞ്ഞ്‌ കൊടുക്കണം. വീണ്ടും ആവർത്തിച്ചാൽ അവർക്ക്‌ ഏറ്റവും ഇഷ്‌ടമുള്ള കാര്യങ്ങൾ നിഷേധിക്കാം, പിണങ്ങി നടക്കാം. പക്ഷേ, പിണങ്ങി നടന്നതിന്‌ കുട്ടികൾക്ക്‌ നോവണമെങ്കിൽ അല്ലാത്ത സമയത്ത്‌ സ്‌നേഹം പ്രകടിപ്പിക്കണം. എപ്പോഴും ചാടി കടിക്കുന്നവരും അവഹേളിക്കുന്നവരും മിണ്ടാതിരുന്നാൽ അത്രേം സ്വസ്‌ഥത കിട്ടി എന്നേ മക്കൾ കരുതൂ, അത്‌ അവർക്ക്‌ എത്ര പ്രായമായാലും.

മാർക്ക്‌, അത്‌ കൂടുകയും കുറയുകയുമൊക്കെ ചെയ്യും. മക്കളെ പഠിക്കാൻ സഹായിക്കാനേ നമുക്ക്‌ കഴിയൂ. അവരതിന്‌ ശ്രമിച്ച്‌ തോൽക്കുകയോ ജയിക്കുകയോ ചെയ്യട്ടെ. അയലോക്കത്തെ കുട്ടിയല്ല നിങ്ങളുടെ കുട്ടി. മാർക്ക്‌ കുറഞ്ഞാൽ ലോകാവസാനവും സംഭവിക്കില്ല. മനുഷ്യനെ കണ്ടാൽ തിരിച്ചറിയുന്ന ചിരിക്കാനറിയുന്ന മക്കളായിട്ടാണ്‌ അവരെ വളർത്തേണ്ടത്‌. 100/100 വാങ്ങീട്ട്‌ മാത്രം ജീവിതം വിജയമാകില്ല.

ഈ മനുഷ്യനും ഇത്‌ പോലുള്ള മനുഷ്യൻമാരും വളർത്തുന്ന കുട്ടികൾ മോശം രക്ഷിതാക്കളാകുമോ എന്നതാണ്‌ അടുത്ത ചോദ്യം. രണ്ട്‌ സാധ്യതകളാണുള്ളത്‌. ഒന്നുകിൽ അമ്മായിഅമ്മപ്പോര്‌/റാഗിംഗ്‌ പോലെ “എനിക്ക്‌ കിട്ടി, മക്കൾക്ക്‌ കൊടുക്കും” എന്ന്‌ ചിന്തിക്കും. ബോധമുള്ളവർ മുൻപാരോ അച്‌ഛനോട്‌ പറഞ്ഞ ആ ഡയലോഗ്‌ മനസ്സിൽ പറഞ്ഞ്‌ തന്റെ മക്കൾക്ക്‌ഏറ്റവും മികച്ച രക്ഷിതാവാകും. അതെന്താണെന്നല്ലേ?
“നന്ദിയുണ്ട്‌ അച്‌ഛാ. ഒരച്‌ഛൻ എന്താകരുത്‌ എന്ന്‌ എന്നെ പഠിപ്പിച്ചതിന്‌.”

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.