വയ്യാണ്ടായപ്പോൾ ഏറ്റവും വലിയ കോർപ്പറേറ്റ്‌ ഹോസ്‌പിറ്റലിനെ തന്നെ ചികിത്സക്കായി സമീപിക്കുന്ന ശ്രീനിവാസൻ പ്രചരിപ്പിക്കുന്നതെല്ലാം തികഞ്ഞ അശാസ്ത്രീയതയും പൊട്ടത്തരങ്ങളും

82

Dr. Shimna Azeez

രോഗം വരാതെ നോക്കാനും രോഗം ചികിത്സിക്കാനും തക്ക അറിവും കഴിവും പരിചയസമ്പന്നതയും ആവശ്യത്തിന് സൗകര്യങ്ങളും ഉള്ള ഒരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്.
അമേരിക്കയും ഫ്രാൻസും സ്പെയിനും ഇറ്റലിയും മുട്ടുകുത്തിയിടത്ത് നിവർന്നുനിൽക്കുന്നത് കേരളമാണ്‌. അതിനുകാരണം മറ്റൊന്നുമല്ല, കൃത്യമായ രീതിയിൽ ജോലി നടക്കുന്ന ഒരു ആരോഗ്യവകുപ്പും അതിനുകീഴിലുള്ള പ്രവർത്തകരും തന്നെയാണ്.

Sreenivasan hospitalised after feeling discomfort at airport after ...

ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി മുതൽ ആളുകൾക്കിടയിൽ ഇറങ്ങിനടക്കുന്ന ഏറ്റവും പ്രിയപ്പെട്ട ആശാവർക്കർമാരും അംഗൻവാടി ടീച്ചർമാരും പാലിയേറ്റീവ് കെയർ വർക്കേർസും ഉൾപ്പെടെ എല്ലാവരും ചേർന്നാണ് ഈ അങ്കം ജയിക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവർക്കെല്ലാം കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്, അറിവുമുണ്ട്. ഓരോ സമയത്തും ഇതേക്കുറിച്ചുള്ള പുതിയ പഠനങ്ങൾ വരുമ്പോഴും ഇവിടെയുള്ള ഡോക്ടർമാർ അതിനനുസരിച്ച് നിർദ്ദേശങ്ങൾ പുനക്രമീകരിക്കുന്നുണ്ട്.
ഇതിനിടയിലാണ് മലയാളത്തിന് ഒരു പിടി നല്ല തിരക്കഥകളും സിനിമകളും നൽകിയ ഒരു കലാകാരൻ ‘മാത്രമായ’, ആരോഗ്യരംഗത്ത്‌ യാതൊരു ഔദ്യോഗിക വിദ്യാഭ്യാസവും ലഭിച്ചിട്ടില്ലാത്ത നടൻ ശ്രീനിവാസൻ ആരോഗ്യകാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നത്…
വൈറ്റമിൻ C ധാരാളമായി ശരീരത്തിനകത്തെത്തിയാൽ കൊറോണ ഇല്ലാതാകും എന്നതിന് യാതൊരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ല. അദ്ദേഹം പറയുന്നതുപോലെ കൈ മാത്രമൊരു മെഷീനിൽ വച്ചാൽ ശരീരത്തിന്‌ മുഴുവൻ സ്കാനിങ്ങ് റിപ്പോർട്ട് കിട്ടുന്ന ഒരു സംവിധാനവും നിലവിൽ ഇല്ല. ഇത് കൂടാതെ ഹോമിയോ മികച്ച ചികിത്സയാണ്, ഇത് പരീക്ഷിക്കുന്നില്ല എന്ന് പറയുന്നു.. ഹോമിയോ അത്ര ഫലപ്രദമായ ചികിത്സയായിരുന്നെങ്കിൽ അത് നിലവിൽ വരേണ്ടിയിരുന്നത് വികസിതരാജ്യങ്ങളിലാണ്. അവിടെ മായാജാലം സൃഷ്ടിക്കാൻ ഈ ചികിത്സക്കായേനെ. എന്തേ പ്രയോഗിച്ചില്ല? നാട്‌ മുഴുവൻ ഒരു ശത്രുവിനെതിരേ രണ്ടും കൽപ്പിച്ച്‌ അരയും തലയും മുറുക്കി പരിശ്രമിക്കുമ്പോൾ അമേരിക്കയും ഗൂഢാലോചനാസിദ്ധാന്തവും പൊക്കി പിടിച്ച്‌ കൊണ്ട്‌ വരാൻ ഈ ചങ്ങാതിക്ക്‌ നാണമാകില്ലേ?
സിനിമയിലെ വിദഗ്‌ധന്‌ അതേക്കുറിച്ച്‌ ആധികാരിക വിവരങ്ങൾ സംസാരിക്കാം. ആ നിലയിൽ ശ്രീനിവാസനോട്‌ ആദരവുമുണ്ട്‌. മറ്റിടങ്ങളിൽ അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്‌ എന്നത്‌ നേര്‌, അവിടെ കേറി ‘ഉറപ്പുള്ള തിയറികൾ’ പറയേണ്ടത്‌ മേഖലയിലെ വിദഗ്‌ധരാണ്‌. വൈറ്റമിൻ സിയും കൈ വെച്ച സ്‌കാനും അമേരിക്കയുടെ ‘നിഗൂഢപദ്ധതികളും’ ആരോപണങ്ങളും ബോധമില്ലാതെ പറയുന്നത്‌ ‘ബുദ്ധിജീവി നിലവാരം’ അല്ല, ‘ബോധമില്ലാത്ത ജീവി’ ഇമേജാണ്‌ ഉണ്ടാക്കുക. അതൊക്കെപ്പോട്ടെ, ഇത്‌ പ്രസിദ്ധീകരിച്ച പത്രം ഇത്‌ കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌? ജനങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കാനാണോ?
പിന്നൊരു കാര്യം, വയ്യാണ്ടായപ്പോൾ ഏറ്റവും വലിയ കോർപ്പറേറ്റ്‌ ഹോസ്‌പിറ്റൽ തന്നെ ചികിത്സക്കായി ഇദ്ദേഹം തിരഞ്ഞെടുത്തിരുന്നല്ലോ. അന്ന്‌ രക്ഷയായതും ഇതേ ആധുനികവൈദ്യശാസ്‌ത്രമാണ്‌. അതിപ്പോ എങ്ങനെ ശര്യാകും?
ഇങ്ങക്ക്‌ എജ്ജാതി ഇരട്ടത്താപ്പാണ്‌ ശ്രീനിയേട്ടാ !!

Advertisements