കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത്‌, പാസഞ്ചർ ഫ്ലൈറ്റിൽ ഇരുന്നാണ്

52

Dr. Shimna Azeez

സുപ്രധാനമായ ഒരു കാര്യം പറയാനാണ്‌. കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി പ്രവാസിസമൂഹത്തിനോട്‌ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിട്ടുണ്ട്‌. ഒരു മുഴുവൻ ആയുസ്സിൽ ഉണ്ടായതിലേറെ സൗഹൃദങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്‌.ഇപ്പോൾ അവിടെയൊരു രാജ്യത്ത്‌ നിന്ന്‌ വന്ന കോൾ പറഞ്ഞത്‌ കോവിഡ്‌ പോസിറ്റീവായ രോഗിക്ക്‌ ഇന്നലെ മുതൽ മൂത്രം പോവുന്നേ ഇല്ല എന്നാണ്‌. അന്വേഷിച്ചപ്പോൾ അറിഞ്ഞത്‌ ആ ചെറുപ്പക്കാരൻ ഇന്നലെയും ഇന്നും നോമ്പെടുത്തിട്ടുണ്ട്‌ എന്നാണ്‌. ഏതായാലും 24 മണിക്കൂറായി മൂത്രം വരാതിരിക്കുന്നത്‌ അത്ര നല്ല ലക്ഷണമല്ല. നോമ്പ് മുറിപ്പിച്ച്‌ ഉടനെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകാൻ പറഞ്ഞു. സ്‌ഥിതിയുടെ ഗൗരവം എന്നെ വിളിച്ച രോഗിയുടെ സുഹൃത്തിന്‌ മനസ്സിലായിട്ടുണ്ടാകുമെന്ന്‌ കരുതുന്നു. ആംബുലൻസ് ഇന്ന്‌ വിളിച്ചാൽ മറ്റന്നാൾ വരുന്ന രാജ്യത്താണ്‌. എന്താകുമെന്നറിയില്ല.

പ്രിയപ്പെട്ടവരെ, കോവിഡ്‌ 19 രോഗം ഒരു സാരമായ വൈറൽ പനിയാണ്‌. ഏത്‌ വൈറൽ പനിയും ഭേദപ്പെടാൻ ധാരാളം ജലം ശരീരത്തിൽ യഥാസമയം എത്തുകയും ആവശ്യത്തിന്‌ വിശ്രമവും വേണം. നേരത്തിന്‌ ഭക്ഷണവും കഴിക്കണം. നിങ്ങൾക്ക്‌ ചിലപ്പോൾ കോവിഡ്‌ 19 ഒരു മൂക്കൊലിപ്പോ തൊണ്ട വേദനയായോ ചിലപ്പോൾ ഇത്ര പോലും ലക്ഷണങ്ങൾ ഇല്ലാതെയുമാവാം വന്നത്‌. അതിനെ നിസ്സാരവൽക്കരിക്കരുത്‌. രണ്ട്‌ ലക്ഷത്തിലേറെ പേരെ ഇപ്പോൾ തന്നെ ആ ചെകുത്താൻ വൈറസ്‌ കൊണ്ടു പോയി കഴിഞ്ഞു.കോവിഡ്‌ 19 വൈറസ്‌ ശ്വാസകോശത്തെയോ ഹൃദയത്തെയോ അത്ര സാധാരണമല്ലെങ്കിൽ പോലും വൃക്കയെയോ ഒക്കെ ബാധിക്കാം. നിങ്ങളുടെ ശരീരത്തിനകത്തെ അവയവങ്ങൾ ഫുൾ ഓപ്‌ഷൻ ആന്റ്‌ ഫുൾ കണ്ടീഷൻ ആണെന്ന മുൻവിധിയൊക്കെയങ്ങ്‌ മാറ്റി വെച്ചേക്കൂ. വൈറസ്‌ വൈറസിന്റെ സ്വഭാവം കാണിക്കുമെന്നറിയുക. വെള്ളവും ഭക്ഷണവും കിട്ടാത്തയിടത്ത്‌ വൈറസിന്‌ പണി എളുപ്പമെന്നറിയുക. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നമ്മൾ മാർക്കിടുന്നതിന്‌ അനുസരിച്ച്‌ ഉണ്ടാവണമെന്നേയില്ല.

നിങ്ങൾ കോവിഡ്‌ രോഗിയെങ്കിൽ, രോഗലക്ഷണങ്ങളുള്ള ആളെങ്കിൽ, അതുമല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ രോഗപ്രതിരോധശേഷി കുറവുള്ളവരെങ്കിൽ (ഹൃദദ്രോഗി/ ശ്വാസകോശരോഗി/വൃക്കരോഗി/ കരൾ രോഗി/ അനിയന്ത്രിതപ്രമേഹം ഉള്ള ആൾ/ കാൻസറിന്‌ കീമോതെറാപ്പി എടുക്കുന്നയാൾ/ അവയവദാനം സ്വീകരിച്ച ആൾ/ സ്‌റ്റിറോയിഡ്‌ മരുന്ന്‌ കഴിക്കുന്ന വ്യക്‌തി/ എയിഡ്‌സ്‌ രോഗി/ മറ്റേതെങ്കിലും പ്രതിരോധമില്ലാത്ത അവസ്‌ഥ) ദയവായി ഇക്കുറി നോമ്പ് ഒഴിവാക്കൂ.

നിങ്ങൾ താമസിക്കുന്ന പല രാജ്യങ്ങളിലെയും ആരോഗ്യസംവിധാനം ഏറ്റെടുക്കുന്ന രോഗികളുടെ എണ്ണവും അവസ്‌ഥയും ഞാൻ നിങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച്‌ ചെറിയ സംശയമെങ്കിലും ഉണ്ടെങ്കിൽ നോമ്പ് അല്ലാത്ത എല്ലാ ആരാധനയും ചെയ്‌ത്‌ ഇക്കുറി റമദാൻ നമുക്ക്‌ കഴിച്ച്‌ കൂട്ടാം. നോമ്പ് നോറ്റ്‌ വീട്ടാനുള്ള ജീവനെങ്കിലും ബാക്കി കിടന്നോളുമല്ലോ. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ.

എന്നോട്‌ എതിർപ്പ്‌ തോന്നിയാലും വേണ്ടില്ല, പറയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അപേക്ഷിക്കുന്നു. കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത്‌, പാസഞ്ചർ ഫ്ലൈറ്റിൽ ഇരുന്ന്‌ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന ഉടയോർടെ ഇടയിലേക്ക്‌ സന്തോഷം കൊണ്ട്‌ നിറഞ്ഞ കണ്ണുകളോടെയാണ്‌..ഇപ്പോൾ ഒരു പ്രവാസിയുടെ വിഷയത്തിലാണ്‌ ഇത്തരം ഒരു അനുഭവം ഉണ്ടായത്‌ എന്നത്‌ കൊണ്ട്‌ ആ പശ്‌ചാത്തലത്തിൽ എഴുതിയെന്ന്‌ മാത്രം. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം നാട്ടിലുള്ളവർക്കും ബാധകമാണ്‌. രോഗികൾക്ക്‌ നോമ്പ് നോൽക്കാതെ പിന്നീട്‌ നോറ്റ്‌ വീട്ടാനുള്ള ഇളവുള്ളത്‌ നമുക്ക്‌ ഉപയോഗിക്കാമല്ലോ. വിവേകത്തോടെയും പ്രായോഗികബുദ്ധിയോടെയും ഈ അസാധാരണ സാഹചര്യത്തെ മനസ്സിലാക്കൂ.നിങ്ങളാണ്‌ നിങ്ങളുടെ കുടുംബത്തിന്റെ ലോകം… അവരുടെ ദുവായും നിയ്യത്തും കണ്ടില്ലാന്ന്‌ നടിക്കല്ലേ.
അപേക്ഷയാണ്‌…