COVID 19
പ്രവാസി എന്നും കറവപ്പശു, ദുരന്തമായാലും സന്തോഷമായാലും
പ്രവാസികളിൽ നിന്ന് പണം വാങ്ങിയാണ് വിമാനസർവ്വീസ് നടത്തുന്നതെങ്കിൽ എയർ ഇന്ത്യ അത്രക്കങ്ങ് കഷ്ടപ്പെടേണ്ടതില്ലെന്ന് ഖത്തർ സർക്കാരിന്റെ നിലപാട്. സൗജന്യ സർവ്വീസെന്ന് തെറ്റിദ്ധരിപ്പിച്ചത് വഴി
109 total views, 1 views today

പ്രവാസികളിൽ നിന്ന് പണം വാങ്ങിയാണ് വിമാനസർവ്വീസ് നടത്തുന്നതെങ്കിൽ എയർ ഇന്ത്യ അത്രക്കങ്ങ് കഷ്ടപ്പെടേണ്ടതില്ലെന്ന് ഖത്തർ സർക്കാരിന്റെ നിലപാട്. സൗജന്യ സർവ്വീസെന്ന് തെറ്റിദ്ധരിപ്പിച്ചത് വഴി അവർക്ക് ദോഹയിലെ ഹമദ് എയർപോർട്ടിൽ ലഭ്യമാക്കിയ ആനുകൂല്യങ്ങൾ ഒന്നും ഇനി തുടരുന്നില്ലെന്നും ഖത്തർ നിലപാടെടുത്തു. തിരിച്ച് നാട്ടിലേക്ക് പോരുന്ന പലരും രോഗികളും ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരുമൊക്കെയാണ്. എന്നിട്ടും കണ്ണിൽ ചോരയില്ലാതെ ടിക്കറ്റ് വാങ്ങി വിമാനത്തിൽ കേറ്റിയിരുത്തീട്ട് അവർ നാട്ടിലെത്തുമ്പോൾ ‘വന്ദേ ഭാരത് മിഷൻ’ എന്ന് പേരിട്ട് പ്രഹസനപ്രകടനങ്ങളും !
എല്ലാ കാലത്തും കറവപ്പശുവാക്കി നിർത്തുന്നുവെന്നത് തിരിച്ചറിഞ്ഞിട്ടും നാടിനൊരു ദുരിതം വരുമ്പോൾ കൈ അയച്ച് എന്നും കൂടെ നിന്നിട്ടുള്ള പ്രവാസി സമൂഹം ഇന്ന് കടം വാങ്ങി ഫ്ലൈറ്റ് ടിക്കറ്റെടുത്ത് അനിശ്ചിതത്വത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്നു. ജോലി, ജീവിതം, ഭാവി തുടങ്ങി ഒന്നിനെക്കുറിച്ചും പലർക്കും യാതൊരു രൂപവുമില്ല.ഊർദ്ധശ്വാസം വലിക്കുന്നവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കാശ് വാങ്ങുന്നതിലെ തെമ്മാടിത്തരം പോറ്റമ്മക്ക് മനസ്സിലായിട്ടും പെറ്റമ്മക്ക് ഇത് വരെ തിരിഞ്ഞിട്ടുമില്ല. അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ? എന്നിട്ട് ആ മനുഷ്യര് വന്നിറങ്ങുമ്പോൾ ചെയ്ത് കൂട്ടുന്ന പരാക്രമങ്ങൾ കണ്ടാൽ തോന്നും അവിടെ പോയി കൈ പിടിച്ച് കൂട്ടിക്കൊണ്ടു വന്നതാണെന്ന് !!
നന്ദികേടിന്റെയും മനുഷ്യപ്പറ്റില്ലായ്മയുടേയും ഇടയിൽ പെട്ടു കിടക്കുന്ന മനുഷ്യരോട് ഒരു പക്ഷേ ഈ കോവിഡ് കാലത്ത് ലോകത്തെ ഏകസുരക്ഷിത സ്ഥാനമെന്ന് വിളിച്ചാൽ പോലും അതിശയോക്തിയില്ലാത്ത കേരളത്തിൽ നിന്നും ഒരു സാധാരണക്കാരിയായ മലയാളി ഡോക്ടർക്ക് ഒന്നേ പറയാനുള്ളൂ.പതറരുത് കൂട്ടരേ.വെയില് കൊള്ളാനും വിയർക്കാനും ഞങ്ങൾ നിങ്ങളെ പറഞ്ഞ് പഠിപ്പിക്കേണ്ടതില്ലല്ലോ. നിങ്ങൾ കണ്ടത്ര ലോകവും ലോകരേയും ഞങ്ങൾ കണ്ടിട്ടില്ല. നിങ്ങൾ ശക്തരാണ്. ഇതല്ല, ഇതിനപ്പുറം നമ്മൾ കടക്കും. ദേ, ഒരു കടലിനിപ്പുറം ഞങ്ങൾ കാത്തിരിപ്പുണ്ട്. കേരളത്തിൽ നമുക്കൊരു മികച്ച ഭരണകൂടമുണ്ട്, ആരോഗ്യസംവിധാനമുണ്ട്, എല്ലാത്തിലുമുപരി നിങ്ങളുടെ സ്വന്തം രക്തബന്ധങ്ങളും സ്നേഹബന്ധങ്ങളുമുണ്ട്.
പ്രഹസനങ്ങൾക്കും പ്രകടനങ്ങൾക്കുമപ്പുറം നിങ്ങളെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു ഞങ്ങളോരോരുത്തരും. അകലമൊക്കെ ഇന്നല്ലെങ്കിൽ നാളെ അലിഞ്ഞില്ലാതാകുമെന്നേ.അത് വരെ നിങ്ങളെ ശ്രദ്ധിക്കൂ. ആരോഗ്യവും ആയുസ്സും ആവും വിധമെല്ലാം ഇത്രയും കാലമെന്ന പോലെ അവിടെ ഒന്നിച്ച് നിന്ന് കാക്കൂ.ചിരിയോടെയിരിക്കുക, ചിലതെല്ലാം ഒരിക്കലും മറക്കാതിരിക്കുക. വാലിൽ കത്തുന്ന തീ തന്നെയാ റോക്കറ്റിനെ അങ്ങ് ദൂരെയുള്ള അമ്പിളിയേയും താരകങ്ങളേയുമൊക്കെ അടുത്ത് കാണിക്കാൻ പ്രാപ്തനാക്കുന്നത്. ഈ സഹനവും നല്ലതിനാവും. ഞങ്ങടെയാ നിങ്ങൾ. വരുവോളം കാത്തിരിക്കും. വന്നാൽ കാവലായിരിക്കും.ഞങ്ങളുടെ വാക്ക്.
110 total views, 2 views today