ചിരിച്ചു കൊണ്ട്‌ ചതിക്കപ്പെട്ടിട്ടുണ്ടോ ?

0
87

Dr. Shimna Azeez

ചിരിച്ചു കൊണ്ട്‌ ചതിക്കപ്പെട്ടിട്ടുണ്ടോ?

‘കാക്കും’ എന്നുറപ്പുള്ളവർ കൺമുന്നിൽ ‘കക്കുന്നത്‌’ അനുഭവിച്ചിട്ടുണ്ടോ? നിങ്ങൾ ചെയ്‌ത ജോലിയുടെ അനുമോദനം ഉളുപ്പില്ലാതെ ഞെളിഞ്ഞ്‌ നിന്ന്‌ വാങ്ങുന്നവരെ കണ്ടിട്ടുണ്ടോ?’പെണ്ണല്ലേ, പുകഴ്‌ത്തി പറഞ്ഞാൽ വീണോളും, അത്രയേ ബുദ്ധി കാണൂ’ എന്ന ചുവയിൽ കാര്യം നേടാനുള്ള സംസാരം കേട്ടിട്ടുണ്ടോ? അത്‌ പരിപൂർണ്ണമായി മനസ്സിലാവുമ്പോഴും ഭാവഭേദമില്ലാത്ത മുഖവുമായി നിൽക്കുന്നതിന്റെ ‘സുഖ’മറിയാമോ? ഒഫീഷ്യൽ രേഖ ഒപ്പിടാൻ ചെല്ലുമ്പോൾ ‘അവൻ ചെയ്‌തോളും’ എന്ന്‌ പറഞ്ഞ്‌ പിറകിൽ നിൽക്കുന്ന അക്ഷരം നേരേ കൂട്ടി വായിക്കാനറിയാത്തവർക്ക്‌ പേന കൈമാറപ്പെട്ടിട്ടുണ്ടോ?

ഗർഭനിരോധനഗുളിക വാങ്ങാൻ തനിച്ച്‌ മെഡിക്കൽ ഷോപ്പിൽ ചെന്ന്‌ മരുന്നിന്റെ പേര്‌ പറഞ്ഞതിന്‌ ശൃംഗാരനോട്ടം നേരിട്ടിട്ടുണ്ടോ? അത്‌ വാങ്ങുന്നത്‌ ഗർഭനിരോധനത്തിനല്ല, സ്വൈര്യം കെടുത്തുന്ന ആർത്തവക്രമക്കേട്‌ മാറാനാണ്‌ എന്ന്‌ സദാചാരക്കാർ പറയിക്കുന്ന സ്‌ഥിതി പോലും വരുന്ന അവസ്‌ഥ അറിഞ്ഞിട്ടുണ്ടോ?നിങ്ങളെ മനപ്പൂർവ്വം ഒരിടത്ത്‌ നിന്ന്‌ ഒഴിവാക്കി സമാധാനിപ്പിച്ചു നിർത്തി തിരിച്ച്‌ ചെല്ലുമ്പോൾ നിൽക്കാൻ കാൽച്ചോട്ടിൽ ഉണ്ടായിരുന്ന മണ്ണ്‌ ഒലിച്ചു പോയതറിഞ്ഞിട്ടുണ്ടോ?

അവളുടെ അടുത്ത്‌ തങ്ങളുടെ പൂച്ച്‌ നടക്കില്ലെന്നറിയുമ്പോൾ ‘ആ പെണ്ണിന്റെ മോറൽ സൈഡ്‌ നിങ്ങൾക്കെന്തറിയാം?’ എന്ന പതിനെട്ടാമടവ്‌ ചോദ്യത്തിലൂടെയുള്ള വ്യക്‌തിഹത്യ നേരിട്ടോ അല്ലാതെയോ നേരിട്ടിട്ടുണ്ടോ?പച്ചക്കള്ളമെന്നറിഞ്ഞിട്ടും അവളെക്കുറിച്ച്‌ ലൈംഗിക അപവാദങ്ങൾ ആസ്വദിച്ച്‌ പറയുന്നത്‌ കേട്ടിട്ടുണ്ടോ?തന്റെ ശരികൾ ചെയ്‌തതിന്‌ പെണ്ണായത്‌ കൊണ്ട്‌ മാത്രം അശ്ളീലവും അസൂയയും അടിച്ചമർത്തലും അനുഭവിച്ചിട്ടുണ്ടോ?ഈ മേലെ പറഞ്ഞതും അതിന്റെ അപ്പുറവും നോർമലാണെന്ന്‌ തോന്നുന്നെങ്കിൽ മൂർഖൻ പാമ്പിനെ ഓർത്ത്‌ ആണും പെണ്ണും വികാരം കൊള്ളേണ്ടെന്നേ…

കാരണം, ഇതിലപ്പുറവും പ്രശ്‌നങ്ങളിൽ നിന്നൊഴിഞ്ഞ്‌ മാറി നേരെ നിൽക്കാൻ ശ്രമിക്കുന്ന പെണ്ണ്‌ നേരിടുന്നുണ്ടെന്നത്‌ നേരിട്ടറിയാവുന്ന സത്യമാണ്‌. പല പെൺമുഖങ്ങളിൽ നിന്നുമത്‌ കേട്ടിട്ടുമുണ്ട്‌.കാലിനിടയിലെ അവയവം മാറിപ്പോയതിന്റെ പേരിൽ മാത്രം ഇതും ഇതിലപ്പുറവും കേട്ടവരും കേൾക്കാത്ത പോലെ നടിക്കുന്നവരും കേട്ടാലും ഗൗനിക്കാത്തവരുമായി എണ്ണമറ്റ പെണ്ണുങ്ങളുണ്ട്‌ ചുറ്റും. ആണെല്ലാം പിഴയല്ലെങ്കിൽ പെണ്ണുമല്ലെന്നേ… ‘വെറും ആണ്‌’ ഇല്ലെങ്കിൽ പെണ്ണ്‌ മാത്രമെങ്ങനെ ‘വെറും പെണ്ണ്‌’ ആകും?മൂർഖൻ പാമ്പ് ഒരു കൊത്തിന്‌ തീർക്കും. ചില വിഷജന്തുക്കൾ ഒരായുസ്സ്‌ മുഴുവൻ കൊത്തും, മുറിവിൽ മുളകരച്ചിടും, കണ്ണിൽ മണ്ണ്‌ വാരിയിടും, ആയുഷ്‌കാലം മുഴുവൻ മൂലക്കിട്ട്‌ ചവിട്ടിക്കൂട്ടും. നേരിട്ടാവണമെന്ന്‌ പോലുമില്ല. വാക്കും നോക്കും പ്രവർത്തിയും ഒക്കെ ഉപയോഗിച്ച്‌ തല്ലാം, തള്ളിയിടാം. അതിന്‌ വഴങ്ങിയില്ലെങ്കിൽ? എന്താ സംശയം, പൂർവ്വാധികം ശക്‌തിയോടെ ഉപദ്രവിക്കും.അപ്പോഴും അവളുടെ നാലു പാടും നിന്നാരോ വിളിച്ചു പറയുന്നുണ്ടാകും.

“പെണ്ണല്ലേ- ക്ഷമിക്ക്‌, ഭൂമിയോളം സഹിക്ക്‌. നിന്റെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി. അവൻ സ്‌നേഹമുള്ളോനാ, കാണിക്കാൻ അറിയാഞ്ഞിട്ടാ…”ശരീരം പിന്നെയും കുറേ കാലം ജീവിക്കും കേട്ടോ… ചാവും വരെ.അപ്പോൾ മനസ്സ്‌? പെണ്ണിന്‌ മനസ്സോ? അതെന്താ? അങ്ങനേം ഉണ്ടോ ഒരു സാധനം?