തലച്ചോറിന്റെ സ്‌ഥാനത്ത്‌ ലിംഗം ഫിറ്റ്‌ ചെയ്‌ത്‌ ആലോചിക്കുന്നവന്‌ എന്ത് അധ്യാപിക, എന്ത്‌ അമ്മ ?

167

Dr. Shimna Azeez

മെഡിക്കൽ കോളേജിലെ ഡോക്‌ടറാണ്‌, ടീച്ചറും. എന്ന്‌ വെച്ചാൽ പ്രായപൂർത്തിയായ വിദ്യാർത്‌ഥി വിദ്യാർത്‌ഥിനികളുമായി ദിവസവും നേരിട്ട്‌ ഇടപെടുന്നൊരാൾ. ആ കൂട്ടത്തിൽ മിക്കവരും തന്നെ ‘സുഹൃത്ത്‌’ എന്ന ഗണത്തിൽ പെടുന്നവരാണ്‌. അവർക്ക്‌ ഏത്‌ നേരവും ഓടി വരാവുന്ന ഒരു കൂട്ടുകാരിയായേ നിൽക്കാറുള്ളൂ. രണ്ടക്ഷരം പറഞ്ഞ്‌ കൊടുക്കുന്നതിന്റെ വിലയും ഈ വകയിൽ വ്യക്‌തമായറിയാം.

ഇന്നൊരു കൗതുകത്തിന്റെ പേരിലാണ്‌ കുഞ്ഞു മക്കൾക്കായുള്ള ഓൺലൈൻ ക്ലാസ്‌ കണ്ടത്‌. ഉള്ളത്‌ പറഞ്ഞാൽ നല്ല രസം തോന്നി. ഒന്നാം ക്ലാസുകാരുടെ വിഷയമൊക്കെ കേൾക്കുമ്പോൾ നമ്മളും ആസ്വദിച്ചിരുന്ന്‌ കണ്ടു പോകും. അജ്ജാതി പൊളി ക്ലാസ്‌. ലാപ്‌ടോപ്പിൽ പണി ചെയ്യുന്ന നേരത്ത്‌ അപ്പുറത്തെ ടാബിൽ പാട്ടിന്‌ പകരം ഈ ക്ലാസുകളായിരുന്നു. അതിന്റിടയിലാണ്‌ ടീച്ചർമാരുടെ വീഡിയോകൾക്ക്‌ ചുവട്ടിലും സോഷ്യൽ മീഡിയയിലുമൊക്കെ ‘കളി തരുമോ?’ എന്നൊക്കെയുള്ള കമന്റ്‌ കണ്ടത്‌. ഇവൻമാരെയൊക്കെ ഇതെഴുതാൻ വേണ്ടി വാക്കും വാചകവും പഠിപ്പിച്ച ടീച്ചർമാർ ഇതറിഞ്ഞാൽ നാണക്കേട് കൊണ്ട്‌ എവിടേലും തല വെച്ചടിച്ച്‌ മയ്യത്താകും.

ഇത്രയും ഉളുപ്പില്ലാത്ത മലയാളി വല്ലാത്ത ദുരന്തമാണ്‌. ടീച്ചറെയും ഡോക്‌ടറെയും നേഴ്‌സിനെയുമൊന്നും ഗ്ലോറിഫൈ ചെയ്യുന്നതിൽ വല്ല്യ കഥയൊന്നും കാണുന്നില്ല. എന്നാലും, ഒരു ക്യാമറയെ നോക്കി ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളോട്‌ മിണ്ടുന്ന പോലെ ആത്മവിശ്വാസത്തോടെ ക്ലാസെടുക്കാൻ ചില്ലറ കഴിവൊന്നും പോരെടോ വഷളൻ ഞരമ്പ് രോഗീ…
അതൊക്കെ ഇപ്പോ എന്തിനറിയണം എന്നാവും. അതേ, ആ ബോധം ഉണ്ടെങ്കിൽ ഇങ്ങനാണോ !!

സാരിക്കകത്തുള്ള പെണ്ണല്ല, അവൾ ചെയ്യുന്ന കർമ്മം കാണാൻ ആദ്യം പെണ്ണിനെ മനുഷ്യനായി കാണാൻ പഠിക്കണം. പറഞ്ഞിട്ടൊരു കാര്യവുമില്ല. തലച്ചോറിന്റെ സ്‌ഥാനത്ത്‌ ലിംഗം ഫിറ്റ്‌ ചെയ്‌ത്‌ ആലോചിക്കുന്നവന്‌ എന്ത് അധ്യാപിക, എന്ത്‌ അമ്മ. കൊല്ലം 2020, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ സാക്ഷര കേരളത്തിലെ ആദ്യ ദിനം.
അല്ല, പറഞ്ഞെന്നേള്ളൂ…

Advertisements