ഇനിയും കാര്യങ്ങൾ മനസ്സിലായിട്ടില്ലാത്ത പൊട്ടക്കിണറ്റിലെ തവളകളുടെ കൂട്ടം മാത്രമാണ്‌ നമ്മൾ

45

Dr. Shimna Azeez

പാതിരാക്ക്‌ മെസഞ്ചറിന്റെ തുടരേയുള്ള നോട്ടിഫിക്കേഷൻ ബഹളം കേട്ടാണ്‌ ഉണർന്നത്‌. അൽപം ക്രിട്ടിക്കലായ ഒരു രോഗിയുടെ വിവരം തിരക്കിയപ്പോൾ ഉടൻ അന്വേഷിച്ച്‌ പറഞ്ഞ്‌ തന്നൊരു നല്ല മനുഷ്യൻ.”ഒരു സാഡ്‌ ന്യൂസ്‌ ഉണ്ട്‌ ഡോക്‌ടറേ. അന്നത്തെ നമ്മുടെ രോഗി പോയി.”ഒരു വശത്തെ ശ്വാസകോശം മുഴുവനായി ബാധിക്കപ്പെട്ട പൂർണമായും വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന വ്യക്‌തി ഇത്രയും ദിവസവും കോവിഡിനോട്‌ പൊരുതി നിന്നത്‌ തന്നെ അദ്‌ഭുതമാണ്. എന്നിട്ടും കാതിൽ മുഴങ്ങിയത്‌ അന്ന്‌ അദ്ദേഹത്തിന്റെ സഹോദരൻ എന്നോട്‌ ഫോണിൽ ചോദിച്ച ചോദ്യമാണ്‌.

“ഡോക്‌ടറേ, ഫ്രാങ്കായിട്ട്‌ പറ. എന്റെ അനിയൻ രക്ഷപ്പെടുമോ?”
“സാധ്യത കുറവാണ്‌” എന്ന്‌ മാത്രമേ പറഞ്ഞുള്ളൂ. അദ്ദേഹവും കുടുംബവും മാനസികമായി തയ്യാറാകാൻ ഇതേ മറുപടി പറയാനാവുമായിരുന്നുള്ളൂ.ഇന്ന്‌ നാട്ടിലുള്ളൊരു യുവതി കോവിഡ്‌ വരുമോ എന്ന്‌ വല്ലാത്ത ഭയം എന്നൊക്കെ വീണ്ടും വീണ്ടും മെസഞ്ചറിൽ പറഞ്ഞോണ്ടിരുന്നപ്പോൾ, ഇതെന്താണിങ്ങനെ എന്ന്‌ ചിന്തിക്കാതിരുന്നില്ല. തുടർന്നുള്ള സംസാരത്തിനിടക്ക്‌ അവർ പറഞ്ഞൊരു വാചകത്തിൽ എന്റെ മനസ്സിന്റെ കരണം നോക്കിയൊന്ന്‌ കൊടുത്തു ഞാൻ.

“എനിക്ക്‌ കോവിഡിനെയല്ല പേടി ഡോക്‌ടർ. എനിക്ക്‌ എങ്ങനെയും ജീവിച്ചേ മതിയാകൂ, എന്റെ മൂത്ത കുഞ്ഞിന്‌ സെറിബ്രൽ പാൽസിയാണ്‌. പൂർണമായും എന്നെ ആശ്രയിച്ച്‌ ജീവിക്കുന്ന കുഞ്ഞ്‌. എനിക്ക്‌ ഇപ്പോൾ മരിക്കാൻ പറ്റില്ല.”
കോവിഡ്‌ നശിപ്പിക്കുന്നത്‌ മനുഷ്യന്റെ ശരീരവും മനസ്സും സാമ്പത്തികസുരക്ഷയും സാമൂഹികജീവിതവും മാത്രമല്ല കേട്ടോ, ഇങ്ങനെ ചില മനുഷ്യരെ മുഴുവനായാണ്‌ അത്‌ വിഴുങ്ങുന്നത്‌. രോഗം തടയാൻ, പടരാതിരിക്കാൻ, ഇവരെയൊക്കെ രക്ഷിക്കാൻ കൂടിയാണ്‌ നമ്മൾ മുൻകരുതലുകളോടെ മുന്നോട്ട്‌ പോണത്‌.

ഇതൊന്നും മനസ്സിലാവാൻ നമ്മളൊന്നും പഠിച്ച പഠിപ്പോ ജീവിച്ച ജീവിതമോ മതിയാവൂല. നമ്മളൊക്കെ ഏറെ ചെറുതാണ്‌, നമ്മുടെ ലോകവും വളരെ ചെറുതാണ്‌. കോവിഡ്‌ വന്നു പോവട്ടെ, ഇതൊക്കെ എന്ത് എന്ന്‌ ചിന്തിക്കല്ലേ… വെറുതേ ഇറങ്ങി നടക്കല്ലേ… ആഘാതത്തിൽ തെറിച്ച്‌ വീഴുന്നവർ എത്ര പേരാണെന്നോ ചുറ്റും !!ഇനിയും കാര്യങ്ങൾ മനസ്സിലായിട്ടില്ലാത്ത പൊട്ടക്കിണറ്റിലെ തവളകളുടെ കൂട്ടം മാത്രമാണ്‌ നമ്മൾ !!

Advertisements