പള്ളികൾ തുറക്കുന്നത്‌ പല കാരണങ്ങളാൽ സമൂഹത്തിൽ വലിയ ഭീഷണികൾ ഉയർത്തും

29

Dr. Shimna Azeez

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പള്ളികൾ തുറക്കുന്നത്‌ പല കാരണങ്ങളാൽ സമൂഹത്തിൽ വലിയ ഭീഷണികൾ ഉയർത്തും. അഞ്ച്‌ നേരം മനുഷ്യർ കയറിയിറങ്ങുന്നയിടമാണ്‌.ഓരോ നമസ്‌കാരത്തിലും പല തവണ മുഖം നിലത്ത്‌ മുട്ടിക്കുന്നത്‌ മൂക്കിലേയും വായിലേയും സ്രവങ്ങൾ നിലത്ത്‌ വീഴ്‌ത്താം. രോഗം പടരാം.പള്ളികളിൽ കയറും മുൻപ്‌ വുദു എടുക്കുന്ന സമയത്ത്‌(അംഗശുദ്ധി വരുത്തുന്ന നേരം) തുപ്പാനും മൂക്ക്‌ ചീറ്റാനുമെല്ലാമുള്ള സാധ്യതകൾ രോഗാണുക്കളെ ചുറ്റുപാടും പടർത്താം.

എത്രയൊക്കെ ശ്രദ്ധിച്ചാലും കോണിയുടെ കൈവരികളും ജനാലപ്പടിയും വാതിലിന്റെ പിടിയുമെല്ലാം കോവിഡ്‌ 19 വൈറസിന്റെ വളർത്തുകേന്ദ്രങ്ങളാകാം. ഓർക്കുക, നാട്ടിലേക്ക്‌ പറന്നെത്തിയ പ്രവാസികളിൽ വലിയൊരു പങ്കും മുസ്‌ലിങ്ങളാണ്‌. പള്ളികൾ തുറന്നാൽ പ്രായമായവരാണ്‌ ആദ്യമെത്തുക എന്നുറപ്പ്‌. പ്രതിരോധശേഷി കുറവുള്ള ഇവർക്ക്‌ കോവിഡ്‌ 19 രോഗം നൽകുന്നത്‌ രോഗത്തിന്റെ ഏറ്റവും മോശമായ അവസ്‌ഥയോ മരണമോ തന്നെയാകാം.

ഇത്രയേറെ പേർ ഇത്രയേറെ തവണ ആവർത്തിച്ച്‌ കണ്ടു മുട്ടാൻ ഇടയുള്ളൊരിടം ഇപ്പോൾ തുറക്കരുത്‌, പടച്ചോന്റെ കാവൽ വീട്ടിലിരുന്നാലും ഉണ്ടാകും. കോവിഡിന്‌ കൂത്താടാൻ നമ്മുടെ പള്ളികൾ വിട്ട്‌ നൽകരുത്‌. പുണ്യറമദാനിൽ വീടകങ്ങളിൽ ഒതുങ്ങിയ നമുക്ക്‌ ഇനിയും കുറച്ച്‌ നാൾ കൂടി കരുതിയാൽ ഈ കഷ്‌ടകാലം ഒന്നൊഴിയും. വിവേകത്തോടെ പടച്ചോന്റെ ഈ പരീക്ഷണകാലവും നമുക്ക്‌ കടന്നു പോവണം. കൊറിയയിലെ ഷിൻച്ചിയോൻജി ചർച്ചിലും ഇറാനിലും പാകിസ്‌താനിലും ഇങ്ങ്‌ ഡൽഹിയിലെ നിസാമുദ്ദീനിലും നടന്നത്‌ മറക്കാറായിട്ടില്ല. ലോകമെങ്ങും രോഗം പടർത്തിയതിൽ ആരാധനാലയങ്ങൾ വഹിച്ച പങ്ക്‌ വല്ലാത്തതാണ്‌.

മറ്റുള്ളവർ പറയുന്നതിന്‌ മുന്നേ തന്നെ പ്രവർത്തിച്ചു കാണിച്ചു തിരുവനന്തപുരത്തെ പാളയം പള്ളി. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്ന ഏറെ അപരിചിതരും യാത്രക്കാരും വന്നു പോകുന്ന പള്ളിയിൽ കോവിഡ്‌ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങൾ ഫലപ്രദമായി ഒരുക്കാനാവില്ലെന്ന്‌ മനസ്സിലാക്കുന്നുവെന്നും അതിനാൽ തന്നെ പള്ളി തൽക്കാലം തുറക്കുന്നില്ലെന്നുമാണ്‌ അവരുടെ തീരുമാനം.

മികച്ച മാതൃക, വിവേകമതികളായ അവിടുത്തെ ഇമാമിനോടും അധികാരികളോടും മനം നിറഞ്ഞ്‌ നന്ദി പറയുന്നു.നാട്‌ അപകടത്തിൽ പെടുമ്പോൾ അതിന്റെ രക്ഷക്കായി ഒന്നിച്ച്‌ പ്രതിരോധിക്കണമെന്ന്‌ പഠിപ്പിച്ച വിശ്വാസമാണ്‌ നമ്മുടേത്‌. മാതൃരാജ്യത്തെ സ്‌നേഹിച്ചും ചേർത്ത്‌ നിർത്തിയും കടന്ന്‌ പോയ പൂർവ്വികരുമാണ്‌ നമ്മുടേത്‌. നമ്മുടെ ഇത്തിരി നേരത്തെ തോന്നലും ഭക്‌തിയും നാടിന്റെ നാശത്തിന്‌ കാരണമായേക്കും.വേവോളം കാത്തില്ലേ, ഇനി ആറുവോളം കൂടി…പള്ളികൾ തുറക്കാറായില്ല.

Advertisements