കൈയിലുള്ള വസ്തുക്കളും വാഹനങ്ങളും വിറ്റു ജീവിക്കേണ്ട അവസ്ഥയായി മനുഷ്യർക്ക്, നമുക്കീ ദുരിതത്തെ നീന്തിക്കയറിയേ പറ്റൂ

88

Dr. Shimna Azeez

ഫേസ്‌ബുക്ക് തുറന്ന്‌ എവിടെയോ തൊട്ടപ്പോൾ സാധനങ്ങൾ വിൽക്കാൻ വെച്ച ഏതാണ്ട്‌ പേജിലെത്തി. ഒരു കൗതുകത്തിന്‌ സ്‌ക്രോൾ ചെയ്‌തപ്പോൾ വിൽക്കാൻ വെച്ചിരിക്കുന്ന വാഹനങ്ങളിലേറെയും പെർമിറ്റ്‌ വിവരങ്ങൾ അടക്കമുള്ള ഓട്ടോറിക്ഷകൾ, ബസ്‌, ഗുഡ്‌സ്‌ വാഹനങ്ങൾ. ഒറ്റ വാക്കിൽ ‘ഉപജീവനമാർഗം’. കഴിഞ്ഞ ദിവസം ഒരു ഓട്ടോക്കാരൻ സുഹൃത്ത് പറഞ്ഞതോർത്തു. “ഓട്ടമില്ല, ഓടിക്കിട്ടുന്ന കാശ്‌ വണ്ടിയുടെ അടവ്‌ അടക്കാൻ പോലും തികയുന്നുമില്ല”.വെള്ളിയാഴ്ച അപകടത്തിൽ പെട്ട വിമാനത്തിലെ യാത്രക്കാരുടെ വിവരം എവിടെയോ കണ്ടതോർക്കുന്നു. അവരിൽ ജോലി നിർത്തി പോരുന്നവർ ഏറെയുണ്ടായിരുന്നു. അതിനിടക്കാണ്‌ കൂനിൻമേൽ കുരുവും അതിൻമേൽ കൊതുകും എന്ന്‌ പറഞ്ഞ കണക്ക്‌ ഇത്‌.

ഇന്ന്‌ രാവിലെ വിളിച്ച അയൽജില്ലക്കാരിയായ ഒരു കൂട്ടുകാരി പറഞ്ഞത്‌ സഹായിക്കാം എന്ന്‌ വെച്ചാൽ പോലും ജോലി ചെയ്‌ത്‌ തന്നെ കുടുംബം പോറ്റണമെന്ന്‌ നിർബന്ധമുള്ള അഭിമാനികളായ മനുഷ്യരെക്കുറിച്ചാണ്‌. ഇപ്പോഴത്തെ പ്രത്യേക ലോക-രോഗസാഹചര്യങ്ങളിൽ അവർക്ക്‌ കൊടുക്കാൻ വേണ്ടി ജോലി എവിടിരിക്കുന്നു! ഇവന്റ്‌ മാനേജ്‌മെന്റ്‌, കേറ്ററിംഗ്‌ പോലെയുള്ള മേഖലകളുടെ കൂപ്പുകുത്തലിനെക്കുറിച്ച്‌… വസ്‌ത്രങ്ങൾ വാങ്ങാറില്ല, വാങ്ങീട്ട്‌ എന്തിനാണെന്ന്‌.ഹോട്ടലുകളിലെ ലിമിറ്റഡ്‌ മെനുവിൽ നിന്ന്‌ മിക്കവരും വാങ്ങാറില്ല. ഹോട്ടലിന്റെ ആംബിയൻസില്ലാതെ വീട്ടീലേക്ക്‌ കൊണ്ടു വന്ന്‌ കഴിക്കുന്നതിലും ചെലവ്‌ കുറച്ച്‌ വീട്ടീൽ തന്നെ ഉണ്ടാക്കി കഴിക്കാമല്ലോ എന്ന്‌. വണ്ടി വീട്ടിൽ തന്നെ കിടക്കുന്നു. എല്ലാ ബിസിനസും തകർന്നടിഞ്ഞിരിക്കുന്നു. വേനൽക്കാലത്തെ ഉൽസവ/അവധി സീസണുകളിൽ മാത്രം വരുമാനം ലഭിക്കുന്ന കലാകാരന്മാർക്ക് ഒരു വർഷം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ടൂറിസം, കല്യാണം പോലെയുള്ളവരെ ആശ്രയിച്ച് ജീവിക്കുന്ന അസംഖ്യം തൊഴിലുകൾ ഇനി എന്ന് തിരിച്ച് വരുമെന്ന് പോലുമറിയാതെ അന്ധാളിച്ച്‌ നിൽക്കുന്നു.

വരുമാനമില്ലാത്ത മനുഷ്യർ എങ്ങനെയൊക്കെയോ ജീവിക്കാൻ പെടാപ്പാട് പെടുന്നു. മനസ്സ്‌ തളരുന്നവരുടെ കൂട്ടമാണ്‌, സങ്കടങ്ങളാണ്‌, നല്ലതല്ലാത്ത വാർത്തകളാണ്‌, കാലാവസ്‌ഥയാണ്‌, വിഷാദമാണ്‌ ചുറ്റും. അകലം പാലിക്കുമ്പോഴും മനസ്സ്‌ കൊണ്ട്‌ അടുക്കേണ്ട നേരങ്ങൾ.കയ്യിൽ ആവശ്യത്തിന് പണം ബാക്കപ്പ് ആയിട്ടുള്ള സമ്പന്നരെ ലോക്‌ഡൗൺ സാരമായി ബാധിച്ചിട്ടില്ല. കെട്ടിടനിർമാണവും ചില അവശ്യസർവീസുകളും ചെയ്യുന്ന ചെറിയൊരു വിഭാഗം ആളുകൾക്ക് ആദ്യത്തെ ലോക്‌ഡൗണിനു ശേഷം കുറേശ്ശെ പണിയും വരുമാനവും ലഭിച്ചുതുടങ്ങി. ഇത് രണ്ടിലും പെടാത്ത മിഡിൽ ക്ലാസ് ആളുകൾ ഭൂരിഭാഗവും അപ്പാടെ കുടുങ്ങിപ്പോയി എന്ന് മാത്രമല്ല ഇതെങ്ങനെ മറി കടക്കും എന്നൊരു ഊഹവുമില്ല. പലയിടത്തും വീടുകളിൽ ആദ്യമായി പട്ടിണിയുടെ കയ്പ്പ് അറിഞ്ഞിരിക്കുന്നു.
ഇവർ പലരും മാനസികമായും വല്ലാതെ തകർന്ന അവസ്ഥയിലാണ്. “കൂടെയുണ്ട്” എന്ന്‌ ഒരു വാട്ട്‌സാപ്‌ സന്ദേശമെങ്കിലും അയക്കുന്നത്‌ പ്രിയപ്പെട്ടവരുടെ നെഞ്ചിൽ വലിയൊരു ആശ്വാസമായിരിക്കും. “വിവരം അന്വേഷിച്ചാൽ സഹായിക്കേണ്ടി വരും, സ്വന്തം കാര്യം മാത്രം നോക്കാം” എന്ന്‌ കരുതുന്നവരോടാണ്‌.

ഒരു ചിരിയോ നല്ല വാക്കോ നോട്ടമോ പോലും ഈ കെട്ട കാലത്ത്‌ ജീവിക്കാനുള്ള പ്രേരണയാണ്‌, വീണ്‌ കിടക്കുന്നവനെ ഉയർത്തലാണ്‌. സ്വാർത്‌ഥതയെന്ന കാൻസറിനെ കൊന്ന്‌ കളഞ്ഞില്ലെങ്കിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടുന്നത്‌ അവരാകില്ല, നമ്മളാവും… അനന്തമായ ട്രോമയാണ്‌… നമ്മളൊന്നും മുൻപ്‌ കണ്ടിട്ടേയില്ലാത്ത തരം ദുരിതപെയ്‌ത്താണ്‌…
എങ്ങനേം നീന്തി കരേറിയേ തീരൂ നമുക്ക്‌…