“അനുകൂലിക്കുന്നതിനേക്കാൾ നല്ലതാണല്ലോ എതിർക്കുന്നതിനേക്കാൾ നല്ലതാണല്ലോ …”

116

Dr. Shimna Azeez

പലപ്രാവശ്യം വ്യക്തമായി വിശദീകരിക്കുന്നുണ്ട്, എന്നിട്ടും ഒ രാജഗോപാലിന്റെ പത്രസമ്മേളനം അവസാനിക്കുന്നതിനു മുൻപായി ഒരു മാധ്യമപ്രവർത്തകൻ (അവിശ്വസനീയത തുളുമ്പിയ ശബ്ദത്തിൽ) ഇങ്ങനെ ചോദിക്കുന്നു : ഒന്നൂടെ വ്യക്തമായി ചോദിച്ചോട്ടെ, അങ്ങീ (കാർഷിക നിയമങ്ങൾ മൂന്നും പിൻവലിക്കണം എന്ന) പ്രമേയത്തെ എതിർക്കുന്നോ അനുകൂലിക്കുന്നോ?
ഓ രാജഗോപാൽ : ഞാനീ പ്രമേയത്തിനെ അനുകൂലിക്കുന്നു.

(മനോരമ ന്യൂസ് യൂറ്റ്യൂബ് ചാനലിൽ വീഡിയോ ഉണ്ട്, 2:45 മുതൽ കാണുക. ലിങ്ക് കമന്റിൽ)
താങ്കൾ പ്രവർത്തിക്കുന്ന സംഘടനയുടെ അങ്ങേയറ്റത്തെ മനുഷ്യവിരുദ്ധനിലപാടുകളും വിഷം മുറ്റിയ വർഗ്ഗീയതയും ഈ ഒരു സംഭവം കൊണ്ട് അണുവിട പോലും മയപ്പെടുന്നുമില്ല. ഇനിയിപ്പോ ആവർത്തന നേമത്തിൽ കണ്ണുനട്ട് കാത്തിരുന്നിട്ടുള്ള അടവാണോ എന്നും സംശയമില്ലായ്കയില്ല… എന്നാലും എന്റെ ജീ, എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും ഒരു ജീയെപ്പറ്റി ഇവിടെ ഇങ്ങനെ നല്ല നാലക്ഷരം കുറിക്കാൻ കഴിയുമെന്ന് ഒട്ടും നിരീച്ചതല്ല. 2020 അവസാനിക്കുന്നതിനു മുൻപ് അതും സംഭവിച്ചിരിക്കുന്നു.
നന്ദി ജീ, താങ്കൾ പ്രമേയത്തെ എതിർത്തിരുന്നെങ്കിൽ ആ എതിർപ്പ് ഒരു കോഴിക്കുഞ്ഞ് പോലും ശ്രദ്ധിക്കാതെ പോയേനേ, ഇതിപ്പോ അനുകൂലിച്ചത് കൊണ്ട് മാത്രം കേരളത്തിന്റെ നിലപാടും, അവിടെ ഉരുളികമഴ്‌ത്തി ഉണ്ടായ അംഗത്തിന്റെ നിലപാടും ഇന്ന് ദേശീയതലത്തിൽ ചർച്ചയാക്കിയതിന്.

സംഗതി സംഭവാമി യുഗേ യുഗേ ആയതിനുശേഷം മൂത്ത ജീ വിളിച്ച് സംസ്കൃതത്തിൽ ശ്ലോകം പാടിയത് കൊണ്ടാണോ എന്തോ, ഫേസ്ബുക്ക് പേജിൽ അല്പസമയം മുൻപ് “അനുകൂലിക്കുന്നതിനേക്കാൾ നല്ലതാണല്ലോ എതിർക്കുന്നതിനേക്കാൾ നല്ലതാണല്ലോ” എന്ന രാഗത്തിൽ വിശദീകരിച്ച് മെഴുകിയത് കണ്ടു. ഒരാവേശത്തിന് കിണറ്റിൽ ചാടിയിട്ട് പിന്നെ അഞ്ഞൂറ് ആവേശം കാണിച്ചാൽ തിരിച്ച് മുകളിലേക്ക് ചാടാൻ പറ്റിലല്ലോ ജീ… ഹാപ്പി ന്യൂയർ ഉണ്ട് ട്ടോ…