ജനങ്ങൾ ഒത്തു കൂടുന്ന ഏതൊരിടവും കോവിഡ്‌ 19 പടർന്ന്‌ പിടിക്കാനുള്ള വേദിയാകാം

56
Shimna Azeez
ജനങ്ങൾ ഒത്തു കൂടുന്ന ഏതൊരിടവും കോവിഡ്‌ 19 പടർന്ന്‌ പിടിക്കാനുള്ള വേദിയാകാം.അറബ്‌ രാജ്യങ്ങൾ പോലും വെള്ളിയാഴ്ച പ്രാർത്‌ഥന ഉൾപ്പെടെ വീടുകളിൽ വെച്ചാക്കാൻ ഉത്തരവ്‌ നൽകിയിരിക്കുന്നു.പള്ളികളിലെ ഹൗള്‌, കൈവരികൾ, കാർപറ്റ്‌ തുടങ്ങിയ ഇടങ്ങളിൽ രോഗാണുക്കൾ തങ്ങി നിൽക്കാം. അലക്ഷ്യമായി ഈ ഇടങ്ങൾ ഉപയോഗിക്കുന്നത്‌ രോഗാണുവിനെ നമ്മിൽ എത്തിച്ചേക്കാം.ഒരു മീറ്റർ ദൂരപരിധിക്കുള്ളിൽ പൊതുജനസമ്പർക്കം നടക്കുന്ന ഏതൊരിടവും വൈറസ്‌ പടർത്താം.കോവിഡ്‌ 19 വൈറസ്‌ പടരുന്ന ചങ്ങലയിലെ കണ്ണികൾ ആവാതിരിക്കാൻ നമ്മൾ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന്‌ മാറി നിൽക്കാതെ സാധിക്കില്ല.
ഉംറ ഉൾപ്പെടെയുള്ള കർമ്മങ്ങൾ നിർത്തി വെച്ചിരിക്കുന്ന, ബാങ്ക്‌ വിളിക്കുന്നതിനൊപ്പം വീട്ടിൽ നിന്ന്‌ നമസ്‌കരിക്കാൻ മൈക്കിൽ അനൗൺസ്‌ ചെയ്യുന്ന വിദേശമാതൃക നമ്മൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മുടെ നാട്ടിലെ ജനസാന്ദ്രതയും സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്ത് രോഗം നിയന്ത്രണ വിധേയമാക്കുന്നത് വരെയെങ്കിലും പ്രാർത്ഥന കർമങ്ങൾ വീട്ടിൽ ചെയ്യണം എന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.