.ഇതൊക്കെയാണ്‌ കേരളം, ഇതിലുമപ്പുറം എന്തെല്ലാമോ ആണ്‌ കേരളം, തോൽക്കൂല മനുഷ്യമ്മാരേ നമ്മൾ

0
107

Dr. Shimna Azeez

ഏറെ പ്രായമായ തോമസ്‌-മറിയാമ്മ ദമ്പതികളെ ചികിത്സിച്ച്‌ ഭേദമാക്കിയ കോട്ടയം മെഡിക്കൽ കോളേജിലെ ബഹുമാനപ്പെട്ട ഡോക്‌ടർമാർ, നേഴ്‌സുമാരും നേഴ്‌സിങ്ങ്‌ അസിസ്‌റ്റന്റും മുതൽ ക്ലീനിങ്ങ്‌ സ്‌റ്റാഫ്‌ വരെയുള്ള അവിടത്തെ ടീം. രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന, ഇപ്പോൾ പൂർണമായും രോഗവിമുക്‌തി നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ ഏറ്റവും പ്രിയപ്പെട്ട രേഷ്‌മ സിസ്‌റ്റർ. എംപി ഫണ്ടിൽ നിന്നും പണമെടുത്ത്‌ നമ്മുടെ നാട്ടിലേക്ക്‌ റാപ്പിഡ്‌ ടെസ്‌റ്റ്‌ കിറ്റുകൾ ഏർപ്പെടുത്തി തന്നെ ആദരണീയനായ എംപി ശശി തരൂർ, രാപ്പകലില്ലാതെ അവലോകനങ്ങളിലും വാക്കിനപ്പുറമുള്ള പ്രവർത്തികളിലും ഏർപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട്‌ നിയന്ത്രിക്കുന്ന ഓരോ ജില്ലകളിലെയും ആരോഗ്യവകുപ്പ്‌, അവരുടെ ശുഷ്‌കാന്തി, കരുതൽ. ജില്ലാ കളക്‌ടർമാർ, പോലീസ്‌ മേധാവികൾ, വെയിലിനെ പുതച്ച്‌ സദാ കാവൽ നിൽക്കുന്ന പോലീസുകാർ, ആശുപത്രികൾ, ആയിരം തലവേദനകൾ ഒന്നിച്ച്‌ വന്നാലും മല പോലെ നിന്ന്‌ നേരിടുന്ന മുതിർന്ന ഡോക്‌ടർമാർ, ടീം ലീഡർമാരുടെ നിർദേശങ്ങൾക്ക്‌ കാതോർത്തിരുന്ന്‌ അവ പാലിച്ച്‌ ആ കോൺക്രീറ്റ്‌ കാടിനുള്ളിലെ വേവും നോവും മിടിപ്പും നേരിട്ടറിയുന്ന മറ്റു ഡോക്ടർമാർ, നേഴ്‌സുമാർ, നേഴ്‌സിങ്ങ്‌ അസിസ്‌റ്റന്റ്‌സ്‌, രോഗം പടരാതിരിക്കാൻ ചുറ്റുപാടും വൃത്തിയാക്കലിന്റെ എല്ലാ പാഠങ്ങളും കാതോർത്ത്‌ വേണ്ടത്‌ ചെയ്‌ത്‌ തരുന്ന ക്ലീനിങ്ങ്‌ സ്‌റ്റാഫ്‌, ആംബുലൻസുകളിൽ പ്രാണൻ പൊതിഞ്ഞ്‌ പിടിക്കുന്ന ഡ്രൈവർ ചേട്ടൻമാർ. ആശുപത്രികളിൽ വഴി പറയാനും വഴി കാട്ടാനും കൈ കഴുകിക്കാനും ഓർമ്മിപ്പിക്കുന്ന സെക്യുരിറ്റി ജീവനക്കാർ, എല്ലാ കഥയും കൃത്യമായി നമുക്ക്‌ നേരത്തിന്‌ പറഞ്ഞ്‌ തരുന്ന, ഏറെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ, നാട്ടിൽ ഇല്ലാത്തപ്പോഴും നാടിന്‌ വേണ്ടി ചർച്ചകളും തീരുമാനങ്ങളും ഓൺലൈൻ ജോലികളുമായി സദാ ജാഗരൂഗരായിരിക്കുന്ന പ്രവാസി സുഹൃത്തുക്കൾ, ബോധവൽക്കരണവും സേവനപ്രവർത്തനങ്ങളുമായി മുന്നിട്ട്‌ ഇറങ്ങിയിരിക്കുന്ന സന്നദ്ധപ്രവർത്തകർ, ആപ്പുകൾ ഉണ്ടാക്കാനും ബോധവൽക്കരണപ്രവർത്തനങ്ങൾക്കായി പോസ്‌റ്ററുകളും വീഡിയോകളും ഉണ്ടാക്കാനുമായി രാപ്പകൽ തല പുകയ്‌ക്കുന്ന കമ്പ്യൂട്ടർ തലകളും ആർട്ടിസ്‌റ്റ്‌ തലച്ചോറുകളും.ഇതിലെല്ലാം ഉപരി സ്വന്തം സന്തോഷങ്ങളും സുഖങ്ങളും ഉപജീവനവും വരെ വീടിന്‌ പുറത്താക്കി വാതിലടച്ച്‌ കുറ്റിയിട്ട്‌ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന ഭൂരിഭാഗം പൊതുജനം…ഇതൊക്കെയാണ്‌ കേരളം. ഇതിലുമപ്പുറം എന്തെല്ലാമോ ആണ്‌ കേരളം. തോൽക്കൂല മനുഷ്യമ്മാരേ നമ്മൾ… തോൽക്കാൻ സമ്മയ്‌ക്കൂല.