നിഖാബ്‌ സുരക്ഷയല്ല, ചുറ്റുമുള്ളവർക്ക്‌ അരക്ഷയാണ്‌ പകരുന്നത്‌

645

ഡോ. ഷിംന അസീസ് എഴുതുന്നു

മുഖം മറയ്‌ക്കുന്നതിനൊപ്പമില്ല. ഇത് മതമല്ല, പോരാത്തതിന് വിഷയം സുരക്ഷയുടേത് കൂടിയാണ്.

പർദ്ദ ധരിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. അതൊരു വസ്‌ത്രമാണ്‌, ബിക്കിനി ധരിക്കണോ പർദ്ദ ധരിക്കണോ എന്നതൊക്കെ ആ സ്‌ത്രീയുടെ ഇഷ്‌ടമാണ്. അങ്ങനെ മാത്രം ആയിരിക്കുകയും വേണം. ഒരു ഇസ്ലാം മതവിശ്വാസിക്ക് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്‌ക്കാനേ ഇസ്ലാം പറയുന്നുള്ളൂ.

ലോകത്തെമ്പാടു നിന്നും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ ചേർന്ന് വിശുദ്ധഹജ്ജ് നിർവഹിക്കുമ്പോൾ അവിടെപ്പോലുമില്ലാത്തതാണീ മുഖംമൂടി സമ്പ്രദായം. ഇതുപോലുള്ള കപടതീവ്രവിശ്വസങ്ങളെ മുളയിലേ ആട്ടിയോടിച്ചില്ലെങ്കിൽ അല്ലെങ്കിൽ തന്നെ പലതിനും അനാവശ്യപഴി കേൾക്കേണ്ടി വരുന്നൊരു സമുദായത്തെ കൂടുതൽ അപരവൽക്കരിക്കാൻ ഇത് കാരണമാവും.

നിഖാബ്‌ ധരിച്ച്‌ കോളേജിൽ വരുന്ന മെഡിക്കൽ വിദ്യാർത്‌ഥിനികളോടുള്ള പൂർണ ബഹുമാനത്തോടെ തന്നെ പറയട്ടെ, ഞാൻ ക്ലാസെടുക്കുമ്പോൾ ആരെന്നറിയാത്തൊരാൾ മുന്നിൽ വന്നിരിക്കുന്നത്‌ അസ്വസ്‌ഥതയാണ്‌. ക്ലാസെടുക്കുന്ന നേരത്ത്‌ എല്ലാവരുടേയും മുഖത്ത്‌ നോക്കുമ്പോൾ ഒരു ഭാഗം മാത്രം ഇരുളടഞ്ഞിരിക്കുന്നത്‌ ഒരു അപൂർണതയാണ്‌. നിങ്ങൾക്ക് പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാവുന്നുണ്ടോ, നിങ്ങൾ ക്ലാസിൽ ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ നിങ്ങളുടെ മുഖാവരണത്തിനു പുറത്ത് ഡിജിറ്റൽ ഡിസ്‌പ്ലേ ആയി തെളിയുകയൊന്നുമില്ലല്ലോ…. അറ്റന്റൻസ്‌ എടുക്കുമ്പോൾ നിങ്ങൾ ആരെന്നാണ്‌ ഞങ്ങൾ കരുതേണ്ടത്‌? നിങ്ങൾ രോഗികളുടെ അടുത്ത്‌ ചെന്ന്‌ പഠിക്കുമ്പോൾ മുഖം കാണിക്കാതെ എങ്ങനെയാണ്‌ ആശയവിനിമയം പൂർത്തിയാകുക? വൈവ പരീക്ഷകൾക്ക്‌ ഉത്തരം പറയുന്നതിൽ അവരുടെ ആറ്റിറ്റ്യൂഡ്‌, ആത്മവിശ്വാസം തുടങ്ങിയവ എങ്ങനെ വിലയിരുത്താനാവും?

ഒക്കെ പോട്ടെ, നിങ്ങളല്ലാത്തൊരാൾ ക്ലാസിലോ വാർഡിലോ കയറി നിങ്ങളുടെ ഇടയിലിരുന്നാൽ എങ്ങനെ തിരിച്ചറിയും? തീവ്രവാദവും അത്‌ പിൻതുടരുന്നവരും തമാശയല്ല, എവിടെയും എങ്ങും പ്രത്യക്ഷപ്പെടാവുന്ന ഒന്നായിരിക്കുന്നു അത്‌. മെഡിക്കൽ കോളേജിൽ നിഖാബ്‌ ഒരു ബുദ്ധിമുട്ട് തന്നെയാണ്‌. പ്രശ്‌നം മതമല്ല, സുരക്ഷയെ ചോദ്യം ചെയ്യുന്ന ഒന്നാണ്‌. ക്യാമ്പസിൽ കൂടെയിരിക്കുന്നതും നടക്കുന്നതും ആരെന്നറിയാനുള്ള അവകാശം ഞങ്ങൾ അധ്യാപകർക്കും വിദ്യാർത്‌ഥികൾക്കും ഒരുപോലെയുണ്ട്‌.

നിഖാബ്‌ സുരക്ഷയല്ല, ചുറ്റുമുള്ളവർക്ക്‌ അരക്ഷയാണ്‌ പകരുന്നത്‌. മുഖമില്ലാത്ത ഡോക്ടർക്ക്‌ പരിമിതികളേറെയാണ്‌ എന്നുമറിയുക. പീഡിയാട്രി വാർഡിലെ കുഞ്ഞുങ്ങൾ, പ്രായമായവർ തുടങ്ങിയവർക്കൊപ്പമെല്ലാം പുരുഷൻമാരുണ്ടാകാം. അവിടെ രോഗിയേക്കാൾ പ്രാധാന്യം ചുറ്റുപാടുമുള്ളവർക്കാണോ നൽകേണ്ടത്‌? നമ്മുടെ മുഖത്തെ ചിരി അവരുടെ അവകാശമാണ്‌. അതിനോളം വലുതല്ല ഒരു മരുന്നും.

എം.ഇ.എസ്‌ ചെയ്തത് നൂറ്റൊന്ന് ശതമാനം ശരിയാണ്‌. വസ്‌ത്രം തിരഞ്ഞെടുക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യം തന്നെ. പക്ഷേ, ആ പേരും പറഞ്ഞ് അതിനിടയിലൂടെ മുഖമില്ലാതാകുന്നവർ സൃഷ്‌ടിക്കുന്ന ആശങ്കകൾ വളരെ വലുതാണ്.

– Dr. Shimna Azeez