ലോകത്ത്‌ ആദ്യമായി കോവിഡ്‌ ബാധിച്ച്‌ മരിച്ച ആളുടെ ശരീരം പോസ്‌റ്റ്‌മോർട്ടം ചെയ്‌തവർ ഞെട്ടിയത്രെ

745

Dr. Shimna Azeez

ലോകത്ത്‌ ആദ്യമായി കോവിഡ്‌ ബാധിച്ച്‌ മരിച്ച ആളുടെ ശരീരം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഇറ്റലിക്കാർ ഞെട്ടി, കൂടെ ആ വാട്ട്‌സ്ആപ്പ് മെസേജ്‌ വായിച്ച നിങ്ങളും ഞെട്ടി, ഇത്‌ കേട്ട ഞാനും ഞെട്ടി. കാരണം എന്താന്നറിയോ? അജ്ജാതി പൊളിയാണ്‌ ആ മെസേജ്‌. കോവിഡ് 19 വൈറസല്ല, ബാക്‌ടീരിയ ആണെന്ന്‌ മെസേജിൽ പറഞ്ഞിട്ടുണ്ട്‌. ഈ പറഞ്ഞ ലോകത്തെ മുഴുവൻ കട്ടപ്പുറത്താക്കിയ വൈറസായ SARS COV 2 അഥവാ Severe Acute Respiratory Syndrome Corona Virus 2 എന്ന ഈ ഹലാക്കിലെ ജന്തുവിനെ നമ്മുടെ ഐസിഎംആർ ശാസ്‌ത്രജ്‌ഞരടക്കം ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പ്‌ ഉപയോഗിച്ച്‌ കണ്ട്‌ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ഇഷ്‌ടം പോലെ ആർട്ടിക്കിളുകൾ നെറ്റിലുണ്ട്‌. ബാക്‌ടീരിയയെക്കുറിച്ച്‌ ഇനി ഈ വീട്ടിൽ ഒരക്ഷരം മിണ്ടിപ്പോകരുത്‌.

പിന്നെ, ലോകത്ത്‌ ആദ്യമായി കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളെ പോസ്‌റ്റ്‌മോർട്ടം ചെയ്‌തത്‌ ഇറ്റലിയല്ല, ചൈനയാണ്‌. ലോകാരോഗ്യസംഘടന ഇത്തരത്തിലുള്ള ഓട്ടോപ്‌സി വിലക്കിയിട്ടില്ല. ലോകത്തുള്ള മുഴുവൻ ആശുപത്രികളെയും നിയന്ത്രിക്കാനുള്ള ഏകാധിപത്യത്തിനുള്ള അധികാരവും ലോകാരോഗ്യസംഘടനക്കില്ല.

ഈ പോസ്‌റ്റ്‌മോർട്ടത്തിലെ കണ്ടുപിടിത്തങ്ങൾ എടുത്ത്‌ വായിച്ചപ്പോൾ ശ്വാസകോശത്തിലും ഹൃദയത്തിലും വൃക്കയിലും കരളിലുമെല്ലാം മാറ്റങ്ങളുള്ളതായാണ്‌ കാണുന്നത്‌. മെസേജിൽ പറയുന്ന ‘രക്‌തം കട്ട പിടിക്കൽ’ മാത്രമല്ല മരണകാരണമാകുന്നത്‌. അതിനെതിരെ ആവശ്യമെങ്കിൽ രക്‌തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകുന്നത്‌ ലോകമെങ്ങുമാണ്‌, ഇറ്റലിയിൽ മാത്രമല്ല. ഈ മരുന്ന്‌ കൂടാതെ രോഗിക്കുള്ള സങ്കീർണതക്കനുസരിച്ച്‌ ഒരുപാട്‌ മരുന്നുകളും മെഡിക്കൽ സാങ്കേതികതയും ഉപയോഗിച്ച്‌ തന്നെയാണ്‌ ആരോഗ്യപ്രവർത്തകർ രോഗികളെ രക്ഷിച്ച്‌ വരുന്നത്‌.

Amplified global 5G electromagnetic radiation (ബ്രാക്കറ്റിൽ ‘വിഷം’ എന്നുമുണ്ട്‌, എന്തരോ എന്തോ!!) മനുഷ്യശരീരത്തിൽ വൈറസിനെ പരത്തില്ല. കമ്പ്യൂട്ടറിലെ വൈറസിനെ പരത്താൻ 5G ടെക്‌നോളജിക്ക്‌ ആവും. ആ പിന്നേ, 5G ടെക്‌നോളജി ഏറ്റെടുത്തിട്ടില്ലാത്ത ഇന്ത്യ ഇപ്പോഴും കൊറോണ കേസുകളുടെ എണ്ണത്തിൽ മോശമില്ലാത്ത സ്‌ഥാനം വഹിക്കുന്നുണ്ട്‌. 5G ഉപയോഗിക്കുന്ന ന്യൂസിലന്റും ദക്ഷിണകൊറിയയുമൊക്കെ കോവിഡിനെ കീഴടക്കീട്ടുമുണ്ട്‌. ആകെയുള്ളൊരാശ്വാസം, ഇതേ മെസേജിന്റെ ഇംഗ്ലീഷ് വേർഷൻ വായിച്ച്‌ കുറേ സായിപ്പൻമാർ യുകെയിൽ അഞ്ചോളം 5G ടവറിന്‌ തീയിട്ടു എന്നത്‌ വായിച്ചപ്പോഴാണ്‌. മണ്ടൻമാർ ലണ്ടനിൽ എന്നത്‌ ഇപ്പഴാ ശരിക്കും അന്വർത്‌ഥമായത്‌ !!

ഇനി കോവിഡ്‌ പേഷ്യന്റിന്‌ ഐസിയു വേണ്ട, വെന്റിലേറ്റർ വേണ്ട എന്നൊക്കെ പറഞ്ഞത്‌. ഈ പറഞ്ഞ സാധനങ്ങൾ ഉള്ളതോണ്ട്‌ മാത്രം ഇന്നും നമുക്കിടയിൽ ജീവിച്ചിരിക്കുന്ന കുറേ കോവിഡ്‌ വന്ന്‌ മാറിയ മനുഷ്യരുണ്ട്‌. ഇതേക്കുറിച്ച്‌ അവരോട്‌ ചോദിച്ചാൽ പറഞ്ഞ്‌ തരും. ആ പിന്നേ, ഒരു കൈയകലത്തിൽ നിന്ന്‌ ചോദിച്ചോളൂട്ടോ. അവസാനം അവരുടെ തല്ല്‌ കൊണ്ട്‌ നിങ്ങൾ ഐസിയുവിലാവേണ്ട.
ആ പിന്നെ, കോവിഡിനെ ‘കീഴടക്കിയ’ ഇറ്റലിയിലെ ജനുവരി മൂന്ന്‌ മുതൽ ഇന്നലെ വരെ കേസുകളുടെ എണ്ണം 22 37 890, മരണങ്ങൾ 77, 911 എന്നിങ്ങനെയാണ്‌. പറഞ്ഞൂന്നേള്ളൂ.

ഇനിയൊന്നും കൂട്ടിചേർക്കാനില്ലാന്ന്‌ കരുതിയതാ. അപ്പോഴാ മെസേജിനിടയിൽ അനാഥമായി കിടക്കുന്ന ഒരു क കണ്ടത്‌. ഹിന്ദിയിൽ നിന്ന്‌ തർജമ ചെയ്‌തതാണെങ്കിൽ അടുത്ത തവണ ഒന്നൂടി വൃത്തിയായി ട്വാൻസ്‌ലേറ്റ്‌ ചെയ്യാനും, രണ്ടാമതൊന്ന്‌ വായിച്ച്‌ നോക്കാനും, മെസേജിന്റെ ചോട്ടിൽ സ്വന്തം പേര്‌ ചാർത്താനും ശ്രദ്ധിക്കുമല്ലോ. കുറച്ചൂടി പ്രഫഷനലായി ഗൂഢാലോചനാസിദ്ധാന്തം അടിച്ചിറക്കി പരത്തിയെഴുതി ഞങ്ങടെ നെഞ്ചത്ത്‌ കുത്തണം സർ. എന്നാലല്ലേ താളം വരൂ…

സവിനയം,
മാസങ്ങളായി കോവിഡ്‌ 19 എന്ന സാധനം കൊണ്ട്‌ ജീവിതം സ്‌റ്റക്കായിപ്പോയ ആരോഗ്യപ്രവർത്തകരിൽ ഒരാൾ.
Dr. Shimna Azeez