കേരളപ്പിറവിദിനം അന്വർത്‌ഥമായി

0
247

നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ അപമാനിച്ച വിഷയത്തിൽ പ്രതിഷേധം കത്തിപ്പടരുന്നു.

Dr. Shimna Azeez എഴുതുന്നു 

ബിനീഷ്‌ ബാസ്‌റ്റിനെ പല സിനിമകളിൽ കണ്ടിട്ടുണ്ട്‌. പാലക്കാട് മെഡിക്കൽ കോളേജിലെ വേദിയിൽ വെച്ച്‌ ഇന്നലെ അദ്ദേഹമെടുത്ത നിലപാടിന്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയടിക്കുന്നു. തന്റെ കൂടെ വേദി പങ്കിടില്ലെന്ന്‌ പറഞ്ഞ അവാർഡ്‌ വിന്നർ അഹങ്കാരി സംവിധായകനോട്‌ ബിനീഷ്‌ പ്രതിഷേധിച്ചത്‌ ആ വേദിയിൽ തന്നെ ചെന്ന്‌ നിലത്ത്‌ കുത്തിയിരുന്നാണ്‌. തന്റേടിയാണയാൾ.

അതിഥിയായി ചെല്ലുന്ന പലയിടങ്ങളിലും പേര്‌ തെറ്റിച്ച്‌ പറയുന്നത്‌ പതിവാണ്‌. അവരുടെ ഭാഗത്ത്‌ നിന്ന്‌ അറിയാതെ പറ്റുന്നതാണെന്ന്‌ ഉറപ്പാണെങ്കിൽ പോലും വലിയ അസ്വസ്‌ഥത പകർന്നിട്ടുണ്ട്‌. ഒരിക്കൽ ഒരിടത്ത്‌ നിന്ന്‌ അനാവശ്യമായ പരിധി വിട്ട പുകഴ്‌ത്തൽ പരിഹാസമായിരുന്നു എന്ന്‌ മനസ്സിലാക്കിയിട്ടും ഏറ്റ പരിപാടി മുടങ്ങാതിരിക്കാൻ വേദിയിൽ ചിരിച്ചിരുന്നിട്ടുണ്ട്‌. ഈഗോയുടെ വൻമരമായൊരാൾ എല്ലാവർക്കും ഷേക്ക്‌ ഹാന്റ്‌ കൊടുത്ത്‌ എന്റെ നീട്ടിയ കൈ കൃത്യമായി അവഗണിച്ച്‌ മുന്നിലൂടെ പോയൊരു ദിവസം മുഴുവൻ വല്ലാത്തൊരു തികട്ടലോടെ കഴിഞ്ഞ്‌ പോയിട്ടുണ്ട്‌. അപമാനം കിട്ടുന്നത്‌ അറിഞ്ഞോ അറിയാതെയോ ആവട്ടെ, ആ മുറിവ്‌ പെട്ടെന്ന്‌ മായുകയുമില്ല.

നമ്മൾ മനുഷ്യരാണ്‌, നമ്മൾ ഇങ്ങനൊക്കെയാണ്‌.

അപ്പോഴാണ്‌ സ്വയം സർവ്വഗുണസമ്പന്നൻ എന്ന്‌ കരുതുന്നൊരു അഹങ്കാരി സാധാരണയിൽ സാധാരണക്കാരനായ ഒരാളോടൊപ്പം വേദി പങ്കിടില്ലെന്ന്‌ പ്രഖ്യാപിക്കുന്നത്‌. പാലക്കാട് മെഡിക്കൽ കോളേജിലെ കുട്ടികൾ, പരിപാടിയുടെ സംഘാടകർ വല്ലാതെ ധർമ്മസങ്കടത്തിലായി പോയിരിക്കണം. പരിചയക്കുറവ്‌ കാണും, അല്ലെങ്കിൽ എടുത്തുചാടി തീരുമാനമെടുക്കുന്നതിൽ നിന്നും വിലക്കിയിരിക്കാം. എങ്കിലും, യൂണിയന്റെ ശക്‌തി കാണിച്ച്‌ കൊടുക്കാത്തതിൽ പ്രതിഷേധമുണ്ട്‌.

കഴിഞ്ഞ രണ്ടാഴ്‌ചകളിൽ മഞ്ചേരി മെഡിക്കൽ കോളേജിലെ മക്കളോടൊപ്പം ആർട്‌സിലെ ഐറ്റങ്ങൾക്ക്‌ വിഷയങ്ങൾ തിരഞ്ഞെടുക്കാനും ജഡ്‌ജ്‌മെന്റിനുമൊക്കെ കട്ടക്ക്‌ കൂടെ നിന്ന്‌, അവസാനദിവസം പരിപാടി തീർന്ന പുലർച്ചേ മൂന്നര വരെ അവർക്കൊപ്പം ഇരുന്ന നിലക്ക്‌ നിലവിലെ സംഘാടകത്വത്തിന്റെ സങ്കീർണതകൾ കൃത്യമായറിയാം. പാലക്കാട്ടെ കുട്ടികൾക്കും ഈ അപ്രതീക്ഷിതമായ ‘സാങ്കേതികപ്രശ്‌നം’ പെട്ടെന്ന്‌ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചു കാണില്ല. എത്രയോ സമയമെടുത്ത്‌ അവർ പ്ലാൻ ചെയ്‌ത അവരുടെ ഒരു പ്രധാനദിവസം കൂടിയാണ്‌ ഒരാളുടെ വൃത്തികെട്ട ഈഗോ കാരണം നശിച്ച്‌ പോയത്‌. ശക്‌തമായി പ്രതികരിക്കണമായിരുന്നു. അതൊക്കെ പോട്ടെ, ആ പ്രിൻസിപ്പൽ എന്തിനാണ്‌ ബിനീഷിനോട്‌ ഹാലിളകിയതെന്ന്‌ ഈ നിമിഷവും മനസ്സിലായിട്ടില്ല. ബല്ല്യമ്പ്രാൻ അനിലിന്‌ കുട പിടിക്കാനോ?

ഒന്നു മാത്രം ഉറപ്പിച്ച്‌ പറയാം- അഹങ്കാരവും താൻപൊരിമയും മൂർദ്ധാവിൽ വേരുപിടിച്ച്‌ പോയ അനിലിനേക്കാളും എന്ത് കൊണ്ടും യോഗ്യത ബിനീഷ്‌ ബാസ്‌റ്റിന്‌ തന്നെയാണ്‌.

നിലപാടുള്ളവൻ, നിലം തൊട്ട്‌ നിൽക്കുന്നവൻ. മിടുക്കൻ. തീർച്ചയായും ഒരുപാട് ഉയരങ്ങളിലെത്തുക തന്നെ ചെയ്യും.

ചാൻസ്‌ ചോദിച്ച്‌ വന്നവന്റെ കൂടെ വേദി പങ്കിടില്ല പോലും !! മൂന്നാംകിട നടൻ പോലും. അനിൽ ഗർഭപാത്രത്തീന്ന്‌ വന്നതേ ‘സ്‌റ്റാർട്ട്‌, ക്യാമറ, ആക്ഷൻ’ നിലവിളിച്ചോണ്ടാവും. ദുരന്തം !

കലയാണ്‌ അനിലേ, അത്‌ ഒതുക്കത്തോടെ കൈയിലിരിക്കണേൽ മനസ്സിന്‌ ആർദ്രതയും മനുഷ്യത്വവും ആരെക്കണ്ടാലും നല്ലോണമൊന്ന്‌ ചിരിക്കാനുള്ള കഴിവും വേണം. ഉള്ളിലെ നിറവും ജാതിയുമൊക്കെയങ്ങ്‌ കുത്തിയൊലിച്ച്‌ പോണം.

അഹങ്കാരം കൊണ്ട്‌ കണ്ണ്‌ കാണാത്തോന്റെ വിശേഷണം – അവാർഡ്‌ ജേതാവായ സംവിധായകൻ പോലും!

തന്റൊരു സിനിമേം ഞങ്ങൾ ഇനി കാണൂലെടോ. താനവിടിരുന്നങ്ങ്‌ സംവിധാനിക്ക്‌…

ബിനീഷ്‌ ബ്രോ… ങ്ങള്‌ പൊളിയാണ്‌ ടീമേ. വെറും പൊളിയല്ല, ഒരൊന്നൊന്നര പൊളി. എവിടെപ്പോയാലും ഉള്ളിലെ കനൽ ഇങ്ങനെ തന്നങ്ങ്‌ ആളിക്കത്തട്ടെ.

കേരളപ്പിറവിദിനം അന്വർത്‌ഥമായി.

===========

Anish Shamsudheen എഴുതുന്നു 

ബിനീഷ്‌ കൊച്ചിക്കാരനാ , അതുകൊണ്ട്‌ അവൻ പ്രതികരിക്കും . പ്രതികരിച്ചിട്ടേ പോകു . കൊച്ചിക്കാരനായൽ അൽപം ഉശിര്‌ കൂടും( കൊച്ചി എന്നാൽ എറണാകുളം അല്ലാട്ടൊ . തോപ്പുംപടി പാലത്തിനക്കരെ ദി റിയൽ കൊച്ചി )

ചെറു പ്രായത്തിൽ തന്നെ അച്ചൻ മരിച്ചതാണ്‌ ബിനീഷിന്റെ , മൽസ്യതൊഴിലാളി ആയിരുന്നു . അതിനു ശേഷം അമ്മ ബീഡി തെറുത്തും , ആടിനെ വളർത്തിയുമൊക്കെ കഷ്ടപ്പെട്ട്‌ വളർത്തിയതാണ്‌ ബിനീഷ്‌ ഉൾപ്പെടെ നാലു മക്കളെ .

സ്കൂളിൽ പഠിക്കുംബോൾ തന്നെ പെയിന്റ്പണി , ടൈൽസ്‌ പണക്കൊക്കെ പോകുമായിരുന്നു , ബിനീഷ്‌ . സ്കൂൾ കഴിഞ്ഞതോടെ അത്‌ സ്ഥിര ജോലിയാക്കി ബിനീഷ്‌ .

ബിനീഷിന്റെ താടിയാണ്‌ ബിനീഷിന്‌ സിനിമയിലേക്കുള്ള വഴി തുറന്നത്‌ . സൂപ്പർ സ്റ്റാർ വിജയുടെ ” തെരി ” എന്ന സിനിമയിൽ ഒരു വേഷം കിട്ടിയതാണ്‌ ബിനീഷിന്‌ ഒരു ബ്രേക്ക്‌ ആയത്‌ ‌ . അതിനു ശേഷം വിജയ്‌ ഫാൻസിന്റെ ശുപാർശ്ശയിൽ ഇതുപോലുള്ള ചെറിയ ചെറിയ ഉൽഘാടനങ്ങളൊക്കെ കിട്ടി തുടങ്ങിയത്‌ . പൊതുപരിപാടികളിൽ കിട്ടിയ പൈസ കൂട്ടി ബിനീഷ്‌ ആദ്യമായ്‌ ഒരു ഹ്യുഡയ്‌ ഇയോൺ കാറെടുക്കുംബോൾ നന്ദിസൂചകമായ്‌ ” വിജയുടെ ” ഒരു ചിത്രം പിന്നിലെ ഗ്ലാസിൽ പതിപ്പിക്കാൻ മറന്നില്ല

അച്ചൻ മരിക്കുംബോൾ വെറുമൊരു ” ചായിപ്പ്‌ ” ആയിരുന്നു ബിനീഷിന്റെ വീട്‌ . അതിനുശേഷം അമ്മ ബീഡിതെറുത്തും മറ്റും സ്വരുകൂട്ടിയ ചെറിയ തുക കൊണ്ടാണ്‌ ഈ കാണുന്ന വീട്‌ ഒപ്പിച്ചത്‌ .

2018 ലെ മഹാപ്രളയത്തിൽ ഈ വീട്‌ മുഴുവൻ മുങ്ങി പോയി. പലരും ബിനീഷിനെ സഹായിക്കാൻ മുന്നോട്ട്‌ വന്നപ്പോൾ , അയാൾ സ്നേഹപൂർവം നിരസിച്ച്‌ .

“എനിക്ക്‌ പണിയെടുക്കാനുള്ള ആരോഗ്യവും കരുത്തുമുണ്ട്‌. ഞാൻ അധ്വാനിച്ച്‌ തന്നെ ഒരു വീട്‌ പണിതുകൊള്ളാം . എന്നെക്കാൾ അർഹരായ ഒരുപാട്‌ പേരുണ്ട്‌. നിങ്ങൾ അവരെ സഹായിക്കു ” എന്നാണ്‌ ബിനീഷ്‌ പറഞ്ഞത്‌ .

ബിനീഷ്‌ ബാസ്റ്റിൻ ആരുടെയും കാരുണ്യമാഗ്രഹിക്കുന്നില്ല . ബിനീഷിന്‌ കഴിവുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അറ്റിന്‌ അർഹാമായ അംഗീകാരം മാത്രമേ ബിനീഷ്‌ ചോദിക്കുന്നൊള്ളു .

ഏതായാലും ബിനീഷിനോട്‌ മാപ്പ്‌ പറയുന്നത്‌ വരെ ഈ ” മേനോന്റെ ” സിനിമ , ഇനി ടോം ഹാങ്ക്സ്‌‌ വന്ന് അഭിനയിചാലും കാണില്ല എന്ന് ഉറപ്പിച്ചു .

” ടീമെ .. നിങ്ങ പൊളിയല്ലെ ”

*****

Deepa Nisanth  എഴുതുന്നു

പാലക്കാട് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട വീഡിയോ കണ്ടു.അനിൽ രാധാകൃഷ്ണമേനോനെതിരെയുള്ള ആക്രോശങ്ങൾ അതേ അളവിൽ കോളേജ് യൂണിയനെതിരെയും ആകാവുന്നതാണ്.’ തൻ്റെ സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരുത്തൻ്റെ കൂടെ വേദി പങ്കിടില്ലെ’ന്ന മേനോൻ ധാർഷ്ട്യത്തെ വകവെച്ചു കൊടുക്കാൻ ആർക്കായിരുന്നു നിർബന്ധം? ബിനീഷിൻ്റെ പുറകെ ഓടിനടന്ന് ഭീഷണിപ്പെടുത്തുന്ന പ്രിൻസിപ്പാളെയൊക്കെ കൂവിത്തോൽപ്പിച്ച് ആ വേദിയിൽ നിന്ന് ആ മേനോനെ ഇറക്കിവിടാൻ പറ്റിയില്ലെങ്കിൽ എന്തിനാണ് മക്കളേ അവിടെ കോളേജ് യൂണിയൻ ?


Deepthy Praveen

ഈ നൂറ്റാണ്ടിലും തൊലി വെളുപ്പും ജാതിവാലും പിടിപാടുകൊണ്ടും ആഢ്യത്വം കാണിക്കുന്ന മേനോനും ഇല്ലായ്മയിലും ജീവിതത്തോടു പടപൊരുതുന്ന ബിനീഷ് ബാസ്റ്റിനും ഒരു പ്രതീകം തന്നെയാണ്….

എത്രയൊക്കെ പുറം മിനുക്കി , പുറമേ ഭാവിച്ചാലും ഉള്ളിന്റെയുള്ളില് ചില മനുഷ്യര് കൂട്ടി വെച്ചിരിക്കുന്ന അഹന്തയുടെ , ജന്മിത്വത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുക തന്നെ ചെയ്യും…… അടിച്ചമര്ത്തി വെയ്ക്കുന്ന മുഖംമൂടികള് അറിയാതെ വീണുടയും …

ക്ഷണിച്ചു വരുത്തിയ ഒരു അതിഥിയെ മറ്റൊരുവന്റെ വാക്ക് കേട്ടു സ്റ്റേജില് കയറാതെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന പ്രിന്സിപ്പലും ബിനീഷ് ബാസ്റ്റിന് സ്റ്റേജില് കയറി സംസാരിക്കാന് തുടങ്ങിയപ്പോള് സ്റ്റേജില് നിന്നും ഇറങ്ങിപ്പോയവരുടെയും എല്ലാം ഉള്ളില് ജാതിമത,തൊഴില് വേര്തിരിവ് ശക്തമാണെന്നു പറയാതെ വയ്യ….അതാണ് സമൂഹം…ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തില് മനുഷ്യനെ വേര്തിരിക്കുന്ന കോലങ്ങള്…… ഇൗ നൂറ്റാണ്ടിലും ഒന്നിനും മാറ്റമില്ലാതെ ഒരു വിഭാഗം മനുഷ്യരുടെയുളളില് ഇവയൊക്കെ ഒഴിഞ്ഞു കിടപ്പുണ്ട്…. ഇത്രയൊക്കെ അപമാനിക്കപെട്ടിട്ടും ആ സ്റ്റേജില് കയറി സംസാരിക്കാന് ധൈര്യം കാട്ടിയ ബിനീഷ് ബാസ്റ്റിനെ സമ്മതിച്ചിരിക്കുന്നു…

”’‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്’-

******

സന്ദീപ് സേനൻ (നിർമ്മാതാവ് ) എഴുതുന്നു

ഈ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന പച്ച മനുഷ്യന്‍ . അനില്‍ രാധാകൃഷ്ണ മേനോന്‍ന്റെ നില്പില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍ , നിങ്ങള്‍ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളില്‍ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം.

****

Saradakutty Bharathikutty എഴുതുന്നു

എന്തു കാരണം കൊണ്ടായാലും പരസ്യവേദിയിൽ ക്ഷണിക്കപ്പെട്ട അതിഥികളോട് രണ്ടു തരം പെരുമാറ്റം പാടില്ലാത്തതാണ്. കോളേജധികൃതരാണ് അത് സാധിക്കില്ല എന്ന് കൊമ്പത്തെ സംവിധായകനോടു പറയേണ്ടിയിരുന്നത്. റോസിക്കിഷ്ടമില്ലെങ്കിൽ റോസിക്ക് ഈ വീട്ടിൽ നിന്നു പോകാം എന്നോ മറ്റോ ഇല്ലേ. ഇത്തരം സന്ദർഭങ്ങളിലാണത് പറയേണ്ടത്.

അനിൽ രാധാകൃഷ്ണമേനോന്റെ (ആൾ ആരാണെന്നെനിക്കറിയില്ല), മാടമ്പിത്തരത്തേക്കാൾ, അൽപത്തത്തേക്കാൾ, ആത്മവിശ്വാസമില്ലായ്മയേക്കാൾ, കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്കാര ശൂന്യതയുമാണ് വല്ലാതങ്ങു വെളിപ്പെട്ടു പോയത്.

കാംപസിൽ നിന്ന് രാഷ്ട്രീയമില്ലാതായാൽ സംഭവിക്കുന്ന അപകടമാണിത്. കുട്ടികൾ ഇങ്ങനെ നിശ്ശബ്ദരാക്കപ്പെടും. ബ്രോയ്ലർ കോഴികളെപ്പോലെ ക്വാക് ക്വാക് എന്നൊച്ച വെക്കുകയല്ല, സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നിൽക്കുമായിരുന്നു ഞാൻ പഠിപ്പിച്ച പാവപ്പെട്ട കോളേജിലെ കുട്ടികളായിരുന്നുവെങ്കിൽ. അവർക്ക് സംഘടനാ ബോധമുണ്ട്. അഭിമാനബോധമുണ്ട്. അപമാനിക്കപ്പെടുന്നവരുടെ ഉള്ളിൽ നിന്നുയരുന്ന നിലവിളി മനസ്സിലാകും.

***********

Dr Deepu Sadasivan എഴുതുന്നു

അധികം പേരും ശ്രദ്ധിച്ചിട്ടില്ലാന്ന് തോന്നുന്നു. പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പിന് കീഴിൽ സ്ഥാപിതമായ മെഡിക്കൽ കോളേജിലാണ് ഒരു മനുഷ്യനെ അയിത്തം കൽപ്പിച്ച് അകറ്റി നിർത്താൻ ശ്രമിച്ചത് !

70% സീറ്റ് SC/ST ക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്ന കോളേജ്. ഇത്തരമൊരു വരേണ്യതാ ബോധം മുൻനിർത്തി നിലപാട് എടുക്കുന്ന പ്രിൻസിപ്പാളും അധികാരികളും സമാന കാര്യങ്ങളിൽ പുലർത്തുന്ന ധാർമ്മികത/സമീപനം എന്താവും?

ചിന്തിക്കേണ്ട കാര്യമാണ്.

ഇന്ത്യയിൽ ആദ്യമായി പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമായ എന്ന ചരിത്ര പശ്ചാത്തലമുള്ള ഈ കോളേജ് തുടക്കം തൊട്ടേ മോശം കാര്യങ്ങളാലും വിവാദങ്ങളാലും കളങ്കപ്പെടുന്ന പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്.

ബിനീഷ് ബാസ്റ്റിനെ പോലെ ഒരാൾ പ്രതികരിച്ചത് ഉചിതമായി, അവിടത്തെ കുട്ടികളുടെ പ്രതികരണ ശേഷിയൊക്കെ നിർവ്വീര്യമാക്കപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നു.

ചെറിയ കുട്ടികളാണ് ഇതും തിരിച്ചറിവിനുള്ള അവസരമാണ്, ഉച്ച നീചത്വങ്ങൾക്കെതിരെ നിലകൊള്ളാനിനിയും അവസരങ്ങൾ മുന്നിൽ വരും, ഉണരുക.

മലയാളികളിൽ ഒരു വലിയ വിഭാഗം വിചാരിച്ചാൽ മ്യേനോൻ സാറ് നാളെ ചാൻസ് ചോദിച്ച് അലയുന്ന അവസ്ഥയും ഉണ്ടാവാം സാറേ.

യാദൃശ്ചികമാണെങ്കിലും ഈ ദൃശത്തിലെ കറുപ്പും വെളുപ്പും വിന്യാസം പോലും ഹൃദയത്തിൽ തറച്ചു.
പാ രഞ്ചിത്തിന്റെ കാലാ സിനിമയിലെ ഷോട്ട് പോലെ, എന്തിന് ബലൂണുകൾ പോലും!

***********

NP Muraleekrishnan എഴുതുന്നു

നാദിര്‍ഷായുടെ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരുടെ ജീവിതം അടയാളപ്പെടുത്തുന്ന ഒരു സീനുണ്ട്. സ്ഥിരം കള്ളനും സ്ഥിരം ഗുണ്ടയും സ്ഥിരം സെക്യൂരിറ്റിയും സ്ഥിരം കൈനോട്ടക്കാരനുമെല്ലാമുണ്ട് സീനില്‍. അക്കൂട്ടത്തില്‍ ഒരാളായി ബിനീഷ് ബാസ്റ്റിനുമുണ്ട്. അടുത്ത സിനിമയില്‍ നല്ലൊരു വേഷമുണ്ട് എന്നു ബിനീഷ് പറയുമ്പോള്‍ ബാക്കിയെല്ലാവരും ചിരിക്കുന്നു. അപ്പോള്‍ മറുപടിയായി നിഷ്‌കളങ്കമായ ചിരിയോടെ “അല്ല, ശരിക്കും നല്ല വേഷമാണ്” എന്ന് ബിനീഷ്.
ഇത് ബിനീഷിനെപ്പോലെ സിനിമ സ്വപ്‌നം കാണുന്ന നിരവധി പേരുടെ യഥാര്‍ത്ഥ ജീവിതാവസ്ഥ തന്നെയാണ്. അവസരങ്ങള്‍ തേടി ഒരുപാട് അലഞ്ഞിട്ടാണ് പലരും ഒരു കര പറ്റുന്നത്. ഇങ്ങനെ കൂട്ടത്തിലൊരാളായും ഒന്നോ രണ്ടോ സീനിലുമായി ബിനീഷ് കുറച്ചു വര്‍ഷങ്ങളായി സിനിമയിലുണ്ട്. അയാളെ മലയാളികള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഉദ്ഘാടനങ്ങള്‍ക്കും മറ്റും വിളിക്കുന്നത്.
ഇങ്ങനെ ആര്‍ക്കും ദ്രോഹമില്ലാതെ സ്വന്തം പരിശ്രമത്തില്‍ കഷ്ടപ്പെട്ട് വളര്‍ന്നുവരുന്ന ഒരു സാധാരണക്കാരനെ അവഹേളിക്കുന്നയാള്‍ എത്ര മഹത്തരമായ ജീവിതകഥ പറയുന്ന സിനിമയെടുത്തിട്ടും എന്തു കാര്യമാണുള്ളത്? (മേനോന്റെ നോര്‍ത്ത് 24 കാതം എനിക്ക് ഇഷ്ടമുള്ള സിനിമയാണ്) ചാന്‍സ് ചോദിച്ചാലല്ലേ അയാള്‍ക്ക് സിനിമ കിട്ടൂ. അല്ലാതെ അവസരം കിട്ടാന്‍ അയാള്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ശ്രീനിവാസന്റെയോ ജയറാമിന്റെയോ ഫാസിലിന്റേയോ ഒന്നും മകനല്ലല്ലോ. അങ്ങനെ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെയടുത്തും ‘ഈ മൂന്നാം കിട’ നടന്‍ അവസരം ചോദിച്ചു ചെന്നിട്ടുണ്ടാകും. അത് അയാള്‍ക്ക് സിനിമയോടുള്ള അഭിനിവേശം ഒന്നു കൊണ്ടു മാത്രമാണ്. അത് മേനോന് മനസ്സിലാക്കിക്കൂടേ? അവസരമില്ലെങ്കില്‍ പറഞ്ഞുവിടാം, അത് സാധാരണം. പക്ഷേ വേദി പങ്കിടില്ലെന്നൊക്കെ പറയുന്നത് എന്തുതരം സവര്‍ണബോധത്തില്‍ നിന്നുടലെടുത്ത ചിന്തയായിരിക്കും?
ഇത് കേവലം ഒരു അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സവര്‍ണ മനസ്സിന്റെ മാത്രം പ്രശ്‌നമല്ല. വിളിച്ചുവരുത്തിയ അതിഥിയോട് മടങ്ങിപ്പോകണമെന്നും അല്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും പറഞ്ഞ് അപമാനിച്ച ആ പ്രഥമാദ്ധ്യാപകന്റെ മാനസികനില എന്തായിരിക്കും? ബാസ്റ്റിനു വേണ്ടി ഒരക്ഷരം പോലും പറയാന്‍ ശബ്ദമുയരാത്ത കോളേജ് ചെയര്‍മാന്റെയോ യൂണിയന്റെയോ അല്ലെങ്കില്‍ അവിടത്തെ ഏതെങ്കിലുമൊരു വിദ്യാര്‍ത്ഥിയുടേയോ അദ്ധ്യാപകന്റെയോ പൗരബോധം എന്തു തരത്തിലുള്ളതായിരിക്കും?
കോളേജ് യൂണിയന്‍ എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാനും ഉറച്ച തീരുമാനമെടുക്കാനും ശേഷിയുള്ള ചട്ടക്കൂട് തന്നെയായിരിക്കണം. ബാസ്റ്റിനൊപ്പം വേദി പങ്കിടില്ല എന്ന് മേനോന്‍ പറയുമ്പോള്‍, “അതെങ്ങനെ മേനോനെ, നിങ്ങളെപ്പോലെ അയാളെയും ഞങ്ങള്‍ വിളിച്ചതല്ലേ, ഒന്നുകില്‍ നിങ്ങളൊരുമിച്ച് പങ്കെടുക്കുക, അല്ലെങ്കില്‍ മേനോന്‍ മടങ്ങിപ്പോകുക’. മേനോനും ബാസ്റ്റിനും ഒരേ പ്രിവിലേജ് തന്നെയാണ് സൊസൈറ്റിയിലുള്ളത്” എന്നു തന്നെ പറയാന്‍ യൂണിയനോ ചെയര്‍മാനോ സാധിക്കണം. അതെങ്ങനെ, വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ കോളേജിനകത്ത് പതിഷേധിച്ച വിദ്യാര്‍ത്ഥി സംഘടനയെ ഭീഷണിപ്പെടുത്തുകയും കൊടിതോരണങ്ങളും പ്ലക്കാര്‍ഡുകളും നശിപ്പിക്കുകയും ചെയ്യുന്ന ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനാ യൂണിയൻ ഭരിക്കുന്ന കലാലയങ്ങളുള്ള നാടാണിത്. അത്തരം ഇടങ്ങളില്‍ നിന്ന് സമത്വവും അവകാശവും തുല്യനീതിയും പ്രതീക്ഷിക്കുന്നതേ പാഴ് വ്യായാമം.
ബിനീഷിന് സഹിക്കേണ്ടി വന്ന അപമാനം അയാളുടെ മാത്രം വലിയ സങ്കടമാണ്. ആ മുറിവ് ഇടയ്ക്കിടെ വേദനപ്പെടുത്തി അയാളുടെ ശരീരത്തില്‍ തന്നെയുണ്ടാകും. എങ്കിലും ബിനീഷിന് താത്കാലികമായി ആശ്വസിക്കാം, യാതൊരു നാട്യങ്ങളുമില്ലാത്ത, മണ്ണില്‍ ചവിട്ടി വന്ന ഒരു മനുഷ്യനാണ് നിങ്ങളെന്ന് തിരിച്ചറിയുന്ന കുറേ മനുഷ്യരുണ്ട്, അവര്‍ നിങ്ങളുടെ സങ്കടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട്.