“അവന്റെ അമ്മ താഴ്‌ന്ന ജാതിക്കാരെ വീട്ടിൽ കേറ്റത്തില്ല. ശരിക്കും അങ്ങനാ നമ്മളും ചെയ്യേണ്ടത്‌, അവരൊന്നും അത്ര ശരിയല്ല.” പത്ത്‌ വർഷം മുൻപ്‌ കേട്ടതാണ്‌”

  0
  290
  Dr. Shimna Azeez
  “അവന്റെ അമ്മ താഴ്‌ന്ന ജാതിക്കാരെ വീട്ടിൽ കേറ്റത്തില്ല. ശരിക്കും അങ്ങനാ നമ്മളും ചെയ്യേണ്ടത്‌, അവരൊന്നും അത്ര ശരിയല്ല.” പത്ത്‌ വർഷം മുൻപ്‌ കേട്ടതാണ്‌.
  ‘ജാതി’ എന്നൊരു സാധനം ഇച്ചിരെ സീരിയസായ വിഷയമാണെന്ന്‌ ജീവിതത്തിൽ ആദ്യമായി തോന്നിയത്‌ അന്നാണ്‌. പിന്നീട്‌ പലപ്പോഴും തേച്ച്‌ മിനുക്കിയ ജാതിമതഭേദമന്യേയുള്ള ഡോക്‌ടർമാരുടേത്‌ ഉൾപ്പെടെയുള്ള പല മുഖങ്ങളിൽ നിന്ന്‌ സഹപ്രവർത്തകരെക്കുറിച്ച്‌ “അതൊക്കെ എസ്‌സി എസ്‌ടി റിസർവേഷനിൽ കേറിയതാ, അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി” എന്ന്‌ കേട്ട്‌ ഓക്കാനം വന്നിട്ടുണ്ട്‌.
  കഴിഞ്ഞ ദിവസം കോളേജിൽ ‘പാട്ടും പറച്ചിലും’ എന്ന പേരിൽ നടന്ന പരിപാടിയിൽ പുലയനും പറയനുമൊക്കെ അനുഭവിച്ചത്‌ വിശദമായി കേട്ടപ്പോൾ തരിച്ചിരുന്ന്‌ പോയി. എം.മുകുന്ദന്റെ ‘പുലയപ്പാട്ട്‌’ വർഷങ്ങൾക്ക്‌ മുൻപ്‌ വായിച്ച ശേഷം അവരെക്കുറിച്ച്‌ ഇത്രയേറെ വായിച്ചതും ഈ പരിപാടി കണ്ട ഹാങ്ങോവറിലായിരുന്നു.
  Image result for caste discrimination CATOONആ കാലത്ത്‌, പാടവരമ്പത്ത്‌ കുഴി കുത്തി ചേമ്പില വിരിക്കുമത്രേ. പണിക്കാരന്‌ പഴങ്കഞ്ഞി കൊടുക്കാൻ പറമ്പിൽ കുത്തുന്ന കുഴി ഓർത്തോ? ഇത്‌ അതല്ല. പെറ്റിടത്തൂന്ന്‌ എണീറ്റ്‌ വന്നോൾ കുണ്ട്‌ തോണ്ടിയതാ. എന്നിട്ട്‌, കുഞ്ഞിപ്പൈതലിനെ ഇലയിൽ കിടത്തി കണ്ടം തോറും ഞാറ്‌ നട്ട്‌ നടക്കും. മുലപ്പാല്‌ നിറഞ്ഞ അവളുടെ നെഞ്ചിനകവും പുറവും പൊള്ളുന്ന വെയിലത്ത്‌ വിങ്ങും. അവൾ ഉറക്കെയുറക്കേ താരാട്ട്‌ പാടും, ആ ശബ്‌ദം കേട്ടെങ്കിലും കുഞ്ഞൊന്നുറങ്ങിയിരുന്നെങ്കിൽ…
  കല്ലയും മാലയുമിട്ട കഴുത്തിന്‌ താഴെ പാൽ നിറഞ്ഞ്‌ പൊട്ടാനായ മുല നോക്കി വെള്ളമിറക്കി തമ്പ്രാൻമാര്‌ നിൽക്കും. ഉച്ചക്കാണ്‌, ആ ഭാരമിറക്കി പൈതലിന്‌ പള്ള നിറക്കാൻ അമ്മിഞ്ഞ കൊടുക്കാനാവുക. പാടത്താണ്‌ പണി, ആ മണിക്കൂറുകൾക്കിടയിൽ വരമ്പിടിഞ്ഞ്‌ കുഞ്ഞിനെ കിടത്തിയ കുണ്ടിൽ വെള്ളം നിറഞ്ഞ്‌ എത്രയോ കുഞ്ഞിമക്കൾ മരിച്ചു. ചത്ത്‌ പൊങ്ങിയ പൊന്നുണ്ണിയെ കണ്ട്‌ നെഞ്ചും തല്ലിക്കരഞ്ഞ്‌ അമ്മ ചെന്നാലും ഓളെ ഓടിക്കും തമ്പുരാമ്മാര്‌. ചോദ്യം ചെയ്‌ത എത്രയോ ആണുങ്ങളെ തച്ച്‌ കൊന്ന്‌ ചോരയൊലിപ്പിച്ച്‌ വരമ്പിൽ കുഴിച്ചിട്ട്‌ പശവരമ്പ് തീർത്ത്‌ പാടം കാത്തു. പകൽ 64 അടി ദൂരത്ത്‌ നിർത്തിയോളുടെ കാലിടക്ക്‌ പാതിരാത്രി പേരിന്‌ പോലും അയിത്തമില്ലാതായി.
  മാറ്‌ മറച്ചോരുടെ റൗക്കയരിഞ്ഞു, ചിലപ്പോൾ മുല തന്നെയും. എന്നിട്ടുമവർ കൂട്ടമായി സമരം ചെയ്‌തു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ അരിവാള്‌ കൊണ്ട്‌ കല്ലയും മാലയുമറുത്തു, മേൽക്കുപ്പായമണിഞ്ഞു. അന്നവർക്ക്‌ വേണ്ടി വാദിക്കാൻ വക്കീൽ ഫീസ്‌ കൊടുക്കാനില്ലാഞ്ഞിട്ട്‌ അവർ കുഴിച്ച്‌ കൊടുത്ത ഭീമൻ കുളമായിരുന്നു ഇന്ന്‌ നശിച്ച നിലയിൽ കിടക്കുന്ന കൊല്ലത്തെ കമ്മാൻ കുളം.
  കാളക്ക്‌ പകരം നുകത്തിൽ കെട്ടി പാടം ഉഴുവിച്ചും ചാട്ടക്ക്‌ അടി വാങ്ങിയും അന്ന്‌ നടന്നവർ എല്ലാ അടിച്ചമർത്തലും ചവിട്ടിമെതിച്ച്‌ പൊരുതി നേടിയ ശബ്‌ദമാണ്‌. തൊട്ടുകൂടായ്‌മയുടെ എല്ലാ അശ്ളീലവും ഇല്ലാതാക്കാൻ അവർ ശ്രമിച്ചത്‌ അത്ര മേൽ വിപ്ലവം നടത്തി തന്നെയാണ്‌. മാറു മറയ്‌ക്കൽ സമരവും പെരിനാട്ടിൽ നടന്ന കല്ലുമാലസമരവും എഴുതപ്പെട്ടിരിക്കാം. പാതിരാക്ക്‌ തന്നെ മോഹിച്ച്‌ വന്നവനോട്‌ പ്രതികരിച്ച്‌ ജീവൻ വെടിഞ്ഞോൾ ‘ദൈവക്കരു’ സങ്കൽപം പോലുമാകുന്നത്‌ ആ പ്രതികരണം അത്ര മേൽ ആദരവും അദ്‌ഭുതവുമായി അവർക്കിടയിൽ പരന്നത്‌ കൊണ്ടാകില്ലേ? ഇന്നതിവിടെ വാർത്തയാകില്ല തന്നെ. ഇപ്പോഴും കേരളത്തിൽ അവർക്കെതിരെ വെളിച്ചത്ത്‌ ഉപദ്രവമെറിയുന്നത്‌ ചർച്ചയെങ്കിലുമാകുന്നു.
  ഇവിടെ മുത്തങ്ങയിൽ നടന്നത്‌ നമ്മൾ എടുത്ത്‌ പറയുന്നുണ്ടാകാം, കേരളത്തിന്‌ പുറത്ത്‌ ദളിതനെ കൊല്ലുന്നതിന്‌ ശ്വാനവധത്തിന്റെ വില പോലും നൽകാത്ത സ്‌ഥിതിയാണ്‌. ആ വാർത്തകളോട്‌ ഇങ്ങ്‌ കൊച്ചുകേരളത്തിലുള്ള നമ്മൾ പോലും താദാത്മ്യപ്പെട്ട്‌ പോയിരിക്കുന്നു. തുണിയുരിഞ്ഞ്‌ പൊതിരെ തല്ലി തെരുവിലൂടെ നടത്തപ്പെടുന്ന പെണ്ണുങ്ങളും ജാതിയുടെ പേരിലാണ്‌. അവളെ അഭിമാനത്തോടെ ഓടി ചെന്ന്‌ അടിനാഭിക്ക്‌ തൊഴിക്കുന്ന ഒരു വീഡിയോ ഈയിടെ എപ്പൊഴോ കണ്ടിരുന്നു. പണ്ടൊരിക്കൽ ഏതോ അടിവയറ്റിൽ നാമ്പിട്ടവനാണ്‌. മൃഗീയം എന്നൊന്നും പറയാതെ, അവരിങ്ങനല്ല.
  ഈ 2020ലും സകലമാനയിടത്തും ഒപ്പത്തിനൊപ്പം നിൽക്കുന്നവർക്ക്‌ പോലും പലപ്പോഴും ‘ജാതി’ എന്നൊരു ഭൂതം അപകർഷതയായി നിഴൽ വിരിച്ച്‌ നിൽക്കുന്നത്‌ കാണാം. അതിന്‌ കാരണവും നമ്മുടെ സമൂഹത്തിൽ തലമുറകളായി വേരുറച്ച്‌ പോയ ജാതീയതയാണ്‌. തെയ്യവും തിറയും ദൈവസങ്കൽപമായി വാമൊഴിയായി കൽപ്പിക്കുന്നത്‌ പുലയന്റെ ചങ്കിലെ തീമഴയുടെ കനലാണെന്ന്‌ കോളേജിൽ പാടിയ athul narukara പറഞ്ഞ്‌ തന്നപ്പോഴാണ്‌ അറിയുന്നത്‌. അന്ന്‌ മാത്രമായിരുന്നത്രേ അവർക്ക്‌ ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞിരുന്നത്‌, നാദമുണ്ടാകുന്നത്‌ !
  ആർക്കോ ജനിച്ചതിന്റെ നെഗളിപ്പിൽ(?) സഹജീവിയെ ജാതി വിളിച്ച്‌ അപമാനിച്ച്‌ ഞെളിയുന്നത്‌ വെണ്ണയിലൂടെ നടക്കുന്ന കണക്കൊരു ഈസി ജോബാണ്‌. ഇല്ലിക്കൂട്ടവും കാരമുള്ളും വകഞ്ഞ്‌ മാറ്റി കുപ്പിച്ചില്ലടക്കം കഴുത്തിൽ കെട്ടിത്തൂക്കി നടന്നവർ ഇന്ന്‌ വെളിച്ചത്ത്‌ നെഞ്ച്‌ വിരിച്ച്‌ നിൽക്കുമ്പോൾ തിരിച്ചോടിക്കുന്നു ചിലർ. നാണം കെട്ടവർ.
  എന്നിട്ടവരെ രഹസ്യമായി വിളിക്കുന്ന പേര്‌ ‘പുലയൻ/ചെറുമൻ/കണക്കൻ/ചൊവ്വൻ’ വേറേം എന്തൊക്കെയോ… “ഞങ്ങൾ നമ്പൂരികൾ മതം മാറി ഉണ്ടായതാ” എന്ന്‌ പറയുന്നോരുടെ ജാതി ഏതാണ്‌?
  ചെറുമൻ ചേറിന്റെ മകനാണ്‌. അവര്‌ നട്ട്‌ നനച്ചുണ്ടാക്കിയത്‌ നക്കി വടിച്ച്‌ തിന്നാൻ ഈ ഞെളിഞ്ഞ്‌ നിന്ന്‌ ജാതി വിളിക്കുന്നോരുടെ പൂർവ്വികർക്ക്‌ ഉളുപ്പില്ലായിരുന്നു. ഇരുട്ടിന്റെ കറുപ്പിൽ കാമം തീർക്കാൻ അറപ്പില്ലായിരുന്നു. എന്നിട്ട്‌ ഇന്നും പാരമ്പര്യത്തിലെ ചലം നക്കിയീമ്പി കുടിച്ച്‌ തെമ്മാടിത്തരം പറയുന്നവരുടെ വിവരക്കേടും വിദ്യാഭ്യാസയോഗ്യതയും തമ്മിലുള്ള അനുപാതമെന്താണ്‌? വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ അളവുകോലേയല്ല എന്ന്‌ കേട്ടിട്ടില്ലേ? ദളിതനെ ‘പേര്‌ വിളിക്കാൻ’ മത്സരിക്കുന്നു തലച്ചോറ്‌ ശുഷ്‌കിച്ച നമ്മളിന്നും. പേര്‌ വിളിച്ചാൽ എന്തിന്‌ മോശമായി തോന്നണമെന്നാണോ? ‘അധ:കൃതർ’ എന്നതിന്‌ പര്യായമായിട്ടാണ്‌ ഇന്നും ആ ജാതിവാലുകൾ അറിയപ്പെടുന്നത്‌ എന്നത്‌ ഒരു സാമൂഹികയാഥാർഥ്യം ആയത്‌ കൊണ്ട്‌ തന്നെ.
  നാടിന്റെ നട്ടെല്ലായിരുന്നവരെ അപമാനിക്കാൻ ഇന്നും ഉള്ളിന്റെയുള്ളിൽ ജാതി കാക്കുന്ന പ്രബുദ്ധ കാപട്യ ജന്തുവാണ്‌ മലയാളി. സംശയണ്ടേൽ ഒരു കല്യാണം ആലോചിക്കുന്ന കുടുംബത്തിൽ അന്വേഷിക്കൂ.അതുമല്ലെങ്കിൽ അയലോക്കത്ത്‌ പുതിയൊരു വീട്ടുകാർ വന്ന വിശേഷം ആരായുന്നിടത്തേക്ക്‌ ചെവിയോർക്കൂ… കേൾക്കാം..”നമ്മളെ ജാത്യാ?”