മുസ്‌ലിം/അമുസ്‌ലിം എന്ന്‌ സ്വയം വിഭജിക്കുന്നിടത്ത്‌ അമിത്‌ ഷായും മോഡിയും ദംഷ്‌ട്ര കാണിച്ച്‌ ചിരിക്കുന്നത്‌ മുന്നിൽ കാണണം, വിഭജനം വിഷമാണ്‌

179

Dr. Shimna Azeez

പൗരത്വബിൽ മുസ്‌ലിമിന്‌ എതിരെ തന്നെയാണ്‌. ഇന്നത്‌ കുടിയേറിയവർക്ക്‌ നേരെയാണ്‌. എന്നാൽ, ‘മുസ്‌ലിംവിരുദ്ധത’യെന്ന പ്രഥമ അജണ്ട ഏത്‌ വഴിക്കും വളച്ചൊടിക്കാൻ കഴിയുന്ന കേന്ദ്രസർക്കാർ നാളെ ഈ രാജ്യത്ത്‌ മുസൽമാന്‌ ജീവിക്കാനുള്ള അവകാശത്തിനെതിരെ ഏതറ്റം വരെ പോകുമെന്നതിന്റെ സൂചകം തന്നെയാണ്‌ Citizenship Amendment Act 2019.

പക്ഷേ ഇതേത്തുടർന്ന്, ജാമിയയിലെ പോലീസിന്‌ നേരെ വിരൽ ചൂണ്ടുന്ന റെന്നയും പോലീസിന്റെ അടി കൊണ്ട്‌ വീണ ഷഹീനും ഷഹീനെ പെൺപട പൊതിഞ്ഞ്‌ പിടിച്ച് രക്ഷിച്ച്‌ കഴിഞ്ഞ്‌ ഹോസ്‌റ്റൽ ഗേറ്റിന്റടുത്ത്‌ തല കറങ്ങി വീണ ലദീദയേയും ‘മലയാളി മുസ്‌ലിം’ എന്ന്‌ പറഞ്ഞ്‌ നമ്മൾ ആഘോഷിക്കുന്നിടത്ത്‌ പതിയിരിക്കുന്നൊരു വലിയ അപകടമുണ്ട്‌.

തലപ്പത്തെ തമ്പ്രാക്കൾ ആവശ്യപ്പെടുന്ന ഇന്ത്യയിൽ ‘ഞാൻ മുസ്‌ലിം, നീ ഹിന്ദു’ ഐഡന്റിറ്റി നിർബന്ധമാണ്‌. ആ പരിപ്പ്‌ കേരളത്തിൽ വേവാത്തത്‌ നമ്മൾ ‘നമ്മൾ’ ആയി നിലകൊള്ളുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. അവർ തകർക്കാൻ ശ്രമിക്കുന്ന, ഏറെ അസ്വസ്‌ഥതയോടെ മാത്രം ഉറ്റുനോക്കുന്ന മതമൈത്രിയെ മുസ്‌ലിം സ്വത്വം കാണിക്കാൻ മത്സരിച്ച്‌ ഭിന്നത വളരും വിധമാകരുത്‌. ശബരിമലക്കാലത്തൊക്കെ സംഘികൾ ആഞ്ഞ്‌ ശ്രമിച്ചിട്ടും നമ്മൾ വിട്ടുകൊടുക്കാതിരുന്ന സ്വത്താണത്‌- നമ്മുടെ ഐക്യം.

ഡൽഹി ജാമിയ മില്ലിയയിലെ മുസ്‌ലിം പെണ്ണ്‌ പൊളിയാണേ, ഞങ്ങടെ ചെക്കൻ സൂപ്പറാണേ എന്ന്‌ പറഞ്ഞ്‌ ബഹളം വെക്കുന്നത്‌ ശരിയേ അല്ല. നമ്മളെല്ലാം നിലകൊള്ളുന്നത്‌ നമ്മുടെ ഭരണഘടനക്ക്‌ വേണ്ടിയാണ്‌. മുസ്‌ലിം/അമുസ്‌ലിം എന്ന്‌ സ്വയം വിഭജിക്കുന്നിടത്ത്‌ അമിത്‌ ഷായും മോഡിയും ദംഷ്‌ട്ര കാണിച്ച്‌ ചിരിക്കുന്നത്‌ മുന്നിൽ കാണണം. വിഭജനം വിഷമാണ്‌, പണ്ട്‌ വെള്ളക്കാരൻ പയറ്റിത്തെളിഞ്ഞ തെമ്മാടിത്തരമാണത്‌.

പ്രതിഷേധിക്കാനും സ്വന്തം നിലപാട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം ഏതൊരു വ്യക്‌തിക്കും ഭരണഘടന നൽകിയിട്ടുള്ളതാണ്‌. വിദ്യാർത്‌ഥികളെ റോഡിലിട്ട്‌ തല്ലി ചതക്കുന്നിടത്ത്‌ നമുക്കായ്‌ നില കൊണ്ട ജനാധിപത്യം ചത്തു മലക്കുകയാണ്‌. നമ്മുടെ വിരലിടയിലൂടെ ഊർന്ന്‌ പോകുന്ന അടിസ്‌ഥാന അവകാശങ്ങളെയാണ്‌ ചോരാതെ മാറാതെ മുറുകെ പിടിക്കേണ്ടത്‌, അതിനാണ്.

ഇന്നലെ വിദ്യാഭ്യാസവും ലോകപരിചയവും കൊണ്ട്‌ നേടിയ തന്റേടമെടുത്ത്‌ സുഹൃത്തിനെ പൊതിഞ്ഞ്‌ പിടിച്ച പെൺകുട്ടികളെപ്പോലെ ഭാരതത്തെ ചേർത്ത്‌ പിടിക്കാം. ഇന്ന്‌ മുസ്‌ലിമിന്റെ നെഞ്ചാംകോട്ട ലക്ഷ്യമിടുന്നവർ നാളെ ആരെയും കുരുതി കൊടുക്കാം, അതിനെല്ലാം വേണ്ടിയവർ ഏതറ്റവും വരെ പോകും.

ഭീകരതയെ കുറിച്ച്‌ ആവർത്തിച്ച്‌ കേട്ട്‌ അതിനോടുള്ള വികാരം നഷ്‌ടപ്പെട്ട്‌ ”വീട്ടിലാരും ചത്തില്ലല്ലോ, പോട്ടെ പുല്ല്‌” എന്ന്‌ ചിന്തിക്കുന്നിടം വരെ നമ്മൾ അധപതിക്കാതിരിക്കട്ടെ. കലാപകാരികളെ ‘വസ്‌ത്രം കൊണ്ട്‌’ തിരിച്ചറിയുന്ന ഇപ്പോഴും തത്വത്തിൽ കാക്കി ട്രൗസറിനകത്ത്‌ നില കൊള്ളുന്ന പ്രധാനമന്ത്രി എറിയുന്ന ബോംബിലും കണ്ണീർവാതകത്തിലും നമ്മുടെ കാഴ്‌ച മറയാതിരിക്കട്ടെ. അരാഷ്‌ട്രീയത എന്നത്‌ സുരക്ഷാകവചമല്ല, മുട്ടൻ പണിയാണെന്ന്‌ തിരിച്ചറിയാനുള്ള ബോധം നമുക്കുണ്ടാകട്ടെ. ജനാധിപത്യം പുലരട്ടെ.