ജീവിക്കാൻ അർഹതയുണ്ടായിരുന്ന ഒരുവൾ അധ്യാപകരുടെ അനാസ്‌ഥ കൊണ്ട്‌ പോയി, ഇനിയുമൊരു കുഞ്ഞിന്‌ ഇത്‌ സംഭവിക്കരുത്‌

193

Dr. Shimna Azeez

കഴിഞ്ഞാഴ്‌ച മോന്റെ സ്‌കൂളിൽ നിന്നൊരു കോൾ വന്നു, അവന്റെ ക്ലാസ്‌ ടീച്ചറാണ്‌.

“ഇഷാൻ ഒന്ന്‌ വീണു. അവന്റെ കൈയിന്‌ ഒരു വളവ്‌ കാണുന്നു, നീരും വെച്ചിട്ടുണ്ട്‌. ഞങ്ങളവനെ ആശുപത്രിയിലേക്ക്‌ കൊണ്ടു വരികയാണ്‌.”

സ്‌കൂളിനടുത്തുള്ള ആശുപത്രിയിലേക്കാണ്‌ അവർ കൊണ്ടു വരുന്നത്‌. അവനെ ഞാൻ ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടു വരാൻ പറയാൻ തുടങ്ങിയെങ്കിലും വേണ്ടെന്ന്‌ വെച്ചു. അവിടെ നിന്ന്‌ എക്‌സ്‌റേ എടുക്കുമ്പൊഴേക്കും എനിക്ക്‌ ചെന്ന്‌ കൂട്ടിക്കൊണ്ടു വരാമല്ലോ.

അവർക്ക്‌ പെട്ടെന്ന്‌ വാഹനസൗകര്യം കിട്ടാത്തത്‌ കൊണ്ട്‌ അവർ വീണ്ടും വിളിച്ചപ്പോഴേക്ക്‌ ഞാൻ പാതി വഴി എത്തിയിരുന്നു. സ്‌കൂളിലേക്ക്‌ നേരിട്ട്‌ ചെന്നപ്പോൾ ക്ലാസ്‌ ടീച്ചറും പിടി സാറും ഓടി വന്നു. അവന്റെ കഴുത്തിലൂടെ സ്ലിങ്ങ്‌ ഇട്ട്‌ ഒടിവ്‌ സ്‌റ്റേബിൾ ആക്കിയിട്ടുണ്ട്‌. കുഞ്ഞ്‌ എന്നെ കണ്ടപ്പോൾ ഒന്ന്‌ കരഞ്ഞു, വേദനയുണ്ടെന്ന്‌ പറയുകയും ചെയ്‌തു. അവരോട്‌ യാത്ര പറഞ്ഞ്‌ മോനെ കൂട്ടി വന്നു. അവന്റെ കൈയിലെ ഒടിവിന്‌ പ്ലാസ്‌റ്റർ ഇട്ട്‌ ആൾ ഇപ്പോ വിശ്രമത്തിലാണ്‌.

ഇത്രയും പറഞ്ഞതിനടിസ്‌ഥാനം പത്ത്‌ മിനിറ്റ്‌ മുൻപ്‌ കണ്ടൊരു വീഡിയോയാണ്‌. ഇന്നലെ വയനാട്ടിലെ സ്‌കൂളിൽ പാമ്പിന്റെ കടിയേറ്റ്‌ മരിച്ച കുട്ടിയുടെ സഹപാഠികൾ ചാനലുകളോട്‌ സംസാരിക്കുന്ന വീഡിയോ. സ്‌കൂളിലെ ചുമരിൽ പാമ്പ്‌ സസുഖം താമസിക്കുന്ന പൊത്ത്‌ എങ്ങനെ വന്നു എന്നത്‌ ആദ്യചോദ്യം, അവിടിരിക്കട്ടെ. മരിച്ച കുട്ടി, പാമ്പിന്റെ കടിയേറ്റെന്ന്‌ മൂന്നാല്‌ തവണ പറഞ്ഞിട്ടും, പല അധ്യാപകർക്കും കാർ ഉണ്ടായിരുന്നിട്ടും രക്ഷിതാവ്‌ വരാൻ കാത്തിരുന്നു പോലും. കൂടെയുള്ള ഈ കുട്ടികളുടെ പ്രതിഷേധം പോലും ഏതോ അധ്യാപകൻ വടി കാണിച്ച്‌ ആട്ടിയോടിക്കുകയാണ്‌ ചെയ്‌തത്‌ പോലും. പാമ്പിനെ വളർത്തുന്ന ക്ലാസിൽ ചെരിപ്പിടാൻ പാടില്ലെന്ന്‌ നിയമവും! ഏത്‌ ഗണത്തിലാണ്‌ ആ അധ്യാപകരുടെ നിലപാടിനെ ചേർക്കേണ്ടത്‌?

മക്കൾ ഒരു തലവേദന പറഞ്ഞാലോ ഛർദ്ദിച്ചാലോ പോലും അതീവജാഗ്രതയോടെ വിളിച്ച്‌ പറയുന്ന ക്ലാസ്‌ അധ്യാപകരെയാണ്‌ പരിചയം. അവർ രണ്ടു പേരും ഒരു സാധാരണ സ്‌കൂളിലാണ്‌ പഠിക്കുന്നതും. പോയിട്ടുള്ള സർക്കാർ സ്‌കൂളുകളിൽ എല്ലാം തന്നെ പല ഗണത്തിൽ പെട്ട അധ്യാപകരെ കണ്ടിട്ടുണ്ട്‌. മിക്കവർക്കും കുട്ടികളെ അതുപോലെ ഇഷ്‌ടമാണ്‌.

ഇനി ഏത്‌ കൂട്ടത്തിൽ പെട്ടവരാകട്ടെ, ഒരു കുട്ടി ‘പാമ്പ് കടിച്ചു’ എന്ന്‌ പറയുമ്പോൾ ഏറ്റവും ചുരുങ്ങിയത്‌ സത്യമാണോ എന്നറിയാനെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകില്ലേ? ഒരു കാരണവശാലും സമയം വൈകിക്കാതെ ആശുപത്രിയിൽ എത്തിക്കേണ്ടുന്ന എമർജൻസിക്ക്‌ ഈ അലസത കാണിച്ചത്‌ ഏത്‌ രീതിയിലാണ്‌ ന്യായീകരിക്കുക? കാലിൽ കെട്ട്‌ ഇട്ട ശേഷം പിതാവിനെ കാത്തിരുത്തി എന്ന്‌ വരെ സഹപാഠികൾ പറയുന്നുണ്ട്‌. അപ്പോൾ, അറിഞ്ഞോണ്ടായിരുന്നോ?

അധ്യാപകർക്കെതിരെ പാര വെക്കാനും കള്ളം പറയാനും പ്രായം കൊണ്ട്‌ ഈ കുട്ടികൾ ആയിട്ടില്ല. അൽപം കൂടി മുതിർന്ന കുഞ്ഞുങ്ങൾ ആയിരുന്നെങ്കിൽ അവർ മീഡിയയുടെ മുന്നിൽ ഇത്ര ധൈര്യത്തോടെ ഇത്‌ പറയുകയുമില്ല. അവരുടെ നൊമ്പരവും ആത്മാർത്‌ഥതയും അവരുടെ വാക്കിലെ ശൗര്യത്തിലുണ്ട്‌.

ജീവിക്കാൻ അർഹതയുണ്ടായിരുന്ന ഒരുവൾ അധ്യാപകരുടെ അനാസ്‌ഥ കൊണ്ട്‌ പോയി. ഇനിയുമൊരു കുഞ്ഞിന്‌ ഇത്‌ സംഭവിക്കരുത്‌. ശക്‌തമായ നടപടി ഉണ്ടാകണം. ഉണ്ടായേ മതിയാകൂ.

 

Advertisements