തീയും തീപ്പെട്ടിയും കയറ്റാൻ പാടില്ലാത്ത ട്രെയിനിൽ തീ വെച്ച്‌ ആരാധന നടത്തുന്നത്‌ ടിടിഇ തന്നെയാണ്‌

96
Dr. Shimna Azeez
വാരണാസി ഇൻഡോർ കാശി മഹാകാൽ എക്‌സ്‌പ്രസിലെ B5 കോച്ചിലെ സീറ്റ്‌ നമ്പർ അറുപത്തിനാല്‌ പൂജക്കായി വിട്ടു കൊടുത്തിരിക്കുന്നു. തീയും തീപ്പെട്ടിയും കയറ്റാൻ പാടില്ലാത്ത ട്രെയിനിൽ തീ വെച്ച്‌ ആരാധന നടത്തുന്നത്‌ ടിടിഇ തന്നെയാണ്‌. മൈ ക്വസ്‌റ്റ്യൻ ഈസ്‌, ഇനിയിപ്പോ എല്ലാ ട്രെയിനിലും ഇത്‌ പോലെ അമ്പലം പണിയുമോ ? പ്രധാൻമന്ത്രീജീ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌ത ഈ ട്രെയിനിൽ വിളക്ക്‌ സോറി, പൂജാദീപം മറിഞ്ഞ്‌ തീ പിടിച്ച്‌ ആൾക്കാര്‌ വെന്ത് മരിച്ചാൽ ആര്‌ സമാധാനം പറയും? അവരേം അമ്പലത്തിലെ പ്രതിഷ്‌ഠയാക്കുമോ, ‘റയിൽവേ ശഹീദാനന്ദ’ എന്നോ മറ്റോ പേരിട്ട്‌.
ആർത്തവമുള്ള സ്‌ത്രീക്ക്‌ ടിക്കറ്റ്‌ കൊടുക്കുമോ? കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഭുജിൽ സ്‌ഥിതി ചെയ്യുന്ന ഒരു വിമൻസ്‌ കോളേജ്‌ ഹോസ്‌റ്റലിലെ പെൺകുട്ടികൾ ‘ആർത്തവമില്ല’ എന്ന്‌ തെളിയിക്കാൻ അടിവസ്‌ത്രം അഴിച്ച്‌ കാണിക്കേണ്ടി വന്ന വാർത്ത കണ്ടിരുന്നു. അവർ ക്യാമ്പസിലെ അമ്പലത്തിലോ അടുക്കളയിലോ കയറുന്നതും മറ്റുള്ള പെൺകുട്ടികളെ സ്‌പർശിക്കുന്നതും തടയാൻ(!) വേണ്ടിയായിരുന്നത്രേ അത്‌. ഇങ്ങനത്തെ വല്ല സജ്ജീകരണങ്ങളും ട്രെയിനിൽ ഒരുക്കാൻ സാധ്യതയുണ്ടോ?
ഗംഗാശുദ്ധീകരണത്തിനായി 7000 കോടി ചിലവഴിച്ചതെല്ലാം വളരെ മികച്ച മുന്നേറ്റമാണ്‌! പ്രതിമകളും എട്ടടിയുള്ള മതിലുമൊക്കെയായി പത്ത്‌ രണ്ടായിരം കോടിയുടെ മീതേ ചിലവാക്കീട്ടുണ്ട്‌ എന്നറിഞ്ഞതും എനിക്ക്‌ പുളകം പകരുന്നു. ഇരുപത്‌ കോടിയിലേറെ പേർ വിശന്നുറങ്ങുന്ന രാജ്യമാണ്‌ നമ്മുടേത്‌. ദേശീയപാത, ജലപാത, റെയിൽവേ എന്നിവയൊക്കെ നന്നായി വികസിപ്പിക്കുന്നുണ്ടത്രേ. സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ഉദ്‌ഘാടനം ചെയ്‌ത വാർത്ത കണ്ടപ്പോൾ ഓർത്തത്‌ പ്രസവസമയത്ത്‌ കുഞ്ഞിന്റെ അരക്കെട്ട്‌ ആദ്യം പുറത്ത്‌ വന്നപ്പോൾ മെയിൽ അറ്റന്റർ പിടിച്ച്‌ വലിച്ച്‌ തല ഗർഭാശയത്തിനകത്തും ഉടൽ വേറിട്ട്‌ പുറത്തും ആയിപ്പോയ രാജസ്‌ഥാനിൽ നിന്നുള്ള വാർത്തയാണ്‌. ആരോഗ്യരംഗത്തെ അടിസ്‌ഥാനസൗകര്യങ്ങൾ പോലും പല സംസ്‌ഥാനങ്ങളിലും മനോഹരമായ നടക്കാത്ത സ്വപ്‌നം ആണെന്നിരിക്കെ സംഭവിക്കുന്നത്‌ വികസനമോ പ്രഹസനമോ?
അഹമ്മദാബാദിലെ ‘ഒളിപ്പിച്ച്‌ വെച്ച’ ചേരിയിൽ മാത്രം 2500ലേറെ പേർ വസിക്കുന്നുണ്ട്‌. ഇന്ത്യയിലെ 17.4 ശതമാനം പേർ ഇന്നും ചേരികളിലാണ്‌ താമസം. ദാരിദ്ര്യരേഖക്ക്‌ കീഴിലുള്ളവർക്ക്‌ വോട്ടുണ്ട്‌, ഇന്ത്യക്കാരാണ്‌… ഇലക്ഷൻ സമയത്തെ വാഗ്‌ദാനം വേവിച്ച്‌ തിന്നാൽ വിശപ്പ്‌ മാറൂലല്ലോ.
ചേരിതിരിവുകൾ തന്നെയാണെങ്ങും.മതിലുകളാണെങ്ങും. പോരാത്തതിന്‌ ഇപ്പോൾ ട്രെയിനിലേറിയും വന്നെത്തുന്നുണ്ട്‌ വേർതിരിവുകൾ. മതവും മദവും പൂണ്ട മനുഷ്യർ !വികസനമല്ല, കണ്ണിൽ പൊടിയിടലാണ്‌. നൊമ്പരപ്പെട്ട്‌ കണ്ണ്‌ തിരുമ്മുന്ന ഞൊടിയിട കൊണ്ട്‌ അടപടലം തകർക്കുന്ന കൺകെട്ട്‌വേല. പേര്‌, ഭരണം എന്നല്ല, അഴിമതിയെന്നാണ്‌. അതൊന്ന്‌ മാത്രം.