പ്രസവിച്ചു രണ്ടാം ദിവസമേ എനിക്ക് അവളെ മാറോട് ചേർക്കുവാൻ സാധിച്ചുള്ളൂ. അവളെ കാണാതെ രണ്ടു ദിവസങ്ങൾ ആശുപത്രി കിടക്കയിൽ ഉറക്കമില്ലാതെ കിടന്നു. എന്റെ കുഞ്ഞു NICU വിൽ(നവജാത ശിശുക്കളുടെ ICU) ഇഞ്ചക്ഷനും, ട്യൂബുമൊക്കെയായി അമ്മയുടെ ചൂട് പറ്റാതെ കിടക്കുമ്പോൾ എനിക്കെങ്ങനെ ഉറങ്ങുവാൻ സാധിക്കും?
വയറു കീറിയ വേദനയായിരുന്നില്ല എന്നെ അസ്വസ്ഥയാക്കിയത്. മകളുടെ അസാമീപ്യമാണ്. വയറു കീറി ഇവളെ പുറത്തെടുക്കുമ്പോൾ രണ്ടു കൈക്കുമ്പിളിൽ ഒതുങ്ങുന്ന വലുപ്പമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. മാസം തികയാതെ പെട്ടെന്ന് സിസേറിയൻ ചെയ്തു കിട്ടിയ ഞങ്ങളുടെ പുണ്യം. 1.8 കിലോ തൂക്കം. ഗർഭകാലത്ത് അവസാന നാളുകളിൽ ചെറിയ തോതിലെനിക്ക് പ്രഷറുണ്ടായിരുന്നു. ഗര്‍ഭസ്ഥശിശുവിന് തൂക്കം കുറയുവാൻ PIH(pregnancy induced hypertension) ഒരു കാരണമാകാം.
ആശുപത്രിയിൽ തന്നെയായിരുന്നു എട്ടാം മാസത്തിലേറെയും നാളുകൾ. ദിവസവും രണ്ടു നേരം ബിപി നോക്കും. 140 കൂടിയാൽ മതർ ആശുപത്രിയിലെ വാസന്തി മാഡം ഓടി വരും. എന്ത് സ്നേഹനിധിയായ ഡോക്ടറാണെന്നോ. ഇടയ്ക്ക് പ്രഷർ നിയന്ത്രണ വിധേയമാകുമ്പോൾ വീട്ടിൽ ഡിസ്ചാർജായി വന്നാൽ തന്നെ രാവിലെ പലപ്പോഴും പല്ല് തേയ്ക്കുന്നതിന് മുൻപേ ഞാൻ പ്രഷർ നോക്കും. പ്രഷർ കൂടിയാൽ എന്റെ കണ്മണിയ്ക്ക് മതിയായ പോഷകങ്ങൾ കിട്ടില്ലല്ലോ. ഒരുപാട് കഴിച്ചിട്ടും കാര്യമില്ല.
അത് മാത്രമല്ല. ഗർഭാവസ്ഥയിൽ പ്രഷർ കൂടി അപസ്മാരം വരെയുണ്ടായി കുഞ്ഞിന്റെയും അമ്മയുടെയും ജീവനെ വരെ ബാധിക്കാം. ഗര്‍ഭിണിയായിരിക്കുമ്പോൾ കൈയ്യിലോ, മുഖത്തോ, കാലിലോ നീരു വരിക, മൂത്രം പോകുന്നത് കുറയുക, തലവേദന, ബിപി 130/80 കൂടുക എന്നിവ അനുഭവപ്പെട്ടാൽ ഉടനെ തന്നെ ഡോക്ടറെ പോയി കാണുക. പ്രഷർ കൂടുതലുള്ള അമ്മമാരിൽ കുട്ടികൾ മാസം തികയാതെ ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്.
35,36 ആഴ്ച്ച എത്തുമ്പോൾ മാത്രമേ അവരുടെ ശ്വാസകോശം പൂർണ്ണ വളർച്ച എത്തുകയുള്ളൂ. അതുകൊണ്ട് അതിന് മുൻപ് ജനിക്കുന്ന കുട്ടികൾ മിക്കപ്പോഴും NICU(നവജാത ശിശുക്കളുടെ ICU) കുറച്ചു ദിവസം കിടത്തേണ്ടി വരും. എന്റെ മകളും രണ്ടു ദിവസം കിടന്നു NICU വിൽ. രണ്ടാം ദിവസം അവളെ കാണാൻ NICU ചെന്നപ്പോൾ, സിസ്റ്റർ അവളെ എന്റെ മാറോട് ചേർത്തു തന്നു. മുലപ്പാൽ അവൾ ആർത്തിയോടെ വലിച്ചു കുടിച്ചു.
പിന്നീട് അവളെ കുറിച്ചു ഒരു ഡോക്ടറായിട്ടു കൂടി എനിക്ക് വല്ലാത്ത ആധിയായിരുന്നു. മാസം തികയാതെ വളർന്ന കുട്ടിയല്ലേ. അവൾക്ക് തൂക്കം കൂടുന്നുണ്ടോ എന്ന ആധി. 2.5 കിലോ തൂക്കം ആയപ്പോൾ ഒരു ചെറിയ ആശ്വാസം. എന്റെ മകൾ രണ്ടു ദിവസമേ nicu കിടന്നിട്ടുള്ളൂ. എന്നിട്ട് തന്നെയത് രണ്ട് യുഗം പോലെയാണ് പോയത്. അപ്പോൾ രണ്ടും മൂന്നും മാസം ഐ.സി.യു വിൽ കിടന്ന കുട്ടികളുടെ രക്ഷകർത്താക്കൾ അനുഭവിച്ച മാനസിക സംഘർഷം എത്ര വലുതാകും? ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് ഡോക്ടർ എന്തെങ്കിലും ശുഭ കാര്യം പറയുമെന്ന പ്രതീക്ഷയാണ് അവരുടെ ഓരോ ദിവസവും മുന്നോട്ട് നയിച്ചത്.
അതുപോലെ ചില ജീവനുകൾ nicu വെച്ചു തന്നെ വിടരും മുൻപേ പൊലിഞ്ഞു പോയിട്ടുണ്ടാവും. മാസം തികയാതെയുണ്ടായ ഓരോ കണ്മണിക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു. അവരുടെ രക്ഷകർത്താക്കൾക്കും നിറഞ്ഞ സ്നേഹം.
✍️ ഡോ. ഷിനു ശ്യാമളൻ
(ദേവാഞ്ജലി എന്ന എന്റെ മകൾ വലുതാകുമ്പോൾ അവൾക്ക് ഇത് വായിക്കുവാൻ കൊടുക്കണം)