വർഷങ്ങളായി അവിടെ കുട്ടികൾ ഇതേ രീതിയിൽ മരണപ്പെടുന്നു

847

Dr Shinu Syamalan എഴുതുന്നു 

മുസാഫർപ്പൂർ വേദനിപ്പിക്കുകയാണ്. പക്ഷെ വര്ഷങ്ങങ്ങളായി അവിടെ കുട്ടികൾ ഇതേ രീതിയിൽ മരണപ്പെടുന്നു. ഇങ്ങനെയാണ് അടുത്ത കാലത്തെ മരണനിരക്കുകൾ. 143 – 2013, 355 – 2014, 11 – 2015, 4 – 2016, 11 – 2017, 7 – 2018 , 2019 ജൂണിൽ ഇതുവരെ 108 കുട്ടികളെ നഷ്ട്ടപ്പെട്ടിരിക്കുന്നു.

Dr Shinu Syamalan

ഇന്നിപ്പോൾ വേദനിപ്പിക്കുന്ന വാർത്ത AIIMS ൽ നിന്നെത്തിയ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടാണ്. SMKCH ആശുപത്രിയിലാണ് ഏറ്റവുമധികം കുട്ടികൾ ബിഹാറിൽ അഡ്മിറ്റായിട്ടുള്ളത്. അവിടെ മതിയായ ട്രെയിനിങ് ലഭിച്ച ഡോക്ടര്മാരോ, മതിയായ സ്റ്റാഫുകളോയില്ല എന്ന വേദനിപ്പിക്കുന്ന റിപ്പോർട്ടാണ് വന്നത്.

വർഷങ്ങളായി നടന്നു വരുന്ന ഒരു ദുരന്തത്തെ നേരിടുവാൻ മതിയായ ഒരുക്കങ്ങൾ നാം എന്തേ എടുക്കാഞ്ഞത്? മതിയായ ഉപകരണങ്ങൾ ഉണ്ടായാൽ മാത്രം പോര അവ ഉപയോഗിക്കുവാൻ അറിയാവുന്ന സ്റ്റാഫുകളെയും ജോലിയ്ക്ക് വെക്കണം.

അമിതമായി ലിച്ചി പഴങ്ങൾ കഴിച്ചു കിടന്നുറങ്ങുന്ന കുട്ടികൾ രാത്രിയിൽ ഭക്ഷണവും കഴിക്കാതെയുറങ്ങുകയാണെങ്കിൽ അവയിൽ നിന്നും വരുന്ന ഹൈപോഗ്ലൈസിൻ എ (hypogylcin A), Methylene cyclopropyl glycine (MCPG)യും കുട്ടിയുടെ ശരീരത്തിലെ ഗ്ലുക്കോസ് ലെവൽ ഗണ്യമായി കുറയ്ക്കുന്നു. മതിയായ ഗൈക്കോജൻ സ്റ്റോർ പോഷകക്കുറവുള്ള കുട്ടികളിൽ ഉണ്ടാകില്ല. ഇവരിൽ ഫാറ്റി ആസിഡ് സിന്തെസിസ് എന്ന പ്രക്രിയ വഴിയാണ് ഫാസ്റ്റിംഗിൽ ഗ്ലുക്കോസ് ആവശ്യത്തിന് ശരീരത്തിൽ ഉല്പാദിപ്പിക്കുന്നത്. പക്ഷെ ഇത് അവരിൽ പൂര്ണമാകാതെ വരുന്നു. MCPG ഈ പ്രക്രിയയെ തടുക്കുന്നു. അപ്പോൾ കുട്ടിയുടെ ശരീരത്തിൽ ഗ്ലുക്കോസ് ഗണ്യമായി കുറയുന്നു. തലച്ചോറിന് ആവശ്യത്തിന് ഗ്ലുക്കോസ് വേണം. ഹൈപ്പോഗ്ലൈസെമിക് എൻസഫലോപതി മൂലം കുട്ടികൾ മരണപ്പെടുന്നു.

ലിച്ചി പഴങ്ങൾ കഴിച്ച പോഷക്കുറവുള്ള കുട്ടികൾ അത്താഴം കഴിക്കാതെ കിടന്നുറങ്ങുന്നത് മൂലമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നു. ഒരു തരത്തിൽ “പട്ടിണി” ഒരു കാരണമാണ് എന്നു പറയാം. ഫാറ്റി ആസിഡ് പ്രക്രിയ പൂര്ണമാകാതെ വരുമ്പോൾ ചില അമിനോ ആസിഡുകൾ തലച്ചോറിൽ അടിയുകയും അവ തലച്ചോറിനെ ബാധിക്കുന്നു. എത്രയും വേഗം മതിയായ ഗ്ലുക്കോസ് നൽകുന്നതിലൂടെ ഒരു പരിധിവരെ ഇവരെ രക്ഷിക്കുവാനാകും.

400 ൽ പരം കുട്ടികൾ ചികിത്സയിലാണ്. പക്ഷെ എന്തുകൊണ്ട് വർഷങ്ങളായി നടന്നു വരുന്ന ഒരു ദുരന്തത്തെ നേരിടുവാൻ നാം പൂർണ്ണമായി സജ്ജരായിരുന്നില്ല? ഇപ്പോഴും വൈകിയിട്ടില്ല. എത്രയും വേഗം മതിയായ ഡോക്ടർമാർ അവിടെയെത്തുമെന്ന് കരുതാം. അടുത്ത വര്ഷമെങ്കിലും ഈ ദുരന്തം വരാതെ അത്താഴം കഴിച്ചു ഉറങ്ങുവാൻ പട്ടിണി എന്ന “രോഗത്തെ” അകറ്റുവാൻ നമുക്ക് സാധിക്കും എന്ന് കരുതാം. എത്രയും വേഗം ബീഹാർ ഗവണ്മെന്റ കുട്ടുകളുടെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേക ആശുപത്രികൾ തുടങ്ങുകയും ദുരന്തമുണ്ടായ ഭാഗങ്ങളിൽ ഏത്രയും വേഗം തന്നെ കുട്ടിയ്ക്ക് ഗ്ലുക്കോസ് iv കൊടുക്കുവാൻ സാധിക്കുന്ന 24 ഹവർപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സജ്ജമക്കണം. 4 മണിക്കൂറിനുള്ളിൽ 10 D ഗ്ലുക്കോസ്, 3% ഗ്ലുക്കോസ് കൊടുത്താൽ ഒരു പരിധിവരെ നമുക്ക് ഇതിനെ തടുക്കുവാൻ സാധിക്കും.

പ്രാഥമിക ചികിത്സ വൈകിയോ എന്നു വിലയിരുത്തണം. ഇനിയുമൊരു ദുരന്തം ബിഹാറിൽ ഉണ്ടാകാതെയിരിക്കട്ടെ. ഉടനെ തന്നെ ഇതിന് ഒരു പരിഹാരം നാം കാണണം. ഇന്ത്യയൊന്നാകെ ഈ ദുരന്തത്തിൽ തേങ്ങുകയാണ്. ഇനിയുമിത് കാണുവാൻ വയ്യ.

ഡോ. ഷിനു ശ്യാമളൻ