ഒരാൾ എന്നെ ഉപദ്രവിച്ചപ്പോൾ അനുഭവിച്ച ഒറ്റപ്പെടൽ അവൾ അനുഭവിക്കരുത്

722

ഒരു സാമൂഹ്യജീവിയെന്ന ബോധം നമ്മിൽ എത്രപേർക്കുണ്ട് ? നമ്മിൽ എത്രപേർക്ക് ഈ സമൂഹത്തോട് പ്രതിബദ്ധതയുണ്ട് ? എന്തും നാം അനുഭവിക്കുന്നതുവരെ അവയൊന്നും നമ്മെ ബാധിക്കില്ല എന്ന വിചാരത്തോടെയാകും നടക്കുന്നത്. സഹജീവികളിൽ നമുക്കെത്രമാത്രം കെയർ ഉണ്ട് ? ഒരാൾ അപകടത്തിൽ പെട്ടേക്കാം എന്ന തോന്നൽ ഉണ്ടായാൽ നമ്മിൽ എത്രപേർ അയാളെ അതിൽ നിന്നും രക്ഷപെടുത്താൻ ശ്രമിക്കും ? വഴിയിൽ അപകടം പറ്റി കിടക്കുന്നവരെ തിരിഞ്ഞുനോക്കാത്ത ആളുകൾ കൂടിവരുന്ന കാലമാണിത്. രാത്രി വിജനമായ റോഡിലൂടെ നീങ്ങുന്ന പെൺകുട്ടിയിൽ രാത്രിയുടെ കഴുകൻ കണ്ണുകൾ പതിയുന്ന കാലമാണ്. ഡോക്ടർ ഷിനു ശ്യാമളന്റെ ഈ കുറിപ്പ് വായിക്കൂ .

Dr Shinu Syamalan എഴുതുന്നു

രാത്രി 7.30 ആയിട്ടുണ്ടാകും. വിജനമായ റോഡ്. ഒരു പെണ്കുട്ടി തനിയെ നടന്നു പോകുന്നു. അവളുടെ അൽപ്പം പിന്നിലായി ഞാനും ആ വഴി നടന്നു വരികയാണ്.

എന്റെ കാറിന്റെ അടുത്ത് ഞാനെത്തി. അവളെ തനിച്ചു ആ വഴി വിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല. ഇന്നലെ തൃശ്ശൂരിൽ ഓട്ടോയിൽ കയറിയ ഒരു യുവതിയെ രാത്രിയിൽ 3 പേര് ചേർന്ന് പീഡിപ്പിക്കുവാൻ ശ്രമം ഉണ്ടായി. അവർ ബഹളം വെച്ചു ആളുകൾ കൂടിയത് കൊണ്ട് രക്ഷപ്പെട്ടു. ആ വാർത്തയും കഴിഞ്ഞ ആഴ്ച്ച എനിക്കുണ്ടായ അനുഭവവുമൊക്കെ മനസ്സിൽ മുഴച്ചു വന്നു.

പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. “Shall I drop u? It’s not safe to walk alone through this way at night?” ആ പെണ്കുട്ടി ഫോണിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കേട്ടപ്പോൾ മലയാളിയല്ല എന്നു തോന്നിയിരുന്നു. രൂപത്തിലും അങ്ങനെ തോന്നി.

എന്റെ ചോദ്യം കേട്ട് ഫോണിൽ നിന്ന് ശ്രേദ്ധ മാറ്റി അവൾ എനിക്ക് നേരെ തിരിഞ്ഞു.”yea, thank u. I can come with u”. അവൾ എന്നോടൊപ്പം കാറിൽ കയറി.

അവൾ തനിച്ചു ആ വഴി പോകണം എന്നാണ് എന്റെ ആഗ്രഹം. പക്ഷെ നാളെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ വിജനമായ വഴിയിൽ എന്റെ ഹൃദയവും നിലയ്ക്കും.

ഒരു പരിചയവുമില്ലെങ്കിലും അവളും ഒരു പെണ്കുട്ടിയാണ്. എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ അവളുടെ പ്രായമേ അവൾക്ക് ഉണ്ടാവുകയുള്ളൂ. ഒരാൾ നട്ടുച്ചയ്ക്ക് എന്നെ ഉപദ്രവിച്ചപ്പോൾ ഭക്ഷണശാലയിൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടൽ അവൾ അനുഭവിക്കരുത്. അവൾക്ക് ഒരു താങ്ങായി മാറണം എന്ന് എനിക്കപ്പോൾ തോന്നി.

അവൾ അവളുടെ വീട്ടിലേയ്ക്ക് കയറി പോകുന്ന വരെ ഞാൻ നോക്കി നിന്നു. “Thank u so much” എന്നു പറഞ്ഞു കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ അവൾ എന്നെ യാത്രയാക്കി. എന്റെ പേരും നാടുമൊക്കെ അവൾ ചോദിച്ചു. ഞാൻ തിരിച്ചും.

എന്നാണ് നമ്മുടെ നാട്ടിൽ പെണ്കുട്ടികൾക്കു ധൈര്യമായി രാത്രിയിൽ വഴിയിലൂടെ നടക്കുവാൻ സാധിക്കുക. ഒരു പെണ്കുട്ടിയെ സഹായിക്കുവാൻ നാം വിമുഖത കാണിക്കരുത്. ഒരു സ്ത്രീയെ ഒരു സ്ത്രീയോളം മറ്റാർക്കും മനസ്സിലാക്കുവാൻ സാധിക്കില്ല. അത് അറിയാതെ നാം പോകരുത്.

ഡോ. ഷിനു ശ്യാമളൻ

Advertisements