വിജയ്‌യെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, വ്യക്തിശുചിത്വം ഉള്ളവർ കൈകൾ ഡെറ്റോൾകൊണ്ട് കഴുകുക തന്നെ വേണം

283

Dr Shinu Syamalan

“നടൻ വിജയ് ആരാധകർക്ക് കൈകൊടുത്തതിന് ശേഷം കൈകൾ ഡെറ്റോൾ ഒഴിച്ചു കഴുകും”. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ സംവിധായകൻ പറയുന്നു.ഡോക്ടർമാരും നഴ്‌സുമാരുമൊക്കെ ഒരു രോഗിയെ പരിചരിച്ചതിന് ശേഷവും അതിന് മുൻപും കൈകൾ കഴുകുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. സ്വന്തം സുരക്ഷ മാത്രമല്ല അതിൽ. അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പരകാതെയിരിക്കുവാൻ ഹാൻഡ് വാഷ് വളരെ പ്രാധാന്യമുള്ളതാണ്.

ഇതൊരു ഉദാഹരണത്തിന് പറഞ്ഞെന്ന് മാത്രം. ഏതൊരു സാഹചര്യത്തിൽ ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കൾ എല്ലായിടത്തുമുണ്ട്. വിജയ് അത്തരത്തിൽ ചെയ്തതാകാം എന്നെ കരുതാനാകു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകർക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകൾ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതിൽ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??

മറ്റുള്ളവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. വിജയുടെ നല്ലൊരു ശീലമായിട്ടെ തോന്നിയുള്ളൂ. പൊതുജനങ്ങൾക്ക് ഉണ്ടാകേണ്ടതായ ആരോഗ്യകരമായ ഒരു നല്ല ശീലം അദ്ദേഹത്തിലൂടെ ജനങ്ങളിലേക്ക് എത്തുകയല്ലേ ചെയ്യേണ്ടത്?

ഡോ. ഷിനു