മാളൂട്ടി എന്ന സിനിമ ജീവിതം തന്നെയാണ്, ആയിരക്കണക്കിന് കുട്ടികൾ അപകടത്തിൽ ഇന്ത്യയിൽ അനുഭവിച്ച കഥ

310

Dr Shinu Syamalan

കുഴൽക്കിണറുകളിൽ കുട്ടികൾ വീണ് അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് പത്രത്തിൽ കാണാറുള്ള ഒരു വാർത്ത. പക്ഷെ ഇതുവരെ അതിന് ഒരു അവസാനം ഉണ്ടായിട്ടില്ല.

എന്ത് കൊണ്ടാണ് ഈ ദുർവിധി ഇപ്പോഴും

കൊണ്ടാടുന്നത്? ഉപയോഗശൂന്യമായതും അശ്രദ്ധമായി തുറന്ന് കിടക്കുന്നതുമായ കുഴൽക്കിണറുകൾ മൂടാത്ത പക്ഷം കടുത്ത ശിക്ഷ കൊടുക്കണം.

2019 ൽ ഉണ്ടായ ചില അപകടങ്ങൾ ചുവടെ കുറിക്കുന്നു.
1)പഞ്ചാബിൽ ഒക്ടോബർ മാസം കുഴൽ കിണറിൽ വീണ ഒരു രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി.

2)മെയ് 2019 ജോധ്പൂരിൽ 4 വയസ്സുകാരി 440 അടി താഴ്ച്ചയിലുള്ള കുഴൽക്കിണറിൽ വീണു മരണപ്പെട്ടു.

3)മാര്ച്ച് 2019 മദ്യപ്രദേശിൽ ദേവസിൽ 4 വയസ്സുകാരനെ കുഴൽക്കിണറിൽ നിന്നും രക്ഷപ്പെടുത്തി.

4)ഏപ്രിൽ 2019 ഫറുക്കബാദിൽ 4 വയസ്സുകാരിയെ നഷ്ട്ടപ്പെട്ടു. രക്ഷപ്പെടുത്താൻ അവർക്ക് സാധിച്ചില്ല.

5)ജനുവരിയിൽ ഭോപ്പാലിൽ 2 വയസ്സുകാരനെ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തി.

6) 2018 സെപ്റ്റംബറിൽ ചെന്നൈയിൽ 8 വയസ്സുകാരനെ രക്ഷപ്പെടുത്തി.

തീർന്നില്ല. ഇനിയുമുണ്ട് കുറെയേറെ കുട്ടികൾ.ഇതുപോലെ എല്ലാ വർഷവും നിരവധി കുട്ടികൾ അപകടത്തിൽ പെടുന്നു. ഇത് 2019 മാത്രം മാധ്യമ ശ്രദ്ധ നേടിയ ചില വാർത്തകൾ മാത്രം.

ഡൽഹിയിൽ മാത്രം കുഴികളിലും മാൻഹോളുകളിലും കുഴൽക്കിണറുകളിലുമൊക്കെയായി 175 കുട്ടികൾ 2010 അപകത്തിൽപെട്ടു. അത് 192 എന്നായി 2011ൽ, 194 കുട്ടികൾ 2012 അപകടത്തിൽ പെട്ടു.

ഇത്തരം അപകടങ്ങൾ കൂടിയത് മൂലം 2010 ൽ സുപ്രീം കോടതി തക്കതായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതൊക്കെ കാറ്റിൽ പറത്തിയുള്ള കുഴൽക്കിണർ നിർമാണം നിർത്തുവാനും അത്തരം ഏജൻസികൾ നിർത്തലാക്കുവാനും ഉടൻ തന്നെ ഒരു തീരുമാനം അതാത് സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുക.

പൊതു കുഴൽക്കിണറുകളുടെ വ്യക്തമായ കണക്കുകൾ ഓരോ സംസ്ഥാനവും സൂക്ഷിക്കണം. ഉപയോഗിക്കാത്തവ മൂടണം എന്ന സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് അടിയന്തിരമായി അന്വേഷിക്കുവാൻ സർക്കാർ അതാത് ജില്ലകളിൽ കമ്മിറ്റി രൂപീകരിക്കുക.

മാളൂട്ടി എന്ന സിനിമ ജീവിതം തന്നെയാണ്. ആയിരക്കണക്കിന് കുട്ടികൾ അപകടത്തിൽ ഇന്ത്യയിൽ അനുഭവിച്ച കഥ.

ഇനിയുമടുത്ത അപകടത്തിന് മുന്പെങ്കിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രം.

ഡോ. ഷിനു ശ്യാമളൻ

Advertisements