എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും ആ കുട്ടികൾ? “വേണ്ട ,വേണ്ട” എന്നവർ പറഞ്ഞിട്ടുണ്ടാവില്ലേ?

347

Dr Shinu Syamalan

എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും ആ കുട്ടികൾ? “വേണ്ട ,വേണ്ട” എന്നവർ പറഞ്ഞിട്ടുണ്ടാവില്ലേ? ഒച്ചവെച്ചപ്പോൾ വാ പൊത്തിയിട്ടുണ്ടാകില്ലേ? ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ എത്ര വെറുപ്പും ആത്മരോഷവും നിരാശയും അവർ അനുഭവിച്ചിട്ടുണ്ടാകും? മനുഷ്യകുലത്തെ തന്നെ അവർ വെറുത്തു കാണും. ഒരു പുരുഷൻ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത് അറപ്പോടെയും വെറുപ്പോടെയും മാത്രമേ ഒരു പെണ്ണിന് കാണുവാൻ സാധിക്കു. അത് മനസ്സിലാക്കണമെങ്കിൽ ഒരു പെണ്ണായി ജനിക്കണം അല്ലെങ്കിൽ സ്ത്രീകളെ മനസ്സിലാക്കുവാൻ കഴിവുള്ളവനായിരിക്കണം.

ഒന്നും മനസിലാകാത്ത പ്രായത്തിൽ ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം അതി ക്രൂരമായി പീഡിപ്പിച്ചു കൊന്ന നരാധമന്മാർ ഈ നാട്ടിൽ കൈയ്യും വീശി നടക്കുകയാണ്. പിന്നെയെങ്ങനെ ന്യായവും നീതിയെയും പുകഴ്ത്തുവാൻ സാധിക്കും? നാളെ ഈ വൃത്തികെട്ട ലോകത്തേക്ക് എങ്ങനെ ഒരു അമ്മ ഒരു മകളേ പ്രസവിച്ചു കൈപിടിച്ചു നടത്തി വളർത്തും? എന്ത് സുരക്ഷയാണ് പെണ്കുട്ടികൾക്ക് ഉള്ളത്? അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് അവൾക്ക് നീതി കിട്ടുമെന്ന് ഉറപ്പ് നൽകുക?

ഈ ചീഞ്ഞു അഴുകിയ പുരാതന നിയമങ്ങൾ മാറി ഒരു പെണ്ണിനെ ഉപദ്രവിച്ചാൽ അവന്റെ കഴുത്തു അറക്കുന്ന നിയമം വരണം അല്ലെങ്കിൽ അവനെ തൂക്കി കൊല്ലണം. അതാണ് ഇന്ന് ഓരോ അച്ഛനുമമ്മയും ആഗ്രഹിക്കുന്നത്. വാളയാർ പെണ്കുട്ടികൾ ഇന്നിന്റെ പെണ്കുട്ടികളുടെ നീതിന്യായ വ്യവസ്ഥയുടെ പ്രതിരൂപമാണ്. നീതി ലഭിക്കണം. ഇല്ലെങ്കിൽ നിയമത്തിലുള്ള പ്രതീക്ഷകൾ കെട്ടടങ്ങും. അത് അനുവദിക്കരുത്.