നമ്മൾ മലയാളികൾക്ക് എല്ലാവരും “ഉരുണ്ട്” ഇരിക്കുന്നത് കാണാനാണ് ഇഷ്ടം

0
631

ഡോ. ഷിനു ശ്യാമളൻ

നമ്മൾ മലയാളികൾക്ക് എല്ലാവരും “ഉരുണ്ട്” ഇരിക്കുന്നത് കാണാനാണ് ഇഷ്ട്ടം. ആരെങ്കിലും ശരീരം ശ്രദ്ധിച്ചു ഭാരം കുറച്ചാൽ “ആകെ മെലിഞ്ഞു, മനുഷ്യ കോലം തന്നെ നശിച്ചു” എന്നു പറയും.

നിങ്ങളുടെ ശരീരഭാരം പൊക്കത്തിന് അനുസരിച്ചു ശെരിയാണോ? അതറിയുവാൻ BMI (body mass index) ചെക്ക് ചെയ്യാവുന്ന സൈറ്റുകളുണ്ട്. ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി. നിങ്ങളുടെ പൊക്കവും, തൂക്കവും അതിൽ ടൈപ്പ് ചെയ്തു കൊടുക്കുക. അപ്പോൾ BMI പറഞ്ഞു തരും.

ഇന്ത്യക്കാർക്ക് 18 മുതൽ 23 വരെ BMI മതി.

ഞാനും ഇപ്പോൾ BMI 23 എത്തി. എന്ത് ചെയ്തു എന്ന് ചോദിച്ചാൽ കാർബോഹൈഡ്രേറ്റ് പ്രത്യേകിച്ചു ചോറു ഉപേക്ഷിച്ചു. നല്ലപോലെ വ്യായാമം ചെയ്തു.

നിങ്ങളും ശരീരം ശ്രദ്ധിക്കുക. കാരണം ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം, കോളസ്റ്ററോൾ തുടങ്ങിയവ ശെരിയായ ശരീര ഭാരം ക്രമീകരിക്കുന്നതിലൂടെയും ,വ്യായാമം ചെയ്യുന്നതിലൂടെയും നല്ലത് പോലെ കുറയും. അതിന് ഞാൻ ഗ്യാറന്റി.

ചോറ് ഒരു നേരം മാത്രം കഴിക്കുക. അമിതമായി ചോറും മറ്റ് കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുക. മറ്റ് നേരങ്ങളിൽ ചപ്പാത്തിയോ, ഗോതമ്പ്, ഓട്സ് എന്നിവ ഉപയോഗിക്കുക. ധാരാളം പച്ചക്കറികൾ, പഴങ്ങൾ കഴിക്കുക. വെള്ളം ഒരു ദിവസം രണ്ട് ലിറ്ററിൽ കുറയാതെ കുടിക്കുക.

ഓരോ വ്യക്തിയും അവരുടെ ജോലിക്കും ജീവിതശൈലിയുമനുസരിച്ചു ഭക്ഷണം കഴിക്കുക. സെഡന്ററി ലൈഫ് സ്റ്റൈൽ(വലിയ കട്ടി ജോലി ഒന്നുമില്ല, കസേരയിലിരുന്ന് ജോലി ചെയ്യുന്നവർ) അത്തരക്കാർ ആവശ്യത്തിന് മാത്രം കുറച്ചു ഭക്ഷണം കഴിക്കേണ്ട ആവശ്യമുള്ളു. ഇല്ലെങ്കിൽ ആവശ്യമില്ലാതെ ശരീര ഭാരം കൂടുവാൻ കാരണമാകും.

അതേ സമയം പറമ്പിൽ പണിയെടുക്കുന്നവർ, അദ്ധ്വാനിച്ച് മേലനങ്ങി മറ്റ് ജോലികൾ ചെയ്യുന്നവർ നന്നായി കലോറി കിട്ടാനായി ഭക്ഷണം കൂടുതൽ കഴിക്കണം.

അമിത ശരീരഭാരം പല രോഗങ്ങൾക്കും കാരണമാകും. അതുപോലെ പ്രമേഹം, ബി. പി, കോളസ്റ്റെറോൾ, പി.സി.ഓ.ടി തുടങ്ങിയവ വ്യായാമത്തൊടെ കുറയ്ക്കുവാൻ സാധിക്കും.

എത്ര തിരക്കാണെങ്കിലും ദിവസവും അല്ലെങ്കിൽ ആഴ്ച്ചയിൽ നാലോ, അഞ്ചോ ദിവസം വ്യായാമം ചെയ്യുക. ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഉള്ള കാലം ജീവിക്കുന്നത് ഒരു സുഖം തന്നെയല്ലേ?

ആദ്യം തന്നെ വീട്ടിൽ ഒരു വെയിങ് മെഷിയൻ വാങ്ങി വെക്കുക. ചെറിയ വിലയേയുള്ളൂ. അത് ആഴ്ച്ചയിൽ ഒരു പ്രാവശ്യമോ ദിവസമോ നോക്കാം. ഭാരം കുറയുന്നത് കാണുമ്പോൾ ഒരു പ്രചോദനമാകും. ഡിജിറ്റൽ മെഷിയനാണെങ്കിൽ ആ കാര്യത്തിൽ കൂടുതൽ നന്ന്.

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുമുണ്ടാകുകയുള്ളൂ. ടെൻഷൻ ടെൻഷൻ എന്ന് പറഞ്ഞും ജോലി ജോലി എന്ന് പറഞ്ഞും ജീവിതം തീർക്കുന്നതിനിടയ്ക്ക് ശരീരം ശ്രദ്ധിക്കുകയും വ്യായായം ചെയ്യുകയും ചെയ്താൽ മനസ്സിനും ശരീരത്തിനും കിട്ടുന്ന സുഖം അത് അനുഭവിച്ചറിയുക തന്നെ വേണം.

മദ്യവും സിഗറട്ടും ലഹരിയാണെങ്കിൽ അതിലും വലിയ ലഹരിയാണ് വ്യായാമത്തിലൂടെ കിട്ടുക. ശാശ്വതമായ ഒരു ലഹരി. ആരോഗ്യത്തോടെ വ്യായാമം ചെയ്യുന്ന ഒരു ശരീരത്തിൽ കിട്ടുന്ന ഉണർവും ഉന്മേഷവും മറ്റൊന്നിനും നൽകുവാൻ സാധിക്കില്ല.