പോലീസ് സ്റ്റേഷനിലാണ് ! എഴുതുന്നത് പരാതിയും! സൈബർ ആക്രമണങ്ങൾക്കെതിരെ ഡോ. സൗമ്യ സരിൻ

74

ഡോ സൗമ്യ സരിൻ എഴുതുന്നു 

പോലീസ് സ്റ്റേഷനിലാണ്! എഴുതുന്നത് പരാതിയും! എന്ത് പരാതി എന്ന് ചോദിക്കാം! പക്ഷെ എത്രാമത്തേത് എന്ന് മാത്രം ചോദിക്കരുത്, പ്ലീസ്! ഉത്തരമില്ല, അതോണ്ടാ!”പ്രശസ്ത നടിയെ മാളിൽ വെച്ച് അപമാനിച്ച യുവാക്കളെ പോലീസ് അതിവിദഗ്ധമായി പിടി കൂടി. യുവാക്കൾ ക്ഷമ ചോദിച്ചു. നടി ക്ഷമിച്ചെന്ന് അറിയിച്ചു!” – എല്ലാവരും വായിച്ചു കാണും. ഞാനും വായിച്ചു. കേട്ടപ്പോൾ സന്തോഷവും തോന്നി. അവരെ പിടിച്ചല്ലോ! ഇനി നമുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം.

Image may contain: one or more people and indoorസോഷ്യൽ മീഡിയയിൽ സജീവമായ ശേഷം ഇത് എന്റെ എത്രാമത്തെ പോലീസ് സ്റ്റേഷൻ സന്ദർശനമാണെന്നോ എത്രാമത്തെ പരാതി ആണെന്നോ ഓർമയില്ല. പലവിധമുള്ള സൈബർ ആക്രമണങ്ങൾ! പലവിധ പരാതികൾ, പലവിധ അന്വേഷണങ്ങൾ, പലവിധ പ്രതികരണങ്ങൾ! പലവിധ അനുഭവങ്ങൾ! ആദ്യമായി ഇങ്ങനെ ഒരു പരാതി കൊടുക്കാൻ വന്നതും ഇതേ സ്റ്റേഷനിലാണ്. നമ്മുടെ പേജിൽ സ്ഥിരമായി പച്ചത്തെറി വിളിക്കുന്ന ഒരാൾ. പേജിൽ വരുന്ന ഇത്തരം സംസ്കാര ശൂന്യരെ ഞാൻ അവഗണിക്കുകയാണ് പതിവ്. പക്ഷെ ഇദ്ദേഹം എന്റെ പേർസണൽ അക്കൗണ്ടിലും വന്നു തെറി വിളി തുടങ്ങി. എല്ലാ തെളിവുകളും വച്ചു കേസ് കൊടുത്തു. മൂന്നാം ദിവസം ആളെ പൊക്കി. പിന്നെ കരച്ചിലായി പിഴിച്ചിലായി. ആൾ ഒരു കുടുംബത്തിന്റെ ഏക അത്താണി ആണ്. അച്ഛൻ ഇല്ല. അവസാനം നമ്മുടെ പേജിൽ ഇദ്ദേഹം പരസ്യമായി വന്നു മാപ്പു പറഞ്ഞു. ആളെ മറ്റുള്ളവർ അറിയാതിരിക്കാൻ ആയി മുഖം മറച്ചോളാൻ ഞാൻ സമ്മതിച്ചു. നമ്മൾ കാരണം ഒരു ചെറുപ്പക്കാരന്റെ കുടുംബം നാണം കെടരുതല്ലോ! അപ്പോഴുണ്ടായ ഒരു വികാര തള്ളിച്ചയിൽ ചെയ്തത് ആണത്രേ! അന്ന് ആ പരാതിയിൽ മുന്നോട്ട് പോയിരുന്നെങ്കിൽ ഒരു ജാമ്യം പോലും കിട്ടാതെ അയാൾക്ക് ജയിലിൽ കിടക്കേണ്ടി വന്നേനെ! അപ്പൊ അതങ്ങനെ കഴിഞ്ഞു. ഈ കക്ഷി ഇപ്പോൾ നല്ല ഒരു സുഹൃത്താണ് കേട്ടോ.

പിന്നീട് ഒരു ഘോഷയാത്ര ആയിരുന്നു. ഉണ്ടായവയിൽ പ്രധാനപ്പെട്ടവ പറയാം. അടുത്ത ആക്രമണം ടെലിഗ്രാമിൽ ആയിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റ് നെറ്റ് ഓൺ ചെയ്തതും അറിയാത്ത നമ്പറുകളിൽ നിന്ന്‌ വാട്സ്ആപ്പിൽ തുരു തുരെ മെസ്സേജുകൾ! എല്ലാം അശ്ലീലവീഡിയോകളും ഫോട്ടോകളും. ഉടൻ തന്നെ എനിക്ക് അപകടം മണത്തു. സരിനെ ഉണർത്തി കാണിച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോ കാര്യം പുടി കിട്ടി. ടെലിഗ്രാമിലെ ഒരു ഗ്രൂപ്പിൽ ( സെക്സ് ഗ്രൂപ് ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ) എന്റെ പേരും വിവരങ്ങളും വാട്ട്സ്ആപ്പ് നമ്പർ അടക്കം ആരോ കൊടുത്തിരിക്കുന്നു. ഇത്തരത്തിലുള്ള ചാറ്റുകൾക്ക് ക്ഷണിച്ചു കൊണ്ട്. അതിന്റെ ബാക്കി പത്രമാണ് എന്റെ മൊബൈലിൽ വന്നുകൊണ്ടേ ഇരിക്കുന്ന ചാറ്റുകളും വീഡിയോ കോളുകളും! ഞങ്ങൾ ഉടൻ തന്നെ എസ്.പി ഓഫീസിൽ പോയി കാര്യം പറഞ്ഞു പരാതി കൊടുത്തു.

സൈബർ സെല്ലിനും പരാതി കൊടുത്തു. നേരിട്ടും മെയിൽ വഴിയും! ഇന്നേക്ക് ഏകദേശം ആറു മാസം കഴിഞ്ഞു. ഓരോ ആഴ്ചയും വിളിക്കും. ഒരു അനക്കവുമില്ല! പിന്നെ ഒരു വില പുടിപ്പുള്ള ഉപദേശം കിട്ടി എന്നതാണ് മിച്ചം! ഫോൺ നമ്പർ അങ്ങ് മാറ്റിക്കോളാൻ! ചെയ്തില്ല, ചെയ്യാൻ മനസ്സില്ല! ഇനി അങ്ങിനെ ചെയ്തിട്ടെന്താ?! എന്നെ അറിയുന്ന ഒരാൾക്കേ എന്റെ പേർസണൽ നമ്പർ അറിയൂ. അങ്ങിനെ ഒരാളാകുമല്ലോ ഇത് ചെയ്തത്! അപ്പൊ നമ്പർ മാറ്റിയിട്ട് എന്ത് കാര്യം?! ഒരു ആഴ്ച ഒക്കെ കഴിഞ്ഞപ്പോ, മറുപടിയൊന്നും കിട്ടാതായതോടെ ഞരമ്പുരോഗികളുടെ ആവേശം തണുത്തു. അങ്ങിനെ എന്റെ ഫോൺ രക്ഷപെട്ടു.

അടുത്ത സംഭവം ഒരു മാസം മുമ്പ്! എന്റെയും പാപ്പുവിന്റെയും ഫോട്ടോ സഹിതം എന്റെ ഒറിജിനൽ ഫെസ്ബൂക് അക്കൗണ്ടിനെ വെല്ലുന്ന ഒരു വ്യാജൻ. പക്ഷെ ഒരു കുഴപ്പം മാത്രം. അതിൽ ഞാൻ ഒരു ഡോക്ടർ മാത്രമല്ല, ഒരു ലൈംഗിക തൊഴിലാളി കൂടി ആണെന്നാണ് വെളിപ്പെടുത്തൽ! എന്റെ ശരീരഭാഗങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഉണ്ട്. കസ്റ്റമേഴ്സിന് ക്ഷണവും! വീണ്ടും സൈബർ സെല്ലിലേക്ക്. പരാതിയുമായി. ഇതുവരെ അനക്കമില്ല! എങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല! നീതി വരുമായിരിക്കും! വരാതിരിക്കില്ല അല്ലെ? ഇനി ലേറ്റസ്റ് കേസ്! അത് കുറേക്കൂടി സംഭവബഹുലമാണ് കേട്ടോ!

അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ പറയുന്നില്ല! എല്ലാം ശുഭം ആയി പര്യവസാനിച്ചാൽ ഉടൻ തന്നെ റിലീസ് ചെയ്യാം!  അപ്പൊ പറഞ്ഞു വന്നത് എന്താണ് എന്ന് വെച്ചാൽ, ഇവിടെ ‘ പ്രശസ്തരെ’ ഒക്കെ ഒന്ന് സോഷ്യൽ മീഡിയയിൽ ഞോണ്ടിയാൽ പോലും നടപടി ശട പടെ ശട പടെ എന്നാണ്! പക്ഷെ സാധാരണക്കാരന്റെ അഭിമാനത്തിന് അത്രക്ക് വില പോരാ! കുറ്റം ഒരിക്കലും മുഴുവനായും നമ്മുടെ പോലീസ് സംവിധാനത്തിന്റെയല്ല. ശക്തമായ സൈബർ നിയമങ്ങൾ ഇന്നും നമുക്കില്ല എന്നത് തന്നെയാണ്! എങ്കിൽ പോലും പരാതിയുമായി പോകുമ്പോൾ ഉള്ള ഒരു നിസ്സംഗഭാവം എങ്കിലും ഒഴിവാക്കാൻ ചിലരെങ്കിലും ഒന്ന് ശ്രമിച്ചാൽ നന്ന്. ഇന്ന് ഞാനാണെങ്കിൽ നാളെ നിങ്ങളുടെ വീട്ടിലിരിക്കുന്ന ഭാര്യയും മകളും ഒക്കെ ആകും ഇവരുടെ ഇരകൾ!

പിന്നെ ഈ ശരീരത്തിൽ ഞോണ്ടുന്നത് മാത്രമല്ല ഒരു സ്ത്രീക്ക് അപമാനകരം! ഒരു പെണ്ണിന്റെ മാനം ഇരിക്കുന്നത് ശരീരത്തിൽ അല്ല. ശരീരത്തെ അപമാനിച്ചാൽ മാത്രമല്ല അത് മുറിപ്പെടുന്നത്! അഭിമാനം ഒരു ബോധമാണ്! ഇന്ന് സോഷ്യൽ മീഡിയയിൽ എത്രയോ സ്ത്രീകളുടെ അഭിമാനബോധം നിരന്തരം ചോദ്യം ചെയ്യപെട്ടുകൊണ്ടിരിക്കുന്നു! നിയമങ്ങൾ അശക്തമാണ്! അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു! ഈ നാട്ടിലെ ഏതു സ്ത്രീയുടെ അഭിമാനത്തിനും ഒരേ വിലയാണ്. അതിൽ പ്രശസ്തരും അപ്രശസ്തരുമില്ല! നീതി കിട്ടുന്ന വരെ പോരാട്ടം തുടരുക തന്നെ ചെയ്യും! എത്ര വേണമെങ്കിലും പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങാൻ എനിക്ക് മടിയില്ല. പലരും സ്റ്റേഷനിൽ പോകാനുള്ള മടി കൊണ്ടും ഇതിന്റെ പിന്നാലെ നടക്കാനുള്ള നാണക്കേട് കൊണ്ടുമൊക്കെ കേസ് പോലും കൊടുക്കാറില്ല. നാണം കെടേണ്ടത് നമ്മളല്ല, മറിച്ചു ഏതോ മറവിൽ ഇരുന്നു ഒരു സ്ത്രീയുടെ അഭിമാനബോധത്തെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന ഇത്തരം ഭീരുക്കളാണ്. നമ്മൾ ഭയം കൊണ്ട് പിൻവലിയുന്നതാണ് ഇവന്മാരുടെ ഏറ്റവും വലിയ ഊർജം! അതുകൊണ്ട് തന്നെ പിന്മാറാൻ ഒരുക്കമല്ല! ഇനി സന്ധി ചെയ്യാനും! സൈബർ സെല്ലിന്റെ വാതിലിൽ ഇനിയും വീണ്ടും വീണ്ടും മുട്ടാൻ തന്നെ ആണ് തീരുമാനം. മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ!