അവരുടെ ബലാത്സംഗ വീഡിയോ പോൺ സൈറ്റിൽ തിരഞ്ഞിരിക്കുന്നവരുടെ എണ്ണം നിങ്ങൾ കണ്ടോ?

573

Dr Soumya Sarin

നമ്മുടെ സമൂഹത്തിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതിലും പരം വിഡ്ഢിത്തം ഇന്നില്ല എന്ന് തോന്നുന്നു. സീൻ മൊത്തം ഡാർക്ക് ആക്കിയതല്ല. പക്ഷെ ഒരു പരിധി വരെ ഇതാണ് സത്യം. ആ പെൺകുട്ടിയെ പിച്ചി ചീന്തി കൊന്നത് നാലു പേർ. എന്നത്തേയും പോലെ കഴിഞ്ഞ നാല് ദിവസമായി നമ്മളും അയച്ചു ഫോർവേഡുകൾ! ഹാഷ് ടാഗുകൾ! പ്ലക്കാർഡുകൾ ഉയർന്നു, ” RIP Priyanka!”
നന്മയുടെ മുഖം മൂടികളണിഞ്ഞു നമ്മൾ അലറി വിളിച്ചു, ” Justice for Priyanka Reddy!”

ഇന്ന് വായിച്ച ഈ വാർത്ത നമ്മുടെ ഈ മുഖം മൂടികൾ വലിച്ചു കീറിയെറിഞ്ഞിരിക്കുന്നു. അവരുടെ ബലാത്സംഗ വീഡിയോ പോൺ സൈറ്റിൽ തിരഞ്ഞിരിക്കുന്നവരുടെ എണ്ണം നിങ്ങൾ കണ്ടോ? ആ പെൺകുട്ടി അവരുടെ ” TRENDING ” പട്ടികയിൽ മുന്നിലെത്തിയിരിക്കുന്നു! Rest In Peace പ്രിയങ്ക! നിന്‍റെ മരണത്തിലും ഇതിലും വലിയ ആനന്ദലബ്ധി നിനക്കെന്തു വേണം? നീ സമാധാനമായി ഉറങ്ങുക!

ഈ കപടസമൂഹത്തെ ആണോ നമ്മൾ നന്നാക്കാൻ നോക്കുന്നത്? ആ നാലുപേരെ കൊന്നാൽ പരിഹാരമായോ? നമുക്കിടയിൽ ഒളിഞ്ഞിരിക്കുന്ന , ആട്ടിൻ തോലിട്ട ഈ എൺപത് ലക്ഷം ചെന്നായ്ക്കളെ നാം എന്ത് ചെയ്യും? ആ നാലുപേരേക്കാൾ വികൃതമായ പുഴുവരിച്ച മനസ്സും ചിന്തകളുമുള്ള ഇവരെ?!

കരുതിയിരിക്കുക. നമ്മുടെ കുട്ടികളെ ഈ ലോകത്തിലെ തിന്മകളെ കുറിച്ചും ബോധവാന്മാരാക്കുക. സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക. മനസ്സിനും ശരീരത്തിനും ശക്തി നൽകുക. എന്‍റെ അച്ഛൻ ചെറുപ്പത്തിൽ എന്നോടും അനിയനോടും പറയുമായിരുന്നു, “ആരെടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്ന് പറയാനുള്ള ആർജവം കാണിക്കണമെന്ന്”. അത് തന്നെ ഞാനെന്റെ മോൾക്കും പറഞ്ഞു കൊടുക്കുന്നു. ഈ ലോകം പാവങ്ങൾക്കും തൊട്ടാവാടികൾക്കുമുള്ളതല്ല. ഉശിരുള്ള മക്കൾക്കുള്ളതാണ്!

മക്കളെ പേടിച്ചു അകിടിലിട്ടു വളർത്തുന്ന അച്ഛനമ്മമാരോട്, നമ്മുടെ കണ്ണിലൂടെ ആകണം ഈ ലോകത്തിന്റെ നന്മ അവർ കാണേണ്ടത്. സത്യം തന്നെ. എന്നാൽ അതേ കണ്ണിലൂടെ ഈ സമൂഹത്തിന്റെ വൈകൃതവും അവരെ കാണിക്കൂ. അവർ സ്വന്തം മനസ്സിനെ തയ്യാറാകട്ടെ, സ്വയം!

പാപ്പുവിന്റെ കഴിഞ്ഞ വെക്കേഷന് തുടങ്ങി വച്ച, പിന്നീട് എന്‍റെ തിരക്കുകൾ കാരണം പലപ്പോഴായി മുടങ്ങി പോയ കരാട്ടെ ക്ലാസ് ഞാൻ വീണ്ടും തുടങ്ങുകയാണ്. അവളോട് മനസ്സ് കൊണ്ട് മാപ്പ്‌ പറഞ്ഞു കൊണ്ട്. കാരണം അവളുടെ ചിരിയേക്കാൾ വലുതല്ല ഒരു തിരക്കുകളും.

എന്‍റെ മകൾക്കു വേണ്ടി മെഴുകുതിരി കത്തിക്കാൻ ഈ ലോകത്തെ അനുവദിക്കാൻ എനിക്ക് മനസ്സില്ല!