സമ്പൂർണ സാച്ചരത! ബന്ദർ കെ ബച്ചേ

0
181

ഡോ. സൗമ്യ സരിൻ

തികഞ്ഞ ഒരു സ്ത്രീവിരോധി എന്ന നിലക്കുള്ള വാർത്തകൾ മാത്രമേ ഇയാളെക്കുറിച്ചു കേട്ടിട്ടുള്ളു. കുറെ കാലത്തിനു ശേഷം വീണ്ടും കേട്ടുതുടങ്ങിയത് ബിഗ് ബോസ് എന്ന പരിപാടിയിലെ ഒരു മത്സരാർത്ഥിയായാണ്. ഇപ്പോൾ കേട്ടതാവട്ടെ ഇയാളെക്കുറിച്ചുള്ള സൈബർ വീരഗാഥകളും ഫാൻ ചരിതങ്ങളും! മനുഷ്യരിങ്ങനെയൊക്കെയാണ്! അസാധാരണ ചിന്തകളോടും അങ്ങനെ പെരുമാറുന്നവരോടുമൊക്കെ കൗതുകം കൂടുതലുണ്ടാകും! അതിനോക്കെ അത്രക്ക് പ്രാധാന്യമേ കൊടുക്കാറുള്ളു. അല്ലെങ്കിൽ കൊടുക്കാൻ പാടുള്ളു! കാരണം ഇങ്ങനെയുള്ള ആളുകൾ ജനശ്രദ്ധ പിടിച്ചു പറ്റുന്നത് ‘നെഗറ്റീവ് പബ്ലിസിറ്റി’ എന്നൊരു ആയുധമുപയോഗിച്ചാണ്. പബ്ലിസിറ്റി ഏതു രീതിയിലാണെന്നത് അവർക്ക് പ്രശ്നമല്ല! ബട്ട് ആളുകൾ തന്നെകുറിച്ചു സംസാരിച്ചുകൊണ്ടിരിക്കണം, അത്രേയേയുള്ളു! അതുകൊണ്ടു തന്നെ ഇയാളെക്കുറിച്ചുള്ള വാർത്തകൾ മനഃപൂർവം തന്നെ അവഗണിക്കുമായിരുന്നു. പക്ഷെ ഇന്നലെ നടന്നത് അങ്ങിനെ അവഗണിക്കാൻ കഴിയുന്ന ഒന്നല്ല! കാരണം കൊറോണ എന്ന നിശബ്‌ദകൊലയാളിയെ കെട്ടു കെട്ടിക്കാൻ ഇവിടെ ഒരു കൂട്ടം ആളുകൾ അഹോരാത്രം പണിപ്പെടുമ്പോൾ അവരെയെല്ലാം വിഡ്ഢികളാക്കി, അല്ലെങ്കിൽ വെല്ലുവിളിച്ചു കുറച്ചുപേർ ചെയ്ത ഈ പ്രവൃത്തി അത്രക്ക് നീചവും മാപ്പർഹിക്കാത്തതുമാണ്!
ഇനി കേസ് എടുത്തിട്ടെന്തു കാര്യം എന്ന് മനസ്സിലാവുന്നില്ല. കൊറോണ പോസിറ്റീവ് ആയ ബ്രിട്ടീഷുകാർ എത്തിയ എയർപോർട്! എന്തൊരു കോലാഹലമായിരുന്നു ഇന്നലെ രാവിലെ! എയർപോർട് അടക്കുമെന്നു വരെ ഫ്ലാഷ് ന്യൂസ് ( സംഭവിച്ചില്ല എങ്കിലും!). എല്ലാ അധികൃതരും അങ്ങോട്ട്! കടുത്ത സുരക്ഷാ! എന്നിട്ടോ? അതേ എയർപോർട്ടിൽ കുറച്ചു സമയത്തിന് ശേഷം അരങ്ങേറിയ നാടകമോ? എന്താണിയാളും ഇയാളുടെ ആരാധകരെന്നു പറയുന്നവരും കാട്ടിക്കൂട്ടിയത്?
കണ്ട ഒരു ഫോട്ടോ വല്ലാതെ വേദനിപ്പിച്ചു. കയ്യിലൊരു പിഞ്ചു കുഞ്ഞുമായി ആരാധ്യപുരുഷന്റെ ഫോട്ടോ എടുക്കാൻ പാടുപെടുന്ന ഒരാൾ!
ഒരൊറ്റ ഡയലോഗ് മാത്രമേ ഓർമ വന്നുള്ളൂ…നമ്മുടെ സന്ദേശം സിനിമയിൽ യശ്വന്ത് സഹായി ( നമ്മുടെ ഇന്നസെന്റ് തന്നെ!) പറഞ്ഞ ഡയലോഗ്! ” സമ്പൂർണ സാച്ചരത! ബന്ദർ കെ ബച്ചേ! ” അല്ലാതെന്ത് പറയാനാണ്!
ആ വിളിച്ചത് ഞാനടക്കുള്ള അഭ്യസ്തവിദ്യരെന്നു മേനി നടിക്കുന്ന കേരളസമൂഹത്തെ മുഴുവനാണ്!
ഈ തെറ്റിന് മാപ്പില്ല! അയാൾ കുറച്ചു ദിവസമായി പുറത്തു നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന് പറഞ്ഞു തടി തപ്പുമായിരിക്കും! പക്ഷെ അവിടെ കൂടിയ എന്‍റെ നാട്ടുകാരെ, നിങ്ങളോ?! മോശമായിപ്പോയി!
” ആളിനെ വേണ്ടത്ര അങ്ങോട്ട് മനസ്സിലായിട്ടില്ലെന്നു നിരീക്കുനു” – ഇത് തിലകൻ മോഹൻലാലിനെ പറ്റി പറഞ്ഞതല്ല! ഞാൻ കോറോണയെ പറ്റി പറഞ്ഞതാണ്! കോറോണക്കെന്ത് ഫാൻ! കോറോണക്കെന്ത് “ആർമി”! ലോകത്തെ മുഴുവൻ ആർമികളും അവനു മുന്നിൽ മുട്ട് മടക്കുന്നത് നിങ്ങൾ കാണുന്നില്ലേ?അവൻ നൈസായി ” ഉയിരുകളുമായി” അങ്ങ് പോകും!
താരാരാധനയുടെ കൂടെ ഒരല്പം വിവേകം കൂടി നമ്മളുടെ തലകളിൽ ഉദിക്കട്ടെ എന്ന് പ്രത്യാശിക്കാനേ തത്കാലം തരമുള്ളു!