ഡോക്ടറും മറിയം ത്രേസ്യയും

245

എഴുതിയത്  : NI JO

ഡോക്ടറും മറിയം ത്രേസ്യയും.

വീട്ടിൽ നിന്ന് നടന്നു പോകാവുന്ന അത്രയും അടുത്തായത് കൊണ്ട് മാത്രം എന്റെ മക്കളെയും പെങ്ങളുടെ മക്കളെയും ഏറെ നാളുകളായ് കാണിക്കാറുള്ളത് അമല ആശുപത്രിയിൽ ആണ്. അവിടത്തെ ശ്രീനിവാസൻ ഡോക്ടറെയാണ്. ക്രിസ്റ്റഫർ എന്ന കുഞ്ഞിന് അദ്ഭുത രോഗശാന്തി ലഭിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയിരുന്ന അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സീനിയർ പീഡിയാട്രിഷൻ ഡോ.വി.കെ ശ്രീനിവാസനെ.

വത്തിക്കാനിൽ മറിയം ത്രേസ്യയെ വിശുദ്ധ ആക്കുന്ന അന്നാണ് ഈ വിദ്വാൻ ആ പ്രക്രിയക്ക് നൽകിയ സംഭാവന ചെറുതല്ലെന്നും അതുകൊണ്ട് തന്നെ കുടുംബ സമേതം അങ്ങ് വത്തിക്കാനിൽ തദവസരത്തിന്റെ ഭാഗമാകാൻ പോയിരിക്കുകയാണെന്നും മനസ്സിലായത്. ആദ്യം ഞാൻ കരുതിയത് അയാൾ കണ്ടിരുന്ന രോഗലക്ഷണങ്ങൾ അപ്രതക്ഷ്യമായെന്ന് മാത്രം ഒരു സാക്ഷ്യപ്പെടുത്തലാണ് ഡോക്ടർ നടത്തിയത് എന്നാണ്. എന്നാൽ അങ്ങിനെയല്ല. 2009ൽ പൂർണവളർച്ചയെത്താതെ ഗുരുതര ശ്വാസകോശ അസുഖവുമായി ജനിച്ച കുട്ടിക്ക് മറിയം ത്രേസ്യയുടെ മധ്യസ്ഥ പ്രാർഥനയിലൂടെ രോഗശാന്തി ലഭിച്ചെന്നാണ് ഡോക്ടർ സാക്ഷ്യപത്രം നൽകിയത്. കുഞ്ഞ് ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്ന് ഡോക്ടർ രക്ഷിതാക്കളെ അറിയിച്ചിരുന്നു. രക്ഷിതാക്കൾ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് കുട്ടിയുടെ കിടക്കക്ക് സമീപം വെച്ച് പ്രാർഥന നടത്തി. അടുത്ത ദിവസം കുട്ടി രോഗവിമുക്തനാവുകയും ചെയ്തത്രെ. ഇത് അത്ഭുതമായിരുന്നെന്നും വൈദ്യശാസ്ത്രത്തിന്‍റെ ഇടപെടലില്ലാതെയാണ് അസുഖം ഭേദമായതെന്നുമാണ് ഡോ. ശ്രീനിവാസൻ സാക്ഷ്യപത്രം നൽകിയത്.

വർഷങ്ങൾക്കിപ്പുറം പ്രസ്തുത ചടങ്ങിൽ ഭാഗമായി അയാൾ അന്നത്തെ ആ സ്റ്റേറ്റ്മെന്റിനെ അടിവരയിടുന്നു. പറഞ്ഞു വന്നത്, ഡോക്ടർക്കെതിരെ കൃതമായ നടപടി വേണം. യാതൊരു ശാസ്ത്രീയ തെളിവുകളും മുന്നോട്ട് വയ്ക്കാതെ മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി നിലപാടെടുത്ത് കാത്തലിക്ക് ട്രിബ്യൂണലിന് വശം ചേർന്നത് സംശയാസ്പദമാണ്. ഇത് വിശ്വാസത്തിന്റെ പ്രശ്നം അല്ല. മോഹനൻ നായർ എന്ന വ്യാജ വൈദ്യൻ ചെയ്യുന്നതിനേക്കാൾ ക്രിസ്ത്യൻ സമൂഹത്തിനെ സംബന്ധിച്ച് മാരകമായ വിപത്താണ് ഈ ഡോക്ടറുടെ സാക്ഷ്യം.

ഒരു കുഞ്ഞിനെയോ കുടുബത്തിനേയോ മാത്രമല്ല അയാൾ ഇവിടെ വിഡ്ഢിയാക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനെ മുഴുവനുമാണ്. അയാളും ഞാനും ഉൾപ്പെടെ അതിന്റെ ഗുണഭോക്താവായിരിക്കുന്ന ഒരോരുത്തരെയുമാണ്. പുച്ഛിക്കുന്നത്, ഇന്നും നടന്നുകൊണ്ടിരിക്കുന്ന ആയിരകണക്കിന് ലാബുകളിലെ പരീക്ഷണങ്ങളെയാണ്. ഇതൊക്കെ എന്തിന് ചെയ്തു എന്നത് അയാൾക്കോ സഭയ്ക്കോ മാത്രമറിയാവുന്ന ഒന്നായിരിയ്ക്കാം. സഭയ്ക്ക് ഒരോ കാലവും എങ്ങിനെ സർവൈവ് ചെയ്യണം എന്ന് കൃതമായി അറിയാം. അതിന് ടൂൾ ആകുക എന്നത് ചിലർക്ക് പ്രിവിലേജും ആകാം.

കഴിഞ്ഞ ദിവസം ഐ എം എ ഡോക്ടർക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അയാളുടെ ചെയ്തിയെ രൂക്ഷമായി വിമർശിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിൽ ചെറിയ പ്രതീക്ഷയുണ്ട്. എനിക്ക് ചെയ്യാവുന്നത്, എന്റെ മക്കളെ ആ ഡോക്ടറുടെ മുൻപിലേയ്ക്ക് ഇനി വിടില്ല എന്ന് തീരുമാനിച്ച പോലെ എനിക്കറിയുന്നവരെയും തടയാൻ ശ്രമിക്കുക എന്നത് മാത്രമാണ്.

* വാൽ – അത്ഭുത രോഗശാന്തി ക്രിസ്ത്യൻ മാനാജ്മെന്റ് ആശുപത്രികളിൽ അല്ലാതെ സർക്കാർ ആശുപത്രികളിൽ നടക്കുന്നില്ല എന്നതാണ് മറ്റെരു അത്ഭുതം.