തുണിയുരിക്കുന്ന അദ്ധ്യാപകർ !

0
81
ഡോ: എസ്. എസ്. ലാൽ
തുണിയുരിക്കുന്ന അദ്ധ്യാപകർ !
ഭുജിലെ പെൺകുട്ടികളെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു. ഗതികേടിന്റെ വരമ്പത്ത് നിൽക്കുന്ന പാവം കുട്ടികൾ. അതിലൊരെണ്ണം എന്റെയോ നിങ്ങളുടെയോ കുഞ്ഞായിരുന്നെങ്കിൽ നമ്മളിന്ന് അവിടെ എന്തൊക്കെ കാട്ടിക്കൂട്ടിയേനേ എന്ന് ആലോചിച്ചു നോക്കുക.ആർത്തവം കണ്ടുപിടിക്കാൻ അടിവസ്ത്രം ഊരി നോക്കുന്ന കഴുതകളെയും നമ്മൾ അദ്ധ്യാപകരെന്നാണ് വിളിക്കുന്നത്. മനുഷ്യരെന്ന് പോലും വിളിക്കപ്പെടാൻ അർഹതയില്ലാത്ത പാഴ് ജന്മങ്ങൾ.
നാട്ടിലെ പിന്നോക്കാവസ്ഥയും വീട്ടിലെ നിർദ്ധനാവസ്ഥയുമാണ് ഈ പാവം പെൺകുട്ടികളെ ഇത്തരം തലതിരിഞ്ഞ സ്ഥലങ്ങളിൽ ‘പഠിക്കാൻ’ എത്തിക്കുന്നത്. ആ സ്ഥലങ്ങളുടെ പേരും കോളേജെന്നാണ്. പുറം ലോകം എന്താണെന്നറിയാത്ത, പുതിയ ലോകം സഞ്ചരിക്കുന്നത് ഏത് ദിക്കിലേക്കാണെന്നറിയാത്ത, ജീവികളുടെയും പേര് അദ്ധ്യാപകരെന്ന്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ബോധമില്ലാത്തത് പ്രധാനാദ്ധ്യാപിക.
ലോകത്തെ ഏറ്റവും വലിയ അശുദ്ധി ആർത്തവമാണെന്ന് കരുതുന്ന ജനത. അതിന് കുടപിടിക്കാൻ പള്ളിക്കൂടം കണ്ടിട്ടില്ലാത്ത കുറേ തട്ടിപ്പ് സ്വാമിമാരും സ്വാമിനിമാരും. അവരുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ. വോട്ട് പോകുമെന്ന് പേടിച്ച് എന്ത് കണ്ടാലും വായ തുറക്കാത്ത ചില രാഷ്ട്രീയപ്പാർട്ടികൾ.ആർത്തവമുള്ള കുട്ടികൾ മറ്റു കുട്ടികളെ തൊടാൻ പാടില്ലത്രെ. അടുക്കളയിൽ കയറാൻ പാടില്ലത്രെ. ഈ നിയമം പറയുന്ന കഴുതകൾ വഴി നീളെ ചായക്കടകളിൽ കയറി മൂക്കറ്റം വെട്ടി വിഴുങ്ങുന്ന ഭക്ഷണം മിക്കതും നാട്ടിലെ പെണ്ണുങ്ങൾ വയ്ക്കുന്നതാണ്. അതിൽ പലർക്കും ആർത്തവകാലവുമായിരിക്കും. വിശക്കുമ്പോൾ എന്ത് ആർത്തവം? ആർത്തവമുള്ള പെണ്ണുങ്ങൾ കാണിക്കപ്പെട്ടിയിൽ നാണയമിട്ടാൽ അതിലും അശുദ്ധിയില്ല. അതെടുത്ത് പുട്ടടിക്കാനും പരിശുദ്ധിയുടെ പ്രശ്നമില്ല.
ജനങ്ങളുടെ അറിവില്ലായ്മ പുതിയതായി തുടങ്ങിയതല്ല. പണ്ടേ ഇതൊക്കെ നാട്ടിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ചും പിന്നോക്ക പ്രദേശങ്ങളിൽ. പക്ഷേ രാജ്യത്തെ നല്ല ഭരണകൂടങ്ങളും നിയമങ്ങളും ബോധമുള്ള മനുഷ്യരും നടത്തിയ ഇടപെടലുകൾ ഇത്തരം കാടത്തരങ്ങളെ നിയന്ത്രിച്ചിരുന്നു. ഇതെല്ലാം തെറ്റാണെന്ന ബോധം പതിയെയെങ്കിലും സമൂഹത്തിൽ വളർന്നു വരുകയായിരുന്നു. എല്ലാം നശിപ്പിച്ചു.
രാജ്യത്ത് ഇപ്പോഴുള്ള ഭരണം ഉണ്ടാക്കുന്ന നഷ്ടങ്ങൾ നാടിന്റെ സമ്പദ് വ്യവസ്ഥയിലോ ക്രമസമാധാനത്തിലോ ഒന്നും മാത്രമല്ല. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിവരക്കേടുകളെയും വിറ്റു ജീവിക്കുന്ന രാജ്യത്തെ കുറേ ക്ഷുദ്ര ജീവികൾക്ക് സ്വതന്ത്ര വിഹാരത്തിനുള്ള ലൈസൻസ് അനുവദിക്കുന്ന ഭരണമാണ് നാട്ടിൽ ഇപ്പോൾ നടക്കുന്നത്. കയ്യിൽ കാവി കിട്ടിയവനെല്ലാം നേതാവാകുന്ന, നാടുഭരിക്കുന്ന, നമ്മുടെ ഭാവി തീരുമാനിക്കുന്ന സ്ഥിതിയാണിന്ന്. കാവിയുടുത്താൽ ഏത് കാട്ടാളനും മാന്യന്റെ പട്ടം കിട്ടുമെന്ന അവസ്ഥ. ആ വസ്ത്രത്തിനെ മാത്രമല്ല അവർ നാറ്റുന്നത്. നൂറ്റി മുപ്പത് കോടി ജനങ്ങളുടെ ആത്മാഭിമാനത്തെയും കൂടിയാണ്.
നാട്ടിലെ വിവരക്കേട് അവിടെയും നിൽക്കുന്നില്ല. അമേരിക്കയിൽ പോലും വന്ന് രാജ്യത്തെ നാറ്റുന്ന ‘ശാസ്ത്രജ്ഞർ’ ഉണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ കയറിയാൽ ഗർഭപാത്രത്തിൽ കറണ്ടടിക്കുമെന്ന് അമേരിക്കയിൽ കണ്ടുപിടിച്ച ഭിഷഗ്വര രത്നങ്ങളും ഉണ്ട്‌. ശാസ്ത്ര പ്രതിഭകൾ !
അതിവേഗത്തിൽ വളർന്നുകൊണ്ടിരുന്ന ഒരു രാജ്യത്തിനെ ഇങ്ങനെ ഇരട്ടി വേഗത്തിൽ പിറകോട്ടോടിക്കുമ്പോൾ ബുദ്ധിജീവികൾ ഉൾപ്പെടെ പാലിക്കുന്ന നിശബ്ദത ഭയാനകമാണ്. നിശബ്ദതയെ തോൽപ്പിക്കുന്ന കയ്യടികളും. ഗണപതിക്കാണ് ആദ്യ പ്ലാസ്റ്റിക് സർജറി നടന്നതെന്നും വിമാനം ആദ്യമുണ്ടാക്കിയത് നമ്മളാണെന്നും ശാസ്ത്ര സമ്മേളനങ്ങളിൽ വന്ന് മരക്കഴുതകൾ പ്രസംഗിക്കുമ്പോൾ സയൻസ് പഠിച്ച് ഡോക്ടറേറ്റ് നേടിയ കുറേ കോവർ കഴുതകൾ കയ്യടിക്കുന്ന സമ്മേളനങ്ങൾ. പേര് ശാസ്ത്ര സമ്മേളനം. നമുക്ക് അഭിമാനിക്കാനുള്ള വക നാട്ടിൽ ഇപ്പോഴും ആവശ്യത്തിലധികമുണ്ട്. അതൊന്നും പഠിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, ‘പ്രതിഭ’ കളാണ് പുതിയ ശാസ്ത്രജ്ഞർ.
അറിവും തിരിച്ചറിവും ഇല്ലാത്ത കുറേ പാവം മനുഷ്യരുടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നാട്ടിലെ പ്രധാന ശീലങ്ങളായി മാറുമ്പോൾ അക്ഷരവും ശാസ്ത്രവും പഠിപ്പിക്കേണ്ട അദ്ധ്യാപികമാർ പെൺകുഞ്ഞുങ്ങളുടെ തുണിയഴിക്കുന്നവരായി മാറി.പൊലീസിൽ പരാതി കൊടുത്താൽ തീർത്തുകളയുമെന്ന് കുഞ്ഞുങ്ങളോട് പറയാൻ ധൈര്യമുള്ള സ്കൂളധികൃതർ. പോലീസിനോട് പരാതി പറഞ്ഞാലും കണക്കായിരിക്കും. പരിശോധിച്ചതിൽ ആർക്കെങ്കിലും ആർത്തവമുണ്ടോ എന്നായിരിക്കും പോലീസിന്റെ അന്വേഷണം. എന്നിട്ട് വേണം അവരെ പ്രതികളാക്കാൻ. ബീഫ് തിന്നവനെ തല്ലിക്കൊന്ന ശേഷം എത്തിയ പോലീസ് അന്വേഷിക്കുന്നത് കഴിച്ചത് ബീഫായിരുന്നോ എന്നായിരുന്നല്ലോ.
ഞാൻ ജീവിതത്തിൽ വളരെക്കൂടുതൽ വിഷമിച്ച രണ്ട് ദിവസങ്ങളുണ്ട്. സ്കൂളുകളിൽ മക്കളുടെ അദ്ധ്യാപകർ അവരോട് മോശമായി പെരുമാറിയപ്പോൾ. എന്റെ കുട്ടികളെ വിഷമിപ്പിച്ച അദ്ധ്യാപകരെ കയ്യോടെ പാഠം പഠിപ്പിച്ച അധികാരത്തിലാണ് ഞാനിത് പറയുന്നത്. ഇന്ത്യയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഇളയ മകന്റെ ചെകിടത്തടിച്ച അദ്ധ്യാപകനെതിരെ ഞാൻ കൊടുത്തത് ക്രിമിനൽ കേസായിരുന്നു. അയാൾ പാഠം പഠിച്ചു. അതിനു ശേഷം സ്കൂളിലെ ഒരു കുട്ടിയെയും അയാൾ അടിച്ചിട്ടില്ല. ജനീവയിലെ സ്കൂളിൽ മൂത്ത മകനെ ക്ലാസിൽ വച്ച് വംശീയ ചുവയോടെ ആക്ഷേപിച്ച ബ്രീട്ടീഷുകാരൻ അദ്ധ്യാപകനെയും വട്ടം ചുറ്റിച്ചു. അയാളെക്കൊണ്ട് മാപ്പു പറയിച്ചു. ഞാനും മക്കളും ജനിച്ചത് സ്വതന്ത്ര ഇന്ത്യയിലാണെന്നും അയാളുടെ പിതാക്കന്മാരുടെ കോളനിയിലല്ലെന്നും കൂടി പറഞ്ഞു കൊടുത്തു. ഭുജിലെ സ്കൂളിലെ പാവം കുട്ടികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതിൽ സങ്കടമുണ്ട്.
പ്രൈമറി ക്ലാസ് മുതൽ ജീവിതത്തിൽ പലയിടങ്ങളിലും പഠിപ്പിച്ച അദ്ധ്യാപകരെ നന്ദിയോടെ ഓർക്കുന്നതാണ് ശീലം. അവരിൽ ജീവിച്ചിരിക്കുന്നവരെ ഇപ്പോഴും വീട്ടിൽ പോയിക്കാണുന്ന ശീലവും എനിക്കുണ്ട്. മനസിലെ നന്ദിയിൽ നല്ലൊരു ഭാഗം അവരോടാണ്. ജീവിതത്തിന്റെ വഴി തെളിച്ച നല്ല മനുഷ്യർ. നമുക്കൊക്കെ എന്തെങ്കിലും നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതൊക്കെ അവർക്കും കൂടി അവകാശപ്പെട്ടതാണ്. നാട്ടിലെ ഒട്ടുമിക്ക അദ്ധ്യാപകരും അങ്ങനെയുളള നല്ല മനുഷ്യരാണ്. അവർക്കെല്ലാം അപവാദമാണ് ഭുജിലെ ഈ കോളേജിലെ അദ്ധ്യാപകർ. നിസഹായരായ പാവം പെൺകുട്ടികളുടെ അടിവസ്ത്രമഴിപ്പിക്കുന്ന ജന്മങ്ങൾ.സ്വന്തം അമ്മമാർക്ക് ഭാഗ്യത്തിന് ആർത്തവമുണ്ടായിരുന്നതിനാൽ മാത്രമാണ് നമ്മളിൽ ആരും ലോകത്ത് ജനിച്ചിട്ടുള്ളത്. ആർത്തവം അശുദ്ധമെന്ന് കരുതുന്നവർ സ്വന്തം മാതാവിനെ അശുദ്ധരായി കാണുന്നവരാണ്.
ഇത്രയും എഴുതിയിട്ടും എനിക്ക് സങ്കടവും ദേഷ്യവും തീർന്നിട്ടില്ല.
Advertisements