മരിച്ചവർ നമ്മളെക്കാളും നല്ല മനുഷ്യരായിരുന്നു

28

ഡോ: എസ്.എസ്. ലാൽ

മരിച്ചവർ നമ്മളെക്കാളും നല്ല മനുഷ്യരായിരുന്നു.

ദേഹത്ത് കുത്തിയ ചെറിയ കൊതുകിനെ ഓടിച്ചിട്ട് കൊല്ലുന്ന പരാക്രമികളെ കണ്ടിട്ടുണ്ട്. വിരലിൽ അറിയാതെ സൂചി കൊണ്ടാൽ നിലവിളിക്കുന്നവരാണ് നമ്മളിൽ പലരും. രക്തത്തിന്റെ ഗ്രൂപ്പ് പരിശോധിക്കാനായി വിരൽത്തുമ്പിലെ ചെറിയ കുത്തിൽ തലകറങ്ങി വീണ ചങ്കുറപ്പുള്ള നേതാവിനെ അറിയാം. ടെറ്റനസ് വരാതിരിക്കാനുള്ള ഒരു ചെറിയ കുത്തിവയ്പിനു മുന്നിൽ തളർന്നുപോയ ബോഡി ബിൽഡറെ പരിചയമുണ്ട്. സ്വന്തം കുഞ്ഞിന്റെ നഖം ചതഞ്ഞപ്പോൾ പകൽ ലൈറ്റിട്ട് കാറോടിച്ച് ആശുപത്രിയിൽ പോയ ഡോക്ടറെ അറിയാം. ഞാനും ഇതുപോലൊക്കെ ചെയ്തിട്ടുണ്ട്. മനുഷ്യനായതു കൊണ്ട്. അവനവന്റെ പുറത്ത് ചെറിയ സൂചി കൊണ്ടാലും നോവും. അല്ലെങ്കിൽ അവനവനു വേണ്ടപ്പെട്ടവർക്ക് നോവുമ്പോൾ പിടച്ചോടും.

നൂറുകണക്കിന് കിലോമീറ്റർ നടന്നു തളർന്ന അറിവില്ലാത്തവരും നിഷ്ക്കളങ്കരും ദരിദ്രരുമായ മനുഷ്യർ. അവരുടെ ഉടലിൽക്കൂടി ഗൂഡ്സ് ട്രെയിൻ കയറിയിറങ്ങി കടന്നുപോയ സംഭവത്തിൽ കണ്ണീർ വന്നില്ലെങ്കിൽ ആ കണ്ണ് പരിശോധിക്കണം. വേദന തോന്നിയില്ലെങ്കിൽ ആ തലച്ചോറ് സ്കാൻ ചെയ്യണം. മരിച്ചവരുടെ ശ്രദ്ധക്കുറവാണ് പ്രശ്നമെന്ന് തോന്നുന്നവർ അടിയന്തിരമായി ചികിത്സയെടുക്കണം. ചാരുകസേരയിലിരുന്ന് വിശകലനം ചെയ്യാൻ എളുപ്പമാണ്. ആർക്കും വേണ്ടാത്ത മനുഷ്യരുടെ ജീവിതത്തെ മാത്രമേ അങ്ങനെ എളുപ്പത്തിൽ പറഞ്ഞു തള്ളാൻ കഴിയൂ.

ടെയിൽ കയറി മരിച്ചവർക്കെല്ലാം ഉടലും അതിനകത്ത് തലച്ചോറും ഹൃദയവും കരളും കിഡ്നിയും ഒക്കെ ഉണ്ടായിരുന്നു. മരുന്നു കഴിച്ചും മാറ്റിവച്ചും ഓടിയോടി പഴയതായ സ്വന്തം അവയവങ്ങളെ താലോലിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. കിലോമീറ്ററുകൾ നടക്കാൻ ധൈര്യമുണ്ടായിരുന്ന ആ മനുഷ്യരുടെ തലച്ചോറ് ചെറുതല്ല. അതിനെ എത്ര ദൂരവും ചുമന്ന് നടത്താൻ പോന്ന ബലമുള്ള പേശികൾ ആ തൊഴിലാളികൾക്കുണ്ടായിരുന്നു. ആ മനുഷ്യരെയാണ് ഗുഡ്സ് ടെയിൻ ഇടിച്ചു തെറിപ്പിച്ചത്. ചക്രങ്ങൾ അറുത്തെറിഞ്ഞത്.

അവർ മണ്ടന്മാരായതു കൊണ്ടല്ല പാളത്തിൽ കിടന്നുറങ്ങിയത്. ട്രെയിൻ വരില്ലെന്ന വിവരത്തെ വിശ്വസിച്ചാവും അത് ചെയ്തത്. ഇറങ്ങാനുള്ള ബസ് സ്റ്റോപ്പ് തെറ്റിയാൽ സർവ്വ നിയന്ത്രണവും ധൈര്യവും പോകുന്നവർ നമുക്കിടയിലുണ്ട്. അത് മറക്കരുത്. ആ നമ്മുടെ മുന്നിലൂടെയാണ് റെയിൽ പാളത്തിലൂടെ സംസ്ഥാനങ്ങൾ താണ്ടാൻ തയ്യാറായി മനുഷ്യർ കടന്നു പോയത്.
ഭരിക്കുന്നവർ ആരായാലും അവർക്കാണ് ഉത്തരവാദിത്വം. അതിന് പാർട്ടിയില്ല. ഓരോ അബദ്ധം കാണിച്ച് മനുഷ്യരെ കൊലയ്ക്ക് കൊടുത്തിട്ട് അതിന് മുമ്പ് കസേരയിൽ ഇരുന്നവന്റെ പരാജയമാണെന്ന് പറയരുത്. പഴയ ആളെ പുറകേ നടന്ന് കുറ്റം പറഞ്ഞപ്പോഴാണ് ഹേ ഈയാളെ ജനം പിടിച്ച് കസേരയിൽ ഇരുത്തിയത്. ഇനി അയാളുടെ ചരിതമെഴുതാനല്ല ഭരണം തന്നത്. ചരിത്രം വെട്ടിത്തിരുത്തൽ മാത്രമാകരുത് പണി.

ഫാൻ ക്ലബ്ബും താരത്തെ കാണുമ്പോൾ എണീറ്റു നിന്നുള്ള വിസിലടിയും മാനസിക പ്രശ്നമാണ്. വിസിലടിക്കുന്നത് ഏത് മഹാനായാലും. അതിനി അയാളുടെ പേരിനൊപ്പം ഡോക്ടറോ ഡോക്റ്ററേറ്റോ ഒക്കെ ഉണ്ടെങ്കിലും സൂക്ഷിക്കണം. അതിൽ ജാതി മത പാർട്ടി ദേശ വ്യത്യാസമില്ല.ആരാധകരുടെ വിസിലടി ഇഷ്ടപ്പെടുന്ന താരങ്ങളും നോർമലല്ല. അതിനി എത്ര കൊലകൊമ്പനായാലും. ഈ ആരാധന മാറാൻ അധിക സമയം വേണ്ടെന്ന് ഓർക്കുന്നതും നല്ലത്. അടുത്ത നായകനെ കാണുമ്പോൾ പണ്ട് വിസിലടിച്ചവൻ തന്നെ ഇയാളെ എടുത്ത് നിലത്തടിക്കും.

നെഞ്ചളവ് ബുദ്ധിയുടെ അളവല്ല. പുഴുക്കളെപ്പോലെ മനുഷ്യർ ചാകുമ്പോൾ മാറി നിന്ന് chest thumping നടത്തുന്ന ചിലരെ കണ്ടപ്പോൾ എഴുതിപ്പോയതാണ്.ഭാഷയുടെ ശക്തി കൂടിപ്പോയോ എന്ന് സംശയമുണ്ട്. എന്നാലും പിറകോട്ടു പോയി തിരുത്തുന്നില്ല. എഴുതിയത് ഇനി പോയി വെട്ടിക്കളഞ്ഞാൽ എനിക്കെന്നോട് തന്നെ പുഛം തോന്നും. അത്രയ്ക്ക് മനസിൽ തട്ടിയാണ് എഴുതിയത്.
മനുഷ്യർ വണ്ടി കയറി മരിച്ചപ്പോൾ വലിയ സങ്കടമാണുണ്ടായത്. വാർത്ത കണ്ട ഏതൊരു മനുഷ്യനെയും പോലെ. ആ വേദനയോടെ എഴുതിയ വരികൾക്കുതാഴെ വന്ന് വളരെ ലാഘവത്തോടെ സംസാരിച്ചവർ എന്നിൽ ഒരുപാട് ദേഷ്യവും കൂടി ഉണ്ടാക്കി. മരിച്ചവർ നമ്മളെക്കാളും നല്ല മനുഷ്യർ തന്നെയായിരുന്നിരിക്കണം. അവർക്കു വേണ്ടി കരയണം. കാമറയ്ക്ക് മുന്നിലല്ല. ഒറ്റയ്ക്കിരുന്ന്.