തൽക്കാലം യു.ഡി.ഫ് / എൽ.ഡി. എഫ് വൈറസ് ഇല്ല

22

ഡോ: എസ്.എസ്. ലാൽ

തൽക്കാലം യു.ഡി.ഫ് / എൽ.ഡി. എഫ് വൈറസ് ഇല്ല

ലോകത്ത് ഇന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത് കൊവിഡ് വൈറസ് ആണ്. ആ വൈറസ് ആണ് നമ്മെ തൽക്കാലം ഭരിക്കുന്നത്. ലോകത്തെ മുഴുവൻ മനുഷ്യരും ഇന്ന് വൈറസിന്റെ പ്രതിപക്ഷത്താണ്. വൈറസിന് മനുഷ്യന്റെയോ കൊടിയുടെയോ നിറം തിരിച്ചറിയില്ല. ഏത് എൽ.ഡി. എഫ്, എന്ത് യു.ഡി.എഫ് ?

സർക്കാർ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന കാര്യങ്ങളെ പിന്തുണയ്ക്കുന്നവരാണ് ബോധമുള്ള എല്ലാ മനുഷ്യരും. കാരണം സർക്കാർ എന്റെയുൾപ്പെടെ മുഴുവൻ പേരുടേതുമാണ്. മുഖ്യമന്ത്രി കേരളത്തിലെ മുഴുവൻ പേരുടെയും മുഖ്യമന്തിയാണ്. സഖാവ് പിണറായി വിജയനാണ് സി.പി.എം. കാരുടേത് മാത്രമാകുന്നത്.

സർക്കാരിനെ പിന്തുണയ്ക്കുന്നു എന്നു പറഞ്ഞാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പാടില്ല എന്നല്ല അർത്ഥം. കൊവിഡിന്റെ കാര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയം പറയരുതെന്ന ഭരണമുന്നണി നിലപാട് ഭരണമുന്നണിക്കും ബാധകമാണ്. പ്രതിപക്ഷം പറയുന്നത് മാത്രം രാഷ്ട്രീയമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. രണ്ടു മുണികൾക്കും ഇക്കാര്യത്തിൽ ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ഭരണത്തെ തടസപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനും ഉണ്ട്. ഇതുവരെ തടസപ്പെട്ടതായി അറിവില്ല.
ആര് ഭരിച്ചാലും തെറ്റുകൾ പറ്റും. അത് ചൂണ്ടിക്കാണിക്കാനാണ് പ്രതിപക്ഷം എന്ന സംവിധാനം. അല്ലാതെ കല്ലെറിയാനും ബോംബെറിയാനും വേണ്ടിയുള്ള സംഘമല്ല. പ്രതിപക്ഷത്തെ വിളിച്ചിരുത്തി ഒരുമിച്ചു കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അവർ തെറ്റുകൾ മാറി നിന്ന് പറയും. അതിനാൽ ഭരണത്തിലിരിക്കുന്നവർക്ക് ഇക്കാരത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് ജനങ്ങളോട് സംസാരിക്കുന്ന കാലമാണ് സ്വപ്നം കാണുന്നതെന്ന് കൈരളി ടെലിവിഷനിലെ ഒരു ചർച്ചയിൽ ഞാൻ പറഞ്ഞു. അന്നുണ്ടായിരുന്ന മുതിർന്ന സി.പി.എം. നേതാക്കൾ പോലും അത് ഖണ്ഡിച്ചതുമില്ല.

കൊവിഡ് സമയത്തും കാര്യങ്ങളെല്ലാം പരമാവധി നന്നായും കൃത്യമായും നടക്കണം. അതിന് ചർച്ചകൾ ഉണ്ടാകണം. അഭിപ്രായങ്ങൾ കേൾക്കണം. വിമർശനങ്ങളോട് സഹിഷ്ണുത വേണം. ഞങ്ങൾക്ക് എല്ലാം അറിയാം, ഞങ്ങൾ എല്ലാം നോക്കിക്കൊള്ളാം എന്ന നിലപാട് ഏകാധിപത്യമാണ്. ഇത് മുഴുവൻ പേരുടെയും സംസ്ഥാനമാണ്. അല്ലാതെ ഭരിക്കുന്നവരുടെയോ പ്രതിപക്ഷത്തിന്റെയോ അല്ല.
എന്ത് നിർദ്ദേശം വന്നാലും അത് ഭരണത്തെ തകർക്കാനാണെന്നുള്ള ആക്ഷേപം ജനാധിപത്യമല്ല. രാഷ്ട്രീയ സംഘടനകളുടെയും ഐ.എം.എ. പോലുള്ള പ്രസ്ഥാനങ്ങളുടെയും നിർദ്ദേശങ്ങൾ വൈകിയെങ്കിലും ചെവിക്കൊള്ളാനായതു കൊണ്ടും കൂടിയാണ് അപകടങ്ങൾ പലതും ഒഴിവായത്. എന്നാലും അവരെല്ലാം പലപ്പോഴും പടിക്കു പുറത്താണ്. അത് ശരിയല്ല. ഇക്കാര്യത്തിൽ സർക്കാർ ചില പിടിവാശികൾ ഇപ്പോഴും കാണിക്കുന്നുണ്ട്. ആരും അതു പറഞ്ഞ് വഴക്കിടാത്തതാണ്.

പ്രതിപക്ഷത്തെ അംഗീകരിക്കുക എന്നത് ജനങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാണ്. ഭരണവും പ്രതിപക്ഷവും ഏതാണ്ട് തുല്യ ശക്തികളായ കേരളത്തിൽ പ്രതിപക്ഷം വായ തുറക്കരുതെന്ന് പറയുന്നത് സംസ്ഥാനത്തിനാണ് നഷ്ടം. യു.ഡി.എഫ്. ഭരിക്കുമ്പോൾ അങ്ങനെ ചെയ്താലും തെറ്റാണ്. ഭരണപരിചയം ഉള്ളവർ രണ്ടു പക്ഷത്തും ഉള്ള നാടാണ് നമ്മുടേത്.
തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ ഉടനേ തന്ന കൊവിഡാണ്, വായടയ്ക്കണം എന്നു പറഞ്ഞാൽ ആ പറയുന്നവർക്ക് പിന്നെ കേന്ദ്രത്തിലെ ചേട്ടൻമാരെ കുറ്റം പറയാൻ എന്തവകാശം? അതിർത്തി കാണിച്ച് കേന്ദ്രം വായടപ്പിക്കുന്ന തന്ത്രം കേരളത്തിൽ വൈറസിനെ കാണിച്ച് ചെയ്യരുത്.

ഇത്രയും പറയാൻ കാരണമുണ്ട്. “കേരളത്തിൽ വീണ്ടും പോസിറ്റീവ് കേസുകൾ ഉണ്ടായി, സന്തോഷമായില്ലേ പ്രതിപക്ഷമേ” എന്ന് ചോദിക്കുന്ന ചില പോസ്റ്റുകൾ കണ്ടു. അതും ഉത്തരവാദിത്വമുള്ള നേതാക്കൾ എഴുതിയത്. എന്തൊരു തല്ലിപ്പൊളി ചോദ്യമാണിത്‌ ? എന്തൊരു വിവരക്കേടാണിത് ? മനുഷ്യർക്ക് രോഗം വരാനും മരിക്കാനും ഏതെങ്കിലും പാർട്ടി ആഗ്രഹിക്കുമോ? ബോധമുള്ള ഏതെങ്കിലും മനുഷ്യർ ആഗ്രഹിക്കുമോ? ആ ചോദ്യം തന്നെ ശുദ്ധ അസംബന്ധമല്ലേ? മനുഷ്യ ജീവനോടുള്ള സ്നേഹമില്ലായ്മയും ആദരവില്ലായ്മയുമല്ലേ അത് കാണിക്കുന്നത്? രോഗവും മരണവും പ്രതിപക്ഷത്തെ അടിക്കാൻ ആയുധമാക്കാമോ? കടുത്ത നീചത്തമല്ലേ അത്? എനിക്കും രാഷ്ട്രീയ നിലപാടുണ്ട്. അത് നിങ്ങളുടേതിന് സമാനമല്ലാത്തതിനാൽ ജനം മരിക്കാൻ ആഗ്രഹിക്കുന്നവരായി എന്നെയും കാണാൻ നിങ്ങൾക്ക് എന്തധികാരമാണ് ഉള്ളത്?

യു.ഡി.എഫ്. വിരോധം തീർക്കാൻ ആരെയും വൈറസിന് വിട്ടു കൊടുക്കാൻ നിങ്ങൾക്ക് കഴിയില്ല. എനിക്ക് എന്റേതിനു തുല്യമായ ഒരുപാട് ജീവനുകൾ ഉണ്ട്. അമ്മ മുതൽ ബന്ധുക്കളും സുഹൃത്തുക്കളും എന്റെ സർക്കാർ വിദ്യാലയങ്ങളിലെ പഠനം സൗജന്യമാക്കാൻ ടാക്സ് കൊടുത്ത നാട്ടുകാരും ഉൾപ്പെടെ. പ്രതിപക്ഷത്തെ തോൽപ്പിക്കാനെന്ന പേരും പറഞ്ഞ് അതിലൊരാളുടെ ജീവന്റെ വില കുറച്ചു കണ്ടാൽ നോക്കിനിൽക്കാൻ കഴിയില്ല.

ജനങ്ങൾ ബാക്കിയുണ്ടെങ്കിലേ വോട്ടുകൾ ഉണ്ടാകൂ എന്ന് ഭരണകക്ഷികൾ ഇടയ്ക്ക് പറഞ്ഞിരുന്നു. ആ വരികൾ എനിക്കും ഇഷ്ടപ്പെട്ടിരുന്നു. അതേ വരികൾ തങ്ങൾക്കൊപ്പം നിൽക്കുന്നവരെക്കൂടി എൽ.ഡി.എഫ്. ഓർമ്മിപ്പിക്കണം.
ഭരണത്തെയോ പ്രതിപക്ഷത്തെയോ തെരഞ്ഞെടുത്തത് വൈറസ് അല്ല. രോഗം ഉണ്ടാക്കാൻ വൈറസ് തീരുമാനിച്ചതും ആര് ഭരിക്കുന്നു, ആര് പ്രതിപക്ഷത്താണ് എന്ന് നോക്കിയിട്ടല്ല. മുൻപ് ആരോ പറഞ്ഞു. ജനങ്ങൾ രണ്ട് വിഭാഗമേ ഉള്ളൂ. കൊവിഡ് വന്നവരും ഇനി വരാനിരിക്കുന്നവരും. അതിനിടയിൽ എന്ത് എൽ.ഡി.എഫ്. എന്ത് യു.ഡി.എഫ്. ?