എ.കെ.ആന്റണി അന്ന് ഡോക്ടറായിരുന്നെങ്കിൽ !

  109

  S S Lal

  എ.കെ. ആന്റണി അന്ന് ഡോക്ടറായിരുന്നെങ്കിൽ !

  കൊവിഡിനിടയിൽ ബാക്കിയുള്ള എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ എഴുതാൻ പോകുന്ന കുട്ടികൾ. അവർ പലരും അൽപം ടെൻഷനിലായിരിക്കാം. എന്നാൽ ഇതെഴുതുന്നത് തൽക്കാലം അവർ വായിക്കാനല്ല. കുട്ടികൾ സമാധാനമായി പരീക്ഷയെഴുതട്ടെ. കുട്ടികളേക്കാൾ ടെൻഷൻ അവരുടെ രക്ഷകർത്താക്കൾക്ക് ആണെന്നറിയാം. അവരോടാണ് ഇപ്പോൾ സംസാരിക്കുന്നത്. കുട്ടികളുമായി പിന്നീട് സംസാരിച്ചുകൊള്ളാം.

  മക്കൾക്ക് വേണ്ടിയാണ് നമ്മൾ മിക്കവരും പ്രധാനമായും ജീവിക്കുന്നത്. ചിലർ മക്കൾക്കുവേണ്ടി മാത്രവും. അത് നമ്മുട നാട്ടിലെ പൊതുവായ രീതിയാണ്. അതിലെ ശരിതെറ്റുകളിലേയ്ക്ക് തൽക്കാലം കടക്കുന്നില്ല. പിന്നൊരിക്കൽ സംസാരിക്കാം.
  എല്ലാവർക്കും അവരവരുടെ മക്കളുടെ മാർക്കിനെപ്പറ്റിയും ഭാവിയെപ്പറ്റിയും ആകാംക്ഷയുണ്ടാകുന്നത് സ്വാഭാവികം. എങ്കിലും ഓർക്കുക. ഈ ദിവസങ്ങളിൽ നമ്മൾ ലോകത്തെ മുഴുവൻ മനുഷ്യരും ഉത്തരങ്ങൾ എളുപ്പമല്ലാത്ത ഒരു നീണ്ട പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പരീക്ഷ. ലോകത്താകമാനം മൂന്നര ലക്ഷത്തോളം പേർ ഇതിനകം തോറ്റു പിൻവാങ്ങിയ പരീക്ഷ. അതിപ്പോഴും തുടരുകയാണ്. അതിൽ നിന്നും തൽക്കാലം രക്ഷപെട്ടു നിൽക്കുന്നവരാണ് നമ്മളെല്ലാം. അതിനിടയിലാണ് നമ്മൾ കുട്ടികളുടെ പരീക്ഷയെപ്പറ്റി വിഷമിക്കുന്നത്. പരീക്ഷയെപ്പറ്റി പോയിട്ട് അടുത്ത നേരത്തെ ഭക്ഷണത്തെപ്പറ്റി പോലും ഉറപ്പില്ലാത്തവർ ഒരുപാടാണ് നമ്മുടെ നാട്ടിലും ലോകത്തെ പല രാജ്യങ്ങളിലും.

  സത്യമാണ്, നല്ല ദിവസങ്ങളിലൂടെയല്ല നമ്മൾ കടന്നുപോകുന്നത്. നമുക്ക് വിഷമമുണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അതുകാരണമുള്ള അസ്വസ്ഥതകൾ നമ്മൾ എല്ലാവരിലും ഏതെങ്കിലും തരത്തിൽ ഉണ്ട്. എത്ര ചങ്കൂറ്റമുള്ളവരും ഒന്ന് ആടിപ്പോയ സമയമാണിത്. ആവശ്യത്തിന് സമ്പത്തുള്ളവർക്കും അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഏത് ജോലി ചെയ്യുന്നവർക്കും നാളെയെപ്പറ്റിയുള്ള ആശങ്കയുണ്ട്. എല്ലാ അധികാരങ്ങളുമുള്ള ഭരണാധികാരികൾക്കു പോലും ഉറക്കമില്ലാത്ത രാത്രികൾ. അന്യ നാട്ടുകാരെ ബോംബിടാനും അയൽ നാട്ടുകാരെ വിരട്ടിയോടിക്കാനും ഇതര മതക്കാരനെ വെട്ടിവീഴ്ത്താനും ഒക്കെ നടന്ന വില്ലാളിവീരന്മാർ അവനവന് രോഗം വരാതിരിക്കാൻ കയ്യിൽകിട്ടിയ മരുന്നൊക്കെ വിഴുങ്ങുകയാണ്. മറ്റു ചില വീരശൂര പരാക്രമികൾ അസുഖമൊക്കെ മാറി ആശുപത്രികളിൽ നിന്നും കഷ്ടിച്ച് പുറത്തിറങ്ങിയിട്ടേ ഉള്ളൂ. എല്ലാവരേയും രക്ഷിക്കാൻ ശ്രമിച്ചിരുന്ന പല മനുഷ്യദൈവങ്ങളും വിഗ്രഹങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കയാണ്.

  ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും നമ്മുടെ ആശങ്കകൾ അതിരുകടന്ന് അതൊരു രോഗമാകാതിരിക്കാനുള്ള സംവിധാനങ്ങൾ നമ്മുടെ ശരീരത്തിനുള്ളിൽ തന്നെയുണ്ട്. ശരീരത്തിൻറെ നിയന്ത്രണത്തിൽ നിൽക്കാത്ത ആശങ്കകള പരിഹരിക്കാൻ നമുക്ക് ചുറ്റുമുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയുണ്ട്. അവരുടെ സാന്ത്വനങ്ങളും ഇടപെടലുകളും നമ്മളെ ഒരുപാട് സഹായിക്കും. എന്നാൽ സഹായത്തിന് ബന്ധുള്ളക്കോ സുഹൃത്തുക്കളോ ഒക്കെ ഇല്ലാതെ വിഷമിക്കുന്നവരുണ്ടാകാം. അവരോട് നമുക്ക് അനുതാപം വേണം. അവരെയും നമ്മൾ സഹായിക്കണം.

  നമ്മുടെ ആകാംക്ഷ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ അത് നമ്മൾ ശ്രദ്ധിക്കണം. അടുപ്പമുളളവരോട് അത് പറയണം. ആവശ്യമെങ്കിൽ നമ്മുടെ ഡോക്ടറെ അറിയിക്കണം. കാര്യങ്ങൾ ആ ഡോക്ടറിൽ നിൽക്കുന്നില്ലെങ്കിൽ മനോരോഗ വിദഗ്ദ്ധരുടെ സഹായം തേടണം. എൻറെ ബന്ധുക്കൾകൾക്കിടയിലും ചില സുഹൃത്തുക്കൾക്കിടയിലും ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ചിലരുണ്ട്. അവരുമായി സംസാരിക്കാൻ ഞാനും സമയം കണ്ടെത്തുന്നു. ചിലരെ അവർക്കടുത്തുള്ള ഡോക്ടർമാരുമായി ബന്ധപ്പെടുത്തി. പലരും ഇപ്പോൾ വലിയ ആശ്വാസത്തിലാണ്‌. എനിക്ക് ഇഷ്ടമുള്ള ചിലരെ ഞാനും ഫോണിൽ വിളിക്കാറുണ്ട്. എൻറെ സന്തോഷത്തിന് വേണ്ടി. എനിക്ക് ഊർജം ലഭിക്കാൻ.

  ഇതൊക്കെ ഞാൻ പറയുന്നത് പ്രശ്ങ്ങൾ ഉള്ളിലൊതുക്കി ആരോടും പറയാതെയും, ആവശ്യമുണ്ടായിട്ടും ചികിത്സ തേടാതെയും ബുദ്ധിമുട്ടുന്നവർ സമൂഹത്തിൽ ഉണ്ടെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ്. രോഗം ഒരു കുറ്റമോ ബലഹീനതയോ അല്ല. രോഗിയായി മുദ്രകുത്തപ്പെടുമെന്ന പേടിയും പാടില്ല. സംഗതി വഷളായി എല്ലാവരും അറിയുന്നതിനെക്കാൾ ഭേദമല്ലേ കൂടെയുള്ളവരും ഡോക്ടറും ചേർന്ന് പ്രശ്നം പരിഹരിക്കുന്നത്.

  നമ്മൾ എല്ലാവരും ഒരു ഫാക്ടറിയിലെ ഒരേയിനം അച്ചിൽ ഒരുപോലെ നിർമ്മിക്കപ്പെട്ട യന്ത്രങ്ങളല്ല. ഒരേ ഫാക്ടറിയിൽ ഉണ്ടാക്കിയ ഒരേയിനം കാറുകളെപ്പറ്റി തന്നെ ഒന്ന് ആലോചിച്ചു നോക്കുക. ആ കാറുകൾ ഓടുന്ന രാജ്യങ്ങളിലെ അന്തരീക്ഷവും റോഡിൻറെ അവസ്ഥയും മുന്നിലും പിന്നിലും ഓടുന്ന കാറുകളുടെ കണ്ടിഷനും അവയ്ക്കുള്ളിലെ ഡ്രൈവർമാരുടെ സ്വഭാവവും സർവീസിനായി ചെന്നെത്തുന്ന വർക്ക്‌ഷോപ്പുകളുടെ ഗുണമേന്മയും ഒക്കെ ആ കാറുകളുടെ അവസ്ഥയെ സ്വാധീനിക്കും. ഒരു ഫാക്ടറിയിൽ ഉത്പാദിപ്പിച്ച കാറുകളുടെ പോലും അവസ്ഥ വർഷങ്ങൾ കഴിയുമ്പോൾ ഒരുപോലെ ആയിരിക്കില്ല. നമ്മുടെ കാര്യവും ഏതാണ്ട് അതുപോലെയാണ്. അല്ലെങ്കിൽ അതിലും കൂടുതൽ സങ്കീർണ്ണമാണ്.

  നമ്മുടെ കുട്ടികളും നമ്മളെപ്പോലെ മനുഷ്യരാണ്. അവർക്കും നമ്മളെപ്പോലെ മാനസിക സമ്മർദ്ദങ്ങൾ കാണും. അവർ കുട്ടികളായതുകൊണ്ടും അവർക്ക് വേണ്ടതെല്ലാം നമ്മൾ എത്ര ബുദ്ധിമുട്ടിയും സാധിച്ചുകൊടുക്കുന്നതിനാലും അവർക്ക് അസ്വസ്ഥതകൾ ഇല്ലെന്ന് കരുതരുത്.

  പണ്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രശസ്ത മാനസികരോഗ വിദഗ്ദ്ധൻ ഡോ: സുരരാജാമണിയോടൊപ്പം പ്രവർത്തിച്ചപ്പോൾ കണ്ട ഒരു സ്‌കൂൾ കുട്ടിയെ ഇനിയും മറന്നിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ മകൾ. പ്രശസ്തമായ കോൺവെന്റിൽ പഠിക്കുന്നു. പഠിത്തത്തിൽ പിന്നോക്കം പോയപ്പോൾ അവൾക്ക് റ്യുഷനുകൾ വച്ചു. വീണ്ടും മോശമായപ്പോൾ കൂടുതൽ റ്യുഷനുകൾ. ഒടുവിൽ കുട്ടിയെക്കൊണ്ട് ഒന്നിനും ആകാതായി. ഒടുവിൽ മനോരോഗ വിഭാഗത്തിൽ എത്തി.
  “അവൾക്ക് എന്താണില്ലാത്തത്? എല്ലാ വിഷയത്തിലും റ്യുഷൻ. എല്ലാം പോരാഞ്ഞിട്ട് അവൾക്കായി മുഴുവൻ സമയം ഒരു കാറും ഡ്രൈവറും വരെ ഞങ്ങൾ കൊടുത്തിട്ടുണ്ട്”. ഇതായിരുന്നു രക്ഷകർത്താക്കളുടെ പരാതി.
  കുട്ടിയുടെ പെട്ടെന്നുള്ള ഇടപെടൽ ഞങ്ങളെ ഞെട്ടിച്ചു. “ഇതെല്ലാമാണ് എൻറെ പ്രശ്നം. എനിക്ക് മാത്രമായി സമയമില്ല. കളിക്കാനും കൂട്ടുകാരോട് മിണ്ടാനും നേരമില്ല. എപ്പോഴും എന്റെ ചുറ്റും ആളാണ്.”

  അവളുടെ വരികൾ കേട്ട് രക്ഷകർത്താക്കളും ഞെട്ടി. അവൾക്ക് എന്താണ് വേണ്ടതെന്ന് അവർ ഒരിക്കലും മകളോട് ചോദിച്ചിരുന്നില്ല. എല്ലാം അടിച്ചേൽപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് ഡിപ്രഷൻ ഉണ്ടാകാമെന്ന് പഠിച്ചിരുന്നെങ്കിലും വിഷാദരോഗം വന്ന കുട്ടികളെ കാണുന്നത് ജനറൽ ആശുപത്രിയിലെ ആ വർഷങ്ങളിലായിരുന്നു. എൻറെയും മറ്റുചിലരുടെയും ഫേസ്‌ബുക്ക് സുഹൃത്തായ നൗമാമണി മാഡം അന്ന് ഞങ്ങളുടെ ടീമിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ആയിരുന്നു. നിംഹാൻസിൽ നിന്നൊക്കെ ഡിഗ്രിയുണ്ടായിരുന്ന നൗമാമണി മാഡത്തിൽ നിന്നുമാണ് കൗണ്സലിങ്ങിൻറെ ചില ശാസ്ത്രീയ വശങ്ങൾ അന്ന് മനസ്സിലാക്കിയത്.
  പറഞ്ഞുവന്നത്, കുട്ടികൾക്കും മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച്, ഈ കൊവിഡ് സാഹചര്യത്തിൽ അവർ അനുഭവിക്കുന്ന ചില വിഷമതകൾ കാണും. സ്‌കൂളിൽ പോകാൻ പറ്റാത്തതിൻറെയോ ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരെയോ ടീച്ചറിനെയോ കാണാൻ പറ്റാത്തതിൻറെയോ ഒക്കെ വിഷമങ്ങൾ അവരിൽ കാണും. കൂടാതെ പഠനത്തിൻറെ ഭാരവും ഉണ്ടാകും.
  പരീക്ഷയുടെ റിസൾട്ടിനെപ്പറ്റിയും ഭാവി പഠനത്തെപ്പറ്റിയും അവർക്കും ആശങ്കകൾ ഉണ്ടാകും. അതിനാൽ അവരോട് നമ്മൾ നന്നായി സംസാരിക്കണം. അവർക്ക് പ്രശ്ങ്ങൾ ഉണ്ടോയെന്ന് ചോദിക്കണം. അവരുടെ വിഷമതകൾ നിങ്ങളുടെ കയ്യിൽ നിൽക്കുന്നവയല്ലെങ്കിൽ മറ്റാരെയെങ്കിലും ഇടപെടുത്തണം. ആവശ്യമെങ്കിൽ ഡോക്ടറെ സമീപിക്കണം. സൈക്യാട്രിസ്റ്റുമാരും സൈക്കോളജിസ്റ്റുമാരുമൊക്കെ ഇപ്പോൾ അത്യാവശ്യം ഫോണിലും ലഭ്യമാണ്.
  ഇന്ന് ടെലിവിഷനിൽ ഒരു രക്ഷാകർത്താവ് പറയുന്നതുകേട്ടു. “സമാധാനമായി. ഒരു വർഷം പോകുമെന്ന ടെൻഷലിൽ ആയിരുന്നു ഞാൻ.”

  ഇതാണ് പ്രശം. കുട്ടികളെക്കാളും ടെൻഷൻ നമുക്കാണ്. ഇന്നത്തെ കുട്ടികൾ ശരാശരി തൊണ്ണൂറു വയസ്സുവരെയൊക്കെ ജീവിക്കാനുള്ളവരാണ്. ചിലപ്പോൾ അതിലും അധികം. അവരുടെ ഒരു വർഷമൊന്നും അവരുടെ ജീവിതത്തിൽ ഒന്നുമല്ല. പതിനാറാം വയസ്സിൽ അവരെ എല്ലാം ആക്കാൻ നോക്കരുത്. മഹാത്മാ ഗാന്ധി ഇരുപതാം വയസ്സിലല്ല മഹാത്മാവായത്. ഏറ്റവും വലിയ ഡിഗ്രിയോ ജോലിയോ ഉള്ളതുകൊണ്ടല്ല മഹാത്മാവായതും. മെഡിസിന് കിട്ടിയിട്ടും പോകാതിരുന്നതിനാലാണ് ശ്രീ. എ.കെ. ആന്റണി നമുക്കറിയാവുന്ന ഇന്നത്തെ എ.കെ. ആന്റണിയായത്. പഠനവും ജോലിയും ഇല്ലാത്തതുകൊണ്ടാണ് സച്ചിൻ തെണ്ടൂൽക്കർ ഇന്നത്തെ സച്ചിനായത്. മാർക്കുണ്ടായിട്ടും മെഡിസിന് പോകാത്തതുകൊണ്ടാണ് എൻറെ സുഹൃത്ത് ജി.വേണുഗോപാൽ അറിയപ്പെടുന്ന പാട്ടുകാരനായത്. മറ്റൊരു സീനിയർ സുഹൃത്ത് ബൈജേന്ദ്രകുമാർ ഐ.എ.എസ്. കാരനായതും നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപറേഷന്റെ ചെയർമാൻ/എം.ഡി. ആയിരിക്കുന്നതും. എനിക്കറിയാവുന്നവരിൽ വളരെക്കുറച്ചു പേരുടെ കാര്യം മാത്രമാണ് ഇവിടെ പറഞ്ഞത്. നിങ്ങളും ഇതുപോലെ നിരവധിപേരെ ഓർക്കുന്നുണ്ടാവും. മെഡിസിനോ എൻജിനീയറിങ്ങിനോ പോയില്ലെങ്കിൽ ഒന്നും സംഭവിക്കില്ല എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്. അതിനൊന്നും പോകാത്തത് ചിലപ്പോൾ നല്ലതായെന്നും വരും. വ്യക്തിക്കും നാടിനും. എന്നാൽ വളരെ ഇഷ്ടമാണെങ്കിൽ പോകാൻ ശ്രമിക്കുകകയും വേണം.

  അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒരുപാട് കുട്ടികൾ സ്‌കൂൾ കഴിഞ്ഞിട്ട് ഒരു വർഷമൊക്കെ ബ്രേക്ക് എടുക്കും. പലരും രാജ്യങ്ങൾ കാണാൻ പോകും. ചിലർ ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടും. ചിലർ ജോലിക്കു പോകും. മുപ്പതാം വയസ്സിൽ സ്വയം തീരുമാനിച്ച് മെഡിസിനും എൻജിനീയറിങ്ങിനും ഒക്കെ പോകുന്നവർ ധാരാളമാണ്. ജീവിതം ഒരു മാരത്തോൺ ആണെന്ന് സങ്കല്പിച്ചാൽ മതി. അതിൽ ആദ്യത്തെ നൂറോ ഇരുനൂറോ മീറ്ററിൽ വേഗത്തിൽ ഓടുന്നവർ തളർന്നു വീണുപോകും. പതിയെയും സ്റ്റെഡിയായും ഓടുന്നവന് അവസാനം വരെ ഓടിയെത്താനാകും.

  ഇനിയുള്ള ലോകം ഡിഗ്രികളുള്ളവരുടേത് അല്ല. സ്മാർട്ടായവരുടേതാണ്. കുട്ടികളെ സ്മാർട്ടാവാൻ അനുവദിച്ചാൽ അവർ ഏത് രംഗത്തായാലും ശോഭിക്കും. ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനും അനുവദിക്കണം. കുട്ടികളെ തല്ലിപ്പഴുപ്പിച്ചു ഡോക്ടറാക്കിയാൽ അവർ രോഗികളുമായി സംഘർഷമുണ്ടാകുന്ന ഡോക്ടറായിത്തീർന്നേക്കാം. തല്ലിപ്പഴുപ്പിച്ച് എൻജിനീയറാക്കിയാൽ ഇടിഞ്ഞുവീഴുന്ന പാലങ്ങൾ കെട്ടുന്നവരായി മാറിയേക്കാം.
  നമ്മുടെ കുട്ടികൾക്കും കുട്ടിക്കാലം അനുഭവിക്കാനും ജീവിക്കാനും അവസരം കൊടുക്കണം. നമുക്ക് ചെയ്യാൻ കഴിയാതെ പോയ ഡിഗ്രികളും കിട്ടാതെ പോയ ജോലികളും കുട്ടികളിലൂടെ സാദ്ധ്യമാക്കാൻ നോക്കി അവരെ കഷ്ടപ്പെടുത്തരുത്. അവർക്ക് ഇഷ്ടമാണെങ്കിൽ ചെയ്തോട്ടെ. അല്ലെങ്കിൽ അവരെ വെറുതേ വിടുക.

  ഇത് വെറും വാചകമടിയല്ല. എൻറെ രണ്ടു മക്കൾക്കും മെഡിസിന് പോകാൻ കഴിയുമായിരുന്നു. എൻറെ അനുഭവങ്ങൾ കണ്ട് തുടക്കത്തിൽ അവർക്കും ഡോക്ടറാകാൻ ആഗ്രഹമുണ്ടായിരുന്നു. മാർക്കുണ്ടായിരുന്നു. അവരെ ലോകത്തെവിടെയും പഠിപ്പിക്കാൻ ഓഫീസിൽ നിന്ന് കാശ് കിട്ടുമായിരുന്നു. പക്ഷേ, ലോകത്തിലെ അനന്തമായ സാദ്ധ്യതകൾ കണ്ടപ്പോൾ അവർക്ക് മെഡിസിനൊന്നും വേണ്ടെന്നു പറഞ്ഞു. അവർ അത് പറഞ്ഞ നിമിഷം തന്നെ അവരെ പിന്തുണച്ചു. പിന്നെ ഒരിക്കൽപ്പോലും അവരെ നിർബന്ധിച്ചിട്ടുമില്ല. അവർക്കിഷ്ടമുള്ള കാര്യങ്ങൾക്ക് കൂട്ടുനിന്നു. അവർക്കിഷ്ടമുള്ള ക്രിക്കറ്റ് കളിക്കാൻ പലരാജ്യങ്ങളിലും കൊണ്ടുനടന്നു. ഡിഗ്രികൾ കഴിഞ്ഞ് ഇപ്പോൾ ഇരുവരും അവർക്കിഷ്ടമുള്ള ഐ.ടി. ജോലി ചെയ്യുന്നു. ബാക്കി പഠിത്തം അവർക്കിഷ്ടമുള്ളപ്പോൾ അവർ നോക്കിക്കോളാം എന്നും പറഞ്ഞു. ഞങ്ങൾക്കും സമ്മതം. വീട്ടിൽ എല്ലാവർക്കും സന്തോഷം. സന്തോഷം ഉണ്ടാകാനാണല്ലോ നമ്മൾ ഈ പാടെല്ലാം പെടുന്നത് 🙂 നാട്ടിൽ ഒരുപാട് നല്ല ജോലികളുണ്ട്. അഥവാ എല്ലാ ജോലികളും നല്ലതാണ്. നമ്മുടെ കുട്ടികൾ ആദ്യം സ്മാർട്ട് ആകട്ടെ. പരീക്ഷയിൽ അവർക്ക് വിജയാശംസകളും.
  ഡോ: എസ്. എസ്. ലാൽ