ഡൽഹിയും പറയുന്നത്
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം വരാറായ നിമിഷങ്ങൾ. കടുത്ത സി.പി.എം. കാരനായ ഒരു ടെലിവിഷൻ വാർത്താവതാരകൻ സുഹൃത്ത് എന്നോട് പറഞ്ഞ ഒരു വരിയുണ്ട്. “ജീവിതത്തിൽ ആദ്യമായി കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ. വലിയൊരു ആപത്ത് ഒഴിവാക്കാൻ.” ഇന്നലെ, ഡൽഹിയിൽ ജീവിക്കുന്ന കോൺഗ്രസുകാരനായ ഒരു സുഹൃത്തിനോട് സംസാരിച്ചപോൾ സമാനമായ വരി കേട്ടു. “കോൺഗ്രസുകാരനായ ഞാൻ നിറകണ്ണോടെ ആം ആദ്മിക്ക് വോട്ടു ചെയ്തു. വലിയൊരു അപകടം ഒഴിവാക്കാൻ.”
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗിന്റെ തലേ ദിവസം തിരുവനന്തപുരത്ത് ശശി തരൂരിന് വോട്ടു ചെയ്യണമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശമയച്ച കമ്മ്യൂണിസ്റ്റുകാരെ അറിയാം. അല്ലെങ്കിലും തരൂർ ജയിച്ചേനേ. പക്ഷേ, അവർ കാണിച്ച ഒരു കരുതലുണ്ട്. അവരും പറഞ്ഞത് ഒരു അപകടം ഒഴിവാക്കാനെന്നായിരുന്നു. ടെലിവിഷൻ സുഹൃത്ത് ഇന്നും സി.പി.എം. കാരൻ. തരുരിന് വോട്ടു ചെയ്ത കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും കമ്മ്യൂണിസ്റ്റുകാർ. കഴിഞ്ഞയാഴ്ച ഡൽഹിയിൽ ആം ആദ്മിക്ക് വോട്ടുകുത്തിയ കോൺഗ്രസുകാരൻ ഈയാഴ്ചയും കോൺഗ്രസുകാരൻ.
ഇതാണ് പുതിയ രാഷ്ടീയത്തിന്റെ ദിശയെന്ന് തോന്നുന്നു. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ ശക്തിയിൽ തുല്യരായ പാർട്ടികളും മുന്നണികളും ഭരണം നിലനിർത്താനോ പിടിച്ചെടുക്കാനോ ഒക്കെ ശ്രമിക്കുന്നത് സ്വാഭാവികം. പക്ഷേ, ദേശീയ തലത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്ന കാലം വിദൂരമല്ല എന്നത് വ്യക്തമാണ്. രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചറിയുന്നവർക്കും, രാഷ്ട്രത്തിനും ജനതയ്ക്കും വേണ്ടിയാണ് രാഷ്ട്രീയമെന്ന് കരുതുന്നവർക്കും തിരിച്ചു ചിന്തിക്കാനാകുമോ എന്നറിയില്ല.
ഇത് വോട്ട് മറിക്കലാണെന്ന് കേരളത്തിലെ ബി.ജെ.പി. പറയും. മറിക്കാനെങ്കിലുമുള്ള വോട്ട് അടുത്ത കാലത്താണ് അവർക്കുണ്ടായത്. പേരുദോഷം കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായെങ്കിലും.
ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം കണ്ടിട്ട് ‘ദേ കോൺഗ്രസ് തകർന്നു’ എന്ന് പറയുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ വെറുതേ വിടുക. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടിടാനുള്ള അവരുടെ വാർഡിലെ വോട്ടർമാരോടാണ് അവർ സംസാരിക്കുന്നത്. രാജ്യത്തോടല്ല. അവർ ദേശീയ തലത്തിൽ അപകടകാരികളല്ല. ചിലയിടങ്ങളിൽ പ്രതീക്ഷയും.
കോൺഗ്രസിന് നേതൃത്വമില്ലാത്തതിനാലാണ് ഞങ്ങൾ മോഡി ഭക്തരായതെന്ന് പറയുന്നവരെയും വെറുതെ വിടുക. അവർ ഒരിക്കലും കോൺഗ്രസ് ആയിരുന്നില്ല. വെള്ളിത്തിയിൽ സംവിധായകന്റെ നിയന്ത്രണത്തിൽ എതിരാളികളെ മുഴുവൻ ഇടിച്ചിടുന്ന രജനീകാന്തിനെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് വിസിലടിക്കുന്നവരാണ് അവർ. ഫാൻസ് അസോസിയേഷൻകാർ. നാളെ അവർ ഇടിക്കാൻ കഴിവുള്ള പുതിയ നായകനെ തേടും.ഏറിവരുന്ന ഉത്തരവാദിത്വങ്ങൾ കൂടുതലായി തിരിച്ചറിയാൻ കോൺഗ്രസിനും കഴിയുമെന്ന് പ്രത്യാശിക്കാം.