ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഇപ്പോൾ വണ്ടിക്കാളകളുടെ അവസ്ഥയിലാണ്

25

ഡോ.സുനിൽ. പി.കെ

നിങ്ങൾ വണ്ടിക്കാളകളെ കണ്ടിട്ടില്ലേ ?

കുട്ടിക്കാലത്തെ ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകളിലൊന്നാണ് കാളവണ്ടികളുടെ പുറകേയുള്ള സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള നടത്തങ്ങൾ.കാളവണ്ടിയുടെ പുറകിൽ കുറുകെ ഒരു മരത്തടിയുണ്ടാവും. അതിൽ പിടിച്ച് നടക്കാൻ ഞങ്ങൾക്ക് ഏറെ ഉത്സാഹമായിരുന്നു. കറങ്ങുന്ന ചക്രങ്ങൾക്കു ചുറ്റും പിടിപ്പിച്ച ലോഹത്തകിടിൽ തൊട്ട് ധൈര്യം പ്രകടിപ്പിക്കും ഞങ്ങളിൽ ചിലർ.
ഇടയ്ക്ക് ഉറക്കെ നാവു പ്രത്യേക രീതിയിൽ പിണച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ചാട്ടയൊന്നു ചുഴറ്റും വണ്ടിക്കാരൻ. ചിലപ്പോൾ മാത്രമേ ചാട്ട കാളകളുടെ പുറത്തു വീഴൂ. എന്നാലും ആ ശബ്ദം കേട്ട മാത്രയിൽ അവർ ഉഷാറായി കുതിച്ചു നടന്നു തുടങ്ങും. വായിലൂടെ നുരയും പതയും ഒലിപ്പിച്ചുള്ള ആ നടപ്പ് ദൈന്യതയുണർത്തുന്ന ഒരു കാഴ്ചയായിരുന്നു.

പക്ഷേ ഇടവേളകളിൽ അവരുടെ കഴുത്തിൽ നിന്ന് നുകം മാറ്റി അവർക്ക് കാടിയും വെള്ളവും ഒക്കെ കൊടുക്കും വണ്ടിക്കാരൻ. വിശ്രമത്തിനിടയിൽ അവരുടെ മുതുകിൽ തലോടി കുശലം ചോദിക്കും.മടുപ്പിക്കുന്ന ജോലിയുടെ ക്ലേശങ്ങളൊഴിഞ്ഞ് അവർ വീണ്ടും യാത്ര തുടരും.ഏതാണ്ട് ഇതേ അവസ്ഥയിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ.കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല.പക്ഷേ ഇടയ്ക്കുള്ള വിശ്രമമൊക്കെ കണക്കാണെന്ന് മാത്രം.

കോവിഡ് അനുബന്ധ ചികിത്സാ കേന്ദ്രങ്ങൾ ഓരോന്നായി പുതിയതായി ആരംഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നു എന്നല്ലാതെ മനുഷ്യവിഭവശേഷിയിൽ കാര്യമായ മാറ്റം ഉണ്ടാകുന്നില്ല.പുതിയ കോവിഡ് രോഗികളുടേയും സമ്പർക്കപ്പട്ടികയിലുള്ളവരുടേയും എണ്ണം ഗണ്യമായി വർദ്ധിക്കുമ്പോൾ കുപ്പിയിൽ നിന്നിറങ്ങിയ ഭൂതത്തിന്റെ അവസ്ഥയിൽ തീരുമ്പോൾ തീരുമ്പോൾ പണി കിട്ടിക്കൊണ്ടിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർക്ക്.

ലോക്ക് ഡൗൺ കാലത്ത് പൊതു ഗതാഗത മാർഗങ്ങൾ ഇല്ലാതിരുന്ന സമയത്തും സ്വന്തം വണ്ടിയിലും മറ്റുള്ളവരുടെ വണ്ടിയിലുമൊക്കെയായി ഒത്തിരി ദൂരം താണ്ടി എങ്ങനെയൊക്കെയോ ജോലിക്ക് എത്തിയ നിരവധി പേരുണ്ട്.ഒരു നിവൃത്തിയുമില്ലാത്ത നിരവധി പേർ ആശുപത്രിയിൽ തന്നെ സ്ഥിരതാമസമാക്കി.വ്യക്തിഗത സുരക്ഷാ ഉപാധികൾ വേണ്ടത്ര ലഭ്യമല്ലാതിരുന്നിട്ടും പരാതികളില്ലാതെ ആത്മാർത്ഥതയോടെ തങ്ങളുടെ ജോലി ചെയ്തവരാണ് കേരളത്തിലെ ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും.
കുടുംബത്തിൽ നിന്നു അകന്നു നിൽക്കേണ്ടി വന്നു ഒട്ടനവധി പേർക്ക്. കുഞ്ഞുങ്ങളേയും അച്ഛനമ്മമാരേയും ദൂരെ നിന്ന് കാണേണ്ടി വന്നു. കെട്ടിപ്പിടിക്കാനോടിയെത്തുന്ന കുഞ്ഞുങ്ങളെ ആട്ടിയകറ്റി. ക്വാറന്റീനിൽ കഴിയുന്ന കാലയളവിൽ ഒരു റൂമിനകത്ത് അടച്ചിരുന്നു.
എന്നാൽ ശാരീരികമായും മാനസികമായും അതിയായ ക്ലേശങ്ങളും സമ്മർദ്ദങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് അധികൃതരിൽ നിന്നും വേണ്ടത്ര പരിഗണനയൊന്നും ലഭിച്ചില്ല.

മറ്റ് ഗവണ്മെന്റ് ജീവനക്കാർക്ക് പകുതി ദിവസം ജോലിയും മുഴുവൻ കൂലിയും ലഭിച്ചപ്പോൾ ആരോഗ്യ രംഗത്തുള്ളവർക്ക് ഇരട്ടി ജോലിയായി. സുപ്രീം കോടതി നിർദ്ദേശമുണ്ടായിട്ടും ആരോഗ്യ പ്രവർത്തകരെ സാലറി നീട്ടിവെക്കലിൽ നിന്നും ഒഴിവാക്കാൻ ഗവണ്മെന്റ് തയാറായില്ല.ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും ഗ്ലോറിഫൈ ചെയ്യുന്ന കഥകളോ അവരുടെ ദൈന്യത്തിന്റെ അനുഭവങ്ങളോ എടുത്തു പറയേണ്ടതില്ല എന്നു പറയുന്ന സുഹൃത്തുക്കളുണ്ട്.ഇത് നിങ്ങൾ തിരഞ്ഞെടുത്ത വഴിയാണ് , പരാതിപ്പെടേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം.

പ്രളയവും കോവിഡുമെല്ലാം ഞങ്ങളുടെയെല്ലാം പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു.എന്നിട്ടും പരിമിതമായ ഭൗതിക സാഹചര്യങ്ങളേയും മനുഷ്യവിഭവശേഷിയേയും മറി കടന്ന് അമിത ജോലിഭാരമൊന്നും വക വെക്കാതെ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചവർക്ക് പകരം ലഭിച്ചതെന്താണ് ? പാത്രം കൊട്ടലും വിളക്ക് കൊളുത്തലും പുഷ്പവൃഷ്ടിയുമല്ലാതെ?

വിദേശ രാജ്യങ്ങളിൽ പലയിടത്തും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വാണിജ്യ സ്ഥാപനങ്ങളിൽ ഇളവുകൾ ലഭിച്ചിരുന്നു.സൂപ്പർ മാർക്കറ്റുകളിൽ വിവിധ ബ്രാന്റുകളിൽ വിലയിൽ ഇളവ്,സാധനങ്ങൾ വാങ്ങാൻ മുൻഗണന ഇത്യാദി.
ഇതൊന്നും ഇവിടെ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നറിയാം.പക്ഷേ ആരോഗ്യ പ്രവർത്തകരോടുള്ള അനുമോദന സൂചകമായി കേവലം പ്രകടനപരമല്ലാത്ത നടപടികൾ സർക്കാർ കൈക്കൊള്ളേണ്ടതുണ്ട്.

കാശിന് ആർത്തിയായിട്ടല്ല സർ, തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി ഒരു മഹാമാരിക്കെതിരെ മുന്നണിയിൽ നിലയുറപ്പിക്കുന്നവർക്ക് റിസ്ക് അലവൻസ് നൽകുക എന്നത് തികച്ചും മാനുഷികമായ കാര്യമാണ്. അതിനായി ഖജനാവ് നിറയാൻ വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ ?

വണ്ടിക്കാളകൾക്ക് ഇല്ലാത്ത ഒരു പ്രിവിലേജ് ഞങ്ങൾക്കുണ്ട്. പ്രതിഷേധിക്കാനും ന്യായമായ ഞങ്ങളുടെ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനുമുള്ള അവസരം.
ഡോക്ടേഴ്സ് ദിനമായ ഇന്ന് കെ.ജി.എം.ഒ എ സഹനദിനമായി ആചരിക്കുന്നു.
തികച്ചും ന്യായമായ, മാനുഷിക പരിഗണന അർഹിക്കുന്ന ആവശ്യങ്ങൾ …

1) മാസങ്ങളായി വിശ്രമരഹിതമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പുവരുത്താൻ ഉതകുന്ന തരത്തിൽ ആവശ്യത്തിന് വിശ്രമം അനുവദിച്ച് ജോലി ക്രമീകരണ വ്യവസ്ഥ നടപ്പിലാക്കുക

2) ചാർജ്ജ് മെഡിക്കൽ ഓഫീസർമാർക്ക് അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിന് പകരമായി കോമ്പൻസേറ്ററി അവധി അനുവദിക്കുക.

3) ബഹു. സുപ്രീം കോടതി നിർദ്ദേശങ്ങളും കേന്ദ്ര ഡിസാസ്റ്റർ മാനേജ്മെൻ്റ് നിയമത്തിൻ്റെ ഉത്തരവുകളും പാലിച്ചുകൊണ്ട് ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും സാലറി ഡിഫർമെൻ്റിൽ നിന്നും ഒഴിവാക്കുക

4) ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തവർക്കും NHM നല്ക്കുന്നതു പോലെ പ്രത്യേക ഇൻസെൻ്റീവ് നല്കുക.

5) COVID ആശുപത്രികളിലേക്കും, CFLTC കളിലും Screening point കളിലും രോഗീ ബാഹുല്യത്തിന് ആനുപാതികമായി അധികം ഡോക്ടർമാരെയും, മറ്റ് ആരോഗ്യ പ്രവർത്തകരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുക.

6) സർക്കാർ ആശുപത്രികളിൽ മുടങ്ങി കിടക്കുന്ന RSBY/ KASP/RBSK/JSSY ഫണ്ടുകൾ നല്കി ആശുപത്രി പ്രവർത്തനം സുഗമമാക്കുക.