വെന്റിലേറ്ററിനെയും പ്രവർത്തനത്തെയും കുറിച്ചു സാധാരണക്കാർക്ക് അറിയേണ്ടതെല്ലാം

39

ഡോ. സുനിൽ ടി. എസ്

വെന്റിലേറ്ററിൽ ഇട്ടാൽ രോഗി രക്ഷപ്പെടുമോ?

“ഡോക്ടർ, തിരുവനന്തപുരത്തു ഒരു രോഗി വെന്റിലേറ്റർ ലഭ്യമല്ലാത്തതുമൂലം മരണപ്പെട്ടു എന്ന വാർത്ത കേട്ടല്ലോ.. വെന്റിലേറ്ററിൽ ഇട്ടിരുന്നെങ്കിൽ മരണത്തിൽനിന്നും രക്ഷപ്പെടുമായിരുന്നില്ലേ ?”
“രക്ഷപ്പെടാം രക്ഷപ്പെടാതിരിക്കാം.”

“ഇതു പഴയ കാലാവസ്ഥാ പ്രവചനം പോലെയായല്ലോ
വ്യക്തമായ ഉത്തരം പറയാൻ കഴിയില്ലേ?”

“ചിലപ്പോളെല്ലാം അതിനെക്കാളും ദുഷ്ക്കരമാണ് വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയുടെ സ്ഥിതിയെപ്പറ്റിയുള്ള (prognosis) പ്രവചനം.”

“ഒരു രീതിയിലും രോഗിയുടെ രോഗസ്ഥിതിയെ പ്പറ്റി പ്രവചിക്കാൻ പറ്റില്ലെന്നാണോ ?”
“അങ്ങിനെയല്ല, മൂന്നു കാര്യങ്ങൾക്കനുസരിച്ചായിരിക്കും രോഗി മരണത്തിൽ നിന്നും രക്ഷപ്പെടുമോ ഇല്ലയോ എന്ന് പറയാനാകുക.
1. രോഗിയുടെ യഥാർത്ഥ രോഗാവസ്ഥ കണ്ടുപിടിക്കുന്നത് (diagnosis)
2. ‎അതു ചികിത്സയിലൂടെ മാറുന്നതാണോ എന്നത് (curable with medicines or procedures )
3. ‎ ലഭിക്കുന്ന ചികിത്സ രോഗിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നത്. (Response)”

“അപ്പോൾ വെന്റിലേറ്ററിൽ ഇടുന്നതുകൊണ്ടു കാര്യമൊന്നുമില്ലേ? ഒന്നും മനസ്സിലാകുന്നില്ല. വെന്റിലേറ്റർ എന്തിനാണ് പിന്നെ? അതുകൊണ്ട്‌ എന്താണുപയോഗം.? ഞാനിതു പലരോടും ചോദിച്ചു, ചില ഡോക്ടർ മാർക്ക് പോലും ശരിക്ക് പറഞ്ഞുതരാൻ ആയില്ല.”
“അതിൽ തെറ്റു പറയാൻ കഴിയില്ല. അടിസ്ഥാന വൈദ്യ പഠനത്തിൽ വെന്റിലേറ്ററിനെ പറ്റി കാര്യമായൊന്നും പഠിക്കുന്നില്ല.”
“രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതല്ല നേരെ മറിച്ച് രോഗവസ്‌ഥ ചികിത്സയിലൂടെ മാറുന്നതുവരെ ശ്വാസോച്ഛാസം കൃത്രിമമായി കൊടുക്കുക എന്നുള്ളതാണ് വെന്റിലേറ്ററിന്റെ ധർമം.”

“അപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം?”
“ഹൃദയത്തിന്റെ പ്രവർത്തനമായോ മറ്റു അവയവങ്ങളുടെ പ്രവർത്തനമായോ വെന്റിലേറ്ററിന് നേരിട്ട് ബന്ധമൊന്നുമില്ല”

“ഇപ്പോൾ കാര്യങ്ങൾ തെളിഞ്ഞു വരുന്നുണ്ട് കുറച്ചുകൂടി വിശദീകരിക്കാമോ?”
“ശരി, കഴിയുന്നതും ലളിതമായിപറയാൻ ശ്രമിക്കാം.”
“ഒന്നാമതായി ഈ വെന്റിലേറ്റർ എന്താണ് ചെയ്യുന്നത് എന്നു നോക്കാം.
ശ്വാസോച്ഛാസം തനിയെ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ഉള്ള രോഗികൾക്ക് കൃത്രിമമായി അതു കൊടുക്കുന്നു എന്നതാണ് വെന്റിലേറ്റർ ആകെ ചെയ്യുന്ന പണി. അതു നമ്മൾ പറയുന്ന വരെ ചെയ്തുകൊണ്ടിരിക്കുക മാത്രം.
ഇതു രണ്ടു രീതിയിൽ ചെയ്യാം
1 നെഞ്ച് പുറത്തോട്ടു കൃത്രിമമായി വികസിപ്പിക്കുക, അപ്പോൾ ശ്വാസകോശത്തിൽ സൃഷ്ടിക്കപ്പെടുന്ന ന്യൂന മർദ്ദം മൂലം പുറത്തുള്ള വായു ശ്വാസകോശത്തിലേക്കു കയറും
2 പുറത്തുള്ള വായു അല്പം കൂടിയ മർദ്ധത്തിൽ ശ്വാസകോശത്തിലേക്കു തള്ളിക്കയറ്റുക.

“നെഞ്ച് പുറത്തോട്ടു വികസിപ്പിക്കുകയോ..?
അതെങ്ങിനെ സാധിക്കും? ”
“അതിനു വഴിയുണ്ട് ,രോഗിയെ ഒരു വലിയ ഉപകരണത്തിനുള്ളിലേക്ക് ( iron lung) കയറ്റി കിടത്തുന്നു. എന്നിട്ട് അതിനുള്ളിൽ ഒരു ന്യൂന മർദ്ദം ഉണ്ടാക്കുന്നു, അപ്പോൾ രോഗിയുടെ നെഞ്ച് വികസിക്കുകയും ഓക്സിജൻ ഉൾപ്പെടുന്ന വായു ശ്വാസകോശത്തിലേക്കു കയറുകയും ചെയ്യുന്നു. പക്ഷെ
ഇതു ഒരു പഴയ രീതി ആണ്. പക്ഷെ ഇതാണ് കൂടുതൽ ശരീരധർമ ശാസ്ത്രപ്രമായി ശരി ( physiological). ഈ രീതി ആണ് പണ്ട്‌ നിലവിലുണ്ടായിരുന്നത്. വാക്സിനുകൾ പ്രചാരത്തിലാകുന്നതിനു മുൻപ് കുറെയേറെ പോളിയോ ബാധിച്ച നിരവധി രോഗികളെ ഇതു വഴി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പണ്ട് കഴിഞ്ഞിട്ടുണ്ട്. (Iron lung in polio outbreak, 1952 usa. ചിത്രം നോക്കുക )’

“പഴയ രീതിയോ? അപ്പോൾ ഇക്കാലത്തു ഈ രീതി ഉപയോഗിക്കുന്നില്ലേ?”
‎ ‎”ഇല്ല. ഇതു വളരെ ബുദ്ധിമുട്ടേറിയതും വളരെയേറെ അസൗകര്യ മുണ്ടാക്കുന്നതും ആണ് ”
” ‎അപ്പോൾ ഇക്കാലത്തു ഏതുതരം വെന്റിലേറ്റർ ആണ് ഉപയോഗിക്കുന്നത്
‎അതാണ് ഞാൻ നേരത്തെ പറഞ്ഞ രണ്ടാമത്തെ രീതി.”
“പുറത്തു ള്ള വായു കൂടിയ മർദ്ധത്തിൽ ഉള്ളിലേക്ക് പമ്പ് ചെയ്യുക.”
“ഓ ..പക്ഷെ അതെങ്ങിനെ?”
“അതിനു ഒരു കമ്പ്രസർ ( compressor) ഉപയോഗിക്കുന്നു. ഈ കമ്പ്രസർ പുറത്തുനിന്നുള്ള വായു വലിച്ചെടുത്തു കൂടിയ മർദ്ധത്തിൽ വെന്റിലേറ്ററിന് കൊടുക്കുന്നു. ഈ കൂടിയ മർദ്ദത്തിലുള്ള വായു രോഗിയുടെ ശ്വാസകോശത്തിലേക്ക് നിയന്ത്രിത എണ്ണത്തിൽ നിയന്ത്രിത അളവിലും മർദ്ധത്തിലും നൽകുന്നു. ശ്വാസകോശം വായുകൊണ്ടു നിറയുന്നു. ശ്വാസോച്ഛാസം നടക്കുന്നു.”
“അത്രയേയുള്ളൂ..?”
“അത്രയേയുള്ളൂ..! പക്ഷെ ഇതിന്റെ നിയന്ത്രണത്തിലാണ് കാര്യം. ഈ നിയന്ത്രണമാണ് യഥാർത്ഥത്തിൽ ഒരു വെന്റിലേറ്ററിന്റെ കരുത്ത്‌. രോഗിക്ക് ലഭിക്കുന്ന വായുവിന്റെ അളവ്, മർദ്ദം, ഒരു മിനിറ്റിൽ എത്ര തവണ കൊടുക്കുന്നു എന്നതെല്ലാം ഒരു ഡോക്ടർക്കോ നഴ്സിങ് സ്റ്റാഫിനോ നിയന്ത്രിക്കാവുന്നതാണ്. ഇതെല്ലാം ഒരു ഇലക്ട്രോണിക് സ്ക്രീനിൽ കാണുകയും ചെയ്യാം.
ആകെ കോംപ്ലിക്കേറ്റഡ് ആണല്ലോ..?
ഒന്നുകൂടി വ്യക്തമാക്കാം.
ഇതു വരെ പറഞ്ഞതിൽ നിന്ന് വെന്റിലേറ്ററിന് മൂന്നു ഭാഗങ്ങളുണ്ട്.
1. കമ്പ്രസർ 【വായു ഉയർന്ന മർദ്ധത്തിൽ നൽകുന്നു 】
2. ‎കണ്ട്രോൾ പാനൽ 【വായുവിന്റെ അളവ് ( volume), മർദ്ദം (പ്രഷർ), ശ്വാസത്തിന്റെ എണ്ണം (rate) , മുതലായ നമുക്കു നിയന്ത്രിക്കാൻ കഴിയുന്ന ഭാഗം.
3. ‎ഡിസ്‌പ്ലേ യൂണിറ്റ് ( രോഗിക്ക് ലഭിക്കുന്ന വായുവിന്റെ അളവ്, മർദ്ദം, ശ്വാസോച്ഛാസത്തിന്റെ എണ്ണം, ഓക്സിജന്റെ അനുപാതം എന്നിവ പ്രദർശിപ്പിക്കുന്നു. ഡോക്ടർക്കും മറ്റു സ്റ്റാഫിനും നിരീക്ഷിക്കാനാകും.
ഓക്സിജൻ സപ്ലൈ വെന്റിലേറ്ററിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ഓക്സിജന്റെ അളവും നമുക്ക്‌ രോഗിയുടെആവശ്യത്തിനനുസരിച്ചു നിയന്ത്രിക്കാനാകും.”
“പക്ഷെ ഡോക്ടർ എങ്ങിനെയാണ് ഒരു രോഗിയെ വെന്റിലേറ്ററിൽ ഇടുന്നതും അതിൽനിന്നും പുറത്തെടുക്കുന്നതും? അതാണ് ശരിക്കും അറിയേണ്ടത്.”
“ശരി നമുക്ക് അതിലേക്ക് വരാം.
ഒരു രോഗിക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരുന്നു. എന്നുവെച്ചാൽ ഏതോ ഒരു ‘കാരണം’ കൊണ്ട് ശ്വാസോച്ഛാസം സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ല എന്നർത്ഥം. ആ ‘കാരണം’ മാറുന്നതുവരെയോ അല്ലെങ്കിൽ കുറയുന്നത് വരെയോ രോഗിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകാൻ തീരുമാനിക്കുന്നു. ഇനി മാറാത്ത കാരണങ്ങൾ ആണെങ്കിൽ മരണം വരെ പോലും വേണ്ടിവന്നേക്കാം.
“രോഗിയെ വെന്റിലേറ്ററിൽ ബന്ധിപ്പിക്കുന്നതു എങ്ങനെയാണ്?”
“വെന്റിലേറ്റർ സ്വിച്ച് ഓണാക്കുന്നു ( power on) ‘മോഡ്,’ ഓക്സിജന്റെ അനുപാതം, ശ്വാസോച്ഛാശത്തിന്റെ നിരക്ക്, വായുവിന്റെ അളവ്, മർദ്ദം തുടങ്ങിയവ രോഗിയുടെ ശാരീരിക, രോഗവസ്ഥകൾക്ക് അനുസരിച്ചു ‘കണ്ട്രോൾ പാനലിൽ’ സെറ്റ് ചെയ്യുന്നു.
രോഗിയുടെ ശ്വാസകോശത്തിലേക്ക് ഇടുന്ന ട്യൂബിലേക്കു (ET tube) വെന്റിലേറ്ററിൽ ഘടിപ്പിച്ച കുഴലുകൾ ( tubings) ബന്ധിപ്പിക്കുന്നതോടെ രോഗിയുടെ ശ്വാസോച്ഛാശത്തിന്റെ നിയന്ത്രണം വെന്റിലേറ്റർ ഏറ്റെടുക്കുകയാണ്.”
“എന്താണ് വെന്റിലേറ്ററിന്റെ മോഡ് ?”
“ഓ ..അതിലേക്കു വരാം.
രോഗവസ്ഥക്കനുസരിച്ചു വെന്റിലേറ്ററിന്റെ സഹായം മുഴുവനായോ ഭാഗികമായി മാത്രമോ മതിയാകാം. കൂടാതെ വായുവിന്റെ മർദ്ദമോ അളവോ നിശ്ചിത തോതിലും കൂടുന്നത് ചില രോഗികളുടെ രോഗവസ്‌ഥ കൂടുതൽ മോശമാക്കാം. ഇവിടെയാണ് വെന്റിലേറ്ററിന്റെ ‘മോഡ്’ പ്രസക്തമാകുന്നത്.
ഉദാഹരണത്തിന് രോഗി തുടക്കത്തിലോ അല്ലെങ്കിൽ ചികിത്സയുടെ ഇടക്കുവെച്ചോ ശ്വാസോച്ഛാസം ഭാഗികമായി സ്വന്തമായി എടുക്കുന്നു എന്നു കരുതുക അപ്പോൾ വെന്റിലേറ്ററിന്റെ സഹായം ഭാഗികമായി മാത്രം മതിയാകും. അപ്പോൾ നമുക്ക് ആ രോഗിയെ “നിയന്ത്രിത മോഡ് “( eg: CMV, PCV) ൽ നിന്നും “സഹായ മോഡ് ” (eg: ACMV, SIMV etc. ) ലേക്ക് മാറ്റാവുന്നതാണ്. കൂടാതെ വായുവിന്റെ അളവാണോ മർദമാണോ നിയന്ത്രിക്കേണ്ടത് എന്നതിനനുസരിച്ചും ‘മോഡ്’ കൾ തിരഞ്ഞെടുക്കേണ്ടതാണ്.”
“കൂടുതൽ ടെക്‌നിക്കൽ ആയ കാര്യങ്ങളാണെന്നു തോന്നുന്നു.?”
“പുതിയ തരം വെന്റിലേറ്ററുകളിൽ കുറെ അധികം മോഡ് കളും സജ്ജീകരണങ്ങളും ഉണ്ട്. വളരെ ആധുനികവും സങ്കീർണമായതും ആയ വെന്റിലേറ്ററുകളാണ് ഇന്ന് നമ്മുടെ ആശുപത്രികളിൽ ഉള്ളത്.”
“ശരി ഡോക്ടർ , പക്ഷേ രോഗിയെ എങ്ങനെ വെന്റിലേറ്ററിൽ നിന്നും പുറത്തു കൊണ്ടുവരും.”
നേരത്തെ പറഞ്ഞല്ലോ.. ചികിൽസ കൊണ്ടു രോഗവസ്‌ഥ കുറയുന്നതിനനുസരിച്ചു രോഗി പതിയെ ശ്വാസോച്ഛാസം ചെയ്യാനുള്ള കഴിവ്‌ വീണ്ടെടുക്കുന്നു. അതിനനുസരിച്ചു രോഗിയെ സാവകാശം ഘട്ടം ഘട്ടമായി വെന്റിലേറ്ററിൽ നിന്നും വിടുവിക്കുന്നു. ശ്വാസകോശത്തിൽ നിന്നും ട്യൂബ് എടുത്തു മാറ്റുന്നതോടെ രോഗി പൂർണമായും ഇതിൽനിന്നും മുക്തനാകുന്നു.”
“ഡോക്ടർ എന്താണ് പക്ഷെ വെന്റിലേറ്ററിൽ ഇടുന്നതിനു ഇത്രമാത്രം ചിലവുവരുന്നത് ?”
“പ്രധാനമായും മൂന്നു കാര്യങ്ങളാണ് ചിലവ് കൂട്ടുന്നത്.
1. icu നിർമ്മിക്കാനും പരിപാലിക്കാനും, വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങാനും പരിപാലിക്കാനുമുള്ള ചിലവ്.
2. ‎ഒരു രോഗിക്ക് അല്ലെങ്കിൽ രണ്ടു രോഗികൾക്ക് ഒരാൾ എന്ന തോതിൽ പരിശീലനം നേടിയ നഴ്‌സിന്റെ 24 മണിക്കൂർ നിരീക്ഷണവും പരിചരണവും. മുഴുവൻ സമയ ഡോക്ടറുടെ ( intensivist) ശ്രദ്ധ.
3. ‎നിരന്തര ഉപയോഗത്തിലുള്ള ഓക്സിജനും മറ്റു വിലകൂടിയ മരുന്നുകളുടെയും ഉപയോഗം.”
“ഇത്രമാത്രം ഓക്സിജൻ വേണ്ടിവരുമോ? അതിനു അത്ര വിലയുണ്ടോ?”
“തീർച്ചയായും. ഓക്സിജൻ വിലയേറിയതാണ്.
വെന്റിലേറ്ററിലുള്ള ഒരു രോഗിക്ക് ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തേക്ക് 4000 ലിറ്ററിൽ കൂടുതൽ ഓക്സിജൻ വേണ്ടിവന്നേക്കും. കൂടാതെ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികൾക്ക് നൽകുന്ന പല മരുന്നുകളും വിലയേറിയതാണ്.”
“കുറെ ദിവസം വെന്റിലേറ്ററിൽ കിടത്തി പണം ഈടാക്കി രോഗി മരിക്കുമ്പോൾ പണം നഷ്ടം വരുന്നു എന്ന പരാതികളെപ്പറ്റി ?”
“ചില രോഗികൾ മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യതകൾ ഇല്ലാത്ത അവസ്ഥയിലായിരിക്കും. എന്നാൽ ഒരു അവസാന മാർഗം എന്ന നിലയിൽ വെന്റിലേറ്ററിൽ ഘടിപ്പിച്ചുകാണുകയും ചെയ്യും. അല്ലെങ്കിൽ ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ രോഗി മരുന്നുകളോടൊ മറ്റു ചികിത്സമാർഗങ്ങളോടൊ പ്രതികരിക്കാതെ മോശവസ്ഥയിലേക്കു പോയതാകാം. അത്തരം രോഗികകൾ മരണത്തിലേക്ക് പോകുന്നതു വരെ കാത്തിരിക്കുകയെ നിവർത്തിയുള്ളൂ. അല്ലാതെ വെന്റിലേറ്റർ ഓഫ് ചെയത് മരണത്തിലേക്ക് അവരെ നയിക്കാൻ നമുക്ക് സാധിക്കുകയില്ല. ഇതു ബന്ധുക്കളെ യഥാസമയം അറിയിച്ചു അവരുടെകൂടെ സഹകരണത്തോടെ വേണം മുന്നോട്ടുപോകാൻ.”
“മരിച്ചിട്ടും വെന്റിലേറ്ററിൽ കിടത്തുന്നു എന്ന പരാതിയെപറ്റി ?”

“‎തീർച്ചയായും തെറ്റായ വാർത്തകളാണ്.
‎മരണം സംഭവിച്ചാൽ ശരീരത്തിന്റ അഴുകൽ പ്രക്രിയ തുടങ്ങും. Icu വിൽ എന്നല്ല ഒരു സ്ഥലത്തും പിന്നെ രോഗിയെ സൂക്ഷിക്കാനാകില്ല.
ഇനി മസ്തിഷ്ക മരണം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അത്തരം രോഗികളെ വെന്റിലേറ്ററിൽ നിന്നും വിടുതൽ ചെയ്യണോ എന്നത് വിദഗ്ധ ഡോക്ടർമാരും രോഗിയുടെ ബന്ധുക്കളും ചേർന്ന് വളരെ ആലോചിച്ചു തീരുമാനം എടുക്കേണ്ട ഒരു കാര്യമാണ്.
അത്തരം സാഹചര്യങ്ങളിൽ എന്തെങ്കിലും വീഴ്ചയോ വൈകിപ്പിക്കലോ നടക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.”
“നന്ദി ഡോക്ടർ, വീണ്ടും കാണാം.’

ഡോ. സുനിൽ ടി. എസ്.
ഗ. മെഡിക്കൽ കോളേജ്, തൃശൂർ.
[email protected]
PS: പൊതുജനങ്ങൾക്ക് വേണ്ടിയുള്ള പോസ്റ്റ് ആയതിനാൽ കൂടുതൽ ആഴത്തിൽ പോകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാൽ ചിലപ്പോൾ ഡീറ്റൈൽസ് കുറവായിരിക്കും.
കുറവുകൾക്കും വിമർശനങ്ങൾക്കും സ്വാഗതം.