എന്താണ് സയനൈഡ് ? എങ്ങിനെയാണ് ശരീരത്തിൽ വിഷം ആകുന്നത് ? എങ്ങിനെയാണ് മരണം സംഭവിക്കുന്നത്?

0
778

സുരേഷ് സി പിള്ള

എന്താണ് സയനൈഡ്? എങ്ങിനെയാണ് ശരീരത്തിൽ വിഷം ആകുന്നത്?

മാരക വിഷമാണ് സയനൈഡ് എന്ന് കേട്ടിട്ടുണ്ടാവും. എങ്ങിനെയാണ് ഇത് പ്രവർത്തിക്കുന്നത്, എന്താണ് ഇതിന്റെ രാസപ്രവർത്തനം എന്നൊക്കെ വിശദമായി നോക്കാം.

സയനൈഡിന്റെ കെമിസ്ട്രി.

-C≡N അല്ലെങ്കിൽ സയാനോ ഗ്രൂപ്പുള്ള (കാർബൺ നൈട്രജൻ triple ബോണ്ട്: തന്മാത്ര ഭാരം 26.02 g/mol) സംയുക്തങ്ങളെ പൊതുവായി സയനൈഡുകൾ എന്ന് പറയാം. ഇത് പല തരത്തിൽ കാണപ്പെടുന്നു. ഉദാഹരണത്തിന് -C≡N ഹൈഡ്രജൻ വാതകവും ആയി ചേർന്നാൽ ഹൈഡ്രജൻ സയനൈഡ് ഉണ്ടാവും. ഇതൊരു നിറമില്ലാത്ത വാതകമാണ്. ക്ലോറിനുമായി ചേർന്നാൽ സയനോജൻ ക്ലോറൈഡ് (CNCl) എന്ന വാതകം ആകും. ഇനി സോഡിയം പൊട്ടാസ്യം ഇവയുമായി ചേർന്നാൽ sodium cyanide (NaCN) അല്ലെങ്കിൽ potassium cyanide (KCN) ആകും. പൊടിയുപ്പും, പഞ്ചസാരയും ഒക്കെ പോലെ പരലുകൾ ആയി ആണ് ഇവയുടെ രൂപം. ഇത് വെള്ളത്തിൽ നന്നായി ലയിക്കുകയും ചെയ്യും. ഇതിന് ബദാമിന്റെ മണം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, സാധാരണ ഒരു മണവും അനുഭവപ്പെടാറില്ല, അല്ലെങ്കിൽ പലർക്കും ഇതിന്റെ മണം അനുഭവപ്പെടില്ല. ഏറ്റവും അപകടകാരൻ സയനൈഡ് വാതകമാണ്. വിഷമില്ലാത്ത സയനൈഡുകളും ഉണ്ട്. സയനൈഡ് ഗ്രൂപ്പ് ഉള്ള നൈട്രൈല് സംയുക്തങ്ങള് വിഷമല്ല.

ഇതിന്റെ വിഷലിപ്‌തത (Toxicity) എത്രയാണ്?

Toxicity യെ പ്പറ്റി പ്രശസ്തമായ ഒരു ലാറ്റിന് പ്രയോഗമുണ്ട് ‘sola dosis facit venenum’ എന്നു വച്ചാൽ ‘The dose makes the poison’. അതായത് ‘മാത്ര അല്ലെങ്കിൽ അളവാണ്’ ഒരു വസ്തുവിനെ വിഷമാക്കുന്നത്.കുറച്ചുകൂടി വിശദമായി പറഞ്ഞാൽ എത്രമാത്രം അളവു കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ദ്രവ്യത്തിന്റെ വിഷാംശം കണക്കാക്കുന്നത്. അതായത് എത്ര ‘മാത്ര’ അല്ലെങ്കിൽ എത്ര ‘അളവാണ്’ (dose) കഴിക്കുന്നത് എന്നതാണ് ഏതൊരു വസ്തുവിനെയും വിഷമാക്കുന്നത്. എന്നു പറഞ്ഞാൽ പാമ്പിന്റെ വിഷം പോലും, അതിന്റെ ‘toxic’ ആകാനുള്ള ‘മാത്ര’ (dose) ൽ താഴെ ആണെങ്കിൽ അതു വിഷമല്ല എന്നർത്ഥം. അതുപോലെ, വിഷമല്ല എന്നു നമ്മൾ വിചാരിക്കുന്ന പലതും അളവിൽ കൂടുതൽ കഴിച്ചാൽ അതും വിഷം ആകാം. ഇതു പറയാൻ കാരണം ഏതൊരു വസ്തുവിനെ പോലെയും സയനൈഡുകൾക്കും ഇത് ബാധകമാണ്.

അപ്പോൾ സയനൈഡിന്റെ ഹാനികരമായ ഡോസ് (LD 50) എത്ര എന്ന് നോക്കാം.

ടോക്സിസിറ്റി സാധാരണ mg/kg ആയാണ് സൂചിപ്പിക്കുന്നത്, അതായത് ടെസ്റ്റ് ചെയ്യുന്ന ടോക്സിക് ആയ വസ്തുവിന്റെ milligrams ഭാരത്തിന് അനുസരിച്ച് kilogram ലുള്ള മനുഷ്യന്റെ അല്ലെങ്കിൽ മറ്റു ജീവികളുടെ ശരീരഭാരം. LD 50 എന്നാല് ടെസ്റ്റ് ചെയ്യുന്ന സാമ്പിളിന്റെ അന്പതു ശതമാനം കൊല്ലാനുള്ള ഡോസാണ്. സയനൈഡിന്റെ മാരക ഡോസ് LD 50=1mg/1Kg ആണ്. അതായത് 70 കിലോ ഉള്ള ആൾക്ക് മാരകമായ ഡോസ് 70 മില്ലിഗ്രാമാണ്. അതായത് സാധാരണ ഭാരമുള്ള ഒരാൾക്ക് മരിക്കുവാനായി അര ഗ്രാമിലും താഴെ ഡോസ് മതിയാവും (അതായത് ഒരു ടീ സ്‌പൂണിൽ എടുത്താൽ അതിന്റെ ഏകദേശം എട്ടിലൊന്ന്).

എങ്ങിനെയാണ് മരണം സംഭവിക്കുന്നത്?

രക്തത്തിൽ നിന്നും ഓക്സിജൻ കോശങ്ങൾക്ക് എടുക്കാൻ കഴിയാത്തത് മൂലമാണ് (istotoxic hypoxia-the inability of cells to use oxygen from the bloodstream). മരണം സംഭവിക്കുന്നത് എന്ന് വളരെ ലളിതമായി പറയാം. വിശദമായി പറഞ്ഞാൽ CN- അയോണുകൾ മൈറ്റോ കോൺഡ്രിയയിൽ കാണുന്ന cytochrome C oxidase ഉള്ള Fe ആറ്റങ്ങളുമായി രാസപ്രവർത്തനം നടത്തും. ഈ പ്രക്രിയ രക്തത്തിലെ പ്രാണവായുവിന്റെ അളവു കുറയ്ക്കുന്നു. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ ആഹാരത്തെ ഓക്സീകരിച്ചു ഊ ർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ (oxidative phosphorylation ) തടസ്സപ്പെടുന്നു. അല്ലെങ്കിൽ മൈറ്റോ കോൺഡ്രിയക്ക് ഊർജ്ജ വാഹകർ ആയ adenosine triphosphate (ATP) ഉണ്ടാക്കാൻ സാധിക്കാതെ വരുന്നു. കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം കിട്ടാതെ വരുമ്പോൾ അവ നശിക്കാൻ തുടങ്ങുന്നു. ഇങ്ങനെ കോശങ്ങൾ മരിച്ചു ഏതാനും മിനുറ്റുകൾക്കകം ആൾ മരിക്കും.
എഴുതിയത് സുരേഷ് സി പിള്ള

Advertisements