ഗുരു കേരളത്തിനു നൽകിയ മതനിരപേക്ഷ ആത്മീയതയെ തകർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു

0
75

Dr.T.M Thomas Isaac

മതാതീത ആത്മീയതയാണ് ശ്രീനാരായണ ദർശനത്തിന്റെ മുഖമുദ്ര. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സൂക്തത്തിൽ ഇത് വളരെ വ്യക്തമാണ്. എന്നാൽ ഇതോടൊപ്പം ഓർക്കേണ്ടുന്ന മറ്റൊരു സംഭവംകൂടിയുണ്ട്. ഗുരു സൂക്തത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് വ്യാഖ്യാനിച്ച സഹോദരൻ അയ്യപ്പനോട് ഒരു അപ്രീതിയും ഗുരുവിന് ഉണ്ടായില്ല. തന്റെ ഏറ്റവും വത്സലശിഷ്യനായി സഹോദരൻ അയ്യപ്പൻ തുടർന്നു. കാരണം ഗുരു ജ്ഞാന യോഗി മാത്രമായിരുന്നില്ല. കർമ്മയോഗികൂടിയായിരുന്നു. ദൈവനിഷേധിയായ അയ്യപ്പന്റെ കർമ്മം തന്റെ ധർമ്മത്തിന്റെ ഭാഗമായി ഗുരു കണ്ടു.

ഇതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തിൽ നാം ഗുരുവിനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നത്. സാമൂഹികമായ ഉച്ചനീചത്വങ്ങളെയും അന്ധവിശ്വാസങ്ങളെയും കേവലം സാമുദായികമായല്ല അദ്ദേഹം വീക്ഷിച്ചത്. തുല്യത, സമത്വം, മനുഷ്യാന്തസ് എന്നിങ്ങനെയുള്ള ഉയർന്ന മൂല്യബോധം സ്വാംശീകരിക്കുകയും അതനുസരിച്ച് എല്ലാ മനുഷ്യർക്കും ബാധകമായ പൊതുതത്ത്വങ്ങൾ ആവിഷ്കരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. 1925ൽ ശിവഗിരിയിൽ വെച്ച് മഹാത്മാഗാന്ധിയുമായി ജാതി മത പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ, എത്രമാത്രം ഉൾക്കാഴ്ചയോടും മതനിരപേക്ഷ മനസോടെയുമാണ് ഗുരു ഈ വിഷയങ്ങൾ സ്വാംശീകരിച്ചത് എന്ന് നമുക്കു മനസിലാകും.

സമത്വബോധത്തിന്റെ നെറുകയിൽ നിന്നാണ് അദ്ദേഹം ജാതിവ്യവസ്ഥയെ നേരിട്ടത്. പൌരോഹിത്യാധികാരാവകാശങ്ങളായി സമൂഹത്തിൽ വേരുറച്ചുപോയ വിശ്വാസത്തെ അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ കൊണ്ട് അനായാസമായി പൊളിച്ചെഴുതി. തുടർന്ന് കേവലമായി ആത്മീയ മേഖലയിൽ വ്യാപരിക്കുകയല്ല അദ്ദേഹം ചെയ്തത്. 1905ൽ ഇന്ത്യയിലെ ആദ്യത്തെ കാർഷിക വ്യാവസായിക പ്രദർശനം കൊല്ലത്ത് സംഘടിപ്പിച്ചത് അദ്ദേഹമാണ്. 1926ൽ, ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം അദ്ദേഹം ശിവഗിരിയിൽ സ്ഥാപിച്ചു. മനുഷ്യസമൂഹത്തിന്റെ ഭൌതികമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും ആത്മീയതയ്ക്കൊപ്പം അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. ശിവഗിരി തീർത്ഥാടനത്തിന് ഗുരു നിശ്ചയിച്ച ലക്ഷ്യങ്ങളെ ഓർത്തുനോക്കൂ. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും നടത്തിയ ആഹ്വാനം, ഭൗതിക വളർച്ച ലക്ഷ്യമാക്കിത്തന്നെയായിരുന്നു. അടിച്ചമർത്തുന്നവരുടെ അധികാരം അതുവഴിയാണ് നിഷ്പ്രഭമാകുക എന്ന കാര്യത്തിൽ ഗുരുവിനൊരു സംശയവും ഉണ്ടായിരുന്നില്ല.

ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിന് ഗുരുവിന്റെ സമത്വചിന്തകൾ ഒരു സുപ്രധാന പ്രേരണയായിരുന്നു. ശ്രീനാരാണ പ്രസ്ഥാനത്തിലെ വിപ്ലവകരമായ ധാരകൾ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഒരു സുപ്രധാന സ്രോതസ്സായിരുന്നു. ആത്മീയ ദർശനത്തിൽ മാത്രമല്ല, ഭൗതിക പുരോഗതിയുടെ ബലതന്ത്രത്തിലും നവോത്ഥാനത്തിന്റെ വെളിച്ചം പരത്തിയ മഹാനാണ് ശ്രീനാരായണ ഗുരു.എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ, ഗുരുവിനെ മറ്റൊരു ഹിന്ദു സന്യാസിയാക്കി മാറ്റുന്നതിനുവേണ്ടിയുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങൾ സംഘപരിവാർ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ഒരു കാര്യം അറിയാം. ഗുരു കേരളത്തിനു നൽകിയ മതനിരപേക്ഷ ആത്മീയതയെ തകർത്തുകൊണ്ടല്ലാതെ അവരുടെ വർഗ്ഗീയ ചിന്തകൾക്ക് ഇവിടെ വേരുറപ്പിക്കാൻ കഴിയില്ല.