കേരള ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചുവെന്ന മുറവിളിയോടെ വലിയൊരു രാഷ്ട്രീയ കാമ്പയിൻ നടക്കുകയാണ്

78
Dr.T.M Thomas Isaac
കേരള ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചുവെന്ന മുറവിളിയോടെ വലിയൊരു രാഷ്ട്രീയ കാമ്പയിൻ നടക്കുകയാണ്. ഒരു പ്രമുഖ പത്രം രണ്ട് പുൾ ഔട്ടുകളാണ് ഇറക്കിയാണ് തങ്ങളുടെ സംഭാവന ഉറപ്പുവരുത്തിയത്. ഈ കാമ്പയിനിൽ ഒരു വസ്തുതയുമില്ല എന്ന് ആവർത്തിച്ചു പറയട്ടെ. ഒന്നുകിൽ ഇവർക്ക് ബജറ്റ് വായിക്കാനറിയില്ല. അല്ലെങ്കിൽ ബജറ്റ് പ്രസംഗത്തെ ബജറ്റായി ചിത്രീകരിക്കുകയാണ്. പക്ഷെ, ശിവകുമാറിനെപ്പോലുള്ള ജനപ്രതിനിധികൾ അങ്ങനെയാകാൻ പാടില്ലല്ലോ. അതുകൊണ്ട് തലസ്ഥാന വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ച്ചപ്പാടും അതിനായി ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രോജക്ടുകളും സ്കീമുകളും വിശദീകരിക്കാം.
⦁ ഒരു നഗരത്തിന്റെ ആദ്യ പരിഗണനാ വിഷയം ഗതാഗത ശൃംഖലയാണ്. ഇപ്പോൾ ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതടക്കം റോഡിന് 2000ത്തോളം കോടി രൂപ നഗരത്തിലുണ്ട്.
⦁ ഏറ്റവും വലുത് സ്മാർട്ട് സിറ്റി ട്രാൻസ്പോർട്ട് നെറ്റുവർക്കാണ്. അതിന് 864 കോടിയുണ്ട്. കൂടാതെ റോഡ്, പാലം തുടങ്ങിയ ഗതാഗത പദ്ധതികൾക്ക് 770 കോടി രൂപയുടെ കിഫ്ബി പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 120 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികളും മൾട്ടിലെവൽ പാർക്കിംഗിന് വിവിധ പദ്ധതികളിൽപ്പെടുത്തി 131 കോടി രൂപയും തിരുവനന്തപുരം നഗരത്തിൽ ചെലവഴിക്കുന്നുണ്ട്. ഇങ്ങനെ ഗതാഗത ശൃംഖലയ്ക്കായി ഏതാണ്ട് 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
⦁ കരമന – കളിയിക്കാവിള റോഡ് കിഫ്ബിയിൽ ഏറ്റെടുത്ത് പ്രവർത്തനം പുരോഗമിക്കുന്ന റോഡാണ്. ഇതിന്റെ പ്രാവച്ചമ്പലം മുതൽ – കൊടിനട വരെയുള്ള റീച്ചാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. ഇതിന്റെ ബാക്കിയുള്ള ഭാഗത്തിന് പ്രൊവിഷൻ ഇല്ല എന്ന പ്രചരണം ഇതു സംബന്ധിച്ച് നടക്കുന്ന കള്ളപ്രചരണങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ്. ഭരണാനുമതി നൽകിയിട്ടുള്ളത് കരമന മുതൽ കളിയിക്കാവിള വരെയുള്ള പൂർണ്ണ സ്ട്രച്ചിനാണ്. ഭൂമിയും മറ്റും ലഭ്യമായ സ്ഥലത്ത് ആദ്യ നിർമ്മാണം തുടങ്ങിയെന്നു മാത്രം. ബാക്കിയുള്ള റീച്ചിന്റെ പ്രവർത്തനവും പ്രഖ്യാപിച്ചപോലെ കിഫ്ബി തന്നെയായിരിക്കും ഏറ്റെടുക്കുക.
⦁ മറ്റൊന്ന് പൂർണ്ണമായും ശിവകുമാറിന്റെ മണ്ഡലത്തിലാണ്. ഇതു മറച്ചുവച്ച് എന്തു നിലവിളിയാണ് നടത്തിയത്. ഏതാണ്ട് 1500 കോടിയുടെ നിർമ്മാണ പ്രവൃത്തികളാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നടക്കുന്നത്.
⦁ കുടിവെള്ളമാണ് അടുത്തത്. നെയ്യാർ, അരുവിക്കര കുടിവെള്ള പദ്ധതി, നവീകരണ ശൃംഖലയുടെ വിപുലീകരണം എന്നിവയ്ക്കായി 635 കോടി രൂപയുണ്ട്.
⦁ സീവേജ് – മൂന്നിലൊന്നു മാത്രം പൂർത്തിയായി, ഇനി പ്ലാൻ എന്താണെന്നാണ് വിമർശകരുടെ ചോദ്യം. ലോകബാങ്കിന്റെ അർബൻ സർവ്വീസ് ഡെലിവറി പ്രോജക്ട്, ഫിനാൻസ് കമ്മീഷന്റെ മഹാനഗര അവാർഡ് ഇതിൽ ആദ്യ പരിഗണന സീവേജിനാണ്. ചുരുങ്ങിയത് 300 കോടി രൂപ ഇതിൽ ചെലവഴിക്കും. അമൃത് പദ്ധതിയിൽ ഇപ്പോൾ തന്നെ 225 കോടി രൂപയുണ്ട്. ഇങ്ങനെ സീവേജ് ട്രീറ്റ്മെന്റിന് 525 കോടി രൂപ ലഭ്യമാകും.
⦁ തിരുവനന്തപുരം വിദ്യാനഗരം – 824 കോടി രൂപ വിദ്യാലയങ്ങൾക്കായി ഉണ്ട്. ഇതിൽ 700 കോടി രൂപ മെഡിക്കൽ കോളേജിനു വേണ്ടിയാണ്. ഇതിനുപുറമേ 100 കോടിയോളം രൂപ കിഫ്ബിയിൽ നിന്നും കേരള യൂണിവേഴ്സിറ്റിക്കുള്ളത് അപ്രൈസൽ ഘട്ടത്തിലാണ്.
⦁ ഐടി, വ്യവസായ പാർക്കുകൾ – ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നത് 534 കോടി രൂപയുടേതാണ്.
⦁ സാംസ്കാരിക മേഖലയിൽ 155 കോടി രൂപയാണുള്ളത്.
⦁ ടൂറിസം – 180 കോടി രൂപ. ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതി ടെണ്ടറായി. കൂടുതൽ വിപുലീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയുണ്ട്.
തിരുവനന്തപുരത്തിനുവേണ്ടി ഇത്രയും പദ്ധതികൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതികൾക്ക് പണം നീക്കിവെയ്ക്കുന്നതും ബജറ്റിംഗിന്റെ ഭാഗമാണ് എന്ന് വിവാദമുണ്ടാക്കുന്നവർ മറച്ചുവെയ്ക്കുകയാണ്. ഇതുകൊണ്ടൊന്നും ആരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് വിവാദമുണ്ടാക്കുന്നവർക്ക് വഴിയേ മനസിലാകും.