ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ടു പോയിന്റ് താഴേയ്ക്കിറങ്ങി എന്ന റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും താത്കാലിക വിലക്കേർപ്പെടുത്തിയത്

80
Dr.T.M Thomas Isaac
ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ടു പോയിന്റ് താഴേയ്ക്കിറങ്ങി എന്ന റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും കേന്ദ്രസർക്കാർ രണ്ടുദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. അക്രമങ്ങളിൽ ആർഎസ്എസിന്റെ പങ്കും ദില്ലി പോലീസിന്റെ നിഷ്ക്രിയത്വവും റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ചൊടിപ്പിച്ചത്. വസ്തുത റിപ്പോർട്ടു ചെയ്യുന്ന മാധ്യമങ്ങളോട് ബിജെപി സർക്കാരിന്റെ സമീപനമാണ് ഇവിടെ വ്യക്തമാകുന്നത്. രണ്ടുദിവസത്തെ വിലക്ക് ഭീഷണിയാണ്. വേണ്ടി വന്നാൽ ചാനൽ തന്നെ നിരോധിച്ചു കളയുമെന്ന ഭീഷണി. കലാപകാലത്ത് ഏറെ ശ്രദ്ധ നേടിയ റിപ്പോർട്ടുകളായിരുന്നു ഏഷ്യാനെറ്റിന്റെ ദില്ലി ലേഖകൻ പി ആർ സുനിലിന്റേത്. ഒരു റിപ്പോർട്ട് ഞാൻ ഇതോടൊപ്പം ഷെയർ ചെയ്യുന്നു. സംഘർഷഭൂമിയിൽ നിന്ന് നിർഭയത്തോടെ സുനിൽ വിളിച്ചു പറഞ്ഞ സത്യങ്ങൾ ഒരേസമയം ആർഎസ്എസിന്റെയും ദില്ലി പോലീസിന്റെയും യഥാർത്ഥ പങ്ക് പുറത്തു കൊണ്ടുവന്നു. ആ വീഡിയോ ശ്രദ്ധിക്കൂ. ജഫാറാബാദിലെ സുനിലിന്റെ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യുമ്പോൾ മരണം ഒമ്പതായിരുന്നു. അവസാന കണക്കുപ്രകാരം മരണസംഖ്യ 53. മരണസംഖ്യ ഉയർന്നതിന് ഒരു കാരണമേയുള്ളൂ. പൊലീസിന്റെ ക്രൂരമായ നിഷ്ക്രിയത്വം.
ഈ സത്യം വിളിച്ചു പറഞ്ഞതാണ് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചത്. സത്യം പറഞ്ഞാൽ നിരോധിക്കുമത്രേ. അക്രമം ഏറെക്കുറെ ഏകപക്ഷീയമായിരുന്നുവെന്നും കലാപകാരികൾക്ക് പോലീസിന്റെ പൂർണസഹായം ഉണ്ടായിരുന്നുവെന്നും സാമാന്യബുദ്ധിയുള്ളവർക്കൊക്കെ മനസിലായിക്കഴിഞ്ഞു. കപിൽ മിശ്ര എന്ന ബിജെപി നേതാവ് കലാപത്തിന് ആഹ്വാനം ചെയ്ത് പ്രകോപനപരമായി പ്രസംഗിച്ചത് ആവശ്യത്തിന് നിലമൊരുക്കിയ ശേഷമായിരുന്നുവെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം രാജ്യത്തിന് ബോധ്യമായി. ഇന്ന് ലോകത്തിനു മുന്നിൽ കേന്ദ്രസർക്കാരും ബിജെപിയും പ്രതിക്കൂട്ടിലാണ്. അതിനു കാരണം, നിർഭയമായി സത്യം റിപ്പോർട്ടു ചെയ്ത വിരലിലെണ്ണാവുന്ന മാധ്യമങ്ങളാണ്. ആ മാധ്യമങ്ങളെ വേട്ടയാടി മറ്റുള്ളവരെ എന്നെന്നേയ്ക്കുമായി വരുതിയ്ക്കു നിർത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ തുടർച്ചയായി താഴേയ്ക്കു പോവുകയാണ്. 2017ൽ 136-ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം തൊട്ടടുത്ത വർഷം 138ലേയ്ക്കും ഇപ്പോൾ 140ലേയ്ക്കും താണു. തൊഴിലിനിടെ 2018ൽ ആറ് ഇന്ത്യൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വിവരവും റിപ്പോർട്ടിൽ പ്രാധാന്യത്തോടെ പ്രസ്താവിച്ചിട്ടുണ്ട്. ബിജെപി സർക്കാർ ഇന്ത്യയെ ഏങ്ങോട്ടാണ് നയിക്കുന്നത് എന്ന് വ്യക്തമാണ്.
ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരണം. നേരത്തെ എൻഡിറ്റിവിയും സമാനമായ വിലക്ക് നേരിട്ടിട്ടുണ്ട്. കലാപമുണ്ടാക്കാൻ മനപ്പൂർവം പ്രകോപനമുണ്ടാക്കിയ ബിജെപി നേതാവിന് ഏറ്റവും മുന്തിയ സുരക്ഷ. സത്യം പറഞ്ഞ മാധ്യമങ്ങൾക്ക് വിലക്കും!
അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങൾ കൂടുതൽ വെളിപ്പെട്ടുവരികയാണ്.