Dr.T.M Thomas Isaac

കാത്തിരുന്ന വാർത്തയെത്തി. പ്രതീക്ഷിച്ചിരുന്നതുകൊണ്ട്, അതിലെന്തെങ്കിലും വാർത്തയുണ്ടോ എന്നു നിശ്ചയമില്ല. അജിത് പവാറിന്റെ പേരിലുണ്ടായിരുന്ന എഴുപതിനായിരം കോടിയുടെ അഴിമതിക്കേസ് 48 മണിക്കൂർ കൊണ്ട് “ഭും”.

മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ പരംബീർ സിംഗിന്റെ പ്രസ്താവന ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടു ചെയ്തതു വായിച്ചു ചിരിച്ചുപോയി. കേസുകൾ ഒഴിവാക്കിയത് സോപാധികമാണത്രേ. പുതിയ വിവരങ്ങൾ ലഭിക്കുകയോ, കോടതി മറിച്ചു പറയുകയോ ചെയ്താൽ ഫയൽ വീണ്ടും തുറക്കുമെന്നൊരു ടിപ്പണിയും. എന്നുവെച്ചാൽ, മുന കൂർത്ത വാളിനു കീഴെ ടൈംബോംബു വെച്ച കസേരയിട്ട് അതിൽപ്പിടിച്ചിരുത്തിയിരിക്കുകയാണ് പാവം അജിത് പവാറിനെ. അത്രയ്ക്കേ ഉള്ളൂ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുടെ പത്രാസ്!

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ ആണികൾ ഒന്നൊന്നായി തറയ്ക്കുകയാണ് സംഘപരിവാർ. അർദ്ധരാത്രിയെന്നോ വെളുപ്പാൻകാലമെന്നോ നോട്ടമില്ലാതെ. നോട്ടുനിരോധിച്ചത് പാതിരാത്രിയ്ക്കായിരുന്നെങ്കിൽ, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വെളുപ്പാൻകാലത്ത്. ഇന്ത്യയെ ഒരുവഴിക്കാക്കാൻ ഉറക്കമൊഴിച്ചാണ് അഭ്യാസം. അധികാരദുർവിനിയോഗവും ഭീഷണിയും ചാക്കിട്ടുപിടിത്തവും കാലുവാരലുമായി കുതന്ത്രങ്ങളുടെ തെരുക്കൂത്തിനെ “ചാണക്യബുദ്ധി”യെന്ന് ആർപ്പുവിളിക്കാൻ കുറേ മാധ്യമങ്ങളും.

ഇതൊന്നും കണ്ടിട്ട് സുപ്രിംകോടതിയ്ക്കുപോലും നിഷ്ക്രിയത്വമാണ്. ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന് സ. പ്രകാശ് കാരാട്ട് പങ്കുവെച്ച ആശങ്ക നേർബുദ്ധിയുള്ളവരെല്ലാം പങ്കുവെയ്ക്കുന്ന സാഹചര്യം. കൊച്ചുവെളുപ്പാൻകാലത്ത് രാഷ്ട്രപതി ഭരണം അവസാനിച്ചതും ഒരേയൊരു വാർത്താ ഏജൻസിയെ മാത്രം വിവരമറിയിച്ച് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സത്യപ്രതിജ്ഞ നടത്തിയതുമൊന്നും സുപ്രിംകോടതിയെ സംബന്ധിച്ച് അസ്വാഭാവികത സംശയിക്കാനോ ദ്രുതഗതിയിൽ ഇടപെടാനോ ഉള്ള കാരണങ്ങളാകുന്നില്ല.

ഇനിയെന്തൊക്കെ കാണാനിരിക്കുന്നു

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.