കൊറോണ ആഗോള സാമ്പത്തികമാന്ദ്യം അനിവാര്യമാക്കിയിരിക്കുകയാണ്, ഇത് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം വലുതായിരിക്കും

81
Dr.T.M Thomas Isaac
കൊറോണ ആഗോള സാമ്പത്തികമാന്ദ്യം അനിവാര്യമാക്കിയിരിക്കുകയാണ്
കൊറോണ ആഗോള സാമ്പത്തികമാന്ദ്യം അനിവാര്യമാക്കിയിരിക്കുകയാണ്. ഇത് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം വലുതായിരിക്കും. ഇതിനെ എങ്ങനെയാണ് രാഷ്ട്രം നേരിടേണ്ടത്? ജിഎസ്ടി കൗൺസിൽ യോഗത്തിൽ സാമ്പത്തിക മാന്ദ്യവും സംസ്ഥാനങ്ങളുടെ ധനഞെരുക്കവും സംബന്ധിച്ചു നടന്ന ചർച്ചകളുടെ തുടർച്ചയായി കേന്ദ്രധനമന്ത്രിയ്ക്ക് കത്തയച്ചു. മുൻയോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി അയവേറിയ സംവാദാത്മകമായ ഒരു സമീപനമാണ് ശ്രീമതി നിർമ്മല സീതാരാമൻ ശനിയാഴ്ച നടന്ന യോഗത്തിലെടുത്തത്. അതുകൊണ്ട് ക്രിയാത്മകമായൊരു പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ.
1. കൊറോണാ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നാഷണൽ ഹെൽത്ത് മിഷൻ വഴി സംസ്ഥാനങ്ങൾക്കു കൂടുതൽ പണം ലഭ്യമാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. 69000 കോടി രൂപയുടേതാണ് കേന്ദ്ര ആരോഗ്യബജറ്റ്. ഇതിൽ എൻഎച്ച്എമ്മിന് വകയിരുത്തിയ 27000 കോടി രൂപ മുൻവർഷത്തെക്കാൾ ഏതാണ്ട് 800 കോടി രൂപ കുറവാണ്. ഇത് ഇരട്ടിയായെങ്കിലും ഉയർത്തണം. ഇന്നത്തെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് പകർച്ചവ്യാധിയുടെ തകർച്ച കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് അധികസഹായം ലഭ്യമാക്കുകയും വേണം. ചൈനയിൽനിന്നുള്ള ഇറക്കുമതി നിലച്ചതോടെ മരുന്നുകൾക്ക് ക്ഷാമമാണ്. മരുന്നുകൾ, സാനിറ്റൈസർ, മാസ്കുകൾ, തെർമൽ റീഡേഴ്സ്, ടെസ്റ്റിംഗ് കിറ്റുകൾ തുടങ്ങിയവയുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ നടപടിയെടുക്കണം. കൊറോണാ ടെസ്റ്റിനുള്ള സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പലമടങ്ങു വർദ്ധിപ്പിക്കണം. കേരളത്തിൽ ആരോഗ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ബജറ്റ് അടങ്കൽ വർദ്ധിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
2. ദുരിതാശ്വാസ ഫണ്ടിൽനിന്ന് കൊറോണ പകർച്ചവ്യാധി നിയന്ത്രിയ്ക്കുന്നതിനുവേണ്ടി പണം ചെലവഴിക്കുന്നതിനുള്ള നിബന്ധനകൾ ഉദാരമാക്കണം. ഇക്കാര്യം കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നു കഴിഞ്ഞു. ഇതിന് അനുവാദം നൽകിക്കൊണ്ട് ശനിയാഴ്ച രാവിലെ ഇറങ്ങിയ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ തിരുത്തപ്പെട്ടു. മരിച്ചവർക്കുള്ള നഷ്ടപരിഹാരം, രോഗബാധിതർക്കുള്ള ചികിത്സാ ചെലവ് തുടങ്ങിയവ ദുരിതാശ്വാസ സഹായത്തിൽ നിന്നു നൽകാനുള്ള അനുമതി പിൻവലിക്കപ്പെട്ടു.
3. തൊഴിലവസരങ്ങളുടെ മേലാണ് പകർച്ചവ്യാധി വലിയ ആഘാതം സൃഷ്ടിക്കാൻ പോകുന്നത്. ഇതിനു പ്രതിവിധിയായി തൊഴിലുറപ്പിനുള്ള വകയിരുത്തൽ ഇരട്ടിയാക്കണം. തൊഴിൽദിനങ്ങൾ 50 ദിവസവും കൂലി 50 രൂപയും ഉയർത്തണം. കേരളം ഇതിനകം തന്നെ തൊഴിലുറപ്പ് ഉപയോഗപ്പെടുത്തി 50000 കിലോമീറ്റർ കനാലുകളും കുളങ്ങളും ശുചീകരിക്കുന്നതിനും ഒരുകോടി ഫലവൃക്ഷത്തൈ നടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് കാര്യക്ഷമമായി ഈ വേനൽക്കാലത്തു നടപ്പാക്കാനുള്ള പിന്തുണ വേണം. ഇതോടൊപ്പം കൂട്ടി വായിക്കേണ്ടുന്ന കാര്യമാണ് ഓണത്തിനു മുമ്പ് 25 രൂപയ്ക്ക് ഊണു നൽകുന്ന 1000 കടകൾ തുറക്കാനുള്ള തീരുമാനം. കൊറോണാവ്യാധിയുടെ പശ്ചാത്തലത്തിൽ ഇവയെല്ലാം മെയ് മാസത്തിനു മുന്നേ തുറക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനം വേണം.
4. വർദ്ധിക്കുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് കൂടുതൽ വായ്പ ലഭ്യമാക്കണം. കേരളത്തെ സംബന്ധിച്ചടത്തോളം ഇതിൽ ഏറ്റവും നല്ല മാർഗം കുടുംബശ്രീ വഴി ആയിരം കോടി രൂപയെങ്കിലും ബാങ്കുകളിൽനിന്ന് അധികവായ്പ ലഭ്യമാക്കലാണ്. ഇതിന് ബാങ്കുകൾക്ക് നിർദ്ദേശം നൽകുന്നതോടൊപ്പം പലിശ സബ്സിഡിയും കേന്ദ്രസർക്കാർ ലഭ്യമാക്കണം.
5. ചെറുകിട സംരംഭകമേഖലയിൽ കൂടുതൽ വായ്പ ലഭ്യമാക്കണം. പകർച്ചവ്യാധി വളരെ പ്രതികൂലമായി ബാധിച്ച ടൂറിസം, ഗതാഗതം, വാണിജ്യം, കയറ്റുമതി വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പാക്കേജുകൾ നടപ്പാക്കാൻ തയ്യാറാകണം. കേരളത്തിലെ വാണിജ്യവിളകളുടെ തറവില ഫലപ്രദമായി നടപ്പാക്കാൻ ധനസഹായം വേണം. ഈ മേഖലകളിൽ അടുത്ത വാർഷിക പദ്ധതിയിലെ പ്രോജക്ടുകളിൽ നല്ല പങ്ക് ഏപ്രിൽ മാസം തന്നെ നടപ്പാക്കിത്തുടങ്ങാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
6. ലോകമെമ്പാടുമുള്ള സർക്കാരുകൾ മാന്ദ്യവിരുദ്ധ പാക്കേജുകൾ നടപ്പാക്കുകയാണ്. പലിശനിരക്ക് കുറച്ചതുകൊണ്ടു മാത്രമായില്ല. ധനക്കമ്മി ഉയർന്നാലും ചെലവു വർദ്ധിപ്പിക്കണം. ഇതിന്റെ ഫലമായി വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള എളുപ്പമാർഗം ഇടിയാൻ അനുവദിക്കുകയാണ്.
7. സംസ്ഥാനങ്ങളുടെ വായ്പാപരിധി 3-ൽ നിന്ന് 3.5 ശതമാനമായി ഉയർത്തണം. ജിഎസ്ടി കോമ്പൻസേഷനിൽ വിതരണം ചെയ്യാൻ ബാക്കിയുള്ള തുകയ്ക്ക് താൽക്കാലിക വായ്പയെടുക്കാൻ അനുമതി നൽകണം.
8. വാണിജ്യബാങ്കുകൾ ചെറുകിട സംരംഭങ്ങൾക്കും കൃഷിക്കാർക്കും വാണിജ്യസ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ള വായ്പകൾക്ക് ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം.
9. 2020-21ലെ അനുവദനീയമായ കമ്പോളവായ്പ മാസാദ്യം തന്നെ എടുക്കുന്നതിന് കേരളത്തിൽ അനുവാദം നൽകണം. എങ്കിലേ ഏപ്രിൽ 14 വിഷുവിനു മുമ്പ് അഞ്ചു മാസത്തെ പെൻഷൻ കുടിശിക തീർത്തു നൽകാൻ കഴിയൂ. 6000 രൂപ വീതം കേരളത്തിലെ പാവപ്പെട്ട പ്രായം ചെന്ന 55 ലക്ഷം ആളുകൾക്ക് ക്ഷേമപെൻഷനും ആനുകൂല്യങ്ങളും നൽകുന്നത് ഈ കൊറോണാക്കാലത്ത് അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സഹായമായിരിക്കും.
ഇതുപോലൊരു പരിപാടിയിൽ നിന്ന് കേന്ദ്രസർക്കാരിന് അധികനാൾ മുഖം തിരിഞ്ഞു നിൽക്കാൻ കഴിയില്ല. മറ്റു പല രാജ്യങ്ങളുടെയും അനുഭവം നോക്കുമ്പോൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലെ പകർച്ചവ്യാധി സ്ഥിതിവിശേഷം അതീവ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. ചികിത്സയ്ക്കും ഐസൊലേഷനും വേണ്ടിയുള്ള സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിപുലീകരിക്കുന്നതോടൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളെ വിലയിരുത്തി നടപടികൾ സ്വീകരിക്കേണ്ടതും പരമപ്രധാനമാണ്.
Advertisements