കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഉപജീവന പാക്കേജ് സ്വാഗതാർഹം

0
75
Dr.T.M Thomas Isaac
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഉപജീവന പാക്കേജ് സ്വാഗതം ചെയ്യുന്നു. ഇതുപോലുള്ളൊരു പാക്കേജ് നേരത്തേ വേണ്ടിയിരുന്നു എന്നുള്ളതാണ് കേരളം പോലുളള സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചത്. ഇപ്പോഴത്തെ പ്രഖ്യാപനം പ്രതിസന്ധിയിലായ ജനതയ്ക്ക് തെല്ലൊരു ആശ്വാസം നൽകും.
പക്ഷേ, 1.7 ലക്ഷം കോടിയുടെ പകുതി മാത്രമേ കേന്ദ്രസർക്കാർ ബജറ്റിൽ നിന്ന് അധികച്ചെലവായി വരികയുള്ളൂ എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുകിലോ ധാന്യവും ഒരു കിലോ പയർ വർഗങ്ങളും കുടുംബത്തിനാണോ വ്യക്തിയ്ക്കാണോ എന്ന് വ്യക്തമല്ല. ധനമന്ത്രി 80 കോടി വ്യക്തികളെക്കുറിച്ചു പറഞ്ഞപ്പോൾ സഹമന്ത്രി അനുരാഗ് താക്കൂർ 80 ലക്ഷം ഗുണഭോക്താക്കളെക്കുറിച്ചാണ് പരാമർശിച്ചത്. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പരിശോധന ഉത്തരവു വരാൻ കാത്തിരിക്കണം.
ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം 20.46 കോടി ജൻധൻ അക്കൗണ്ടിൽ മാസം 500 രൂപ വീതം (മൂന്നു മാസം) കൊടുക്കുന്നതാണ്. ഇത് തികച്ചും അപര്യാപ്തമാണ്. കേരളം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 8500 രൂപ ക്ഷേമപെൻഷനായി 55 ലക്ഷം പേർക്ക് നൽകുന്നു എന്നോർക്കണം. ഇതിനു പുറമെ ക്ഷേമപെൻഷൻ ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് 1000 രൂപ വീതവും കേരളം നൽകുന്നുണ്ട്.
സാർവ്വത്രിക പെൻഷൻ ഏർപ്പെടുത്തുകയാണ് കേന്ദ്രസർക്കാഞ്ഞ ചെയ്യേണ്ടത്. കേന്ദ്ര പെൻഷൻ തുക 200-300 രൂപയിൽ നിന്ന് 1000 രൂപ ആക്കണം. സാധാരണക്കാരുടെ കൈയിൽ പണം എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇതാണ്.
പ്രധാൻമന്ത്രി കൃഷി യോജനയിൽ അല്ലെങ്കിലും ആറായിരം രൂപയാണ് വർഷത്തിൽ നൽകുന്നത്. അതിൽ ഏപ്രിലിലെ രണ്ടായിരം രൂപം നൽകുന്നത് ഒരു അധികസഹായമല്ല.
തൊഴിലുറപ്പു കൂലി 20 രൂപ വർദ്ധിക്കുന്നത് സ്വാഗതാർഹമാണ്. ഇതുപക്ഷേ, ഏപ്രിൽ മുതൽ നടപ്പാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നതാണ്. കൂലി അമ്പതു രൂപയും പ്രവൃത്തി ദിനങ്ങൾ 150 ആയി ഉയർത്തണമെന്നതുമായിരുന്നു നമ്മുടെ ആവശ്യം. തൊഴിലുറപ്പു കൂലിയുടെ അഡ്വാൻസായി തൊഴിലാളികളുടെ അക്കൌണ്ടിലേയ്ക്ക് ഫെബ്രുവരിയിലെ തൊഴിലുറപ്പു കൂലി നൽകണം. കാരണം, ലോക്ഡൗൺ ഘട്ടത്തിൽ തൊഴിലുറപ്പു നടപ്പാക്കാനാവില്ല. ഇങ്ങനെ നൽകുന്നതുകൊണ്ട് ഒരു അധിക സാമ്പത്തികഭാരവുമില്ല. ഒരു വർഷം കൊണ്ട് ഈ അഡ്വാൻസ് തിരിച്ചു പിടിക്കാവുന്നതാണ്.
വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ദേശീയ ആരോഗ്യമിഷന്റെ വിഹിതം ഇരട്ടിയാക്കണം. മൂന്നു മാസത്തേയ്ക്ക് ഇപ്പോൾ പ്രഖ്യാപിച്ച ഇൻഷ്വറൻസ് അപര്യാപ്തമാണ്.
ഇപിഎഫ് പെൻഷൻ കോൺട്രിബ്യൂഷന് വെച്ചിരിക്കുന്ന നിബന്ധനകൾ മൂലം ഭൂരിപക്ഷം തൊഴിലാളികൾക്കും അതിന്റെ ഗുണം ലഭിക്കുകയില്ല.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിൽ ജനങ്ങളുടെ കടബാധ്യതകളെക്കുറിച്ചൊന്നും പറയുന്നില്ല. കേരളമാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി വിളിച്ചുകൂട്ടി എല്ലാ വായ്പകൾക്കും ഒരു വർഷത്തേയ്ക്ക് മൊറട്ടോറിയം ആവശ്യപ്പെട്ടത്. ബാങ്കുകൾ ഇതിന് സന്നദ്ധരാണെങ്കിലും റിസർവ്വ് ബാങ്ക് ഒന്നും ഉരിയാടിയിട്ടില്ല. ഏതായാലും ബാങ്കേതര മൈക്രോ ഫിനാൻസ് പിരിവ് പോലുള്ളവ സംസ്ഥാന സർക്കാർ നിർത്തിവെപ്പിച്ചിരിക്കുകയാണ്. അമേരിക്കയും ബ്രിട്ടണും പോലുള്ള രാജ്യങ്ങൾ ഇതു സംബന്ധിച്ച് ഉത്തരവുകൾ ഇറക്കിക്കഴിഞ്ഞു. അവ പ്രകാരം എല്ലാ തിരിച്ചടവുകൾക്കും മൂന്നു മാസത്തെ പേയ്മെന്റ് ഹോളിഡേ നൽകിയിരിക്കുന്നു. എല്ലാവിധ ജപ്തി നടപടികളും നിർത്തി വെച്ചു. പ്രശ്നത്തിലായ വായ്പകൾ റീസ്ട്രക്ച്ചർ ചെയ്യുന്നതിന് സ്കീമുകൾ രൂപീകരിച്ചു. ഇന്ത്യൻ റിസർവ്വ് ബാങ്ക് എന്നാണ് ഉറക്കമുണരുക?
ഏറ്റവും ഗൗരവമായ വീഴ്ച സംസ്ഥാന സർക്കാരുകളെ പാടെ അവഗണിച്ചതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൊത്തം ചെലവിന്റെ 60 ശതമാനം സംസ്ഥാനങ്ങളുടേതാണ്. അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളുടെ വരുമാന മാർഗ്ഗങ്ങളും അടഞ്ഞിരിക്കുകയാണ്. കച്ചവടമില്ലെങ്കിൽ പിന്നെന്ത് ജിഎസ്ടി? ശരാശരി മാസം 3000 കോടി കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് 500 കോടി പ്രതീക്ഷിക്കാം. നഷ്ടപരിഹാരം തരാനുള്ള ഭാവം കേന്ദ്രസർക്കാരിനില്ല. ബിവറേജസിൽ നിന്നുള്ള വരുമാനം ഏപ്രിലിൽ പൂജ്യമായിരിക്കും. മോട്ടോർ വാഹന നികുതിയിൽ ഏപ്രിലിൽ ഇളവ് നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ വരുമാനവും ഏപ്രിലിൽ തുച്ഛമേ പ്രതീക്ഷിക്കുന്നുള്ളൂ. ലോട്ടറി ഇല്ല. കേന്ദ്രസർക്കാരിൽ നിന്നും കിട്ടുന്ന നികുതി വിഹിതം കുത്തനെ ഇടിയാൻ പോവുകയാണ്. സാധാരണഗതിയിൽ കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിലൊന്നുപോലും ഈ ഏപ്രിലിൽ കിട്ടില്ല. വായ്പയെടുക്കുന്നതെല്ലാം കുടിശിക തീർക്കാനേ തികയൂ.
കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും ഇടിയുകയാണ്. പക്ഷെ, അവർക്ക് മറ്റു പല വരുമാന മാർഗ്ഗങ്ങളുമുണ്ട്. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്നും എടുക്കാം; പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാം. സംസ്ഥാനങ്ങൾ എന്തു ചെയ്യും? അതുകൊണ്ട് അടിയന്തിരമായി കേരളം പല വട്ടം ആവശ്യപ്പെട്ടതുപോലെ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്നും നാല് ശതമാനമാക്കണം. ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം കുറയ്ക്കണം.
ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുമായുള്ള അടിയന്തര യോഗം പാർലമെന്റു കഴിഞ്ഞാലുടനെ വിളിക്കാമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നതാണ്. ഇന്നത്തെ അടിയന്തര സാഹചര്യത്തിൽ ഏറ്റവുമടുത്ത ദിവസം ഒരു വീഡിയോ കോൺഫറൻസെങ്കിലും വിളിച്ചു ചേർത്ത് സംസ്ഥാനങ്ങളിലെ ധനപ്രതിസന്ധി ചർച്ച ചെയ്യണം.